പ്രണയവും വിരഹവും മാതൃത്വവും പരിസ്ഥിതിയും പ്രകൃതിയുമെല്ലാം ഈ അമ്മയ്ക്ക് പ്രിയങ്കരമാണ്. അവരുടെ കവിതകള്‍ പവിഴമല്ലികളായും പാതിരാപ്പൂക്കളായും അമ്പലമണിയായും രാത്രി മഴയായും മുത്തുച്ചിപ്പിയായും തുലാവര്‍ഷപ്പച്ചയായും മാനവഹൃദയങ്ങളെ മോഹിപ്പിച്ചു കൊണ്ട് നില്‍ക്കയാണ്. അനാഥകള്‍ക്കും, ബുദ്ധിക്ക് അപഭ്രംശം സംഭവിച്ചവര്‍ക്കും ദുഃഖിതര്‍ക്കും ചെന്നണയാനുള്ള അത്താണിയാണ്, അഭയമാണ് അവരുടെ ഹൃദയം.

കുഞ്ഞുങ്ങളുടെ രക്തം തുടിക്കുന്ന കൈകളിലാണ് ഇന്ത്യാ മഹാരാഷ്ട്രത്തിന്റെ ഭാവി എന്ന് തിരിച്ചറിഞ്ഞ കവിയാണ് സുഗതകുമാരി ടീച്ചര്‍. കുളിരേകുന്ന ഒരു പൂഞ്ചോല പോലെ, അകം തണുപ്പിക്കുന്ന ആ മഹിത സ്‌നേഹം ഒഴുകുകയായിരുന്നു. കവിത മാത്രമായിരുന്നില്ല , പ്രപഞ്ചത്തോടും സകല ചരാചരങ്ങളോടും മാനവികതയോടും ഉള്ള സ്‌നേഹമായിരുന്നു അവര്‍. വനിതാ കമ്മീഷന്‍ അംഗം ആയിരുന്ന കാലത്ത് ഒരു സെമിനാറില്‍ വെച്ച് അവര്‍ പറഞ്ഞു 'സ്ത്രീകളുടെ ദുഃഖങ്ങള്‍ അന്തമില്ലാത്തതാണ്. ഈ പ്രശ്‌നങ്ങളെല്ലാം കേട്ട് വീട്ടിലെത്തിയാല്‍ രാത്രി ഉറക്ക ഗുളിക കഴിക്കാതെ ഉറങ്ങാന്‍ ആവാത്ത അവസ്ഥ. അവരുടെ അത്രമാത്രം നീറുന്ന പ്രശ്‌നങ്ങള്‍ ഞങ്ങള്‍ ദിനവും  കേള്‍ക്കുന്നു.' 

മറ്റൊരു സാഹിത്യ കൂട്ടായ്മയില്‍ അവര്‍ പറഞ്ഞു:
'മുജ്ജന്മത്തില്‍ പാപം ചെയ്തവരാണ് എഴുത്തുകാരികളാവുന്നത്.

'മാനവരാശിക്കു വേണ്ടി നിലകൊണ്ട ജീവിതം '

പരിസ്ഥിതി സംരക്ഷക ആയപ്പോള്‍ ഏറെ പരിഹാസവും ആക്രമണങ്ങളും നേരിടേണ്ടിവന്നു. ഒരിക്കല്‍ പാലക്കാട് നടന്ന സൈലന്റ് വാലി പ്രക്ഷോഭത്തില്‍ പങ്കെടുത്തു. അട്ടപ്പാടിയിലെ ബൊമ്യാം പടിയില്‍ ടീച്ചറുടെ നേതൃത്വത്തില്‍ കൃഷ്ണവനമുണ്ടാക്കി. വനമേഖലയിലെവിടെയോ  മരം വെട്ടുന്നു. ആരോ പറഞ്ഞറിഞ്ഞ് ടീച്ചറും കൂട്ടരും അവിടെ എത്തി. എസ്റ്റേറ്റ്  മുതലാളിയും കൂട്ടരും ചേര്‍ന്ന് അവരുടെമേല്‍ വര്‍ഷിച്ച  ആക്രോശവും അസഭ്യവും എല്ലാം നിശബ്ദം സഹിച്ച്  തന്റെ കര്‍മ മേഖലയിലൂടെ  മുന്നോട്ടു പോയി. മുത്തങ്ങയില്‍ ജലാശയം ഒരുക്കാനും കോഴിക്കോട് കക്കോടിയില്‍ തച്ചിറ ജലാശയ ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു. സ്ത്രീകളുടെ അഭയകേന്ദ്രമായ ഈ പ്രിയപ്പെട്ട അമ്മയ്‌ക്കൊപ്പം ഞങ്ങള്‍ എഴുത്തുകാരികള്‍ ടീച്ചറുടെ ആഗ്രഹമനുസരിച്ച് 85ാം പിറന്നാളിന് തിരുവന്തപുരത്തുള്ള അഭയയില്‍ ടീച്ചര്‍ക്കൊപ്പം  ഒത്തുകൂടിയിരുന്നു. കേരളത്തിലെ എഴുത്തുകാരികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കന്നം എന്ന് കവിക്ക് മോഹം.

സഹസ്ര പൂര്‍ണിമയുടെ നിറവില്‍ മലയാളത്തിന്റെ സുകൃതമായ  ടീച്ചര്‍ക്കൊപ്പം. പവിഴമല്ലി അക്ഷരക്കൂട്ടം (തിരു.) എഴുത്തുകാരികള്‍ക്കൊപ്പം ഗംഭീര പരിപാടി ഒരുക്കി. കേരളത്തിന്റെ പല ഭാഗത്ത് നിന്നുമായി എഴുത്തുകാരികള്‍ എത്തി. താമസം, ഭക്ഷണം എല്ലാം അവര്‍ ഏര്‍പ്പാടാക്കി. വലിയ പരിശ്രമമായിരുന്നു അക്ഷരക്കൂട്ടത്തിന്റേത്. അഭയയിലെ അനാഥക്കുഞ്ഞുങ്ങള്‍ക്കായി ഒരു പുസ്തക അലമാരി ഒരുക്കി. അതിലേക്ക് എഴുത്തുകാരികള്‍ പുസ്തകം കൊണ്ട് വരാന്‍ പറഞ്ഞിരുന്നു. ആയിടെ ഞാന്‍ കുഞ്ഞുങ്ങള്‍ക്കായി എഴുതിയ ബ്ലൂ വെയില്‍ എന്ന കുഞ്ഞു പുസ്തകം സൈകതം ഇറക്കിയിരുന്നു. അത് ടീച്ചര്‍ അവിടെ പ്രകാശനം ചെയ്തു. എന്നോട് ഒഴിഞ്ഞ ഷെല്‍ഫിലേക്ക് വെക്കാനും പറഞ്ഞു.

ആ ദിവസം മുഴുവനും എഴുത്തുകാരികള്‍ ടീച്ചര്‍ക്കൊപ്പമായിരുന്നു. അവശതകള്‍ക്കിടയിലും ടീച്ചര്‍ പ്രസന്നവതിയായിരുന്നു. ടീച്ചറുടെ  കവിത ചൊല്ലിയും പാട്ടു പാടിയും - മറക്കുവാന്‍  സാധിക്കില്ല ടീച്ചര്‍, അന്ന് ഞങ്ങള്‍ക്കേകിയ സ്‌നേഹ മധുരം. ഈ പവിഴമല്ലിപ്പൂ വാടില്ല, കൊഴിയില്ല.
തനിക്ക് വേണ്ടി ജീവിച്ചിട്ടില്ല. ലോകമായിരുന്നു കുടുംബം. അതിന്റെ സുസ്ഥിതിയിലായിരുന്നു കരുതല്‍ അവരുടെ ദുഃഖത്തില്‍ എരിഞ്ഞും പൊരിഞ്ഞും അവരുടെ  മോദങ്ങളില്‍ സന്തോഷിച്ചും ഒരു മനുഷ്യ ജന്മം. 

കവിതയിലുടെയാണ് സ്വപ്നങ്ങള്‍ പങ്കുവെച്ചത്. കവിതയിലൂടെ നമുക്ക് ആശയങ്ങളരുളിയത്. മണ്‍തരി മുതല്‍ മഹാകാശം വരെ ആ ജീവിത പ്രണയം പൂത്തു തളിര്‍ത്തു. ഒരു ദിനം നാമെല്ലാം മണ്ണോട് ചേരണം. ചേര്‍ന്നു. എന്നാലൊരു പാട് ജന്മങ്ങളുടെ കര്‍മങ്ങള്‍ ചെയ്തു. മനസ്സിന്റെ നില തെറ്റിയവര്‍, പിച്ചിച്ചീന്തപ്പെട്ട കുഞ്ഞുകുട്ടികള്‍, ആര്‍ക്കും വേണ്ടാതെ പുറന്തള്ളപ്പെട്ട പെണ്ണുങ്ങള്‍ - ഇവരെയൊക്കെ ടീച്ചര്‍ക്ക് വേണമായിരുന്നു. അവരൊക്കെ മനുഷ്യരായി  ജീവിക്കണം എന്നതായിരുന്നു പ്രാര്‍ത്ഥന - നല്ല ഭക്ഷണം, വിദ്യാഭ്യാസം- നല്ല ഉറക്കം. അതൊക്കെ ലഭ്യമാക്കി. പ്രായം കൂടുമ്പോള്‍ രോഗങ്ങള്‍ വിരുന്നു വരും. എന്നിട്ടും തളരാതെ പിടിച്ചു നിന്നു ധീരയായ ആ പോരാളി.

അങ്ങ് മരിച്ചുവെന്ന് ആരൊക്കെയോ പറയുന്നു. മണ്ണോട് മണ്ണ് ചേര്‍ന്നുവെന്നും!
എന്നാല്‍ പ്രിയങ്കരിയായ ടീച്ചര്‍- അങ്ങേയ്ക്ക് മരണമില്ല. മരണമില്ല.

Content Highlights: KP Sudheera, Sugathakumari