ലയാള ഭാഷയിലെ പ്രശസ്ത കാല്‍പ്പനിക കവിയായ; അടിമുടി കവി എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന കവിയാണ് പി.കുഞ്ഞിരാമന്‍ നായര്‍. പ്രകൃതിയെപ്പറ്റി ഇത്രയധികം പാടിയ കവിയുണ്ടാവില്ല. തനി കേരളീയ കവിയായ പി  കഥകളിയെപ്പറ്റി, അരങ്ങിനെപ്പറ്റി, ഉത്സവങ്ങളെപ്പറ്റി, ഭക്തിയെപ്പറ്റി, ഓണത്തെപ്പറ്റി, പനകളെപ്പറ്റി, പൂക്കളെപ്പറ്റി, ഏറെയെഴുതി- പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിഭാവവും നല്‍കി, ജീവിതവും കവിതയും ഉത്സവമാക്കി.

സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാള്‍ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമന്‍ നായര്‍ക്കു താല്‍പര്യം. ''വിനിമയങ്ങളുടെയും ചലനങ്ങളുടെയും നിറങ്ങളുടെയും ഈണങ്ങളുടെയും നിര്‍ഭരത മൂലം പി യുടെ കവിത ഒരുനാടന്‍  ഉത്സവം പോലെ. ഉത്സവത്തിലേക്ക് നാട് സ്വാഭാവികമായി ഒഴുകിയെത്തുന്നു''എന്ന കെ.ജി.ശങ്കരപ്പിള്ളയുടെ വാക്കുകള്‍ അന്വര്‍ത്ഥമാണ്. പ്രവാസത്തിന്റെ പൊള്ളിപ്പിടയലുകള്‍ക്കിടയില്‍ ഒരു ധ്യാനം പോലെയാണ് 'കവിയുടെ കാല്‍പാടുകള്‍ 'പിന്തുടര്‍ന്നത്. പ്രകൃതിയിലെ സര്‍വ്വതിനേയും ഒന്നിച്ചലിയിച്ചു താനായി മാറ്റുന്ന ആ മാന്ത്രിക മനസ്സിനെ പിന്തുടര്‍ന്നപ്പോള്‍ പാതിരക്കാറ്റും നക്ഷത്രങ്ങളും രാത്രിയുടെ നിശ്ശബ്ദതയും ഏകാന്തതയും പ്രണയവുമെല്ലാം ഉള്ളിലേക്ക് ഒഴുകി നിറയുകയായിരുന്നു. ഇതിവൃത്തത്തിലും ആവിഷ്‌കാരശൈലിയിലും വൈവിധ്യം പുലര്‍ത്തിയിരുന്ന ദാര്‍ശനികനായിരുന്നു അദ്ദേഹം. കാലാതിവര്‍ത്തി, പരിസ്ഥിതിവിജ്ഞാനം, സ്ത്രീവാദചിന്ത, അധിനിവേശ വിരുദ്ധ മനോഭാവം  എന്നിവയെക്കുറിച്ചുള്ള വ്യക്തമായ അവബോധം കൊണ്ടാവാം ഇന്നും മലയാളകവിതയില്‍ സജീവസാന്നിധ്യമായി പി നിലകൊള്ളുന്നത് .

അദ്ദേഹത്തിന്റെ പ്രണയകവിതകളുടെ പൊതുസ്വഭാവം പ്രണയിനിയെ തേടിയുള്ള അവിരാമമായ യാത്രയും നീണ്ട കാത്തിരിപ്പുമാണ്. കവിതയെ കാമിനിയായും ഇഷ്ടദേവതയായും സഖിയായും ഒക്കെ കാണുന്ന അദ്ദേഹം അതോടൊപ്പം കാമിനിയെ കാവ്യദേവതയായും കാണുന്നു .'സൗന്ദര്യദേവത 'യുടെ ആമുഖക്കുറിപ്പില്‍ കവി ഇങ്ങിനെ പറയുന്നു:''വടക്കന്‍ നാട്ടിലെങ്ങോ വച്ച് മുപ്പതാം വയസ്സിന്റെ ചില്ലയില്‍ പൂത്തുലഞ്ഞ പൂക്കള്‍, ഉദയസൂര്യനില്‍ നിന്ന് കണിക്കൊന്ന മലര്‍ വാരിത്തൂകി വന്ന അവള്‍,നിലാവലയില്‍ തോണി തുഴഞ്ഞു വന്ന അവള്‍, പാതിരാത്താരകളുടെ അരിമുല്ലപ്പൂങ്കാവില്‍ക്കൂടി ഇറങ്ങി വരുന്ന അവള്‍, പേരാറ്റിന്കരയില്‍, കാവല്‍ ചാളയില്‍ പാട്ടുപാടിയിരിക്കുന്ന അവള്‍, ഊരും പേരുമില്ലാത്ത അവള്‍... ''എന്നിങ്ങനെ സങ്കല്പവും യാഥാര്‍ഥ്യവും മൂര്‍ത്തതയും അമൂര്‍ത്തതയും എല്ലാം കലര്‍ന്നുകിടക്കുന്ന 'പി ' കവിതകളില്‍ നിന്ന് ഓരോന്നായി വേര്‍തിരിച്ചെടുക്കല്‍ ശ്രമകരമാണ്. ജൈവകാമനകളുടെയും സര്‍ഗാത്മകതയുടെയും അമൂര്‍ത്ത ദൃശ്യങ്ങളായി അവ ആവിഷ്‌കരിക്കപ്പെടുന്നു. കൂടിച്ചേരലിന്റെ ആഹ്ലാദത്തേക്കാള്‍ വേര്‍പിരിയലിന്റെ ദുഖഃസാന്ദ്രമായ സ്മൃതികളാണ് അദ്ദേഹത്തിന്റെ പ്രണയകവിതകള്‍ അധികവും.

ഈ വരികള്‍ നോക്കൂ
'അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ യാത്ര പറയാതെ പോയതുചിതമോ ?
വിണ്ണിന്‍ വെളിച്ചമെഴുതി നിന്നീടുമോ
കണ്ണിലൊരു കുറി കൂടി, ക്ഷണപ്രഭേ ?''
(സൗന്ദര്യദേവത)

കേരളീയ ജീവിതവും കേരള പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ മിഴിവുറ്റ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ഉത്സവകവിതകള്‍. ആവേശത്തിനപ്പുറം ജീവിതവ്രതമായി രാജ്യസ്നേഹം നെഞ്ചിലേറ്റിയ കവിയായിരുന്നു 'പി'. കൊളോണിയല്‍ അധിനിവേശത്തിന്റെ ബാഹ്യവും ആഭ്യന്തരവുമായ കെട്ടുപാടില്‍ നിന്ന് മാതൃഭൂമിയെ മോചിപ്പിക്കുന്നതിനായി നിരന്തരം കവിതകള്‍ എഴുതിയിരുന്നു അദ്ദേഹം. ഈ വരികള്‍ അതിനുദാഹരണമാണ്:
'തരിക്കില്ല മനം തെല്ലും
പകയ്ക്കാ രണഭൂമിയില്‍
മരിക്കും ഞാന്‍ നിനക്കായി
മംഗളാദര്‍ശദേവതേ '
(നരബലി)

ആത്മനൊമ്പരങ്ങളുടെ ചിതയാണ് അദ്ദേഹത്തിന്റെ 'കളിയച്ഛന്‍' എന്ന കവിത. പാപപുണ്യത്തെക്കുറിച്ചുള്ള സംഘര്‍ഷം നിരന്തരം മഥിച്ചു കൊണ്ടിരുന്നു ആ കവിമനസ്സിനെ. നിത്യത തേടിയുള്ള അനുസ്യൂതമായ യാത്രയായിരുന്നു 'പി'ക്ക് കവിത. കവിതയും ജീവിതവും ഒന്നുതന്നെ ആയിരുന്നു.''പുഴയും കടലും പോലെ ജീവിതവും കവിതയും ഒന്നായലിഞ്ഞു അനന്തരാത്മാവില്‍ നിന്ന് തിളച്ചു പൊന്തുന്ന മധുരാനുഭൂതിക്ക് വേണ്ടി '' അലയുകയായിരുന്നു താന്‍ എന്ന് കവി തന്നെ പറഞ്ഞിട്ടുണ്ട് (കരിനിഴലിന്റെ കഥ).

വിശ്വപ്രകൃതിയായിരുന്നു അദ്ദേഹത്തിന്റെ കാവ്യരചനയുടെ പ്രചോദന കേന്ദ്രം. പ്രകൃതിയില്‍ ജീവിതവും ജീവിതത്തില്‍ പ്രകൃതിയുമല്ലാതെ മറ്റൊന്നും കവിക്ക് കാണാന്‍ കഴിഞ്ഞില്ല.

''നീലവിണ്ടലമെന്നൊരൊറ്റ മേല്പുരയുള്ള
വീടത്രേ ലോകം;കെടാവിളക്കോ വിശ്വപ്രേമം ''
(വിളക്ക് തുടയ്ക്കട്ടെ )

ഈ വരികളില്‍ വിശ്വപ്രകൃതിയിലെ സര്‍വ്വ ചരാചരങ്ങളും ഒരുമിച്ചു കഴിയുന്ന ഒരു ലോകം അദ്ദേഹം വിഭാവനം ചെയ്തു. നക്ഷത്രങ്ങളുടെയും നിലാവിന്റെയും വഴിവെളിച്ചത്തില്‍ നിളാനദിയുടെ തീര്‍ത്തും ഋതുഭേദങ്ങള്‍ വികാരവൈവിദ്ധ്യം വരുത്തുന്ന പ്രകൃതിയുടെ കളിത്തട്ടുകളിലും ക്ഷേത്രപ്രാന്തങ്ങളിലും കവിത എന്ന സൗന്ദര്യദേവതയുടെ ആത്മാവ് കണ്ടെത്താന്‍ എന്തും സഹിച്ചു തീര്‍ത്ഥാടനം നടത്തിയ ഉപാസകനായിരുന്നു 'പി'.

അദ്ദേഹത്തിന്റെ കവിത പെറ്റനാടിനെയും അതിന്റെ സംസ്‌കൃതിയെയും ഈ മഹാപ്രപഞ്ചത്തെത്തന്നെയും തഴുകിത്തലോടി വരുന്ന ഇളം കാറ്റായി നമ്മില്‍ ലഹരി പടര്‍ത്തുന്നു .'വെളിച്ചത്തിലേക്ക് 'എന്ന കവിതയുടെ ആമുഖമായി കവി കുറിച്ചു 'കവിതയുടെ ഇടിമിന്നല്‍ മിന്നിയ തുലാവര്‍ഷം കഴിഞ്ഞു ഇറ്റു വീണ മഴത്തുള്ളികള്‍ -അതിലൊന്നാണീ കൊച്ചു തുള്ളി. തേനോ, പച്ചവെള്ളമോ കാലം തീരുമാനിക്കട്ടെ.'കവിതയുടെ മലവെള്ളപാച്ചില്‍ പച്ചവെള്ളമല്ല തേന്‍ തുള്ളികളാണെന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു .

''അടുത്തടിവെച്ചു തൊടുവാന്‍ നോക്കുമ്പോ -
ളകലേയ്ക്ക് പായും വെളിച്ചമേ നിന്നെ
ശരിക്കു സാത്വികക്കറുകയേകി ഞാന്‍
മെരുക്കുവാന്‍ നോക്കും മരിക്കുവോളവും !'
(വെളിച്ചത്തിലേക്ക് )

മരിക്കുവോളവും മെരുക്കുവാന്‍ നോക്കി മലയാളിയുടെ ആത്മാവില്‍ തേന്‍ തുള്ളികള്‍ ഇറ്റിച്ചു തന്നു അദ്ദേഹം.

പി. യുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: P Kunhiraman Nair Birth anniversary special