പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മരണം ഭാഷയ്ക്കും സാഹിത്യത്തിനുമുണ്ടായ വലിയ നഷ്ടമാണ്. കഥയോ, നോവലോ മാത്രമല്ല ഒരു കോളം എഴുതിയാല്‍പ്പോലും വായനക്കാരെ ആകര്‍ഷിക്കുന്ന രീതിയില്‍ പാരായണക്ഷമത അദ്ദേഹത്തിന്റെ എഴുത്തിനുണ്ടായിരുന്നു. ഇതാണ് നഷ്ടമെന്ന് പറയാന്‍ കാരണം.
കുഞ്ഞബ്ദുള്ളയുടെ എഴുത്തിന്റെ പ്രത്യേകതകളിലൊന്ന് അതിന്റെ ലാളിത്യമാണ്. ഒപ്പം ജീവിതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും സവിശേഷമായൊരു നര്‍മബോധം കാത്തുസൂക്ഷിച്ചിരുന്നു.
വടകരയില്‍ രോഗികളെ ചികിത്സിച്ചിരുന്ന കാലത്ത് അതിനെക്കുറിച്ചൊക്കെ സ്വകാര്യസംഭാഷണവേളകളില് രസകരമായരീതിയില്‍ പറഞ്ഞിരുന്നു. രോഗികള്‍ തന്നോട് സംസാരിച്ചതും ഉപദേശിച്ചതുമായ കാര്യങ്ങളൊക്കെയാണ് രസകരമായി വിവരിക്കുക. കേവലമായ രസിപ്പിക്കലിനുമപ്പുറം, അഗാധമായ ജീവിതനിരീക്ഷണം എഴുത്തിലും ജീവിതത്തിലും കാത്തുസൂക്ഷിക്കാന്‍ കുഞ്ഞബ്ദുള്ളയ്ക്ക് സാധിച്ചിരുന്നു.
എത്രയോ കാലത്തെ ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്. അത് കേവലം സാഹിത്യത്തിന്റെപേരില് മാത്രമുള്ളതല്ല. കോളേജ് വിദ്യാര്‍ഥിയായിരുന്ന ഒരു പയ്യന് പത്രമോഫീസില്‍ കൈയിലൊരു കഥയുമായി എന്നെ വന്നുകാണുന്നു. ആരെന്നോ, എവിടെയെന്നോ അറിയിച്ചില്ല. പക്ഷേ, കഥ വായിച്ചപ്പോള്‍ നന്നെന്ന് തോന്നി. പിന്നീടും കുറെയേറെ കഥകള്‍ പ്രസിദ്ധീകരണത്തിനായി വന്നു. ചിലതൊക്കെ തിരിച്ചയച്ചു. ചിലത് ചെറിയചെറിയ വെട്ടും തിരുത്തുമായി പ്രസിദ്ധീകരിച്ചു. കൂട്ടത്തില്‍ 'സ്മാരകശിലകള്‍' എന്ന നോവല്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചതില്‍ പ്രത്യേകസന്തോഷം തോന്നിയിരുന്നു.
അലിഗഢില്‍ മെഡിസിനു പഠിക്കുന്ന കാലത്ത്, കുഞ്ഞബ്ദുള്ളയുടെ നേതൃത്വത്തില്‍ അവിടെ മലയാളി വിദ്യാര്‍ഥികളുടെ ഒരു പരിപാടി സംഘടിപ്പിച്ചു. എന്തോ ആവശ്യത്തിന് ഡല്‍ഹിയില്‍പ്പോയ എന്നെ അതില്‍ പങ്കെടുക്കാനായി കുഞ്ഞബ്ദുള്ള ക്ഷണിച്ചു. ആദ്യമായും അവസാനമായും അലിഗഢില്‍ പോയത് അങ്ങനെയാണ്.
ധൈര്യവും തമാശയുമൊക്കെ ഉണ്ടെങ്കിലും കുഞ്ഞബ്ദുള്ള ആത്യന്തികമായി തരളഹൃദയനായ വ്യക്തിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. '75-'76 കാലത്ത് ഒരു ദിവസം അസ്വസ്ഥനായി അദ്ദേഹം വീട്ടിലേക്കു വന്നു.
''കഴിഞ്ഞ ഒരുമാസമായി ഒന്നും വായിക്കാന്‍ പറ്റുന്നില്ല, എഴുതാന്‍ പറ്റുന്നില്ല... എനിക്ക് ഭ്രാന്തു വരുമോ എന്ന് പേടിയാവുന്നു...'' -കുഞ്ഞബ്ദുള്ള പറഞ്ഞു. എന്താണ് കാരണമെന്ന് ഞാന്‍ ചോദിച്ചില്ല.
''എവിടെയെങ്കിലും യാത്രപോവുക. അടുത്ത ദിവസം ഞാന്‍ മദ്രാസിലേക്കു പോവുന്നുണ്ട്. താന്‍ എന്റെകൂടെ വരൂ...'' എന്ന് മാത്രം പറഞ്ഞു.
അങ്ങനെ മദ്രാസില്‍ ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍ കുഞ്ഞബ്ദുള്ളയ്ക്കുകൂടി മുറിയെടുത്തു. നിര്‍മാതാവ് വാസുവണ്ണനൊപ്പം താജ് ഹോട്ടലില്‍നിന്ന് കുഞ്ഞബ്ദുള്ളയ്ക്ക് ബുഫേ ലഞ്ച് വാങ്ങിക്കൊടുത്തു. അഞ്ചാറു ദിവസം അവിടെ ചെലവഴിച്ച്, മടങ്ങുന്ന ദിവസമായപ്പോള്‍ കുഞ്ഞബ്ദുള്ള പഴയ പ്രസരിപ്പ് വീണ്ടെടുത്തെന്ന് തോന്നി. ''ഞാന്‍ ഒരു കഥയെഴുതി, മറ്റൊരെണ്ണം തുടങ്ങിവെച്ചിട്ടുണ്ട്...'' അദ്ദേഹം ഉത്സാഹത്തോടെ പറഞ്ഞു. ഉള്ളാലെ സന്തോഷം തോന്നി-ഈ യാത്രകൊണ്ട് ഇങ്ങനെയൊരു ഗുണമുണ്ടായല്ലോ...
എഴുത്ത് എന്നത് തമാശയല്ലാതെ, ഗൗരവത്തിലെടുത്ത ആളായിരുന്നു കുഞ്ഞബ്ദുള്ള. എഴുത്തിനോടുള്ള അര്‍പ്പണബോധം, പ്രതിബദ്ധത ഒക്കെയുണ്ടായിരുന്നു. അതാണ് എഴുതാന്‍ സാധിക്കാതെ വരുമ്പോഴുള്ള അസ്വാസ്ഥ്യത്തിന് കാരണം. ''എപ്പോഴും എഴുതണമെന്നില്ല, എഴുതാന്‍ കഴിഞ്ഞെന്നു വരില്ല. എഴുത്തിനിടെയുള്ള മൗനം സ്വാഭാവികമാണ്...'' എന്നൊക്കെ ഞാന്‍ പറഞ്ഞിരുന്നു.
കുഞ്ഞബ്ദുള്ളയുടെ ജീവിതത്തിലെ ചില നിര്‍ണായകഘട്ടങ്ങളില്‍, 'ജീവിതത്തില്‍ എന്തു സംഭവിച്ചാലും, സൗഹൃദത്തിന്റെ ഒരു വലയം ഇവിടെയുണ്ട്' എന്ന് നിശ്ശബ്ദമായി സംവേദനം ചെയ്യുന്ന രീതിയില്‍ ഇടപെട്ടിട്ടുണ്ട്.
കുഞ്ഞബ്ദുള്ള രോഗിയായി കിടന്ന ഫ്ളാറ്റ് ഇവിടെ അടുത്താണ്. ആളുകളെ തിരിച്ചറിയുന്നില്ല, സംസാരിക്കാന്‍ കഴിയുന്നില്ല എന്നൊക്കെ അവിടെ പോയിവന്നവര്‍ പറഞ്ഞ് അറിഞ്ഞിരുന്നു. എന്നും പ്രസന്നതയോടെ കണ്ട ആളെ അത്തരമൊരവസ്ഥയില്‍ ചെന്നുകാണാന്‍ മനസ്സ് സമ്മതിച്ചില്ല. അതുകൊണ്ടുതന്നെ ഞാന്‍ പോയില്ല. 'മാതൃഭൂമി' അവാര്‍ഡ് അദ്ദേഹത്തിന് സമ്മാനിക്കുന്ന ചടങ്ങിലാണ് അവസാനം കണ്ടത്.