മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ നൂറ്റിപതിനഞ്ചാം ജന്മവാര്‍ഷികമാണ്. കവിതയെന്നെ നിത്യകന്യകെത്തേടിയുള്ള അലച്ചിലുകള്‍ക്കിടയില്‍ സ്വയം മറന്നുപോയ കവി. കാവ്യമെന്ന അമ്മയ്ക്കായി, സഖിയ്ക്കായി, പ്രണയിനിയ്ക്കായി കവിയുടെ കാല്പാടുകള്‍ പതിയാത്ത ഇടങ്ങളില്ല. മഹാകവിയുടെ ജന്മവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ മൂത്തമകന്‍ രവീന്ദ്രന്‍ നായര്‍ അച്ഛനെക്കുറിച്ചോര്‍ക്കുന്നു.

ന്റെ ശൈശവബാല്യ കാലങ്ങളില്‍ അച്ഛനെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല എനിക്ക് ശേഷമുള്ള അമ്മയുടെ (മൂന്നാമത്തെ) പ്രസവത്തിന് മുത്തശ്ശിയെ കൂട്ടി വരാം എന്ന് പറഞ്ഞു അച്ഛന്‍ പോയതാണ്. മുത്തശ്ശി വന്നെങ്കിലും അച്ഛന്‍ വന്നില്ല. അച്ഛന്‍ വരുന്നത് അമ്മ പ്രസവിച്ച് കുട്ടി മരിച്ചു പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ്. ഞങ്ങളുടെ താമസം കാഞ്ഞങ്ങാട് മുത്തച്ഛന്റെ കൂടെയായിരുന്നു.  ഇതിനിടയില്‍ അച്ഛനെ തൃശ്ശൂരും ഗുരുവായൂരും മറ്റും കണ്ടവരുണ്ട് എന്ന് പലരും പറഞ്ഞു കേട്ടു. ഞങ്ങള്‍കുറച്ചു പേര്‍ തൃശ്ശൂരും ഗുരുവായൂരും പോയി. കാണാന്‍ കഴിഞ്ഞില്ല. വീട്ടില്‍ താമസിക്കുമ്പോള്‍ എന്നും അച്ഛനെക്കുറിച്ചുള്ള ചിന്ത തന്നെയായിരുന്നു. പലരും ചോദിക്കും അച്ഛന്‍ എവിടെയാണുള്ളത്, എപ്പോള്‍ വരും എഴുത്തുകള്‍ വരാറുണ്ടോ, നിങ്ങളെയൊക്കെ മറന്നുവോ എന്നും മറ്റും.

അച്ഛന്‍ കവിയാണെന്നും കവി ആവുക എന്നത് വലിയ കാര്യമാണെന്നും പറഞ്ഞു ചിലരൊക്കെ അഭിനന്ദിച്ചു.  ഞങ്ങള്‍ക്ക് ഇവിടെ നാട്ടില്‍ സ്വന്തമായി ബന്ധുക്കള്‍ ഒന്നുമില്ല. ആകെയുള്ളത് അച്ഛന്‍ വഴിക്കുള്ള ബന്ധം മാത്രമാണ്. ആ അച്ഛനാണെങ്കില്‍ ഏതോ നാട്ടില്‍ കഴിയുകയാണ്. എവിടെയാണെന്ന് കൃത്യമായി അറിയുകയില്ല. പല  സ്ഥലത്തും ആളുകള്‍ കണ്ടതായി പറഞ്ഞിട്ടുണ്ട്. എന്താണ് ജോലി എന്നുമറിയില്ല. അങ്ങിനെ അപരിചിതമായ നാട്ടില്‍ ഞങ്ങളെ ഉപേക്ഷിച്ച് അച്ഛന്‍ പോയിരിക്കുകയാണ്. വരുമെന്ന് പറഞ്ഞു കേട്ടതല്ലാതെ എന്നു വരുമെന്ന് കൃത്യത ഇല്ല. ഒരു സന്ധ്യാനേരത്ത് അത് സംഭവിച്ചു.
 
അച്ഛന്‍ കയറിവന്ന രംഗം ഞാന്‍ ഒരുപാട് പറഞ്ഞതും ഒരുപാട്  എഴുതിയതും ആണ്. ആ രംഗം ഞാന്‍ ഒരിക്കലും മറക്കുകയില്ല. 1947-48 കാലമാണ്. അച്ഛനെ കണ്ടത് തൊട്ട് അച്ഛന്‍ എനിക്കൊരു നിത്യവിസ്മയം ആയിരുന്നു. എന്തൊരു അസാധാരണത്വം! മറ്റുള്ളവരില്‍ നിന്ന് എന്തൊരു വ്യത്യസ്തത!

പിന്നെ കുറച്ചുകാലം അച്ഛന്‍ വീട്ടില്‍ തന്നെയായിരുന്നു. താമസിയാതെ കൂടാളി സ്‌കൂളില്‍ ജോലി കിട്ടി, മലയാളം അദ്ധ്യാപകനായി. ഒരു വര്‍ഷം അവിടെ അച്ഛന്റെ കൂടെ ലോഡ്ജില്‍ താമസിക്കുവാനും അച്ഛനെ പരിചരിക്കുവാനും സഹായങ്ങള്‍ ചെയ്തു കൊടുക്കുവാനും അച്ഛന്റെ ക്ലാസില്‍ ഇരിക്കുവാനും ഉള്ള ഭാഗ്യം എനിക്കുണ്ടായി. വീട്ടില്‍ ഒരു അതിഥിയെപ്പോലെയായിരുന്നു അച്ഛന്‍. എപ്പോള്‍ വേണമെങ്കിലും വരാം. ഒരു കുടുംബനാഥനായി നിന്നുകൊണ്ട് വീട്ടുകാര്യങ്ങള്‍ നോക്കി ഞങ്ങള്‍ക്ക് വേണ്ടുന്ന നിര്‍ദേശങ്ങളും സഹായങ്ങളും തരികയൊന്നുമുണ്ടായിട്ടില്ല. എപ്പോഴും വരാം, വന്നാല്‍ ഒന്നോ രണ്ടോ ദിവസം താമസിച്ച് തിരിച്ചുപോകും.

മുത്തശ്ശന്റെ കൂടെയുള്ള ജീവിതത്തിന്റെ നേരെ മറുവശം ആയിരുന്നു അച്ഛന്റെ കൂടെയുള്ള ജീവിതം. വളരെ കര്‍ക്കശക്കാരനാണ്. അനുസരണം പ്രധാനമാണ്. മുത്തശ്ശിക്ക് ഒരു പ്രകാരത്തിലും പ്രശ്നം  ഉണ്ടാക്കരുത്, പറയുന്നത് അനുസരിക്കണം. അച്ഛന്‍ വരുമ്പോള്‍ മുത്തശ്ശി എന്റെ വികൃതികള്‍ പറഞ്ഞു കൊടുക്കും. പിന്നെ പൊരിഞ്ഞ അടി തന്നെയാണ്. അപ്പോഴൊക്കെ ഞാന്‍ മണ്‍മറഞ്ഞുപോയ മുത്തശ്ശനെ ഓര്‍ത്തുകൊണ്ടിരിക്കും.

മുത്തച്ഛന് നല്ല വാത്സല്യമായിരുന്നു. പണത്തിന് ക്ഷാമം ഉണ്ടായിരുന്ന കാലമായിരുന്നിട്ടു പോലും നാണയത്തുട്ടുകള്‍ തരുമായിരുന്നു. കുളിപ്പിക്കും, കൂടെ കിടത്തി ഉറക്കും. അതേസമയം അച്ഛന്റെ കൂടെ  ലോഡ്ജില്‍ താമസിച്ചിരുന്ന നാളുകള്‍ അല്‍പം കഠിനമായിരുന്നു. രാവിലെ നേരത്തെ എഴുന്നേറ്റ് കുളിക്കണം, ഉച്ചഭക്ഷണം കുക്കറില്‍ തയ്യാറാക്കണം, പഠിക്കാനുള്ളത് പഠിക്കണം, ചിലപ്പോള്‍ പോസ്റ്റോഫീസില്‍ പോയിവരാനുണ്ടാകും. കവിതയുടെ കോപ്പിയെടുക്കാന്‍ ഉണ്ടെങ്കില്‍ അതും ചെയ്യണം. എന്റെ  കൈയക്ഷരം നല്ലതല്ലാത്തതു കൊണ്ട് രണ്ടു തവണ പകര്‍ത്തേണ്ടിയൊക്കെ വന്നിട്ടുണ്ട്.

കൂടാളി  ഒരുമിച്ച് താമസിക്കുമ്പോഴാണ് അച്ഛനെ ഞാന്‍ ശരിക്കും മനസ്സിലാക്കുന്നത്.അദ്ദേഹം ഒരു കവി മാത്രമല്ല ഒരു മഹാത്മാവ് തന്നെയാണ്. മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടുംപക്ഷികളോടും എന്തിന് ഉറുമ്പുകളോടുപോലും കാരുണ്യമാണ്. ഉച്ചക്ക് ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന പാവപ്പെട്ട കുട്ടികളെ സ്‌കൂള്‍ കാന്റീനില്‍ നിന്നു ഭക്ഷണം കഴിപ്പിക്കും. കാശ് മുഴുവന്‍ അന്നന്നു തീര്‍ക്കും. നാളെക്ക് കരുതുക എന്നൊന്നില്ല.

സ്നേഹിക്കാന്‍ സേവനം ചെയ്യാനല്ലോ
ഞാന്‍ വന്ന തൂഴിയില്‍ വേറെണ്ടുവരി
ഇതാ നീലവിണ്ടലമെന്നൊരൊറ്റ  
മേല്‍പ്പുരയുള്ള  വീടത്രെ  
ലോകം കെടാവിളക്കോ വിശ്വസ്നേഹം...

എന്നപോലെ  ഈ ലോകം മുഴുവനും ഒന്നായി കാണുവാന്‍ ആഗ്രഹിച്ചു കവി. ഒരേ ദൈവത്തിന്റെ സന്തതികള്‍ ആണ് എല്ലാവരും. ഇത് കൂടാളി പഠിക്കുമ്പോള്‍ ഉള്ള സ്ഥിതി മാത്രമല്ല ജീവിതകാലം മുഴുവന്‍ അങ്ങനെയായിരുന്നു. അതുകൊണ്ടുതന്നെ എന്നും ദാരിദ്ര്യമായിരുന്നു. ഒറ്റരാത്രികൊണ്ട് എന്ത്മാത്രം എഴുതിത്തീര്‍ക്കാന്‍ പറ്റമോ അത്രയും എഴുതും. ഓള്‍ ഇന്ത്യാ റേഡിയോയില്‍ നിന്നോ മാതൃഭൂമിയില്‍ നിന്നോ കവിതക്ക് വേണ്ടി കത്തുകള്‍ വരും. നിമിഷകവി എന്നൊക്കെ പറയാറില്ലേ. എത്രയെത്ര പദ്യകൃതികള്‍. നാടകങ്ങള്‍, നാടക തര്‍ജമകള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ.... ഏതാണ്ട് എഴുതിയ അത്രതന്നെ ഇനിയും കണ്ടുകിട്ടാനുമുണ്ടാകും. ഡോക്ടര്‍ ഭാനുമതിയമ്മ പറഞ്ഞതുപോലെ; കുഞ്ഞിരാമന്‍ നായര്‍ക്ക് അറിയാവുന്ന ഒരേയൊരുകാര്യം കവിത എഴുതുക എന്നത് മാത്രമാണ്.

Ravindran Nair
രവീന്ദ്രന്‍ നായരും ഭാര്യ സുഭാഷിണിയും

എന്നോട് ഒരു സ്നേഹവും അച്ഛന് ഇല്ലേ, മറ്റു കുട്ടികളോട് സ്നേഹപ്രകടനം നടത്തുമ്പോള്‍, വല്ലതുമൊക്കെ കൊടുക്കുമ്പോള്‍ എന്നെ എന്താണ് ഒഴിവാക്കുന്നത് എന്നോര്‍ത്ത് വളരെ ദുഃഖിച്ചിട്ടുണ്ട്. പിന്നെ എന്നോട് കാണിച്ചത് പ്രത്യേകമായ ഒരു സ്നേഹം ആണെന്ന് മനസ്സിലായത് അച്ഛന്‍ അമ്മയോടൊത്ത് കൂടാളി  താമസിച്ചിരുന്ന കാലത്താണ്. അവസാനകാലത്ത് അച്ഛന് സുഖമില്ലാതെ കിടക്കുമ്പോള്‍ കുറച്ച് ദിവസം കൂടെ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഒന്നും ആലോചിക്കാതെ നിന്ന് ശുശ്രൂഷിച്ചു. അച്ഛനെ കാണാന്‍ ഗുരുവായൂരും തിരുവനന്തപുരത്തും പോകുമായിരുന്നു. ചിലപ്പോള്‍ കണ്ടുകൊള്ളണമെന്നില്ല. സ്ഥിരമായ ഒരു അഡ്രസ്സ് ഇല്ലല്ലോ. വിചിത്രമായ ജീവിതമായിരുന്നു. കവിതക്ക് വേണ്ടിയുള്ള അലച്ചിലുകള്‍, ദുഃഖത്തിനും തീവ്രമായ അനുഭവങ്ങള്‍ക്കും വേണ്ടിയുള്ള അലച്ചിലുകള്‍... ഒന്നിനും ജീവിതത്തില്‍ പ്രാധാന്യം നല്‍കിയില്ല കവിതയ്ക്കല്ലാതെ.

ഷഷ്ടിപൂര്‍ത്തിക്കു കാഞ്ഞങ്ങാട് വന്നപ്പോള്‍ കവിയുടെ അമ്മ എല്ലാവരോടുമായി പറഞ്ഞത് ''ഞാന്‍ എന്റെ കൈ കൊണ്ട് തുടര്‍ച്ചയായി പത്ത് ദിവസം കുഞ്ഞിരാമന് ഭക്ഷണം വിളമ്പി കൊടുത്തിട്ടില്ല'' എന്നാണ്.

അച്ഛനെക്കുറിച്ച് അത്യധികമായ ചിന്ത വരുമ്പോളെല്ലാം കവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ അയച്ച എഴുത്ത് വായിച്ച് സമാധാനിക്കും.''അച്ഛന്‍ എങ്ങും സ്ഥിരമായി തങ്ങാത്ത പ്രകൃതിക്കാരനായിരുന്നു. അതിനാല്‍ അമ്മയ്ക്കും നിങ്ങള്‍ക്കും അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങളുടെ തണലില്‍ വളരുവാന്‍ കഴിഞ്ഞില്ല സാരമില്ല, പശ്ചാത്താപരൂഷിതമായ അദ്ദേഹത്തിന്റെ ആത്മനിര്‍വിശേഷമായ അനുഗ്രഹങ്ങള്‍ നിങ്ങളില്‍ എപ്പോഴും പൂമഴപോലെ പൊഴിഞ്ഞു കൊണ്ടിരിക്കും. അതാണ് അദ്ദേഹം നിങ്ങള്‍ക്ക് കരുതിവെച്ച പൈതൃകം എന്ന് വിചാരിച്ചു സമാശ്വസിക്കുക''

പി. യുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: P Kunhiraman Nair son Raveendran Nair memories