മ്മുടെ ഭാഷയ്ക്കുവേണ്ടി, പ്രകൃതിക്കുവേണ്ടി, മനുഷ്യരാശിക്കുവേണ്ടി എന്നും വേദനിച്ചൊരാളാണ് പോയത്. കവി എങ്ങനെയായിരിക്കണം എന്നതിന്റെ അടയാളമാണ് സുഗതകുമാരിയുടെ ജീവിതം. മലയാളസാഹിത്യത്തിലെ അത്രയും പ്രധാനപ്പെട്ടൊരാള്‍ പോയി എന്നുപറയുമ്പോള്‍, ഇനി അവരില്ല എന്നുപറയുമ്പോള്‍, വളരെയധികം വിഷമം.

പലനിലയ്ക്കും വളരെ അടുപ്പമുണ്ടായിരുന്ന ആളാണ്. സുഖമില്ലാതെ ആശുപത്രിയിലാണെന്ന് മിനിഞ്ഞാന്ന് വിവരംകിട്ടിയതുമുതല്‍ മനസ്സ് അസ്വസ്ഥമാണ്. എപ്പോഴാണ് മോശം വാര്‍ത്തവരുക എന്ന ഉത്കണ്ഠ.

ഈ വിയോഗം വലിയ നഷ്ടമാണ്. കവിതയ്ക്കുവേണ്ടിമാത്രമല്ല, ഭാഷയ്ക്കുവേണ്ടി, പ്രകൃതിക്കുവേണ്ടി, എല്ലാത്തിനുംവേണ്ടി നിലകൊണ്ടയാളാണ്. കഷ്ടപ്പെടുന്നവരെ രക്ഷിക്കുക, നിലനിര്‍ത്തുക, അവര്‍ക്ക് സഹായം ചെയ്യുക-അതൊന്നും സാധാരണ പതിവില്ലല്ലോ. സ്വന്തം കാര്യങ്ങള്‍മാത്രം ശ്രദ്ധിക്കുന്നവരില്‍നിന്ന് വ്യത്യസ്തയായിരുന്നു അവര്‍. കഷ്ടപ്പെടുന്ന ആളുകളെ, ഏകാന്തതയില്‍ ദുഃഖം അനുഭവിക്കുന്നവരെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് അവര്‍ സ്ഥാപനങ്ങളുണ്ടാക്കിയതുതന്നെ. അതിനായിട്ടായിരുന്നു അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും.

മാനവികതയായിരുന്നു അവരുടെ അടിസ്ഥാനം. മാനവികമായ എന്തുപ്രശ്‌നത്തിലും സജീവമായ താത്പര്യമുണ്ടായിരുന്നു. ഈ ലോകത്ത് നിലനിര്‍ത്തണമെന്നാഗ്രഹിക്കുന്ന പലതിനുംവേണ്ടിയാണ് അവര്‍ പ്രവര്‍ത്തിച്ചത്. നിലനിര്‍ത്തണമെന്നാഗ്രഹിച്ചിട്ടും വേണ്ടമാതിരി അത് സാധിക്കുന്നില്ലല്ലോ എന്ന ദുഃഖവുംപേറി നടന്നിരുന്നയാളാണ് സുഗത. മനുഷ്യകുലത്തിനുവേണ്ടി പാടിയ ഏറ്റവും വലിയ കവിയായിരുന്നു അവര്‍. കവികളൊക്കെ അങ്ങനെയാണ് നില്‍ക്കേണ്ടത്.

കവിതയെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ഭാഷയുടെ നിലനില്‍പ്പിനെക്കുറിച്ചുമൊക്കെ അവര്‍ സങ്കടപ്പെട്ടു. ഭാഷയെ വേണ്ടമാതിരി ശ്രദ്ധിക്കുന്നില്ലെന്ന് പരാതിപ്പെട്ടു. പ്രകൃതിയെക്കുറിച്ചും പ്രകൃതിക്ഷോഭങ്ങളെക്കുറിച്ചും എപ്പോഴും സംസാരിച്ചു. എന്തുകൊണ്ട് പ്രകൃതിക്ഷോഭങ്ങളുണ്ടാവുന്നു എന്ന് അവര്‍ ചോദിച്ചുകൊണ്ടേയിരുന്നു. കുന്നുകള്‍പോയി, മലകള്‍പോയി, കാടുകള്‍പോയി. ഇതിനെക്കുറിച്ചൊക്കെ ഇത്രയധികം ദുഃഖിക്കുന്നൊരാളെ നമ്മള്‍ വേറെ കാണില്ല. എന്തുചെയ്താലും പൂര്‍ണമനസ്സ് അര്‍പ്പിക്കുന്ന ആത്മാര്‍ഥതയാണ് അവരുടേത്. സുഗതയുമായി വളരെയടുപ്പമുണ്ടായിരുന്നു. എത്രയോതവണ കണ്ടിരിക്കുന്നു. എത്രയോ പരിപാടികളില്‍ ഒന്നിച്ചുപങ്കെടുത്തു. ഒന്നിച്ച് കുറെ യാത്രചെയ്തു. യാത്രകളില്‍ വെറുതേയിരിക്കുകയാണെന്ന് നമുക്കുതോന്നുമെങ്കിലും അവര്‍ എന്തെങ്കിലും കുറിച്ചുകൊണ്ടിരിക്കയാവും. 'ഒന്നുനോക്കട്ടെ' എന്നുപറഞ്ഞാല്‍, 'അയ്യോ, അത് ആയിട്ടില്ല, ആയിട്ടില്ല' എന്നുപറയും. അങ്ങനെ ഇത്തിരിനേരംകൊണ്ട് അവര്‍ എഴുതിയുണ്ടാക്കിയ വരികളൊക്കെ നമ്മുടെ മനസ്സില്‍ എന്നും നില്‍ക്കുന്നവയാണ്.

'മാതൃഭൂമി' ഓഫീസില്‍ പലകുറി വന്നിട്ടുണ്ട്. കോഴിക്കോട്ട് പരിസ്ഥിതിസംബന്ധമായ പല പരിപാടികളിലും ഒന്നിച്ചുപങ്കെടുത്തു. കക്കോടിയിലെ പരിപാടിക്ക് ഞാനും പോയിട്ടുണ്ട്. തുഞ്ചന്‍പറമ്പിലെ മൂന്നുനാല് പ്രധാനപ്പെട്ടസമ്മേളനങ്ങള്‍ക്ക് അവര്‍ വന്നിരുന്നു. ആരോഗ്യം മോശമായിരുന്നതിനാല്‍ വരാന്‍മടിച്ചിരുന്ന ഒരുതവണ നേരിട്ടുവിളിച്ചപ്പോള്‍ വന്നു. അന്ന് എനിക്കൊപ്പം അവിടെ രണ്ടുദിവസം താമസിച്ചാണ് മടങ്ങിയത്.

Content Highlights: MT Vasudevan nair about Sugathakumari