ഹാകവി പി കുഞ്ഞിരാമന്‍ നായര്‍ക്ക് അധ്യാപികയായ പാറുക്കുട്ടി അമ്മയോടൊത്തുള്ള ദാമ്പത്യത്തില്‍ പിറന്ന മകളാണ് ബാലാമണി. ബാലാമണിയുടെ പത്തൊമ്പതാമത്തെ വയസ്സിലാണ് അച്ഛന്‍ അന്തരിച്ചത്. ഓര്‍ത്തുവയ്ക്കാന്‍ വിരലിലെണ്ണാവുന്ന ഓര്‍മകളേ ഉള്ളൂവെങ്കിലും അതിതീഷ്ണമാണ് ആ ഓര്‍മകള്‍. അധ്യാപികയായ ബാലാമണി തന്റെ അച്ഛനോര്‍മകള്‍ പങ്കുവെക്കുന്നു.

നശ്വരനായ മഹാകവിയ്ക്കു പ്രണാമം അര്‍പ്പിച്ചു കൊണ്ട് ഞാന്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നു. എനിക്കു പത്തൊമ്പത് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ നിര്യാതനായത്. അച്ഛന്റെ നിലയും വിലയും  മനസ്സിലായി വരുന്നതിനു മുന്‍പ് തന്നെ അദ്ദേഹം വിട്ടുപിരിഞ്ഞു. കുട്ടിയായിരിക്കുമ്പോള്‍. അച്ഛനെന്ന ആ വലിയ മനുഷ്യനെ അത്ഭുതത്തോടെ നോക്കിനിന്നിരുന്നു. നല്ല ഉയരവും അതിനൊത്ത തടിയും നീണ്ട കൈകളുള്ള ജുബ്ബയും ഖാദി മുണ്ടും ഒരു കാലന്‍ കുടയും മൂക്കിന് മുകളില്‍ കറുത്ത ഫ്രെയിമുള്ള കണ്ണടയും വെച്ചുകൊണ്ടുള്ള ഒരു നോട്ടവും... ആ രൂപം എനിക്ക് വിസ്മയമായിരുന്നു. അച്ഛന്‍ വന്നാല്‍ അദ്ദേഹത്തെത്തന്നെ നോക്കിനില്‍ക്കുമായിരുന്നു ഞാന്‍.

p.kunjiraman nair
വലതുവശത്ത് നില്‍ക്കുന്നത് ബാലാമണി

അമ്മ വളരെ ബഹുമാനത്തോടുകൂടിയാണ് അച്ഛനെക്കുറിച്ച് പറഞ്ഞു തന്നിട്ടുള്ളത്. അച്ഛന്‍ ഒരു വലിയ ആളാണെന്ന് മാത്രം അറിയാം. ഒരു മകള്‍ക്കു ലഭിക്കേണ്ട സ്നേഹവാത്സല്യങ്ങള്‍ ഒന്നും എനിക്കു ലഭിച്ചിട്ടില്ല. അച്ഛന്‍ ഇടക്കൊക്കെ മാത്രമേ വീട്ടില്‍ വരാറുള്ളൂ. വന്നാല്‍ പിന്നെ എഴുത്തുമായി കഴിയും. എല്ലാ മാസവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അമ്മ കൊണ്ടുപോകും അവിടെ അച്ഛനും ഉണ്ടാകും. അതായിരുന്നു കൂടികാഴ്ച്ചകള്‍. കണ്ടാല്‍ കുറെ മിഠായികളും രൂപയും പോക്കറ്റില്‍ നിന്നും എടുത്ത് കയ്യില്‍ തരും. അതല്ലാതെ ലാളിക്കുകയോ ചേര്‍ത്തുപിടിച്ചു മടിയിലിരുത്തുകയോ ഒന്നും ഉണ്ടായിട്ടില്ല.

ഞാന്‍ നാലാം തരത്തില്‍ നിന്നും ജയിച്ച സമയത്ത് സംസ്‌കൃതം പഠിപ്പിക്കുവാന്‍ പറഞ്ഞു. അമ്മ അതനുസരിച്ചു. പിന്നെ അഞ്ചു മുതല്‍ സംസൃത വിദ്യാലയത്തിലായി പഠനം. അച്ഛന്റെ അനുഗ്രഹം കൊണ്ടാവാം സംസ്‌കൃത പഠനം എന്റെ ജീവിതമാര്‍ഗമായി. ഞാന്‍ സംസ്‌കൃത അദ്ധ്യാപികയായി. ഒരുപക്ഷേ ആ മഹാനുഭാവന്‍ മകളുടെ ജീവിതമാര്‍ഗം സംസ്‌കൃതത്തിലാണെന്നു മനസ്സിലാക്കിയിരിക്കാം.

മഹാകവിയുടെ മകളാണെന്ന് പറഞ്ഞാല്‍ ഇന്ന് എനിക്കു ലഭിക്കുന്ന ആദരവും ബഹുമാനവും വളരെയേറെ യാണ്.  ജീവിച്ചിരിക്കുമ്പോള്‍ അച്ഛന്റെ സ്നേഹ വാത്സല്യങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞില്ല എങ്കിലും ഇന്ന് അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകളില്‍ ഞാന്‍ ഏറെ സംതൃപ്തയാണ്. എന്റെ സഹോദരങ്ങളായ ചേച്ചിമാരും ഏട്ടനും ഇളയ അനുജത്തിയായ ഞാനും അച്ഛന്റെ ഓര്‍മകളുമായി ഇന്നും സന്തോഷത്തോടു കൂടി ജീവിക്കുന്നു. എല്ലാവരും പരസ്പരം വിവരങ്ങള്‍ സ്നേഹത്തോടെ അന്വേഷിക്കാറുണ്ട്, അറിയിക്കാറുണ്ട്. സ്നേഹമായിരുന്നല്ലോ മഹാകവിയുടെ ആത്മബലം. അത് ഞങ്ങള്‍ മക്കള്‍ കാത്തുസൂക്ഷിക്കുന്നു.

പി. യുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: P Kunhiraman Nair daughter Balamani memories