സ്ത്രീയുടെ സമരങ്ങളെയും സഹനങ്ങളെയും അതിജീവനങ്ങളെയും കുറിച്ചോര്‍ക്കുമ്പോഴൊക്കെ ഞാന്‍ സുഗതകുമാരിടീച്ചറുടെ പഴയകവിത ഓര്‍ക്കും. മാതൃഭൂമിയുടെ ഗൃഹലക്ഷ്മി മാസിക അതിന്റെ ആദ്യലക്കത്തില്‍ ഒരു സ്ത്രീ പ്രത്യയശാസ്ത്രവിളംബരംപോലെ പ്രസിദ്ധീകരിച്ച കവിതയാണത്.
'ഇവള്‍ക്കുമാത്രമായ്, കടലോളം കണ്ണീര്‍
കുടിച്ചവള്‍ ചിങ്ങവെയിലൊളിപോലെ
ചിരിപ്പവള്‍, ഉള്ളില്‍ കൊടും തീയാളിടും
ധരിത്രിയെപ്പോലെ തണുത്തിരുണ്ടവള്‍
ഇവള്‍ ദൈവത്തിനും മുകളില്‍ സ്‌നേഹത്തെ-
യിരുത്തി പൂജിപ്പോള്‍, ഇവള്‍ കാലത്തിന്റെ
കരങ്ങളില്‍ മാത്രം സമാശ്വസിപ്പവള്‍'
ഒരര്‍ഥത്തില്‍ സുഗതകുമാരിടീച്ചറുടെ ജീവിതകഥയുടെ സംക്ഷിപ്തമായ കാവ്യരൂപവുമാണിത്. ഇരുപതും ഇരുപത്തിയൊന്നും നൂറ്റാണ്ടുകളില്‍ പുരുഷന്‍ ഏറ്റെടുക്കാന്‍ മടിച്ച പ്രകൃതിയുടെയും മനുഷ്യന്റെയും അതിജീവന മഹാസമരങ്ങളെ മുന്നില്‍നിന്നു നയിച്ച പുതിയ സ്ത്രീയുടെ ധീരതയുടെയും വേദനയുടെയും ഇതിഹാസമാണ് സുഗതകുമാരിടീച്ചറുടെ ജീവിതം.
കവിതകൊണ്ടുമാത്രമല്ല ടീച്ചര്‍ പോരാടിയത്. അജയ്യ നിശ്ചയദാര്‍ഢ്യത്തിന്റെ മൂര്‍ത്തരൂപമായ ടീച്ചര്‍ ഐതിഹാസികമായ ഒട്ടേറെ സമരങ്ങളുടെ മുന്നില്‍നിന്നു. സൈലന്റ് വാലി സമരവും ആറന്മുള സമരവും അഭയമറ്റ സ്ത്രീകള്‍ക്കും അനാഥര്‍ക്കും വേണ്ടി 'അഭയം' നടത്തിയ ജീവകാരുണ്യസമരവുമൊക്കെ അവയില്‍ ചിലതു മാത്രം.
സൈലന്റ് വാലി സമരകാലത്താണ് ഞാനാദ്യം ടീച്ചറെ കണ്ടത്. ആ സമരത്തിന്റെ വിജയം സമ്മാനിച്ച ആത്മവിശ്വാസവും പ്രത്യാശയുമായിരുന്നു യൗവനാരംഭകാലത്ത് ഭാരതപ്പുഴ സംരക്ഷണസമരത്തില്‍ പങ്കുചേരാന്‍ എന്നെപ്പോലുള്ളവര്‍ക്ക് പ്രേരണ.
'പെണ്ണാണ് കൊന്നൊഴിച്ചീടാന്‍
കഴിഞ്ഞീല, പൊറുക്കുക.
നിന്‍മടിത്തട്ടില്‍ ജീവിക്കാന്‍
ഇവള്‍ക്കുമിടമേകുക' ( പെണ്‍കുഞ്ഞ്-90)
എന്നെഴുതിവെക്കുമ്പോള്‍ പെണ്ണായിപ്പിറന്നാല്‍ നേരിടേണ്ടിവരുന്ന കൊടിയ അനാഥത്വവും നിസ്സഹായതയും യാതനയുമൊക്കെ ടീച്ചര്‍ ആത്മാവില്‍ അനുഭവിച്ചറിഞ്ഞിരുന്നു. സ്ത്രീയെന്ന സത്ത ടീച്ചര്‍ക്ക് ഈ വസുന്ധര തന്നെയായിരുന്നു.
'ബിഹാര്‍' എന്ന കവിതയില്‍
.'കീറിനാറിയ ചേലത്തുമ്പിനാലകാലത്തി,ലാകവേ നരചൂഴും വാര്‍നെറ്റി മൂടിക്കൊണ്ട്''
നിസ്സഹായയായി നില്‍ക്കുന്ന അമ്മയോട് സുഗതകുമാരിടീച്ചര്‍ ചോദിക്കുന്നുണ്ട്
' എന്തുനീയര്‍ഥിക്കുന്നു?
കനിയാന്‍ മറന്നൊരീ
വിണ്ടലത്തോടോ? ചൂടു
വമിക്കും ശിലയോടോ
എന്തിലും കുലുങ്ങാത്ത
കാലമാം മഹാശക്തി-
മണ്ഡലത്തോടോ, നിന്റെ
ദുഃഖദേവതയോടോ?...'
ഈ ദുഃഖദേവതയായിരുന്നു സുഗതകുമാരിടീച്ചറുടെ ആരാധനാമൂര്‍ത്തി. തളരുമ്പോളൊക്കെ 'രുധിതാനുസാരി' യായിനിന്ന് അവര്‍ ദുഃഖത്തില്‍നിന്നും കണ്ണീരില്‍നിന്നും ഊര്‍ജം സംഭരിച്ചു.
പ്രകൃതി കീഴടക്കപ്പെടുന്നിടത്തെല്ലാം സ്ത്രീയും കീഴടക്കപ്പെടും എന്ന് ടീച്ചര്‍ വിശ്വസിച്ചു. അതുകൊണ്ടുതന്നെ സ്ത്രീക്കുവേണ്ടിയുള്ള കാവ്യസമരങ്ങള്‍ പ്രകൃതിക്കുവേണ്ടിക്കൂടിയായിരുന്നു.
'ആരോ പറഞ്ഞു
മുറിച്ചുമാറ്റാം കേടു
ബാധിച്ചോരവയവം
പക്ഷേ, കൊടുംകേടു
ബാധിച്ച പാവം മനസ്സോ?'
-ലോകമനസ്സാക്ഷിയോട് ടീച്ചര്‍ ചോദിച്ചു. (രാത്രിമഴ )
നിസ്സഹായമെങ്കിലും ആ പാവം മാനവഹൃദയം ഒരു താരകയെക്കാണുമ്പോള്‍ രാവുമറക്കുന്നതും പുതുമഴകാണ്‍കെ വരള്‍ച്ചയെ മറക്കുന്നതും കണ്ടു. ആണും പെണ്ണുമായ മനുഷ്യന്റെ ശക്തിദൗര്‍ബല്യങ്ങളെ മുഴുവന്‍ ഇത്ര ദര്‍ശന സമഗ്രമായും വികാരനിര്‍ഭരമായും ദര്‍ശിച്ച മറ്റൊരാധുനിക കവി സുഗതകുമാരിടീച്ചറെപ്പോലെ നമുക്ക് വേറേയില്ല. കൊണ്ടാടപ്പെട്ട ആധുനികതയില്‍നിന്ന് വ്യത്യസ്തമായി, സ്ത്രീയുടെയും പ്രകൃതിയുടെയും മനുഷ്യത്വത്തിന്റെയും ആത്യന്തികമായ അതിജീവന ബലതന്ത്രത്തിലൂന്നിയ മലയാളകവിതയിലെ കേരളീയാധുനികത സുഗതകുമാരിടീച്ചറിലൂടെയാണ് ചരിത്രമായിത്തീര്‍ന്നത്.
ടീച്ചറുടെ അതിപ്രശസ്തങ്ങളായ കൃഷ്ണകവിതകളില്‍പ്പോലും കൃഷ്ണന്‍ പ്രകൃതിക്കു വിധേയനാണ്. രാധയാണ് അവിടെ പൂര്‍ണ പ്രകൃതി.
'കാടാണ്, കാട്ടില്‍ കടമ്പിന്റെ കൊമ്പില്‍
കാല്‍തൂക്കിയിട്ടിരിപ്പാണു രാധ
താഴെ പടിഞ്ഞിരുന്നേകാഗ്രനായതില്‍
കോലരക്കിന്‍ ചാറു ചേര്‍പ്പൂ കണ്ണന്‍'
ഇവിടെ രാധ കടമ്പിന്റെ കൊമ്പിന്‍ മുകളിലാണ്. കൃഷ്ണന്‍ താഴെ രാധയുടെ കാല്‍ക്കലിരുന്ന് കാലില്‍ ചെമ്പഞ്ഞിച്ചാറണിയിക്കുകയാണ്.
'കൃഷ്ണ നീയെന്നെയറിയില്ല' എന്നു വിഷാദിച്ചപ്പോഴും കൃഷ്ണന്റെ മുന്നില്‍ രാധ ഒരിക്കലും അനുരാഗ ശരണാര്‍ഥിയായില്ല. ' ജലമെടുക്കാനെന്നമട്ടില്‍ ഞാന്‍ തിരുമുന്നി-
ലൊരുനാളുമെത്തിയിട്ടില്ല.
'വിറപൂണ്ട കൈനീട്ടി നിന്നോടു ഞാനെന്റെ -
യുടയാട വാങ്ങിയിട്ടില്ല.''
'എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍
നിപുണയാം തോഴിവന്നെന്‍ പ്രേമ ദുഃഖങ്ങ-
ളവിടുത്തോടോതിയിട്ടില്ല.'
എന്നിങ്ങനെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് ആ നിത്യകാമുകി പരിത്യക്തമായ ഒരു കാലത്ത് അഭിമാനിയായ അനുരാഗിണിയായി നിന്നു. അവള്‍ക്കുമാത്രമായാണ് സുഗതകുമാരി പാടിയത്.
'പറയട്ടെ ലോകം വെറും ഭ്രാന്തിയാം മീര,
ഒരു പാട്ടു മാത്രമേ പാടൂ..' എന്നു പ്രഖ്യാപിച്ചുകൊണ്ട് അവര്‍ നിര്‍ഭയയായി, അഭയമറ്റവര്‍ക്കഭയമായി സ്‌നേഹത്തിന്റെ അവസാനിക്കാത്ത സാന്ത്വനമായി 'തുണയ്ക്കു കൈകോര്‍ത്തു പിടിക്കാന്‍,' മക്കളെ പിടയ്ക്കും മാറത്ത് കിടത്തിപ്പോറ്റുവാന്‍' സര്‍വം സഹയായ മാതൃസാന്ത്വനമായി മലയാളത്തിന്റെ കൂടെയുണ്ടായിരുന്നു. സ്‌നേഹത്തിന്റെ സമാനതകളില്ലാത്ത അഭയമാണ് ആ കവിതകള്‍.
Content Highlights: Alankode Leelakrishnan, Sugathakumari