വിതയുടെ മധുരക്കടലായി മലയാളത്തില്‍ ഒഴുകിനിറഞ്ഞ വാക്കുകള്‍. കവിതയ്ക്കു മാത്രമായി ഒരു ജന്മം. അതായിരുന്നു പി. കുഞ്ഞിരാമന്‍ നായര്‍. പി. എന്ന് കേള്‍ക്കുമ്പോള്‍ മലയാളം ഓര്‍മിക്കുന്നത് എഴുതിതീരാത്തൊരു കവിതയാണ്. ഭാഷകൊണ്ട് പ്രകൃതിയെയും ഉത്സവങ്ങളെയും പ്രണയത്തെയും അത്രമേല്‍ സ്നേഹിച്ച കവിയായിരുന്നു പി. കുഞ്ഞിരാമന്‍ നായര്‍.

യാത്രകളെ ജീവിതമാക്കി മാറ്റിയ കവി. പി. കുഞ്ഞിരാമന്‍ നായരെ സുകുമാര്‍ അഴീക്കോട് വിശേഷിപ്പിച്ചത് 'കാളിദാസന് ശേഷം പിറന്ന കവി' എന്നാണ്. 'വിരഹവേദനയും ഗൃഹാതുരതയും കാല്‍പ്പനിക കവികളുടെ പൊതുസ്വത്താണെങ്കിലും ആ ബാങ്കില്‍ ഏറ്റവും വിപുലമായ സ്ഥിരനിക്ഷേപം കുഞ്ഞിരാമന്‍നായരുടെ പേരില്‍ത്തന്നെ പതിഞ്ഞുകിടക്കും' എം. ലീലാവതി ഒരിക്കലെഴുതി. ആധുനികകാല കവികളില്‍ അടിമുടി കവിയായ ഒരാളേയുള്ളു. പി. കുഞ്ഞിരാമന്‍ നായര്‍.

1906 ഒക്ടോബര്‍ 25ന് കാഞ്ഞങ്ങാട്ട്, പുറവങ്കര കുഞ്ഞമ്പുനായരുടെയും കുഞ്ഞമ്മയമ്മയുടെയും മകനായാണ് പി. കുഞ്ഞിരാമന്‍ നായര്‍ ജനിച്ചത്. ചെറുപ്പത്തിലേ സംസ്‌കൃതം അഭ്യസിച്ച അദ്ദേഹം പതിനാലാം വയസില്‍ കവിതയെഴുതിത്തുടങ്ങി. പട്ടാമ്പി, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തീകരിച്ചു. മുറപ്പെണ്ണിനെ വിവാഹം കഴിക്കാമെന്നേറ്റ് അതിനുള്ള പണം അച്ഛനോട് വാങ്ങി പട്ടാമ്പിയില്‍ ചെന്ന് വേറൊരു വിവാഹം കഴിച്ചു. 

പിന്നീട് ദേശാടനമായിരുന്നു. പല നാടുകളില്‍ പല ജോലികള്‍. 'നവജീവന്‍' എന്നൊരു പത്രം കുറേനാള്‍ നടത്തിയിരുന്നു. വീണ്ടും അലച്ചില്‍. കാശിനുവേണ്ടി കവിതയെഴുതി വില്‍ക്കുമായിരുന്നു പി. കുട്ടികള്‍ പിറന്ന വിവരംപോലും ആ അച്ഛന്‍ സമയത്ത് അറിയാറുണ്ടായിരുന്നില്ല. തിരുവില്വാമലയില്‍ വീണ്ടുമൊരു വിവാഹം. കുഞ്ഞുണ്ടായപ്പോള്‍ ഭാര്യയെ ഉപേക്ഷിച്ച് വീണ്ടും യാത്ര. കവിതയെഴുത്ത്. മൂന്നാമതും വിവാഹം. അലച്ചില്‍. പത്രമാപ്പീസിലിരുന്നും തീവണ്ടിയിലിരുന്നുമൊക്കെ പിന്നീട് ക്ലാസിക്കുകളായ കവിതകള്‍ രചിച്ചിട്ടുണ്ട് പി കുഞ്ഞിരാമന്‍ നായര്‍. 

വാസന്തിപ്പൂക്കള്‍, പൂമ്പാറ്റകള്‍, അന്തിത്തിരി, മണിവീണ, അനന്തന്‍കാട്ടില്‍, ഭദ്രദീപം, പടവാള്‍, നിറപറ, പാതിരാപ്പൂവ്, ശംഖനാദം, നിശാന, പ്രേമപൗര്‍ണമി, വരഭിക്ഷ, കളിയച്ഛന്‍, നക്ഷത്രമാല, പൂത്താലി, പൂമാല, താമരത്തോണി, താമരത്തേന്‍, വയല്ക്കരയില്‍, പൂക്കളം, ഓണപ്പൂക്കള്‍, സൗന്ദര്യദേവത, ചിലമ്പൊലി, രഥോത്സവം (2 ഭാഗങ്ങള്‍), തൃക്കാക്കരയ്ക്കു പോം പാതയേതോ, കവിയുടെ കാല്പാടുകള്‍, നിത്യകന്യകയെത്തേടി, എന്നെത്തിരയുന്ന ഞാന്‍ തുടങ്ങിയവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍.

ആവശ്യമുള്ള യോഗ്യതയില്ലാതിരുന്നിട്ടും 1947ല്‍ പി.ക്ക് അന്നത്തെ സര്‍ക്കാര്‍ അധ്യാപകജോലി നല്‍കി. 1949ല്‍ 'ഭക്തകവി'പ്പട്ടം ലഭിച്ചു. 1963ല്‍ 'സാഹിത്യനിപുണ' ബിരുദം. 1968ല്‍ 'താമരത്തോണി'ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. 1959ല്‍ 'കളിയച്ഛ'ന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. ഇതിന് മദ്രാസ് സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1978 മെയ് 27ന് തിരുവനന്തപുരത്ത് ഒരു ലോഡ്ജ്മുറിയില്‍ ആ ജീവിതത്തിന് അന്ത്യമായി. 

ചന്ദനരേഖ തെളിഞ്ഞോരു കേതക
സിന്ദൂരരാഗം പകരുമധരവും
അഞ്ജനനീലമിഴിയും വിലാസവും
സുന്ദരവാസന്ത ശോഭ വിതറവേ
വാര്‍കുഴല്‍ക്കൊണ്ടലഴിഞ്ഞാടി, വാര്‍മണി
പ്പൂക്കുല കയ്യില്‍പ്പിടിച്ചിരുന്നോരു നീ
ചിന്നും പുരിവാര്‍കുഴലിനാല്‍ മാച്ചുവോ
വര്‍ണപ്പൊലിമ കുറിച്ചതാമിക്കളം? (നിളാതടത്തിലെ രാത്രി)

മനുഷ്യനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ഇത്രയധികം പാടിയ കവിയുണ്ടാവില്ല. തനി കേരളീയ കവിയാണ് പി കുഞ്ഞിരാമന്‍ നായര്‍. കഥകളിയെപ്പറ്റി, അരങ്ങിനെപ്പറ്റി, ഉത്സവങ്ങളെപ്പറ്റി, ഭക്തിയെപ്പറ്റി, ഓണത്തെപ്പറ്റി, പനകളെപ്പറ്റി, പൂക്കളെപ്പറ്റി പി എഴുതി. പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിഭാവവും അദ്ദേഹം നല്‍കി. പി.ക്ക് ജീവിതം ഉത്സവമാണ്; അതുതന്നെയാണ് കവിതയും. കവിയുടെ കാല്‍പ്പാടുകള്‍, എന്നെത്തിരയുന്ന ഞാന്‍, നിത്യകന്യകയെ തേടി എന്നീ ആത്മകഥകള്‍  അല്ല, അവ കവിതകള്‍തന്നെ എഴുതിയിട്ടുണ്ട് പി.

ഏവമെന്തിനിണങ്ങി നാം തമ്മില്‍
വേര്‍പിരിയുവാന്‍ മാത്രമായ് (മാഞ്ഞുപോയ മഴവില്ല്)

ബോധമില്ലാതെ കിടക്കുമവസ്ഥയ്ക്കു
മീതെയായ് ഘോരവിപത്തെന്തു ഭൂമിയില്‍? (കളിയച്ഛന്‍)

അമ്മയ്ക്കു വെള്ളംകൊടുക്കുന്ന കാര്യവു
മന്വേഷണത്തിന്നു വെക്കുന്നവരിവര്‍ (മംഗളാശംസ)

യൗവനം വറ്റിയ കാറ്റിന്‍ പ്രേമ
ലേഖനം പൂവു തിരിച്ചയച്ചു (പിച്ചിച്ചീന്തിയ പുഷ്പചിത്രം)

ക്ഷേത്രം ഭരിപ്പുകാരായ
പെരുച്ചാഴികള്‍ കൂട്ടമായ്
മാന്തിപ്പൊളിക്കയായ് സ്വര്‍ണ
നിക്ഷേപത്തിന്റെ കല്ലറ. (നരബലി)

കൂടാളി ഹൈസ്‌കൂളില്‍ അധ്യാപകനായിരിക്കെ പി., മദ്രാസ് സര്‍ക്കാരിന്റെ വിദ്വാന്‍ പരീക്ഷയെഴുതിയ കഥ പ്രസിദ്ധമാണ്. ചോദ്യക്കടലാസ് കിട്ടിയപ്പോള്‍ ആദ്യം കണ്ട ചോദ്യത്തിന്  അത് എഴുത്തച്ഛനെപ്പറ്റിയായിരുന്നു  ഉത്തരമെഴുതിത്തുടങ്ങി. 40 പേജെഴുതിയപ്പോള്‍ സമയം തീര്‍ന്നു. ആ ഉത്തരത്തിന് മുഴുവന്‍ മാര്‍ക്കും കിട്ടിയിട്ടും കാര്യമില്ലല്ലോ. പരീക്ഷ തോറ്റു. പി.യുടെ ജീവിതയാത്രയുടെ ശൈലി ഇതില്‍നിന്നൂഹിക്കാം. കവിതകള്‍ എത്രയുണ്ടെന്നോ പണം ആര്‍ക്കു പോകുന്നെന്നോ ഒന്നും പി. ഓര്‍ക്കാറില്ലായിരുന്നു. നിസംഗമായ ഒരു യാത്ര. അതായിരുന്നു പി.

പി. യുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: P Kunhiraman Nair Birth Anniversary special