സുഗതകുമാരി ടീച്ചറുടെ വേര്‍പാട് കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെ അറിയിക്കുന്നില്ലെന്ന് മകള്‍ അദിതി നമ്പൂതിരി.

''അച്ഛന്റെ ഓര്‍മയുടെ അംശങ്ങളില്‍ സുഗതച്ചേച്ചിയെന്ന പേരുണ്ടാകും. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയില്‍ ആ വേര്‍പാട് താങ്ങാനാവില്ല. വല്ലപ്പോഴും എത്തിനോക്കുന്ന ബോധത്തിനിടയില്‍ ഒരു വിഷമം കൊടുക്കണ്ട. അവരൊക്കെ അച്ഛന്റെയുള്ളില്‍ പണ്ടുകഴിഞ്ഞതുപോലെത്തന്നെ ഇരിക്കട്ടെ. അച്ഛന് തിരുവനന്തപുരത്തെ സാംസ്‌കാരികമായിട്ടുള്ള അടുപ്പമെന്നുവച്ചാല്‍ സുഗതച്ചേച്ചിയുമായുള്ള അടുപ്പമാണ്. കാര്‍ത്യായനി ടീച്ചര്‍ പലപ്പോഴും അച്ഛനെയായിരുന്നു കാര്യങ്ങള്‍ ഏല്‍പിക്കുക. അവിടെ ചെന്നാല്‍ 'വിഷ്ണുവിന്റെ മുറി' കാണിച്ചുകൊടുക്കും. ഇളയസഹോദരന്റെ സ്ഥാനം ആ കുടുംബം അച്ഛന് നല്കിയിരുന്നു. സുഗതച്ചേച്ചിയുടെ പ്രകൃതിസംരക്ഷണയാത്രകളില്‍ പലപ്പോഴും അച്ഛനും അനുഗാമിയായിരുന്നു. ആ മുഖത്ത് നോക്കുമ്പോള്‍ സുഗതച്ചേച്ചി ഇനിയില്ല എന്ന വലിയൊരു സത്യം മറച്ചുവെക്കുന്ന അനുഭവമെന്റെയുള്ളില്‍ നിറയുന്നുണ്ട്''- അദിതി നമ്പൂതിരി പറഞ്ഞു.

Content Highlights: Adithi Namboothiri daughter of Vishnunarayanan Namboothiri Condoles on the Demise of Sugathakumari