വിഴമല്ലികള്‍ പൂവിട്ടൊരു വഴി-
യ്ക്കരികിലായൊരു കാറ്റിന്റെ മര്‍മ്മരം!
ചിറകനക്കാതെ നിന്നുവോ കിളികളും
തൊടിയിലായിലപ്പച്ചയും, കാലവും
മിഴിതുടച്ചുവോ, മണ്ണിന്റെ കൈകളാല്‍-
ശിരസ്സിലൊന്നു തലോടിയുറക്കിയോ?
മഴ പൊഴിക്കുന്ന  നിശ്ശബ്ദതാഴ്​വര-
സ്മരണ ഭൂമിയെ മെല്ലെപ്പുണര്‍ന്നുവോ?
കനലിലായ് പൊള്ളിയെന്നും തളരിലും
കുളിരുമാ രാത്രിമഴയുണ്ട് ചുറ്റിലും
ഫണമുയര്‍ത്തുന്ന സര്‍പ്പകാലങ്ങളില്‍
പതിവുപോലൊരു നൃത്തച്ചിലമ്പുണ്ട്
കടലില്‍ ധ്യാനാര്‍ദ്രമാകുന്ന ചിപ്പിയില്‍
മിഴിതുറക്കുവാന്‍ മുത്തിന്‍ മണിയുണ്ട്
എവിടെ രാധികേ, ഗോപാലകന്‍ പണ്ട്
വഴിപിരിഞ്ഞ വൃന്ദാവന,ഗാനങ്ങള്‍
പവിഴമല്ലിതന്‍ ചോട്ടിലായിന്നൊരു
മൃദുലമാകുന്ന മൗനമുണരുന്നു
കവിതയെല്ലാമുറഞ്ഞ പോലീ ധനു-
ക്കുളിരിലെല്ലാമുറങ്ങിക്കിടക്കുന്നു
പതിയെ ഞാനൊന്ന് തൊട്ട് പോയ് വെണ്ണ-
പോലതിലുരുകി നിലാവിന്റെ ചോലകള്‍
കരുണ, സങ്കടം, ആര്‍ദ്രത, സ്‌നേഹത്തി-
നുറവ ഭൂവിയെ തൊട്ടുണര്‍ത്തുന്നുവോ?
ഒരു മഹാജീവധാരയിലെന്ന പോല്‍
നദികളെല്ലാമൊഴുകി വരുന്നുവോ?
ഒഴുകിയൊഴുകി മഹാസമുദ്രത്തിന്റെ
ഹൃദയമായി തുടിച്ച് നില്‍ക്കുന്നുവോ
പവിഴമല്ലിയ്ക്കരികിലിരിക്കവെ!
കവിത ചൊല്ലുവാന്‍ വന്നുവോ പൂവുകള്‍..    

Content Highlights: Malayalam poem, Sugathakumari