വയിത്രി സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ അനുശോചിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. മാതൃസദൃശമായ സ്നേഹമാണ് ടീച്ചറിൽ നിന്നും ലഭ്യമായിരുന്നതെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ടു തന്നെ പെറ്റമ്മയുടെ വേർപാടുപോലെ വലിയ സങ്കടകരമായ ഒന്നാണ് സുഗതകുമാരി ടീച്ചറിന്റെ വേർപാട്. കുറച്ചുനാൾ മുൻപേ ചില അംഗീകാരങ്ങളിൽ അഭിനന്ദനങ്ങൾ പറയുന്നതിന് വേണ്ടി ടീച്ചർ വിളിച്ചിരുന്നു. മാനസികമായി എപ്പോഴും കൂടെയുണ്ടെന്നും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ട് നേരിൽ കാണാൻ കഴിയില്ലെന്നും അവർ പറഞ്ഞു.

ടീച്ചറെ നേരിട്ട് വന്ന് കാണാത്തത് കൊവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതു കൊണ്ടാണെന്ന് അറിയിച്ചിരുന്നു. രോഗബാധിതയായതിന് ശേഷം ചികിത്സിച്ച് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ ടീം കിണഞ്ഞ് പരിശ്രമിച്ചിരുന്നു. പക്ഷെ ടീച്ചർ നമ്മെ വിട്ടുപിരിഞ്ഞു. കേരളത്തിന് മാത്രമല്ല ഈ ലോകത്തിന് തന്നെ പ്രിയങ്കരിയായി മാറിയിട്ടുള്ള സുഗതകുമാരി ടീച്ചറിനെ ഒരിക്കലും മറക്കാൻ കഴിയില്ല. അഭയിലൂടെയും മറ്റ് നിരവധി പ്രവർത്തനങ്ങളിലൂടെയും അശരണരുടെ രക്ഷയ്ക്കെത്താൻ ടീച്ചർ എപ്പോഴും പരിശ്രമിച്ചിരുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്ക് ടീച്ചർ പ്രത്യേകിച്ച് മുൻകൈയെടുത്ത് പ്രവർത്തിച്ചിരുന്നു.

'സംസ്ഥാനത്തെ ആദ്യത്തെ വനിത കമ്മീഷൻ അധ്യക്ഷയായി നല്ല രീതിയിലുള്ള പ്രവർത്തനം കാഴ്ചവയ്ക്കാൻ ടീച്ചർക്ക് സാധിച്ചു. സുഗതകുമാരി ടീച്ചറെ പറ്റിയുള്ള ഒരു വിശദീകരണം കേരളത്തിന് ആവശ്യമില്ല. പരിസ്ഥിതിയേയും മനുഷ്യനേയും സ്നേഹിച്ചുകൊണ്ട് അവർക്ക് ശരിയെന്ന് തോന്നുന്ന അഭിപ്രായങ്ങൾ ധീരമായി തുറന്ന് പറഞ്ഞ് കേരള സമൂഹത്തിന്റെ കൂടെ എന്നും സജീവമായി ടീച്ചർ ഉണ്ടായിരുന്നു. മനുഷ്യ മനസിന്റെ ആർദ്രതലങ്ങളെ സ്പർശിക്കുന്ന സുഗതകുമാരി ടീച്ചറിന്റെ കവിതകൾക്ക് ഒരിക്കലും മരണമില്ല. ടീച്ചറിന്റെ സ്നേഹപൂർണമായ വാക്കുകൾ എന്നും നിലനിൽക്കും. പ്രിയപ്പെട്ട കേരളത്തിന്റെ സുഗതകുമാരി ടീച്ചർക്ക് കണ്ണീരോടെയല്ലാതെ വിടനൽകുവാൻ കേരളീയ സമൂഹത്തിന് കഴിയില്ല. അവരുടെ നിര്യാണം കടുത്ത വേർപാടിന്റെ വേദനയുളവാക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് ടീച്ചറിന് എല്ലാ ബഹുമാനത്തോടെയും സ്നേഹത്തോടെയും അന്ത്യാഞ്ജലികൾ അർപ്പിക്കുന്നു' മന്ത്രി കെകെ ശൈലജ പറഞ്ഞു.

Content highlights :k k shylaja remembering sugathakumari teacher