രു വിപഞ്ചികയില്‍ നിന്ന് പുറപ്പെടുന്ന അനേകം അനശ്വര ഗാനങ്ങളെ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ കവി. ഒറ്റ വായനയില്‍ പിടി തരില്ല പി. തെളിനീരാറ്റില്‍ മുങ്ങിക്കിടക്കുന്ന സഹ്യപുത്രനെപ്പോലെ ചിലപ്പോള്‍ കവി പൂര്‍വപുണ്യത്തിന്റെ കയങ്ങള്‍ തേടി'. മറ്റു ചിലപ്പോള്‍ നിത്യകാമുകിയെ കാത്ത് നിളയുടെ മടിത്തട്ടിലങ്ങോളം അലഞ്ഞു നടന്നു. കവിയുടെ പിറവി ചരരാശിയിലായിരുന്നല്ലോ. 

കവിയ്ക്കു വേണ്ടിയാണ് പൂക്കള്‍ വിരിഞ്ഞതും പുഴ ചിരിച്ചതുമെല്ലാം. കാല്‍പനികന്റെ ഭൂമിയിലെ സ്വര്‍ഗമായിരുന്നു പി. കവിതയിലെ പ്രകൃതി. രതിയും ഭക്തിയും ഒന്നു തന്നെയെന്ന് ആ കവിതകള്‍ പറഞ്ഞു തന്നു. ഒറ്റ ജീവിതത്തിനുള്ളിലെ അനേക ജീവിതമാണ് പി ജീവിച്ചു തീര്‍ത്തത്. അതില്‍ സാമാന്യ മനുഷ്യരുടെ സദാചാര സംഹിതകള്‍ക്ക് വലിയ വിലയില്ല. അയഞ്ഞുനീണ്ട കുപ്പായക്കീശയില്‍ നിന്ന് ആ കവിമനുഷ്യന്‍ ഒരു പിടി മിഠായി വാരിയെറിഞ്ഞപ്പോള്‍ മണ്ണില്‍ വീണവ പൂക്കളായി - ആകാശത്തേക്കു പറന്നവ കവിതകളും. 

പിയുടെ മുന്നില്‍ പദങ്ങള്‍ വന്ന് നൃത്തം ചെയ്യുകയാണ്, എന്നെയാദ്യം തൊടൂ എന്ന മട്ടില്‍. അങ്ങനെ കവി ധനികനാകുന്നു-പദസമ്പന്നന്‍. ഭാഷയുടെ ലാവണ്യം പി യുടെ കവിതയില്‍ തുളുമ്പി നിറയുന്നുണ്ട്. അതൊരു നൈരന്തര്യമാണ്. പിന്‍മുറക്കാര്‍ക്കു തൊട്ടറിയാവുന്നത്. കളിയച്ഛനിലെ ധര്‍മ്മസങ്കടം കവിയുടെ ജീവിതത്തിലുടനീളമുണ്ട്. നിത്യമായ അസ്വസ്ഥതയാണല്ലോ കവിജന്മത്തിന്റെ കാതല്‍.ആ നിലാവിന്റെ നാട്ടുകാരനെ കാത്ത് ഇപ്പോഴും നിളയൊഴുകുന്നു. നമ്മള്‍ ആ കവിതകളില്‍ നിശാഗന്ധി മണക്കുന്നു. നമ്മളും കാറ്റിനൊപ്പം സഞ്ചരിക്കുന്നതെങ്ങനെ എന്നറിയുന്നു. ചലനമാണ് ജീവന്‍- കവിതയ്ക്കും മനുഷ്യനുമെന്ന് പി.നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നുണ്ട്.

പി. യുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: P Kunhiraman Nair poems and life