'സ്വര്‍ഗ്ഗത്തില്‍ നിന്നാണിപ്പോള്‍
വരവെന്നുരച്ചാലും  നിറയെ നരകത്തിന്‍ തീപ്പാട് മെയ്യില്‍ക്കാണും
തോളത്ത് കഴുകനോ തത്തയോ ഇരുന്നിടും
തുമ്പികള്‍ വട്ടംചുറ്റിപ്പറക്കും
പുഴയുടെ, നേരിയ നെടുവീര്‍പ്പിന്‍
ഗന്ധവും പരന്നിടും'.
(അലഞ്ഞുതിരിയുന്ന കവിത, റഫീഖ് അഹമ്മദ്).

വിയുടെ മേഘരൂപത്വം മലയാളിയുടെ നേരനുഭവമായി മാറിയത് പി.കുഞ്ഞിരാമന്‍ നായര്‍ എന്നൊരു മേദുരദീര്‍ഘകായന്‍ കേരളത്തിലങ്ങോളമിങ്ങോളം കവിത കനത്തു വിങ്ങുന്ന മനസ്സുമായി സഞ്ചരിച്ചപ്പോഴാണ്; 'കവിയുടെ കാല്‍പ്പാടുകള്‍' എന്ന പേരില്‍ ഒരാത്മകഥ ആവിര്‍ഭവിച്ചപ്പോഴും (ഒരു നെടിയ പാദമുദ്രയായി കേരളത്തെ സങ്കല്‍പ്പിക്കാമെങ്കില്‍ ആ കാലടയാളം പിയുടേതായിരിക്കും). ബഹുരൂപി (protean) ആണ് മേഘം. ബഹുരൂപ വിചിത്രമായിരുന്നു പി. യുടെ കവിത്വം. ഭക്തന്‍, പാപി, പുരോഗാമി, യാഥാസ്ഥിതികന്‍ എന്നിങ്ങനെയുള്ള വിപരീതങ്ങളുടെ കലക്കം.

ഏതാനും ചില പ്രമുഖ രചനകളിലേയ്ക്കു മാത്രമായി പി.ക്കവിതാ വായനകള്‍ പരിമിതപ്പെടുന്ന പതിവുണ്ട്. ഒറ്റമരക്കാടല്ല, മുപ്പത്തിമുക്കോടി മരങ്ങളുടെ തൂര്‍മ്മയാണ് പി.' കളിയച്ഛന്‍' പോലെ തന്നെ പ്രധാനമാണ് 'കറുത്ത നായ','ഹോട്ടലൂണും വാടക മുറിയും' 'പിറന്ന മണ്ണില്‍ ' എന്നീ കവിതകളും. 'നരബലി 'യോടൊപ്പം പരിഗണിക്കപ്പെടേണ്ടവയാണ് ' നഗ്‌നകേരളം',' മെക്കാളെയുടെ മകള്‍ ' എന്നീ കവിതകള്‍.' സൗന്ദര്യപൂജ' കൊണ്ടാടപ്പെടുമ്പോള്‍ ' ആ മലനാടന്‍ മങ്കമാര്‍ ', 'വെളിച്ചത്തിന്റെ കളി' 'അക്കരയ്ക്ക് ' എന്നീ കവിതകള്‍ കൂടി തിക്കിത്തിരക്കി വന്ന് അതിനോടൊപ്പം ഇടം പിടിക്കും. ധൂര്‍ത്തകവി എന്ന് പിയെ വിവരിക്കുമ്പോള്‍' ദീപം''  'കൂപ്പുകൈ' എന്നീ കവിതകളുടെ സാന്ദ്രതയും സൂക്ഷ്മതയും സംക്ഷിപ്തതയും അതിനെ അസ്ഥിരപ്പെടുത്തും.പി. യില്‍ ആസകലം അമ്പലവും സവര്‍ണ്ണതയും കാണുന്ന വരെ ഒരു  വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കാന്‍ ' ക്രിസ്സ്മസ് സമ്മാനം ', 'അമ്പലം കത്തുമ്പോള്‍ ' എന്നീ കവിതകള്‍ മതിയാകും അഥവാ 'അര്‍ണ്ണവങ്ങള്‍ തന്നലയടക്കും സുഖ രാത്രി -/ പുണ്യമീ രാത്രി - മനശ്ശാന്തിതന്‍ ശുഭരാത്രി!' എന്നും 'മായൊല്ല വാരുണ വിദ്യ തന്‍ വഹ്നിയില്‍ / മാഹമ്മദമതഗ്രന്ഥം' എന്നുമെഴുതുന്ന പി. ഒരു കൗതുകമെങ്കിലുമാകും!

ഓണം, ഓണത്തെയും കവിഞ്ഞു പി.യില്‍. പാരിസ്ഥിതികമായ തുല്യതയുടെയും പാരസ്പര്യത്തിന്റെയും മഹോത്സവമോ കേരള പ്രകൃതിയിലൂടെ സാക്ഷാല്‍ക്കരിക്കാവുന്ന സൗന്ദര്യലഹരിയോ ആയിരുന്നു ഓണം പി.ക്ക്.'ദിവ്യരസാനുഭവത്തില്‍ മദിച്ചു കവുങ്ങുകളാടുമ്പോള്‍ ' എന്നതിന്റെ മറ്റേയറ്റത്ത് ' കരയില്ലാത്തോരേതോ സമുദ്രപ്പരപ്പിലേ-/യ്ക്കിരുളിന്‍ വെള്ളച്ചാട്ടം തട്ടി ഞാനൊഴുകുമ്പോള്‍' എന്നുമെഴുതും പി.'അന്തര്‍ പാഠ്യത ' (intertextuality) എന്നു തന്നെ വിവരിക്കാവുന്ന സങ്കീര്‍ണ്ണ രൂപരചനയാണ് ' ആ മലനാടന്‍മങ്കമാരു 'ടേത്; ഒപ്പം കീറ്റ്‌സിന്റെ 'യവന കലശ 'വുമായി തുലനം ചെയ്യപ്പെടാവുന്നതും.

പി. യുടെ പ്രചോദന രശ്മികള്‍ മലയാളകവിതയെ എന്ന പോലെ ഫിക്ഷനെയും തിളക്കുന്നുണ്ട്. ടി.പത്മനാഭന്റെ 'സാക്ഷി' എം.മുകുന്ദന്റെ 'നൃത്തം' എസ്.ഹരീഷിന്റെ 'കാവ്യ മേള' എന്നീ രചനകളില്‍ കാവ്യവരികളായോ ആഖ്യാനാംശമായോ പി. സന്നിഹിതനാണ് .ചേമ്പിലയിലിരുന്ന് മരതകമായ മഴത്തുള്ളിയുടെ ഓര്‍മ്മയിലെ സ്ഫുരണമാണ് പി, സച്ചിദാനന്ദന്. കാവ്യ നിരൂപണത്തിലും പി.യുടെ ഋതു വിരാമമറ്റത്. കെ.സി.നാരായണന്റെ ' പി യുടെ പില്‍ക്കാലം', ഇ.പി.രാജഗോപാലന്റെ അരഡസനോളം വരുന്ന പിക്കവിതാപഠനങ്ങള്‍, കല്‍പ്പറ്റ നാരായണന്റെ 'മഹാബലി പി' എന്നിവ പോലെ.  പി.യില്‍ ഐസെന്‍സ്റ്റീനും മൊണ്ടാഷും മിസെന്‍ സീനും 'കണ്ടെത്തി'യ ചില അപസര്‍പ്പകവാമനന്മാരെയും കാണാം, കൂട്ടത്തില്‍ . അവരുടെ ചവിട്ടേറ്റിട്ടും പി.യുടെ മഹാബലിത്വം ആണ്ടുതോറും മടങ്ങിയെത്തി മലയാളിയെ സന്ദര്‍ശിക്കുന്നു; ഒരു നൂറ്റാണ്ടിനിപ്പുറവും വിസ്മൃതമാകാത്ത കവിയുടെ ജന്മനാളിലെന്ന പോലെ.

പി. യുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: P Kunhiraman Nair Life and poetry