1970 തുടക്കത്തിലാണെന്നാണ് ഓര്‍മ. അക്കാലത്ത് പി. മിക്കപ്പോഴും തൃശൂരില്‍ വരും. വന്നാല്‍ തിരുവമ്പാടി ക്ഷേത്രത്തിനു സമീപമുള്ള ഒരു വാടകമുറിയിലാണ് താമസം. കൈരളി പ്രസ്സില്‍ ആണ് കവിയുടെ കൃതികള്‍ അച്ചടിച്ചുകൊണ്ടിരുന്നത്. പുസ്തകത്തിന്റെ പ്രൂഫ് നോക്കാനും തിരുത്താനും കവി ഇടയ്ക്കിടെ പ്രസ്സില്‍ ചെല്ലുമായിരുന്നു.
   
തേമ്പാട്ട് ശങ്കരന്‍നായരാണ് അന്ന് പ്രസ്സ് സെക്രട്ടറി. വിവേകോദയം സ്‌കൂളില്‍ നിന്ന് മലയാളം അധ്യാപകനായി റിട്ടയര്‍ ചെയ്ത ശങ്കരന്‍ മാഷ് കവിതയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ആ നിലയില്‍ കവിയും ശങ്കരന്‍മാഷുമായി നല്ല സൗഹൃദത്തിലായിരുന്നു. ആയിടെ മദിരാശി മലയാളി സമാജം നടത്തുന്ന കവിതാമത്സരം സംബന്ധിച്ച് മാതൃഭൂമി പത്രത്തില്‍ ഒരു പരസ്യം വന്നു. ഒന്നാം സമ്മാനം സ്വര്‍ണമെഡല്‍. ശങ്കരന്‍ മാഷ് ആ പരസ്യം കവിയെ കാണിച്ചു, മത്സരത്തിന് കവിത അയക്കണമെന്നും പറഞ്ഞു. കവി ഒട്ടൊന്ന് ആലോചിച്ചു എന്നിട്ട് ശങ്കരന്‍ മാഷോടു പറഞ്ഞു: 'താനും കവിത അയക്കണം' ശങ്കരന്‍ മാഷ് കവിയുടെ ആവശ്യം നിരസിച്ചപ്പോള്‍ കവി പറഞ്ഞു. 'എങ്കില്‍ ഞാനും അയയ്ക്കുന്നില്ല'. ഒടുവില്‍ കവിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ശങ്കരന്‍ മാഷും കവിത അയയ്ക്കാമെന്നേറ്റു. കവിയ്ക്ക് വിശ്വാസം വന്നില്ല. അതുകൊണ്ട് പറഞ്ഞു: 'മറ്റന്നാള്‍ കവിതയും കൊണ്ട് ഞാന്‍ വരും. അപ്പോള്‍ തന്റെ കവിതയും തയ്യാറാകണം. രണ്ടും ഒന്നിച്ചയയ്ക്കാം'. പറഞ്ഞ ദിവസം കവിതയുമായി കവി പ്രസ്സിലെത്തി. ശങ്കരന്‍മാഷോടുു കവിതയെടുക്കാന്‍ പറഞ്ഞു. പക്ഷേ ശങ്കരന്‍മാഷ് കവിതയെഴുതിയിരുന്നില്ല. കവിയ്ക്ക് അതിയായ ക്ഷോഭം വന്നു. 'അഹമ്മതി കാട്ട്വാണോ? എന്നെ പറ്റിക്കാനാണോ ഭാവം? എങ്കില്‍ ഇതിനുള്ള ശിക്ഷ ഞാന്‍ തനിക്കു തരുന്നുണ്ട്. ഞാനെഴുതിയ കവിത തന്റെ പേര് വെച്ച് ഞാനയയ്ക്കും'. അങ്ങനെ ചെയ്യരുതെന്ന് ശങ്കരന്‍മാഷ് അപേക്ഷിച്ചെങ്കിലും കവി കൂട്ടാക്കിയില്ല. തേമ്പാട്ട് ശങ്കരന്‍നായരുടെ പേരില്‍ കവിത അയച്ചു.

റിസല്‍റ്റ് വന്നു. ആ കവിതയ്ക്ക് ഒന്നാം സമ്മാനം സ്വര്‍ണമെഡല്‍! ശങ്കരന്‍മാഷ് ഉടന്‍ തന്നെ കവിയെ വിവരം അറിയിച്ചു. കവി പറഞ്ഞു. 'താന്‍ പോയി സ്വര്‍ണമെഡല്‍ വാങ്ങണം'. 'ഞാന്‍ പോവില്ല, കവി തന്നെ പോയി വാങ്ങണം'- അഭിമാനിയായ ശങ്കരന്‍മാഷ് പറഞ്ഞു. കവിയ്ക്ക് ദേഷ്യം വന്നു. 'ഞാനാണോ തേമ്പാട്ട് ശങ്കരന്‍നായര്‍! മിണ്ടാതെ പോയി പുരസ്‌കാരം വാങ്ങി വാ. ഇക്കാര്യത്തില്‍ ചര്‍ച്ച വേണ്ട'. കവി മുഖംതിരിച്ചു.
 
ശങ്കരന്‍മാഷ് സ്വര്‍ണമെഡല്‍ വാങ്ങാന്‍ പോയില്ല. പി.യും പോയില്ല. ആരാലും സ്വീകരിക്കപ്പെടാതെ ആ പുരസ്‌കാരം മദിരാശി കേരളസമാജത്തിന്റെ കൈകളില്‍ ഭദ്രമായി കിടന്നു. കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മറ്റൊന്നു സംഭവിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആ കവിത പ്രത്യക്ഷപ്പെട്ടു. കവിയുടെ പേര് പി. കുഞ്ഞിരാമന്‍നായര്‍.

പില്‍ക്കാലത്ത് തിരുവനന്തപുരത്ത് സ്റ്റേറ്റ് റിസോര്‍സ് സെന്ററില്‍ റിസര്‍ച്ച് അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കവേ, ഡയറക്ടര്‍ ആയിരുന്ന എന്‍.വി. കൃഷ്ണവാരിയര്‍ ഒരു ദിവസം പി യേയും കൂട്ടി ഓഫീസില്‍ വന്നു. പി.എന്‍. പണിക്കര്‍, പി.ടി. ഭാസ്‌കരപ്പണിക്കര്‍, ശൂരനാട് കുഞ്ഞന്‍പിള്ള തുടങ്ങിയവരൊക്കെ ആ സമയം അവിടെ ഉണ്ടായിരുന്നു. പുരസ്‌കാരം വാങ്ങാതിരുന്ന കഥ ഞാന്‍ കവിയെ ഓര്‍മിപ്പിച്ചു. എന്നിട്ടു ചോദിച്ചു. ആ കവിത പിന്നീട് മാതൃഭൂമിയില്‍ സ്വന്തം പേരില്‍ കൊടുത്തതെന്തിനായിരുന്നു? കവി മോണകാട്ടി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു: 'ഓന്റെ അഹമ്മതിക്ക് അതുതന്നെ വേണം!'

പി. യുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: P Kunhiraman Nair Birth Anniversary special