വിതയുടെ മാത്രം ഉപാസകനായി ആയുഷ്‌കാലം മുഴുവന്‍ അന്വേഷിച്ച് അലഞ്ഞുനടന്ന കവിയായിരുന്നു പി. കുഞ്ഞിരാമന്‍നായര്‍. അത്തരമൊരു ജീവിതം ലോകം വളരെ ചുരുക്കമായേ കണ്ടിട്ടുള്ളൂ. തന്റെ ഇഷ്ട ലോകത്തിന്റെ ദര്‍ശനത്തില്‍ നിന്നുയരുന്ന വിലാപമാണ് കുഞ്ഞിരാമന്‍നായരുടെ കവിത. സാംസ്‌കാരിക സ്വതബോധമാണ് അതിന്റെ പ്രാണന്‍. കാവ്യപരമായ രൂപമാതൃകകള്‍ കൊണ്ട്, കാവ്യബിംബങ്ങള്‍കൊണ്ട്, പ്രമേയം കൊണ്ട്, ദര്‍ശനം കൊണ്ട് പിയുടെ കവിത കൊളോണിയല്‍ വിരുദ്ധകവിതയാണ്.

'കവിയുടെ കാല്പാടുകള്‍' എന്ന വിചിത്രമായ ഗ്രന്ഥം വായിച്ചാല്‍ അതിനേക്കാള്‍ വിചിത്രമായ ഒരു വ്യക്തിസത്തയുമായിട്ടാണ് നാം സന്ധിക്കുക. സാധാരണക്കാര്‍ക്ക് അജ്ഞാതമായ അനേകം ഭാവവിശേഷങ്ങള്‍ അദ്ദേഹത്തിന്റെ ആത്മാവിനെ നിരന്തരം ആവേശിക്കുകയും, കവിതാരചനയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.

 മനുഷ്യബന്ധങ്ങള്‍ ഇല്ലാതിരുന്ന ആ കവി തന്റെ അന്തര്‍ദര്‍ശനത്താലാണ് ദേശാഭിമാനോത്തേജകവും, ആദര്‍ശോന്മുഖവും, വിശ്വപ്രേമദീപ്തവുമായ കവിതകള്‍ രചിച്ചത്. സൗന്ദര്യദേവതയെ പ്രകീര്‍ത്തിക്കുന്ന കവിതകള്‍ക്കാണ് അവയില്‍ മുഖ്യസ്ഥാനം. എങ്കിലും 'കളിയച്ഛന്‍' എന്ന കവിത ഏകാത്മകമായ ഗുരുശിഷ്യബന്ധത്തിന്റെ വികാരഭരിതമായ ആവിഷ്‌കരണമായിതീര്‍ന്നിരിക്കുന്നു. ഗുരുഭക്തിയും പാപബോധവും ഇതിനെല്ലാം അപ്പുറമുള്ള ഈശ്വരചൈതന്യവും ആഹ്ലാദകരമാക്കി സമ്മേളിക്കുന്ന ആ വിശിഷ്ടകവിത ഇന്നും മലയാളത്തില്‍ പ്രത്യേക മഹിമയോടെ വേറിട്ടുനില്‍ക്കുന്നു. ലോകസാഹിത്യത്തിലേക്ക് പരിഭാഷപ്പെടുത്തിയാലും ഈ മഹിമ പ്രകീര്‍ത്തിക്കപ്പെടുമെന്നാണ് എനിക്ക് തോന്നുന്നത്. ആര്‍ഷ ഭാരതത്തിന്റെ അദ്വൈതാനുഭൂതി നിറഞ്ഞ മനുഷ്യസ്‌നേഹവും കേരളത്തിന്റെ സമൃദ്ധമായ ഗിരി കാനന നദീ ഭംഗിയും ആസ്തിക്യനിഷ്ഠരായ ഗ്രാമീണജനതയും സുവര്‍ണയുഗത്തെ കുറിച്ച ഓര്‍മകളും പി. കവിതയില്‍ തുളുമ്പി നില്‍ക്കുന്നു.

കവിത ജീവിതത്തിന് വേണ്ടിയാണെന്ന മുദ്രാവാക്യം നമുക്ക്  സുപരിചിതമാണ്. എന്നാല്‍ കുഞ്ഞിരാമന്‍നായരുടെ കാര്യത്തില്‍ ആ ചൊല്ല് തിരുത്തേണ്ടിയിരിക്കുന്നു.അദ്ദേഹത്തിന് ജീവിതം കവിതയ്ക്ക് വേണ്ടിയായിരുന്നു. ആ സമര്‍പ്പണമാണ് അകാലത്തില്‍ അനാഥനായി മരണമടയുന്നതില്‍ ചെന്ന് അവസാനിച്ചത്.

പി. യുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Malayalam Poet P Kunhiraman Nair Birth anniversary