''My soul is a hidden orchestra; I know not what instruments, what fiddlestrings and harps, drums and tamboura I sound and clash inside myself. All I hear is the symphony.''
(Fernando Pessoa,The Book of Disquiet)

''ണ്‍മറഞ്ഞ  കവികള്‍ പലരുടെയും മോഹങ്ങള്‍ ഭൂമി വിട്ടുപോകാതെ വേറെയും മോഹങ്ങള്‍ക്ക് ഒപ്പം അലയുന്നുവെന്ന് ഇതിനകം  ഞാന്‍ മനസ്സിലാക്കി. '' ഒരു കഥപറച്ചിലുകാരന്റെ കൗതുകം മുറ്റിനില്‍ക്കുന്ന കരുണാകരന്റെ 'പി ' എന്ന കഥയില്‍ സ്വപ്നസദൃശമായ ഒരു ലോകത്ത് നിന്ന് യാഥാര്‍ത്ഥ്യത്തിന്റെ യാതനാപൂര്‍ണ്ണമായ ലോകത്തിന്റെ തീവ്രയാമങ്ങളിലേക്ക് പി ഒരു കഥപോലെ ഇറങ്ങി വന്ന് നിലാവും നിഴലുമുള്ള ഒരു രാത്രി സ്വപ്നം എന്നതുപോലെ നെല്ലിമരച്ചോട്ടില്‍ ഇരിക്കുന്നുണ്ട്. കവിയിലേക്കുള്ള ഒരു വായനകാരന്റെയും എഴുത്തുകാരന്റെയും സഞ്ചാരമാണ് ആ കഥ. 

കാലങ്ങള്‍ക്കിപ്പുറം നിന്ന് മണ്‍മറഞ്ഞൊരാളെ ഓര്‍ക്കുകയാണ്. അയാളുടെ ഓര്‍മ്മയാല്‍ പൂത്ത നില്‍ക്കുന്ന ഒരു ദേശത്തിരുന്ന്. പി യെക്കുറിച്ച് നിരവധി കവിതകള്‍ ഉണ്ടായിട്ടുണ്ട്. 'മധുമക്ഷിക ' എന്ന പേരില്‍ ആ കവിതകളും അനുബന്ധമായി ആ പുസ്തകത്തില്‍ തന്നെ ചില ഓര്‍മ്മകളും സമാഹരിക്കപ്പെട്ടിട്ടുണ്ട്. പി യുടെ കവിതയെയാണോ, ജീവിതത്തെയാണോ സമകാലീനരായ കവികളും പിന്നാലെ വന്നവരും വായിച്ചത് എന്ന ചോദ്യം ഈ കവിതകള്‍ അവശേഷിപ്പിക്കുന്നു. 

ഒരാളെക്കുറിച്ചുള്ള ഓര്‍മ്മ എന്നാല്‍ അയാള്‍ നമുക്ക് വെളിപ്പെടുത്തി തന്ന നമ്മുടെ ഒരു ഭാവത്തില്‍ നിന്നുകൊണ്ട് ആ വ്യക്തിയെ നോക്കലാണ്. ആ നേരം കാഴ്ച്ചവട്ടത്തില്‍ തെളിയുന്ന അയാളെ ആഖ്യാനം ചെയ്യലാണ്. മേഘരൂപനായും, മധുമക്ഷികയായും, വാക്കുകളുടെ മഹാബലിയായും, നഷ്ടകാലങ്ങളുടെ കടലിന് മീതെ വന്നു മറയുന്ന മേഘരൂപനായും, പിന്നെയും പെരുകുന്ന വെളിച്ചക്കടലായും പൊള്ളുന്ന പകലായും, നിലാവും ചുണ്ണാമ്പും മാറിപ്പോകുന്ന സ്വപ്നാടകനായും, പകര്‍ന്നാട്ടമായും, മഴയില്‍ കര്‍പ്പൂരം മണക്കുന്ന മറുമഴയായും പി കുഞ്ഞിരാമന്‍നായര്‍ എന്ന കവിയെ മലയാളഭാവന വായിച്ചു. ഓരോരുത്തരും പി യില്‍ പരിചിതമായ ആത്മഭാവങ്ങളെ കണ്ടെടുക്കുകയായിരുന്നു. കവി ഒരു ദര്‍പ്പണമായി കാലത്തിന് കുറുകെ വിരിഞ്ഞുനില്‍ക്കുകയായിരുന്നു. 

ഒരു കവിയെ കവിക്ക് ശേഷമുള്ള കവിത എങ്ങനെ വായിച്ചു എന്നത് ഏറെ കൗതുകമുള്ള കാര്യമാണ്. ഫെര്‍ണ്ണാഡോ പെസ്സോവയെ സരമാഗു പൂരിപ്പിക്കുന്നത് പോലെ. കവിയാല്‍ പ്രചോദിതമായ തലമുറ കവിക്ക് അന്തിമോചാരമര്‍പ്പിക്കാന്‍ ഭാവനയുടെ അതിരുകളെല്ലാം ലംഘിക്കുന്നു. പി കുഞ്ഞിരാമന്‍ നായര്‍ ഈ വിധം വായിക്കപ്പെട്ടൊരാളാണ്. കവിയെ എഴുതുമ്പോള്‍ ഓരോരുത്തരും അവരവരുടെ ആത്മാവിന്റെ വ്യഥയെ അറിയാതെ ഒന്ന് പുല്‍കുന്നു. ''പോയനാളുകളെ ചൊല്ലിയുള്ള ദുഃഖഗാനമാണ് പി കവിത എന്നെനിക്ക് തോന്നിയിരുന്നു. ഈ ഗൃഹാതുരത്വം എന്റെ ആത്മാവിന്റെയും ഒരംശമായിരുന്നു. വീട്ടിന്റെ മുമ്പിലുള്ള വിശാലമായ മന്തോപ്പിനപ്പുറത്ത് മറയുന്ന സന്ധ്യയെ  നോക്കിയിരിക്കുക അക്കാലത്ത് എന്റെ പതിവായിരുന്നു. അപ്രാപ്യങ്ങളായ ലോകത്തെ ചൊല്ലിയുള്ള എന്റെ ദുഃഖം പി കവിതയില്‍ വ്യക്തതയാര്‍ജ്ജിച്ച് നില്‍ക്കുന്നതായി എനിക്ക് തോന്നിയിരുന്നു '' ആര്‍ രാമചന്ദ്രന്‍ കവിയെ ഓര്‍മ്മിക്കുമ്പോള്‍ തന്റെ തന്നെ ആത്മാംശം കവിതകളില്‍ കണ്ടെത്തുന്നു.

പി കുഞ്ഞിരാമന്‍ നായര്‍ മരണാനന്തരം പിന്നാലെ വന്ന കവികളാല്‍ അടയാളപ്പെട്ടതില്‍ ഒരു 'സഞ്ചാരി' ഭാവം തിളങ്ങിനില്‍ക്കുന്നുണ്ട്. കവികള്‍ അടയാളപ്പെടുത്തിയത്. നിത്യയാത്രികന്റെ മനോഘടനെയെയാണ്. ചലനരാശിയിലായിരുന്നു കുഞ്ഞിരാമന്‍നായരുടെ ജീവിതത്തിന്റെ ഏറിയപങ്കും. പോയ ഇടങ്ങളില്‍ തന്നെ പിന്നെയും വന്നും പോയും ഇടയ്ക്ക് ആ ഇടത്തെ പാടേ അവഗണിച്ചും പി തന്റെ സഞ്ചാരപഥം പൂര്‍ത്തിയാക്കി. ഒരു  നോമാഡിന്റേതായ ഭാഷജീവിതം കവി ജീവിച്ചു. ദെല്യൂസ് -ഗത്താരി (deluze- guttari ) നോമാഡോളജിയെക്കുറിച്ച് പറയുന്ന സന്ദര്‍ഭത്തിലാണ് കേന്ദ്രീകൃത അധികാരഘടനയ്‌ക്കെതിരായി സഞ്ചരിക്കുന്ന മനുഷ്യരെക്കുറിച്ച് പറയുന്നത്. വൃക്ഷസദൃശമായ അധികാരഘടനയോട് വേരുകളായി പടര്‍ന്ന്, ഓരോ വേരില്‍ നിന്നും പുതുതായി മുള പൊട്ടി പടര്‍ന്ന് സൃഷ്ടിക്കുന്ന ഭാഷാക്രമം അധികാരത്തിന്റെ സൃഷ്ടിയായ  ജീവിതഘടനയെ പല മട്ടില്‍ എതിര്‍ക്കുന്നു. ഒരിടത്തും പാര്‍പ്പുറപ്പിക്കാത്ത, എന്നാല്‍ എല്ലായിടത്തും പാര്‍പ്പുറപ്പിക്കുന്ന കവിയായി പി സഞ്ചരിച്ചു. കവിത്രയത്തില്‍ നിന്ന് ആധുനികതയിലേക്കുള്ള സംക്രമണഘട്ടത്തിലാണ് പി കടന്നുവരുന്നത്. സൗന്ദര്യോപാസനകളും  ആധുനികമായ വ്യക്തിസംഘര്‍ഷങ്ങളും ആത്മപീഡയും പി  കവിതയില്‍ ഒരേ അളവില്‍ ചേര്‍ന്ന് നില്‍ക്കുന്നു. കവിതയെക്കുറിച്ചുള്ള അന്വേഷണമാണ് പി  യില്‍ നിറഞ്ഞുനിന്നത്. 'നിത്യകന്യകയെത്തേടി ' എന്ന് രൂപകാത്മമായി ആ കാവ്യരൂപാന്വേഷണത്തെ കവി തന്നെ കുറിക്കുന്നു. ''പേര്‍ത്തുമാഗ്രാഹമെങ്ങു കവിതേ നീ പാര്‍ത്തുപോരും ഇടമെന്നറിയുവാന്‍ '' എന്ന വരികളില്‍ ഈ പൊരുള്‍ അടങ്ങിയിട്ടുണ്ട്. കാവ്യരൂപത്തെയും ഭാഷാക്രമത്തെയും പദസങ്കലനത്തെയും സംബന്ധിച്ച അവസാനിക്കാത്ത സംഘര്‍ഷം പി യിലും നടക്കുന്നുണ്ട്. 'കൊടുത്തു മുടിഞ്ഞ മാവും ' , 'കവിയെവിടെ ' തുടങ്ങിയ കവിതകളില്‍ ഈ സംഘര്‍ഷം വിഹരിക്കുന്നുണ്ട്. ഈ സംഘര്‍ഷം വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷമായി ഒരു കാലഘട്ടത്തെ കലയില്‍ മുഴുവന്‍ കാണാം. അപരിഹാര്യമായ ഈ സംഘര്‍ഷമാണ് പി കവിതയെ നിര്‍ണ്ണയിക്കുന്ന മറ്റൊരു ഘടകം. 

സുകുമാര്‍ അഴീക്കോട് social misfit എന്നാണ്  പി യെ വിശേഷിപ്പിക്കുന്നത്. സാമൂഹികമനഃശാസ്ത്രത്തിന്റെ പഠനരീതിയെ അവലംബിച്ച് ഭ്രഷ്ടതയും ബഹിഷ്‌കൃതത്വവും, തിരസ്‌കൃതത്വവും അഴീക്കോട് പി കവിതകളില്‍ ദര്‍ശിക്കുന്നു. ആധുനികതയുടെ സുഘടിതത്വത്തിന്റെ തകര്‍ച്ച എന്ന ആശയം പി കവിതകളില്‍ ഉള്ളടക്കപരമായി പ്രവൃത്തിക്കുകയും എന്നാല്‍ രൂപപരമായി അതിനോട് ഇടഞ്ഞു നിന്ന് പാരമ്പര്യത്തെ പുല്‍കുകയും  ചെയ്യുന്നു. രൂപവും ഉള്ളടക്കവും തമ്മിലുള്ള സംഘര്‍ഷം പി കവിതയില്‍ ഉടനീളം കാണാം. 

രേഖീയമായ വഴി അല്ല കവിതയിലും ജീവിതത്തിലും പി ക്ക് പഥ്യം. കവിതയെ കാണാതെ കവി കാണുന്ന ദുര്യോഗം പി യ്ക്കും ഒഴിവാക്കാനായില്ല. ജീവചരിത്രനിരൂപണത്തിന്റെ രീതീപദ്ധതിയാലാണ് പി പലപ്പോഴും വായിക്കപ്പെട്ടത്. അത്തരം വായനകളെ മറികടക്കുന്ന ഭാവുകത്വപരമായ പുതുക്കല്‍ പി വായനയില്‍ സംഭവിക്കുന്നുണ്ട്.  ആധുനികതയുടെ അടയാളങ്ങള്‍ പി കവിതയില്‍ തെളിഞ്ഞുകാണാം. പറ്റത്തില്‍ നിന്ന് ഒറ്റയിലേക്കും, ഒറ്റയില്‍ നിന്ന് പറ്റത്തിലേക്കുമുള്ള നിരന്തരപ്രയാണം പി കവിതയില്‍ എന്നും കാണാം. വ്യക്തിയും സമൂഹവും തമ്മില്‍ നിലനില്‍ക്കുന്ന അപരിഹാര്യമായ വൈരുദ്ധ്യം പി കവിതകളുടെ അടിപ്പടവായി വര്‍ത്തിക്കുന്നു. അഭിശപ്തമായ ജന്മത്തെചൊല്ലിയുള്ള ആകുലതകളും , വ്യക്തിബോധത്തില്‍ ഊന്നിയ സമൂഹകാഴ്ച്ചകളും പി കവിതയില്‍ ആഴത്തില്‍ ഇടപെടുന്നുണ്ട്. കളിയച്ഛനിലൊക്കെ അത് പ്രകടമായി കാണാം. ഇതേ സമയം ഭാഷയില്‍ കൊണ്ടുവരുന്ന പുതുമയും കവിതയെ ആധുനികമായ സ്ഥല - കാല സങ്കല്പത്തിലേക്ക് , ഭാവുകത്വപരിസരത്തിലേക്ക് ആനയിക്കുന്നുണ്ട്.

''പാട്ടുകഴിഞ്ഞൊരു ഗായകന്‍വച്ചെതാം
ചേങ്ങില പോലെ മയങ്ങുന്നു ഭൂതലം ''

എന്ന കാവ്യഭാവന വിനിമയം ചെയ്യുന്നത് നൂതന്വതമാര്‍ന്ന അനുഭവപരിസരത്തെയാണ്. ഈ കാവ്യപരിസരത്തെയാണ് ഡോ കെ ഭാസ്‌കരന്‍നായര്‍ ഇങ്ങനെ വിവരിച്ചത്  ''കേരളീയസഹൃദയന്മാരുടെ ഹൃദയവിപഞ്ചികയില്‍ അടിസ്ഥാനതന്ത്രികളായിത്തീര്‍ന്നിട്ടുള്ള വാങ്മയങ്ങളില്‍  കൈവിരലുകള്‍ വായിച്ച് സ്മരണയുടെയും സംസ്‌കാരത്തിന്റെയും മുഴക്കം ജനിപ്പിക്കുക, ബാല്യം മുതല്‍ക്കെ  അടിസ്ഥാനതന്ത്രികളായിത്തീര്‍ന്നിട്ടുള്ള വാങ്മയങ്ങളില്‍ കൈവിരലുകള്‍ വായിച്ച്  സ്മരണയുടെയും സംസ്‌കാരത്തിന്റെയും മുഴക്കം ജനിപ്പിക്കുക, ബാല്യം മുതല്‍ക്കെ കണ്ടിട്ടുള്ള അത്ഭുതദൃശ്യങ്ങള്‍ വ്യഞ്ജിപ്പിക്കുക , ഉല്ലേഖങ്ങളില്‍ ചാടികളിക്കുക, ഉല്‍പ്രേക്ഷകളെ വളച്ചൊടിക്കുക, യുക്തിയെ നട്ടംതിരിച്ച് കാര്യകാരണബന്ധത്തെ ഭഞ്ജിക്കുക, അലങ്കാരശാസ്ത്രത്തിന്റെ അനുശാസനങ്ങളെ തൃണവല്‍ഗണിക്കുക, ഭാവനയെ വളയമില്ലാതെ ചാടിക്കുക എന്നിങ്ങനെയുള്ള അടവുകള്‍ എല്ലാം കാണാം.'' 

ഭാവനധൂര്‍ത്ത് എന്ന് ചിലര്‍ പി കവിതയെ വിമര്‍ശിക്കാറുണ്ട്. അത്രയേറെ രൂപകങ്ങളാലും ബിംബകല്പനകളാലും സമ്പന്നമാണ് പി കവിത. 'സൗന്ദര്യപൂജ ' അതിന് ഉത്തമോദാഹരണമാണ്. എന്നാല്‍ 'സൗന്ദര്യപൂജ'യിലും, 'സൗന്ദര്യദേവത'യിലും കണ്ട കവിയെയല്ല 'കളിയച്ഛ'നിലും 'ഹോട്ടലൂണും വാടകമുറി'യിലും കാണുന്നത്. ഈ ഭിന്നമാര്‍ഗ്ഗം പിയുടെ കാവ്യവഴിയിലുടനീളം കാണാം. പകുതി പെയ്ത മേഘങ്ങളില്‍ തുള്ളിക്കളിക്കുന്ന കൊള്ളിമീന്‍ പോലെയാണ്  അന്യാദൃശങ്ങളായ ആ തിളക്കങ്ങളെന്ന് ഡോ എം ലീലാവതി നിരീക്ഷിക്കുന്നുണ്ട്. അരൂപങ്ങളും അവ്യക്തങ്ങളും അത്ഭുതകരങ്ങളുമായ തിളക്കങ്ങള്‍. പി യുടെ ഈ ഇടഞ്ഞ് നില്‍പ്പിനെ 'ഭാവനയുടെ മുതലാളിത്തം കൊണ്ട് ഒറ്റപ്പെട്ട നില്‍ക്കുന്ന കവി' എന്ന് ലീലാവതി വിശേഷിപ്പിക്കുന്നുണ്ട്. ആറ്റൂര്‍ കവിയെ സഹ്യപുത്രനുമായി സാത്മ്യപ്പെടുത്തുന്നത് ഭാഷയിലും ജീവിതത്തിലും പുലര്‍ത്തുന്ന ഇടഞ്ഞ് നില്‍പ്പിനാലാണ്. കവിത്രയത്തിനും ആധുനികതയ്ക്കുമിടയിലൂടെയാണ് പി സഞ്ചരിച്ചത്. ഈ സംക്രമണഘട്ടത്തിന്റെ മുഴുവന്‍ സന്ദിഗ്ധതകളും പി യില്‍ പ്രകടമാണ്. ആധുനികമായ കണ്‍വഴികളുടെ സൂചനകള്‍ പി കവിതയില്‍ കാണാം.കാഴ്ച്ചശീലങ്ങളില്‍ വന്ന വിച്ഛേദം കൂടിയാണത്.  'ദൂരദര്‍ശനകൃശങ്ങള്‍ കണ്ടുതേ, ചാരുചിത്രപടഭംഗിപോലവന്‍ ' എന്ന വരിയില്‍ നിന്നും 
'' കാടും മലയും മരവും - ചെറു
തോടും പുഴയും കടലും
നമ്മളില്‍കാണാതെയാക്കി -യിന്നു 
നമ്മളെയേവമകറ്റി ''
(ദൂരദര്‍ശിനിയില്‍കൂടി )

കാഴ്ച്ചയുടെ മറ്റൊരു പ്രതലമാണ്  പി യില്‍ കാണുന്നത്. ഈ മാറ്റം ലോകാവബോധത്തിന്റെയും  കാഴ്ച്ചശീലങ്ങളുടെയും മാറ്റമാണ്. സൗന്ദര്യാരാധനയും വ്യക്തിബോധത്തിന്റെ ആത്മസംഘര്‍ഷങ്ങളും ഒരേ രീതിയില്‍ പി യില്‍ സമ്മേളിച്ചിരിക്കുന്നു.

''വിണ്ടലനീലനിറങ്ങളിപ്പോള്‍
കുണ്ടുകുളത്തില്‍ വിരുന്നുചെന്നു '' 
''ഇരുളാം പുരികുഴ -
ലൊതുക്കി; വിണ്മുറ്റത്തു
മുറുക്കിച്ചുവപ്പിച്ച് 
സന്ധ്യങ്ങള്‍ കഴിക്കുന്നു''  (ഓണനിലാവില്‍ ) 

ഭാവനയുടെ വിഭിന്നതലങ്ങളില്‍ വ്യാപരിക്കുമ്പോഴും പി സൗന്ദര്യാനുശീലങ്ങളോട് ഇടഞ്ഞുനിന്നു. ഒരു ക്രമവും ദീക്ഷിക്കാതെ എഴുതുകയും ജീവിക്കുകയും ചെയ്തു. സ്ഥിരാശിയില്‍ തളച്ചിടാന്‍ ശ്രമിച്ച കൂച്ചുവിലങ്ങുകളെയെല്ലാം ഭാഷയിലും ജീവിതത്തിലും അതിവര്‍ത്തിച്ചു. വൈരുദ്ധ്യങ്ങളുടെ ഘോഷയാത്ര തന്നെ പി യുടെ കവിസത്തയെ വിശകലനം ചെയ്യുമ്പോള്‍ തെളിഞ്ഞുവരും. ആ വിരുദ്ധധ്രുവങ്ങളെ കടന്നൊഴുകുന്ന ഭാഷവിഭവം പിയ്ക്ക് സമാനതകളില്ലാത്തവിധം സ്വായത്തമായിരുന്നു. പി യെ എഴുതാന്‍ കവികള്‍ക്ക് ഭിന്നപ്രകാരങ്ങളില്‍ സാധിക്കുന്നത് കാവ്യസഞ്ചയം അത്രയും വൈപുല്യമേറിയതിനാലാണ്. കവിതയുള്ളിടത്തോളം കവിയും തുടരുന്നു. കവിത പാര്‍ക്കുന്ന ഇടം.

പി. യുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Poetry of P Kunjiraman Nair critical study