അന്തരിച്ച കവയിത്രി സുഗതകുമാരി ടീച്ചറെ അനുസ്മരിച്ച് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. കവി എന്നതിന് അപ്പുറത്ത് സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടുകയും സഹാനുഭൂതിയോടെ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുള്ള ഒരു വലിയ വ്യക്തിത്വത്തിന്റെ അഭാവമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും ടീച്ചറുടെ വിയോഗം വലിയ വേദന ഉണ്ടാക്കുന്നുവെന്നും കവി പ്രതികരിച്ചു.
"സുഗതകുമാരി ടീച്ചറുടെ വിയോഗം വലിയ വേദന ഉണ്ടാക്കുന്ന ഒന്നാണ്. കവിത എന്ന് പറയുന്നത് തന്നെ നൈതികതയുടെ ആവിഷ്കാരമാണ് . ഒരു നീതി ബോധം അതിൽ കിടക്കുന്നുണ്ട്. സുഗതകുമാരി ടീച്ചറിലേക്ക് വരുമ്പോൾ അത് മനുഷ്യരിൽ നിന്നും സകല ജീവജാലങ്ങളിലേക്കും പടരുന്ന നൈതിക ബോധമായി നമുക്ക് കാണാൻ കഴിയും.
ടീച്ചറുടെ പരിസ്ഥിതി സ്നേഹത്തിന് ആത്മീയമായ ഒരു തലം ഉണ്ടായിരുന്നു. ഭൂമിയിലെ എല്ലാ സൗന്ദര്യങ്ങളെയും അതിന്റെ കേവല കാൽപനികതയ്ക്ക് അപ്പുറത്ത് നിന്നുകൊണ്ട് കണ്ട മലയാളത്തിലെ മഹാകവികളിൽ ഒരാളാണ് സുഗതകുമാരി ടീച്ചർ. കവി എന്നതിന് അപ്പുറത്ത് സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടുകയും, സഹാനുഭൂതിയോടെ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുള്ള ഒരു വലിയ വ്യക്തിത്വത്തിന്റെ അഭാവമാണ്, വിയോഗമാണ്, നഷ്ടമാണ് നാമിപ്പോൾ അനുഭവിക്കുന്നത്". റഫീഖ് അഹമ്മദ് പറയുന്നു
കോവിഡ് ബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണത്തിലിരിക്കെയായിരുന്നു സുഗതകുമാരി ടീച്ചറുടെ അന്ത്യം. എൺപത്തിയാറ് വയസ്സായിരുന്നു.
Content Highlights : Poet lyricist Rafeeq Ahammed Remembering Late poet Sugathakumari