സുഗതകുമാരിയുടെ ആദ്യ കവിതാസമാഹാരത്തിന്റെ പേര് 'മുത്തുച്ചിപ്പി'- എന്നായത് എന്തുകൊണ്ടാണെന്നു ഞാന്‍ ആലോചിച്ചിട്ടുണ്ട്. സ്വന്തം ജീവിതത്തിന്റെ ധര്‍മത്തെക്കുറിച്ചും കവിതയുടെ നിയോഗത്തെക്കുറിച്ചുമുള്ള അബോധപൂര്‍വമായ ചോദനകളാവണം ആ ശീര്‍ഷകത്തിലേക്ക് അവരെ എത്തിച്ചത് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
ഇങ്ങനെ തോന്നാന്‍ കാരണം, മുത്ത് ഉണ്ടാവുന്നതിനെക്കുറിച്ചുള്ള ഒരു കാവ്യസങ്കല്പമാണ്. പ്രകൃതിയുടെ കണ്ണീരായി ആദ്യമഴത്തുള്ളി വീഴുമ്പോള്‍ ഒരു ചിപ്പി കടലിന്റെ അഗാധതയില്‍നിന്ന് ജലോപരി ഉയര്‍ന്നുവന്ന് സ്വന്തം നെഞ്ചുകീറി തന്റെ ഹൃദയത്തിലേക്ക് അതിനെ ഏറ്റുവാങ്ങുന്നു. ആ മഴത്തുള്ളി ചിപ്പിക്കുള്ളില്‍ കാലങ്ങളായി കിടന്നു വിളഞ്ഞ് മുത്താവുന്നു. ഇതാണ് സങ്കല്പം.
ഇതേപോലെ, ഏതു മനസ്സിന്റെ കണ്ണീരും സുഗതകുമാരി സ്വന്തം മനസ്സിലേക്ക് ഏറ്റുവാങ്ങി അതില്‍ കാത്തു വിളയിച്ച് കവിതയുടെ മുത്താക്കുന്നു. ഇത്തരം മുത്തുകള്‍ കോര്‍ത്തുണ്ടാക്കിയതാണു യഥാര്‍ഥത്തില്‍ സുഗതകുമാരിയുടെ കാവ്യമാലിക. കണ്ണീരു കടഞ്ഞുണ്ടാക്കിയ കവിത എന്നു പറയണം. ആദ്യ സമാഹാരത്തിനെന്നല്ല, അവസാനത്തേതടക്കമുള്ള ടീച്ചറുടെ ഏതു സമാഹാരത്തിനും ചേരും മുത്തുച്ചിപ്പി എന്ന ആ ശീര്‍ഷകം. ആ മനസ്സ് ചിപ്പിയിലെന്നപോലെ തപസ്സു ചെയ്ത് വിളയിച്ച കണ്ണുനീര്‍ത്തുള്ളികളാണല്ലോ ആ കവിതാ മുത്തുകള്‍!
ടീച്ചറുടെ കവിതയുടെ മാത്രമല്ല, കണ്ണീരിന്റെ ചൂടും അറിഞ്ഞിട്ടുണ്ട് ഞാന്‍. ഒരു വലിയ അപകടത്തെത്തുടര്‍ന്ന് ഞാന്‍ ആശുപത്രിയില്‍ കിടക്കുന്ന ഘട്ടം. ഇടംകാലിലെ എല്ല് മൂന്നു വ്യത്യസ്ത കഷണങ്ങളായും ഒരു ഡസനിലേറെ ചീളുകളായും മാറിയ നിലയില്‍ വേദനയില്‍ പുളയുകയായിരുന്നു ഞാന്‍. വിവരമറിഞ്ഞ് ഓടിവന്ന ടീച്ചര്‍ ആ കിടക്കയില്‍ വന്നിരുന്ന് എന്നെ തൊട്ടുകൊണ്ട് ഈശ്വരനോട് കണ്ണീരോടെ പ്രാര്‍ഥിച്ചു. ആ ചുടുകണ്ണീര്‍ത്തുള്ളികളിലൊന്ന് എന്റെ വലം കൈത്തലത്തിലാണു വീണത്; അതോ എന്റെ മനസ്സില്‍ത്തന്നെയോ?
പിന്നെ, ആ കിടക്കയില്‍ തന്നെയിരുന്ന് ടീച്ചര്‍ സാന്ത്വനൗഷധമാകുന്ന ഒരു കവിത ചൊല്ലി:
'ഉള്ളഴിഞ്ഞാറന്മുളേശന്‍
വള്ളംകളിക്കെഴുന്നള്ളി;
കള്ളമല്ല; ഞങ്ങള്‍ പാടി-
ക്കേട്ടിതു പണ്ടേ'-
എന്നു തുടങ്ങുന്ന കവിത.
ഒരു സാന്ത്വനധാരയായി എനിക്കത്. ടീച്ചര്‍ ചൊല്ലി നിര്‍ത്തിയത് ഒരു നേര്‍ച്ചയോടെയായിരുന്നു. തകര്‍ന്നുപോയ ആ കാല്‍ കുത്തി ഞാന്‍ നടക്കുന്ന പക്ഷം പടി കയറിച്ചെന്ന് ആറന്മുള പാര്‍ഥസാരഥിക്ക് ഒരു വെള്ളിക്കാല്‍ രൂപം കാഴ്ചവെച്ചു കൊള്ളാമെന്നതായിരുന്നു ആ നേര്‍ച്ച. ടീച്ചറുടെയും എന്റെയും നാട് ആ പമ്പാസരസ്തടം തന്നെയാണല്ലോ. ടീച്ചറുടെ സ്നേഹവും വാത്സല്യവും ആ കണ്ണീര്‍ച്ചൂടിലൂടെ ഞാന്‍ കൂടുതല്‍ അറിഞ്ഞു.
കവികളെക്കാളും നിരൂപകരെക്കാളും കൂടുതലായി സുഗതകുമാരി ടീച്ചറെ അറിഞ്ഞത് അപമാനിതയാവുന്ന പെണ്ണും വേരറ്റുപോകുന്ന വനവും വിഷലിപ്തമാവുന്ന നദിയും വരണ്ടുപോവുന്ന മണ്ണും വന്ധ്യമായിപ്പോവുന്ന മേഘവുമാണ്. പെണ്ണിന്റെ അഭിമാനത്തിനും മണ്ണിന്റെ ആര്‍ദ്രതയ്ക്കുംവേണ്ടിയുള്ള പോരാട്ടമായിരുന്നല്ലോ ടീച്ചര്‍ക്ക് എന്നും ജീവിതം. ആര്‍ക്കൊക്കെ വേണ്ടി, എന്തിനൊക്കെ വേണ്ടി പോരാടിയോ, അവര്‍ തിരിച്ചറിഞ്ഞു. ടീച്ചറുടെ ജന്മസാഫല്യം സത്യത്തില്‍ ഈ തിരിച്ചറിവിലാണ്. പ്രകൃതിയെ അമ്മയായി കാണാമെങ്കില്‍ ആ അമ്മയുടെ മകളെന്നു വിളിക്കാം സുഗതകുമാരി ടീച്ചറെ.
കവിതയുടെ കാര്യത്തിലോ? ഒരു കൃഷ്ണസങ്കല്പത്തെ മുന്‍നിര്‍ത്തിയുള്ള നിതാന്തമായ തിരച്ചിലായിരുന്നിട്ടുണ്ട് ആ കാവ്യസപര്യ. എല്ലാം മറന്ന് എങ്ങോ കേള്‍ക്കുന്ന ഒരു ഓടക്കുഴല്‍വിളി തേടിയിറങ്ങുന്ന ഒരു രാധ ടീച്ചറില്‍ എന്നുമുണ്ടായിരുന്നു. ഇഷ്ടമുള്ളതൊക്കെ പിന്നിലെവിടെയോ ഉപേക്ഷിച്ച് നിലാവിന്റെ മുല്ലമാലകള്‍ വാരിയണിഞ്ഞ് കണ്ണുനീരില്‍ കുളിച്ചലയുന്ന ഒരു രാധ. ആ അലച്ചില്‍ കണ്ണനോടൊപ്പം വള്ളിയൂഞ്ഞാലിലാടുവാനല്ല! പിന്നെയോ? ഒന്നിനെയും പേടിക്കാതെ ചോര പൊടിഞ്ഞോടിയെത്തുന്നത് അന്ത്യബിന്ദുവിലേക്കാണ്; അവിടെ ഓടക്കുഴല്‍ വിളിച്ചു കാത്തുനില്‍ക്കുന്നത് സ്വച്ഛന്ദമൃത്യുവാണ്.
മൃത്യുവിന്റെ ചന്ദനം മണക്കുന്ന മാറില്‍ സങ്കടങ്ങളിറക്കിവെക്കുമ്പോള്‍, കവി പാടുന്നു:
'ശ്യാമസുന്ദര; മൃത്യുവും നിന്റെ
നാമമാണെന്നതിങ്ങറിയുന്നേന്‍'--
ആ ശ്യാമസുന്ദരത്വത്തില്‍ വന്നു ലയിച്ചിരിക്കുകയാണ് സുഗതകുമാരി ടീച്ചറും അവരുടെ സൗന്ദര്യാന്വേഷണങ്ങളും സങ്കടാന്വേഷണങ്ങളും. ഇതാണ് ആ കാവ്യജീവിതത്തിന്റെ സാഫല്യം! ഒരു ചെറുപൂവില്‍ ഒതുങ്ങുന്ന പുഞ്ചിരിയും കടലിലും കൊള്ളാത്തത്ര കണ്ണീരുമായി സദാ ഉണര്‍ന്നിരുന്ന്, നമ്മള്‍ കാണാത്തതുകണ്ട്, നമ്മള്‍ കേള്‍ക്കാത്തതുകേട്ട് ഈ കവയിത്രി നമ്മെ പല പതിറ്റാണ്ടുകളായി കാവ്യാനുഭവത്തിന്റെ കനല്‍ക്കളങ്ങളിലേക്കും നവോന്മേഷദായകമായ അനുഭൂതിമണ്ഡലങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയി.
Content Highlights: Prabha Varma, sugathakumari