സുഗതകുമാരിയുടെ അറുപതാം പിറന്നാളില്‍ അവരുടെ സാന്നിധ്യത്തില്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വായിച്ച കവിത

'ങ്ങുപോകു'മെന്നന്തിച്ചു നില്‍ക്കേ

'ഇങ്ങു പോരികെ'ന്നോതുന്ന നിന്നെ

നൊമ്പരത്തിന്റെ കാടകംതോറും

സാന്ത്വനാശ്രമം തീര്‍ക്കുന്ന നിന്നെ,

അന്ധകാരത്തിലാഴുന്ന പെങ്ങള്‍-

ക്കഭയമന്ത്രമായ്ത്തീരുന്ന നിന്നെ,

സങ്കടങ്ങള്‍തന്‍ ഭാരം വഹിക്കാ-

നെന്നുമത്താണിയാവുന്ന നിന്നെ,

ചിത്തരോഗങ്ങളാര്‍ക്കെന്നു ചോദി-

ച്ചുത്തരത്തിനായ് നില്‍ക്കുന്ന നിന്നെ

കണ്ടു ഞാനെന്നുമിക്കല്‍നിരത്തില്‍

കൈവിതിര്‍ക്കുന്നൊരാല്‍മരംപോലെ.

ദുര്‍ഗമങ്ങളാം കാടിന്റെയുള്ളില്‍

ദുഃഖദുര്‍ബലം കേഴാതെ നില്‍ക്കെ

വിത്തമത്ത പ്രതാപ ഫൂല്‍ക്കാര-

മേറ്റ് വാടിക്കരിയാതെ നില്‍ക്കെ,

ശുഭ്രനാളസമാനമാം നിന്റെ-

യഗ്‌നിവാങ്മയജ്വാലയേല്‍ക്കുമ്പോള്‍

ഉള്ളുപൊള്ളുന്ന നേരിനെപ്പുല്‍കും

അമ്മയെന്ന് വിളിക്കുവാന്‍ തോന്നും.

വക്ക് പൊട്ടിയ മണ്‍ചെരാതിന്‍ പൊന്‍-

മൊട്ടു മെല്ലെ വിടര്‍ത്തുവാന്‍ തോന്നും.

നിന്റെകൂടെ വന്നാക്കരിംവാന -

ത്തിന്ദ്രചാപം വരയ്ക്കുവാന്‍ തോന്നും.

കൂട്ടുവന്നില്ല ഞങ്ങളിലാരും

കൂരിരുട്ടിന്റെ കോട്ടകള്‍ക്കുള്ളില്‍

സ്‌നേഹദൂതുമായ് നീ പോയ നാളില്‍

ഗേഹവാതിലില്‍ കാത്തുനിന്നില്ല.

പേടിയാണെനിക്കുള്ളം തുറക്കാന്‍

കൂടെനില്‍ക്കും നിഴലിനെ നോക്കാന്‍

ചിത്രഭിത്തിയില്‍ വിള്ളലുണ്ടാക്കാന്‍

ഇഷ്ടനിദ്രയ്ക്ക് ഭംഗം വരുത്താന്‍.

നിന്റെ നഷ്ടങ്ങള്‍, നോവുകള്‍, പണ്ടേ

നീ മറന്നിട്ട സിംഹാസനങ്ങള്‍,

നിന്റെ വാഴ്വിന്റെ ചില്ലയില്‍ ചൈത്രം

വാക്കുനല്‍കിയ സപ്തവര്‍ണങ്ങള്‍

വിസ്മരിച്ചുവന്നീ വെയില്‍ മേട്ടില്‍

വീണപൂക്കളെത്തേടുന്ന നിന്നെ,

കാണുവാനെനിക്കാവില്ല, കണ്ടാല്‍

ഉണ്മതന്‍കനല്‍ കണ്ണില്‍പ്പതിക്കും..

Content Highlights: K Jayakumar Malayalam poem, Sugathakumari