സുഗതകുമാരി എനിക്ക് സഹോദരീതുല്യയായിരുന്നു. അവരുടെ ആദ്യകവിതാസമാഹാരമായ 'മുത്തുച്ചിപ്പി'യിലെ കവിതകള്‍ മുതല്‍ അവസാനം ഇറങ്ങിയ കവിതവരെ ആദരവോടു കൂടി വായിക്കുകയും ആസ്വദിക്കുകയും ചെയ്ത ഒരു സഹൃദയന്‍ എന്ന നിലയ്ക്കും വ്യക്തി എന്ന നിലയ്ക്കും അവരുമായി അഗാധമായ ഒരു ബന്ധമാണ് എനിക്ക് ആദ്യം മുതലേയുണ്ടായിരുന്നത്.
ഇനിയീ മനസ്സില്‍ കവിതയില്ല എന്ന് അവര്‍ എഴുതിയപ്പോള്‍ 'സുഗതകുമാരിയോട്' എന്ന പേരില്‍ 'സഹോദരീ' എന്ന് സംബോധന ചെയ്തുകൊണ്ടുള്ള കവിത ഞാനെഴുതി. സുഗതകുമാരിയുടെ 'കാളിയമര്‍ദ്ദനം' എന്ന കവിതയെക്കുറിച്ചുള്ള ഒരു പഠനത്തോടെയാണ് ഞാന്‍ നിരൂപണം ആരംഭിക്കുന്നത്. അവര്‍ക്ക് സരസ്വതി സമ്മാനം ലഭിച്ചപ്പോള്‍ ഒരു ദീര്‍ഘസംഭാഷണം ദൂരദര്‍ശനുവേണ്ടി നടത്തി. തിരുവനന്തപുരത്ത് പോകുമ്പോള്‍ കാണാതെ തിരിച്ചുപോരാറില്ല. അഗാധമായൊരു ആത്മീയ ബന്ധമാണ് സുഗതകുമാരിയുമായി വ്യക്തിപരമായി എനിക്കുണ്ടായിരുന്നത്.
എന്റെ തലമുറയ്ക്ക് തൊട്ടുമുമ്പുള്ള തലമുറയിലെ കവികളില്‍ ഏറ്റവും പ്രധാനമായ സ്വരങ്ങളില്‍ ഒന്ന് സുഗതകുമാരിയുടേതായിരുന്നു. അതിന് പല കാരണങ്ങളുണ്ട്. ഒന്ന് ആദ്യകാല കവിതകളില്‍ ഉണ്ടായിരുന്നത് ആത്മനിഷ്ഠമായ വിഷാദമായിരുന്നു. ക്രമേണ അത് ലോകത്തിലേക്ക് മുഴുവന്‍ പടരുന്ന കാരുണ്യമായി വികസിക്കുകയുണ്ടായി. പരിസ്ഥിതിപരമായ പ്രശ്‌നങ്ങളില്‍ അവര്‍ ഇടപെടാന്‍ ആരംഭിക്കുന്നു. സസ്യങ്ങളോടും പുഷ്പങ്ങളോടും മൃഗങ്ങളോടും മനുഷ്യരോടും ഒരു പോലെ കരുണയോടെ ഇടപെടുന്ന സഹഭാവ മനോഭാവം കവിത പിന്നീട് വികസിക്കുമ്പോള്‍ മറ്റ് സമാഹാരങ്ങളില്‍ കാണുന്നുണ്ട്. 'രാത്രിമഴ', 'അമ്പലമണി', 'കുറിഞ്ഞിപൂക്കള്‍'... തുടങ്ങി സുഗതകുമാരിയുടെ നിരവധി കവിതകള്‍ എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. കവി എന്ന നിലയില്‍ ജീവിതത്തിലേക്കും അവയെല്ലാം കൊണ്ടുവന്നു എന്നതാണ് അവരുടെ സവിശേഷത.
പ്രകൃതിയെ പറ്റി കവിത എഴുതുക മാത്രമല്ല പ്രകൃതി സംരക്ഷണത്തിന്റെ ഒരു മുന്നണി പോരാളിയായി അവര്‍ നിറഞ്ഞു നിന്നു. സൈലന്റ് വാലി വിഷയത്തിലാണ് നമ്മളത് കണ്ടത്. പിന്നീടുണ്ടായ ആറന്‍മുള വിമാനത്താവളം അടക്കം ഒട്ടേറെ പരിസ്ഥിതി വിനാശകമായ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയും പരിസ്ഥിതിയുടെ പ്രാധാന്യം ആവര്‍ത്തിച്ചു പറയുകയും ചെയ്തു. ഇന്നത്തെ സന്ദര്‍ഭത്തില്‍ ആ പ്രവര്‍ത്തനങ്ങള്‍ വലിയ പ്രാധാന്യമുണ്ട്.
ഓസ്‌ട്രേലിയയിലെ ജൂഡിത്ത് റൈറ്റ് എന്ന കവിയോടൊപ്പം ചേര്‍ത്തു വച്ചു പറയാവുന്ന പേരാണ് സുഗതകുമാരിയുടേത്. സമരങ്ങളില്‍ സജീവമായി പങ്കെടുത്തു. ഒപ്പം സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ മാത്രമല്ല അവര്‍ സ്ഥാപിച്ചിട്ടുള്ള സ്ഥാപനങ്ങള്‍, മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്കു വേണ്ടിയും നിരാലംബരായ സ്ത്രീകള്‍ക്കുമുള്ള സ്ഥാപനങ്ങള്‍, അട്ടപ്പാടിയിലെ ആദിവാസികളൊടൊത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍..ഇതെല്ലാം വേര്‍തിരിഞ്ഞു കിടക്കുന്നില്ല;ഒന്നാണ്. കവിതയും അവരുടെ ജീവിതവും കവിതയും അഖണ്ഡമായ തുടര്‍ച്ചയാണ്. ഇതാണ് സുഗതകുമാരിയെ മറ്റ് കവികളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്.
പക്ഷിക്കും കാറ്റിനും പോലും വാത്സല്യം പകര്‍ന്നു നല്‍കുന്ന ഒരു തണല്‍ മരം പോലെ അവരുടെ കവിത പരിണമിക്കുന്നത് നമുക്ക് കാണാം. അങ്ങനെ വിശാലമായൊരു സാഹോദര്യം അവരുടെ കവിതയിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സൃഷ്ടിച്ചു എന്നാണ് ഞാന്‍ കരുതുന്നത്. ഒരു പുതിയ സൗന്ദര്യബോധവും ഒരു പുതിയ നീതിബോധം സൃഷ്ടിച്ചു. ഒരു പക്ഷേ ഒരു കവി നിര്‍വഹിക്കേണ്ട എറ്റവും പ്രധാനമായ ഈ രണ്ട് കര്‍ത്തവ്യങ്ങളും പൂര്‍ണമായും നിര്‍വഹിച്ച അപൂര്‍വം മലയാള കവികളിലൊരാളാണ് സുഗതകുമാരി. വ്യക്തിപരമായും മലയാള കവിതയെ സംബന്ധിച്ചും അവരുടെ വേര്‍പാട് പകരം വയ്ക്കാന്‍ മറ്റൊരാള്‍ ഇല്ല എന്ന തോന്നലാണ് ഉളവാക്കുന്നത്.
Content Highlights: k satchidanandan on Sugathakumari’s demise