ലയാളിയുടെ ഹൃദയാകാശങ്ങളില്‍ അതിരുകള്‍ ഭേദിച്ച് അലക്ഷ്യമായി പാറിപ്പറന്ന വാനമ്പാടിയാണ് പി.കുഞ്ഞിരാമന്‍നായര്‍. ചിലപ്പോള്‍ ദേശാടനപക്ഷിയായി തീരങ്ങളില്‍ നിന്ന് തീരങ്ങളിലേക്ക് പറന്നകലുമ്പോള്‍ നിതാന്തമായ അന്വേഷണത്തിന്റെ ആത്മീയതല്പത്തിലേക്ക് കൂടണയുന്ന ഋഷിവര്യനേയും കവിയില്‍ നാം കണ്ടിട്ടുണ്ട്.

നീ വരില്ല, ഇണപ്പറവകള്‍ എന്നീകവിതകളൊക്കെഅത്തരം സാക്ഷ്യപ്പെടുത്തലുകളാണ്. ഓരോ കവിതയിലും അടക്കം ചെയ്തിരുന്നത് കവിയുടെ ആത്മത്തെ തന്നെയായിരുന്നു. സൂക്ഷ്മമായ പ്രതീകനിര്‍മ്മിതികള്‍കൊണ്ട് കവിയേയും കാലത്തേയും പുന:സൃഷ്ടിക്കുവാനുള്ള ഉദ്യമങ്ങള്‍. ആഉദ്യമങ്ങളില്‍ വായനക്കാരനും ഏറ്റു പിടിക്കാന്‍ കഴിയുന്ന ഗൃഹാതുരതയുടെ ഉളുണര്‍ച്ചകളുണ്ട്. പ്രണയത്തിന്റെ ചിലമ്പൊച്ചകള്‍ കേള്‍ക്കുന്നത് പ്രകൃതിയുടെ സൂക്ഷ്മചലനങ്ങളിലൂടെയാകുമ്പോള്‍ ആ കവിതകളുടെ ഉള്ളറകളില്‍ കാവ്യദേവതയോ കാമിനിയോ സൗന്ദര്യമോ എന്ന് ആശങ്കയാല്‍ ഉന്മത്തരായിത്തീരുന്നു അനുവാചകര്‍. 

സൗന്ദര്യം മാത്രമല്ല സമത്വവും സ്വപ്നംകണ്ടതുകൊണ്ടാണ് ഓണം, പിറന്ന മണ്ണില്‍, ശൈശവം, ശിവതാണ്ഡവം, ഓണപ്പൂവ്, കുറവന്റെവിളി, കണ്ണീരിന്റെകത്ത് എന്നിങ്ങനെ നഷ്ടസ്വര്‍ഗ്ഗബോധത്തിന്റെ ആഴങ്ങളില്‍നിന്നും വരികളിങ്ങനെ ഉയര്‍ന്നുപൊങ്ങിയത്. കളിയച്ഛനില്‍ നിന്നും നരബലിയിലേക്കെത്തുമ്പോള്‍ ശാശ്വതസത്യസൗന്ദര്യങ്ങളുടെ അന്വേഷകന്‍ മാനവികതയുടെ ഉജ്ജ്വല രൂപങ്ങളെ കവിതയിലേക്കാവാഹിക്കുന്നു.

'അമ്മക്കു വെള്ളം കൊടുക്കുന്ന കാര്യവു-
മന്വേഷണത്തിന്നു വെക്കുന്നവരിവര്‍ (മംഗളാശംസ)

എന്ന് കുറിക്കുമ്പോള്‍ മാതൃഭാഷയേയും സംസ്‌കാരത്തേയും അവഗണിക്കുന്ന ഭരണകുത്തകകള്‍ക്കെതിരെ ധാര്‍മ്മികരോഷം കൊള്ളുന്ന കവിയേയും നമുക്ക് പരിചിതമാണ്. അചേതനങ്ങളായ കാവ്യബിംബങ്ങളിലെല്ലാം മാനുഷികതയാരോപിച്ചു കൊണ്ട് വായനക്കാരന്റെ കണ്ണും കാതും നിറക്കുന്ന മാന്ത്രികവിദ്യകാട്ടുകയാണ് മലയാളത്തിന്റെ ഈ പ്രിയ തോഴന്‍. പദാവലികള്‍കൊണ്ട് പാതിരാപ്പൂച്ചൂടി താമരത്തോണിയിലേറി പ്രേമപൗര്‍ണ്ണമി സൃഷ്ടിച്ച കവിയുടെ ചിലമ്പൊലികള്‍ ഭിഗന്തങ്ങള്‍ഭേദിച്ചുകൊണ്ട് തീപ്പൊരിപ്പാട്ടുകളുടെ ശംഖ നാദം മുഴക്കുന്നു.

പി. യുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: P Kunhiraman Nair birth anniversary special