പ്രേമത്തിന്റെയും പ്രാര്‍ഥനയുടെയും ജാഗ്രതയുടെയും ചിറകുകളുമായി നമുക്കുമേല്‍ കാവല്‍ നില്‍ക്കുകയായിരുന്നു സുഗതകുമാരിയുടെ കവിത. ആനന്ദമൂര്‍ച്ഛയില്‍നിന്ന് അസ്വസ്ഥതയിലേക്കും സ്വപ്നത്തില്‍നിന്നു ജാഗ്രതയിലേക്കുമുള്ള വികാസമാണ് കഴിഞ്ഞ ആറുപതിറ്റാണ്ടുകാലമായി സുഗതകുമാരിയുടെ കവിതയെയും ജീവിതത്തെയും മലയാളിയുടെ നിത്യജീവിതത്തിലെയും സാംസ്‌കാരികാനുഭവത്തിലെയും സജീവസാന്നിധ്യമാക്കി നിര്‍ത്തിയത്.
നവ്യാഹ്‌ളാദത്തിന്റെ മുത്തുച്ചിപ്പികള്‍
ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളുടെ അവസാനത്തില്‍ വ്യത്യസ്തമായൊരു തീവ്രയുവസ്വരമായി കാല്പനിക കാവ്യപാരമ്പര്യത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ ഉയര്‍ന്നുവന്ന സുഗതകുമാരിയുടെ പ്രസിദ്ധമായ ആദ്യകാല കവിതകളിലൊന്നായ 'മുത്തുച്ചിപ്പി'യില്‍ തന്നെ കേള്‍ക്കാമായിരുന്നു ഒരു സൂക്ഷ്മവാദ്യം പോലെ മുഴങ്ങിയിരുന്ന ആ പില്‍ക്കാല ജാഗ്രത. മുത്തുച്ചിപ്പിയുടെ ആത്മഗതത്തിന്റെ രൂപത്തിലുള്ള ആ കവിതയില്‍ 'ഞാനീ നിദ്രയില്‍ വീണു തകര്‍ന്നാലെന്തേ'യെന്നു പറയുന്ന മുത്തുച്ചിപ്പി അങ്ങനെ തകരാനല്ല, ഭാവിയില്‍ തന്നെ വീണ്ടെടുക്കാന്‍ പോകുന്ന മനുഷ്യന്റെ ആഹ്‌ളാദലയത്തെക്കുറിച്ചോര്‍ത്ത് ആനന്ദിക്കാനാണ് ശ്രമിക്കുന്നത്. ആ നവ്യാഹ്‌ളാദം സൃഷ്ടിക്കാനാണ് താന്‍ കടലില്‍ അലയുന്നതും നോവുകള്‍ പൊറുക്കുന്നതെന്നും പറയുന്ന ആ മുത്തുച്ചിപ്പിക്ക് സദൃശമാണ് സുഗതകുമാരിയുടെ കവിത. ആദ്യകാല കവിതകളിലെല്ലാം വികാരമൂര്‍ച്ഛയിലുള്ള ആനന്ദവും പൂര്‍ണതയില്‍ വിലയം പ്രാപിക്കാനുള്ള തീവ്രമോഹവും കാല്പനികകവിതയുടെ സ്വാഭാവികസവിശേഷതകളായി സുഗതകുമാരിയിലുണ്ടായിരുന്നു.
പ്രത്യക്ഷപ്രകൃതിയെക്കുറിച്ചുള്ള വിലാപം
പ്രണയവും മരണവും ഒന്നുതന്നെയായിത്തീരുന്ന കാല്പനികമായ ആ ബലിബോധം എണ്‍പതുകള്‍ തൊട്ടുള്ള സുഗതകുമാരിയുടെ കവിതകളില്‍ കാല്പനികതയുടെ ആധാരശ്രുതി കൈവിടാതെ തന്നെ വൈയക്തിക ദുഃഖങ്ങളുടെ ഏകതാനതയില്‍നിന്ന് മനുഷ്യവ്യസനങ്ങളുടെ ബഹുസ്വരങ്ങളിലേക്കുള്ള തീവ്രമായൊരു രാഷ്ട്രീയബോധമായി വികസിച്ചു. മലയാളിജീവിതത്തില്‍ മറ്റൊരുതരത്തില്‍ അവര്‍ സ്ഥാനപ്പെട്ടതങ്ങനെയാണ്. അവിടെ കാല്പനികതയിലെ ആന്തരികമാക്കപ്പെട്ട പ്രകൃതിലോകം വെല്ലുവിളിക്കപ്പെടുന്ന പ്രത്യക്ഷപ്രകൃതിയെക്കുറിച്ചുള്ള വിലാപവും മുന്നറിയിപ്പുമായി; മുടിയഴിച്ചിട്ട് വെറുതേയലറുന്ന രാത്രിമഴ പോലുള്ള പെണ്ണുങ്ങളുടെ ദുഃഖങ്ങള്‍ നാം അഭിമുഖീകരിക്കേണ്ട സാമൂഹികപ്രശ്‌നങ്ങളെക്കുറിച്ചുള്ള ഓര്‍മിപ്പിക്കലായി. അങ്ങനെ സുഗതകുമാരിയുടെ കവിത മണ്ണിനെയും മരത്തെയും പെണ്ണിനെയും ചേര്‍ത്തുപിടിക്കുന്ന വള്ളിയും വിരലുകളുമായി കാല്പനികകാവ്യപാരമ്പര്യത്തെ മാറ്റിയെഴുതി.
ജാഗ്രതയുടെ കവിത കവിതയുടെ ജാഗ്രത
ഭൂമിയിലേക്കുള്ള നമ്മുടെ നോട്ടങ്ങളെ ജീവന്റെ ചരിത്രത്തിലേക്കുള്ള ഓര്‍മയിലേക്കു ബന്ധിപ്പിച്ച് വിവേകികളാക്കാനും പീഡിതരായ മനുഷ്യരിലേക്ക് നമ്മെ വിരല്‍ത്തുമ്പില്‍ പിടിച്ച് നടത്തിക്കൊണ്ടുപോകാനും തീര്‍ത്തും കാവ്യാത്മകമായി ശ്രമിക്കുകയായിരുന്നു സുഗതകുമാരിയുടെ കവിത. മനുഷ്യകേന്ദ്രിതം മാത്രമല്ലാത്ത ഒരു രാഷ്ട്രീയത്തിലേക്കും പക്ഷികളും പൂക്കളും വയല്‍പ്പച്ചകളും വനത്തഴപ്പുകളും മനുഷ്യസങ്കടങ്ങളും നിറഞ്ഞ ഒരു ലോകായതത്ത്വത്തിലേക്ക് അവര്‍ കവിതയെ മീട്ടിയെടുത്തു. എഴുത്തുകാരിയുടെ സ്വന്തം മുറിയുടെ സ്വാതന്ത്ര്യവിശാലതയിലും ഭാവനാസഞ്ചാരത്തിലും നിന്ന് തെരുവിന്റെയും വീട്ടകങ്ങളുടെയും നിലവിളിക്കുകയും അടക്കിപ്പിടിക്കുകയും ചെയ്യുന്ന വ്യസനലോകങ്ങളിലേക്ക് കവിതയുടെ രഹസ്യജീവിതത്തെയും കര്‍മത്തിന്റെ പരസ്യജീവിതത്തെയും വലിച്ചെറിഞ്ഞുകൊണ്ടാണ് അവര്‍ ജാഗ്രതയുടെ കവിതയും കവിതയുടെ ജാഗ്രതയും നിര്‍മിച്ചത്. കഴിഞ്ഞ ദശകങ്ങളിലൊന്നും ഒരു കവിയും ഇങ്ങനെ കേരളീയജീവിതത്തില്‍ നൈതികബിംബമായി ഉയര്‍ന്നുവന്നിട്ടില്ല.
മുദ്രാവാക്യം വിളിക്കാതെ
മുന്നറിയിപ്പും നിലവിളിയും സ്വയംശപിക്കലും അരുതെന്നു വിലക്കലും പരിഭവിക്കലുമായി, പരിഹാസവും അവഹേളനവും പോലും ഏറ്റുവാങ്ങിക്കൊണ്ട് സുഗതകുമാരിയുടെ കവിതയും ജീവിതവും മലയാളിയെ നീതിയെയും കരുണയെയുംകുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇത്രയും കാലം. കൊടികളൊന്നുമേന്താതെ, ഒരുകക്ഷിയുടെയും മുദ്രാവാക്യം വിളിക്കാതെ, മുദ്രാവാക്യകാവ്യങ്ങളെഴുതാതെ, ഒരു നേതാവിനെയും പ്രത്യയശാസ്ത്രത്തെയും പിന്‍പറ്റാതെ തന്നെ അവരുടെ കവിത നമ്മുടെ സമൂഹത്തില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്കും വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ക്കും പാരമ്പര്യത്തെ കാലാനുകൂലമായി പരിവര്‍ത്തിപ്പിക്കണമെന്നു വാദിക്കുന്നവര്‍ക്കും പ്രകൃതിക്കുവേണ്ടി പരാജയപ്പെടാന്‍ വിധിക്കപ്പെട്ട യുദ്ധങ്ങള്‍ ചെയ്യുന്നവര്‍ക്കുമെല്ലാം അഭയവും അത്താണിയുമായി. എഴുത്തും ജീവിതവും തമ്മിലുള്ള അതിരുകള്‍ മാഞ്ഞുപോകുന്ന ഈ ഭാവനാകാണ്ഡവും കര്‍മകാണ്ഡവും വഴിയാണ് സുഗതകുമാരി മലയാളകവിതയിലെ കാല്പനിക പാരമ്പര്യത്തിന്റെ ഭൂപ്രകൃതി മാറ്റിവരച്ചത്.
കാല്പനികതയുടെ ഏകാന്തസ്വരത്തില്‍ പാടിയ സുഗതകുമാരിയെയാണ് 'മുത്തുച്ചിപ്പി' (1961), 'സ്വപ്നഭൂമി' (1965), 'പാവം മാനവഹൃദയം' (1967), 'ഇരുള്‍ച്ചിറകുകള്‍' (1969), 'രാത്രിമഴ' (1977) തുടങ്ങിയ ആദ്യ കാവ്യസമാഹാരങ്ങളില്‍ നാം കാണുന്നത്. അവിടത്തെ വിഷാദാത്മകത്വത്തിലും ആത്മവിലയനത്തിന്റെ അനുഭൂതികളിലുംനിന്ന് എണ്‍പതുകള്‍തൊട്ട് മറ്റൊരു ഋതുവിലേക്ക് അവരുടെ കവിത പ്രവേശിച്ചു. ഹരിതാവബോധത്തിന്റെയും പരിസ്ഥിതിവിവേകത്തിന്റെയും നൈതിക ജാഗ്രതയുടെയും ആ കാവ്യഋതുവില്‍ നവകാല്പനികതയുടെ നക്ഷത്രനാദത്തില്‍നിന്ന് സൂക്ഷ്മരാഷ്ട്രീയത്തിന്റെ വിപദ്സ്വരങ്ങള്‍ കേള്‍പ്പിക്കാന്‍ തുടങ്ങി അവരുടെ കവിത. 'മരത്തിനുസ്തുതി'യും 'തലശ്ശേരികളും' പോലെയുള്ള കവിതകളില്‍ ഉയര്‍ന്നുകേട്ട ഖേദസ്വരങ്ങള്‍ ആ സൂക്ഷ്മരാഷ്ട്രീയത്തിന്റെ ഫലമായിരുന്നു.
വ്യാകുലതയ്ക്കും വിഷാദത്തിനും പ്രത്യാശയ്ക്കും പ്രതിരോധത്തിനുമിടയിലെ സംഘര്‍ഷമായി കവിതയെ മാറ്റുകയും അങ്ങനെ പ്രകൃതിയെയും മനുഷ്യനെയും സ്വപ്നത്തിന്റെയും ജാഗ്രതയുടെയും ഘടനയില്‍ പുനഃസൃഷ്ടിക്കുകയും ചെയ്ത കാവ്യവൃത്തിയാണ് സുഗതകുമാരിയെ ആറുദശകം മുമ്പ് 'നന്ദി'(1958)യില്‍ അവര്‍തന്നെ എഴുതിയതുപോലെ 'മന്നിന്റെ തെളിമുത്തുമണിയും നക്ഷത്രവും വിണ്‍വെളിച്ചത്തിന്റെ വെള്ളിനുറുങ്ങായും' മലയാളത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചത്.
Content Highlights: PK Rajasekharan about sugathakumari