ബാല്യത്തിലേ എം.ടിയുടെ മനസ്സില്‍ പതിഞ്ഞ ഒരു രൂപമുണ്ടായിരുന്നു.കുലത്തൊഴിലില്‍ അച്ഛനെ വെല്ലുന്ന മകനെ വീതുളിവീഴ്ത്തി കൊന്ന നീചനായ പിതാവ്.
തച്ചുശാസ്ത്രത്തിന്റെ കാണാക്കയങ്ങളില്‍ ഊളിയിട്ടുചെന്ന് അദ്ഭുതങ്ങള്‍ സൃഷ്ടിച്ച മാന്ത്രികന്‍.പണിയായുധംകൊണ്ട് മരത്തിലും കല്ലിലും ലോഹത്തിലും മായക്കാഴ്ചകള്‍ തീര്‍ത്ത മഹാപ്രതിഭ. വിശേഷണങ്ങള്‍ ഇനിയും ഒരുപാട് സ്വന്തമാക്കിയവന്‍. അതേ. അത് പെരുന്തച്ചനാണ്. പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്‍.

ആലോചിക്കുന്തോറും എം.ടി. വാസുദേവന്‍നായരുടെ മനസ്സില്‍ വ്യാഖ്യാനങ്ങള്‍ പിന്നെയുമുണ്ടായി.ആയിരമായിരം നാവുകള്‍ ആവര്‍ത്തിച്ചുചൊല്ലി സത്യമാക്കിയ ഒരു കെട്ടുകഥയല്ലേ ഇത്! എം.ടി. ചിന്തിച്ചു. അസൂയമൂത്ത് വീതുളിയെറിഞ്ഞ് മകനെ കൊല്ലാന്‍ മാത്രം ദുഷ്ടനാണോ പെരുന്തച്ചന്‍?രാജഭക്തി വളര്‍ന്ന് രാജാവിനെ രക്ഷിക്കേണ്ട ചുമതല വേദനയോടെ ഏറ്റെടുത്തവനായിക്കൂടേ?

അതുതന്നെയാണ് നല്ലത്. എന്തിലും നന്മ മാത്രം കാണാനാഗ്രഹിച്ച എം.ടി. പെരുന്തച്ചനെയും നല്ലവനായിത്തന്നെ കാണാന്‍ തീരുമാനിച്ചു.
മംഗലാപുരത്തിനടുത്ത് കുന്ദാപുരത്തെ തെരുവുകളില്‍ക്കൂടി വെറുതെ നടക്കുമ്പോള്‍ എം.ടിയുടെ മനസ്സില്‍ തെളിഞ്ഞ പെരുന്തച്ചന്റെ രൂപമായിരുന്നു ഇത്.

അജയനുവേണ്ടിയാണ് എം.ടി. പെരുന്തച്ചനെ വിഷയമാക്കി ഒരു തിരക്കഥയെഴുതാന്‍ തീരുമാനിച്ചത്. തോപ്പില്‍ഭാസിയുടെ മകനാണ് അജയന്‍. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ഫോട്ടോഗ്രാഫിയില്‍ കമ്പംകയറി മദ്രാസിലെത്തിയ അജയന്‍, ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാഭ്യാസം സ്വര്‍ണപ്പതക്കം നേടി പൂര്‍ത്തിയാക്കി.

ഭാസിയുടെ മകന്‍ ഭരതന്റെ കളരിയില്‍നിന്നാണ് സിനിമ പഠിച്ചത്. പ്രയാണം മുതല്‍ ഒഴിവുകാലം വരെ ഭരതന്റെയൊപ്പം. തുടര്‍ന്ന് പത്മരാജന്റെ കൂടെ...

ഈ സമയത്തെല്ലാം അജയന്റെ മനസ്സില്‍ ഒരു ചിത്രമുണ്ടായിരുന്നു. കറുത്ത കല്ലില്‍ മഞ്ഞള്‍വെച്ച് ഊതി മഞ്ഞളിനെ മാണിക്യക്കല്ലാക്കി ശിരസ്സിലേറ്റിയ സര്‍പ്പത്തിന്റെ കഥ. ആ മാണിക്യക്കല്ല് സ്വന്തമാക്കിയ രാജകുമാരന്റെയും മന്ത്രികുമാരന്റെയും തടങ്കലില്‍ കഴിയുന്ന രാജകുമാരിയുടെ കഥ.

രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ മനസ്സില്‍ കയറിക്കൂടിയ ഈ കഥയ്ക്ക് എം.ടി.തന്നെ അജയന് ഒരു സ്‌ക്രിപ്റ്റ് എഴുതിക്കൊടുത്തു. പക്ഷേ, അതു സിനിമയായില്ല.

ഇതുപോലെത്തന്നെ പെരുന്തച്ചനും അജയന്റെ മനസ്സില്‍ കുട്ടിക്കാലത്തേ കയറിക്കൂടിയിരുന്നു. തന്റെ ആദ്യചിത്രത്തിന്റെ കഥ പെരുന്തച്ചന്‍ മതി. എം.ടി.തന്നെ ആ കഥ വെച്ച് സ്‌ക്രിപ്റ്റ് എഴുതണം. അജയന്‍ ഇക്കാര്യം എം.ടിയോടു പറഞ്ഞു. എം.ടി. കഥയെഴുതാമെന്ന് സമ്മതിച്ചു. ഈ സമയത്ത് എം.ടി സ്‌ക്രിപ്‌റ്റെഴുതിയ പഞ്ചാഗ്‌നി, വൈശാലി എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായിരുന്നു.

ഇതേ ജനുസ്സില്‍പ്പെട്ട ഒരു സ്‌ക്രിപ്റ്റ് വേണം എന്നുപറഞ്ഞ് പലരും എം.ടിയെ സമീപിച്ചു. കൂട്ടത്തില്‍ ജയകുമാറും. ഭാവചിത്രയുടെ ഉടമയും സെവന്‍ ആര്‍ട്‌സ് വിജയകുമാറിന്റെ സഹോദരനുമാണ് ജയകുമാര്‍. എം.ടിയുടെതന്നെ പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍ എന്നീ ചിത്രങ്ങളുടെ നിര്‍മാണപങ്കാളിയായിരുന്ന ജയകുമാര്‍ വൈശാലിയുടെ വിതരണപങ്കാളിയുമാണ്.

സെവന്‍ ആര്‍ട്‌സിന്റെയും ഭാവചിത്രയുടെയും ജനനത്തില്‍ എം.ടിക്കും പങ്കുണ്ട്. ഈ രണ്ടു സ്ഥാപനങ്ങള്‍ക്കും പേരു നല്കിയതും ഭാവചിത്ര ഉദ്ഘാടനം ചെയ്തതും എം.ടിയാണ്. ഒരു ചിത്രം സ്വതന്ത്രമായി നിര്‍മിക്കണമെന്ന ആഗ്രഹം ജയകുമാര്‍ പലവട്ടം എം.ടിയോട് പറഞ്ഞിരുന്നു. എം.ടിയുടെ ഒരു സ്‌ക്രിപ്റ്റ് വെച്ചേ ആ ചിത്രം ചെയ്യൂ എന്നും ജയകുമാറിന് നിര്‍ബന്ധമുണ്ടായിരുന്നു.

'ഒരു ചെറിയ കഥയുണ്ട്. ജയന്‍ കേട്ടിട്ടുണ്ടാകും. പെരുന്തച്ചന്‍. അതുവെച്ച് ഒരു സ്‌ക്രിപ്റ്റ് എഴുതാം. അജയനും താത്പര്യമുള്ള പ്രോജക്ടാണ്,' എം.ടി. പറഞ്ഞു.
അങ്ങനെ പെരുന്തച്ചന്‍ സിനിമയാക്കാന്‍ തീരുമാനമായി. സ്‌ക്രിപ്റ്റ്: എം.ടി. നിര്‍മാണം: ഭാവചിത്ര ജയകുമാര്‍. സംവിധാനം: അജയന്‍.
വൈശാലിയുടെ നിര്‍മാണസമയത്ത് ആ ചിത്രത്തിന്റെ കലാസംവിധായകന്‍ കൃഷ്ണമൂര്‍ത്തി തച്ചുശാസ്ത്രപാരമ്പര്യത്തിന്റെ പെരുമ നിലനില്ക്കുന്ന ഒരു ഗ്രാമത്തെക്കുറിച്ച് പറഞ്ഞത് എം.ടി. ഓര്‍ത്തു.

എം.ടി. പറഞ്ഞതനുസരിച്ച് അജയന്‍ കൃഷ്ണമൂര്‍ത്തിയെ വിളിച്ചു. കഥ പെരുന്തച്ചനാണെന്നറിഞ്ഞപ്പോള്‍ കൃഷ്ണമൂര്‍ത്തിക്കും ത്രില്ലായി. 'മംഗലാപുരത്ത് കുന്ദാപുരം ഗ്രാമമാണ് ഈ കഥയ്ക്കു പറ്റിയ ലൊക്കേഷന്‍.' കൃഷ്ണമൂര്‍ത്തി പറഞ്ഞു.നേരത്തെ ഗിരീഷ് കര്‍ണാടിന്റെ ഉത്സവ് എന്ന ചിത്രത്തിന്റെ കലാസംവിധാനത്തിന് കൃഷ്ണമൂര്‍ത്തി അവിടെ പോയിട്ടുണ്ട്. ഈ സ്ഥലത്തിന്റെ ഭൂമിശാസ്ത്രവും സമ്പന്നമായ തച്ചുശാസ്ത്രപാരമ്പര്യവും കണ്ടറിഞ്ഞ കൃഷ്ണമൂര്‍ത്തിക്ക് അന്നേ ഇവിടം കൗതുകമായിരുന്നു.

കൃഷ്ണമൂര്‍ത്തിയും എം.ടിയും അജയനും ജയകുമാറുമായി കുന്ദാപുരത്തേക്ക് തിരിച്ചു. കുന്ദാപുരത്തെത്തിയ എം.ടി. ആ ഗ്രാമത്തില്‍ കുറച്ചുദിവസം താമസിക്കാന്‍ നിശ്ചയിച്ചു. തച്ചുശാസ്ത്രത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനും പല കാര്യങ്ങളും മനസ്സിലാക്കാനും കുന്ദാപുരത്തെ തച്ചന്മാരും തച്ചുശാസ്ത്രപുസ്തകങ്ങളും എം.ടിയെ സഹായിച്ചു. ഇവിടെവെച്ച് മനസ്സിലെ പെരുന്തച്ചന് എം.ടി. രൂപം നല്കി. ഒപ്പമുണ്ടായിരുന്നവരുമായി കഥ നന്നായി ചര്‍ച്ച ചെയ്തു. കഥ എഴുതാന്‍ തുടങ്ങി.

അവര്‍ക്കിടയില്‍ വലിപ്പച്ചെറുപ്പമില്ല. തമ്പുരാനെന്നോ ആശാരിയെന്നോ ഉള്ള വേര്‍തിരിവുമില്ല. മനസ്സുകൊണ്ടുള്ള അടുപ്പമാണ്; ആത്മബന്ധമാണ്. ഉണ്ണിത്തമ്പുരാനും രാമനും. ഈ രാമന്‍ മറ്റൊരു പേരിലാണ് ലോകം അറിയുന്നത്. പെരുന്തച്ചന്‍. പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്‍! തച്ചുശാസ്ത്രത്തിന്റെ അവസാനവാക്ക്.

പെരുന്തച്ചന്റെ ബാല്യകാലസുഹൃത്തായ ഉണ്ണിത്തമ്പുരാന്‍ ഇന്ന് കുളത്തൂര്‍ കോവിലകത്തെ ഭാര്‍ഗവി തമ്പുരാട്ടിയുടെ ഭര്‍ത്താവാണ്. ദാസിപ്പെണ്ണ് വന്നു വിളക്കു കാണിക്കുമ്പോള്‍ അറയിലേക്കു പോകാന്‍ വിധിക്കപ്പെട്ട ഒരു തമ്പുരാന്‍. ഉണ്ണിത്തമ്പുരാന്റെ അച്ഛനില്‍നിന്ന് സംസ്‌കൃതം പഠിച്ചിട്ട് അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥവുമായി സ്ഥലംവിട്ട രാമനെ ഉണ്ണിത്തമ്പുരാന്‍ പിന്നെ കാണുന്നത് കുളത്തൂര്‍ കോവിലകത്തുവെച്ച് പത്തിരുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ്.

കോവിലകത്തെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ സ്വയംവരദുര്‍ഗയുടെ ബിംബം കൊത്താനുള്ള ചുമതല പെരുന്തച്ചന്‍ ഏറ്റെടുത്തു. നിമിത്തം പറഞ്ഞും കല്ലില്‍ സപ്തസ്വരം വായിച്ചും പെരുന്തച്ചന്‍ ഭാര്‍ഗവിത്തമ്പുരാട്ടിക്കു മുന്നില്‍ അദ്ഭുതം സൃഷ്ടിച്ചു. സ്വയംവരദുര്‍ഗയുടെ രൂപമാണ് തമ്പുരാട്ടിക്കെന്ന് അഭിനന്ദിച്ചുപറഞ്ഞ പെരുന്തച്ചന്‍ കൊത്തിയ ദേവീവിഗ്രഹത്തിന് തമ്പുരാട്ടിയുടെ മുഖമായിരുന്നു.

പൂര്‍ത്തിയായ വിഗ്രഹം കാണാന്‍ തമ്പുരാട്ടിയെ വിളിക്കാന്‍ അസമയത്ത് അറയില്‍ച്ചെന്നു മടങ്ങിയ പെരുന്തച്ചനെ ഒരു യാത്ര കഴിഞ്ഞുവന്ന തമ്പുരാന്‍ കണ്ടു. അതോടെ തമ്പുരാന്റെ മനസ്സില്‍ സംശയങ്ങള്‍ ഉറഞ്ഞുകൂടി. പിറ്റേന്ന് പ്രതിഷ്ഠാസമയത്ത് പെരുന്തച്ചനോട് പറയുകപോലും ചെയ്യാതെ വിഗ്രഹം എടുത്തുകൊണ്ടുപോയി. പെരുന്തച്ചന്‍ പിണങ്ങിപ്പോയി.

ക്ഷേത്രദര്‍ശനത്തിനു പോകവേ ഒരിക്കല്‍ തമ്പുരാട്ടി പെരുന്തച്ചനെ കണ്ടു. തമ്പുരാട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ പെരുന്തച്ചന് സന്തോഷമായി.
ചിങ്ങമാസത്തില്‍ ചന്ദനത്തടിയില്‍ തൊട്ടിലുണ്ടാക്കാന്‍ വരണമെന്നു പറഞ്ഞിട്ട് തമ്പുരാട്ടി മടങ്ങി. പക്ഷേ, തൊട്ടില്‍ പണിയാന്‍ ചെന്ന തച്ചനെ ഉണ്ണിത്തമ്പുരാന്‍ അധിക്ഷേപിച്ചു. പതിനാറുവര്‍ഷവും പന്തീരാണ്ടു വഴിപാടും നേര്‍ന്നുണ്ടായ കുഞ്ഞിക്കാവ് സ്വന്തം മകളാണെന്ന് ഉണ്ണിത്തമ്പുരാന് പിന്നീട് ബോധ്യമായി. ഭാര്‍ഗവിത്തമ്പുരാട്ടി മരണമടഞ്ഞു.

പെരുന്തച്ചന് ഒരു മകനുണ്ട് - കണ്ണന്‍. കാണാന്‍ സുന്ദരന്‍. അച്ഛന്റെ കൈക്കരുത്തും സാമര്‍ഥ്യവും കണ്ണനും അതേപടിയോ അല്പംകൂടി കൂടുതലായോ ലഭിച്ചിരുന്നു. ചെറുപ്പത്തിലേ അവന്റെ സാമര്‍ഥ്യവും ബുദ്ധിയും പെരുന്തച്ചനും ബോധ്യമായി.നാടും നാട്ടാരും കണ്ണന്റെ കഴിവിനെ ആവശ്യത്തിലേറെ പ്രശംസിച്ചു. കണ്ണന്‍ വളരുകയായിരുന്നു. അസൂയാവഹമായ വളര്‍ച്ച. ദേശാന്തരങ്ങള്‍ കാണാനിറങ്ങിയ കുഞ്ഞിക്കാവ് വഴിക്ക് കണ്ണനെ കണ്ടു. പൂണൂല്‍ ധരിച്ചിരുന്നതുകൊണ്ട് കണ്ണന്‍ ബ്രാഹ്മണനാണെന്ന് കുഞ്ഞിക്കാവ് ധരിച്ചു. അവളുടെ മനസ്സിളകി.

സരസ്വതീമണ്ഡപം ഉണ്ടാക്കാന്‍ ഭാര്‍ഗവിത്തമ്പുരാട്ടി ആഗ്രഹിച്ചിരുന്ന കാര്യം തമ്പുരാന്‍ കുഞ്ഞിക്കാവിനോടു പറഞ്ഞു. അമ്മയുടെ ആഗ്രഹം സഫലമാകണമെന്ന് കുഞ്ഞിക്കാവും തീരുമാനിച്ചു. സരസ്വതീമണ്ഡപം ഉണ്ടാക്കുന്ന ചുമതല തമ്പുരാന്‍ കണ്ണനെ ഏല്പിച്ചു. നീലകണ്ഠനായിരുന്നു മേല്‍നോട്ടം. കുഞ്ഞിക്കാവിനെ കണ്ട നീലകണ്ഠന്‍ ആ സൗന്ദര്യത്തില്‍ ആകൃഷ്ടനായി. അവരുടെ വിവാഹം ഉറപ്പിച്ചു. എത്രയും വേഗം വിവാഹം എന്ന് അയാള്‍ തമ്പുരാനോടു പറഞ്ഞു. പക്ഷേ, അല്പം സാവകാശം കുഞ്ഞിക്കാവ് ആവശ്യപ്പെട്ടു.

മണ്ഡപത്തിന്റെ പണി തുടങ്ങിയതോടെ കണ്ണനും കുഞ്ഞിക്കാവിനും പരസ്​പരം കാണാനും സംസാരിക്കാനും അവസരം ലഭിച്ചു. സരസ്വതീമണ്ഡപത്തിലെ എട്ടു തൂണുകളില്‍ അഷ്ടലക്ഷ്മിയുടെ ശില്പം കൊത്താന്‍ തുടങ്ങുമ്പോള്‍ കണ്ണന്റെ മനസ്സില്‍ കുഞ്ഞിക്കാവിന്റെ രൂപമാണ് തെളിഞ്ഞത്. രാത്രിയുടെ വിജനതയില്‍ കുഞ്ഞിക്കാവ് കണ്ണനുവേണ്ടി നൃത്തരൂപങ്ങള്‍ ചമച്ചു. ഉരപ്പുരയിലും പിന്നാമ്പുറങ്ങളിലും കണ്ണനെയും കുഞ്ഞിക്കാവിനെയും ചുറ്റിപ്പറ്റി കഥകള്‍ പരന്നത് തമ്പുരാന്റെ കാതുകളിലുമെത്തി. അതുപിന്നെ നീലകണ്ഠനിലെത്തിയപ്പോള്‍ കോവിലമാകെ വിറകൊണ്ടു.

തമ്പുരാന്‍ പറഞ്ഞയച്ചതിന്‍പ്രകാരം പെരുന്തച്ചന്‍ വന്നു. ഒന്നും സംഭവിക്കാതെ നോക്കിക്കൊള്ളാമെന്ന് പെരുന്തച്ചന്‍ തമ്പുരാന് ഉറപ്പുകൊടുത്തു. പക്ഷേ, കണ്ണനും കുഞ്ഞിക്കാവും മനസ്സുകൊണ്ടടുത്തുപോയി എന്ന് പെരുന്തച്ചന് ബോധ്യമായി. അതൊരു വലിയ ദുരന്തത്തിനു വഴിയൊരുക്കുമെന്ന് മനസ്സിലായ പെരുന്തച്ചന്‍ കൂടം അടുപ്പിക്കാന്‍ ചെന്നപ്പോള്‍ വീതുളി വീഴ്ത്തി കണ്ണനെ കൊലപ്പെടുത്തി.

പെരുന്തച്ചന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാന്‍ നാലുമാസം വേണ്ടിവന്നു എം.ടിക്ക്. എഴുതുന്ന സമയത്തൊക്കെ ആ മനസ്സില്‍ പെരുന്തച്ചന്റെ രൂപം തെളിഞ്ഞുകൊണ്ടിരുന്നു. ആസുരഭാവമുള്ള, കറുത്തുതടിച്ച്, കുറുകിയ മുഖമുള്ള, ഗൗരവപ്രകൃതിയുള്ള ഒരാള്‍. കൂര്‍ത്ത നോട്ടവും ദൃഢതയുള്ള ഭാവങ്ങളും അയാള്‍ക്കുണ്ടായിരിക്കണം.

സ്‌ക്രിപ്റ്റ് പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ എം.ടി. എഴുതിവെച്ചു. ഈ പെരുന്തച്ചന്‍ തിലകനാണ്. അഭിനയത്തിന്റെ വ്യത്യസ്ത ഭാവതലങ്ങള്‍ തന്നിലേക്കാവാഹിച്ചെടുത്ത മഹാനായ നടന്‍.പെരുന്തച്ചനുവേണ്ടി തിലകനെ കാണാന്‍ ചെന്ന ജയകുമാര്‍ മുപ്പതു ദിവസം ആവശ്യപ്പെട്ടു. അതുകേട്ട് അത്ഭുതത്തോടെ തിലകന്‍ ചോദിച്ചു:
'ഇതെന്തു പടമാണ്? മുപ്പതു ദിവസംകൊണ്ട് ഞാന്‍ മൂന്നു പടം തീര്‍ക്കും.'
'ഇത് അങ്ങനെയൊരു പടമാണ്. പെരുന്തച്ചന്‍. ടൈറ്റില്‍ കഥാപാത്രം താങ്കളാണ്. എം.ടിയുടെ സ്‌ക്രിപ്റ്റാണ്. സമയമെടുത്തു ചെയ്യേണ്ടതാണ്.'
തിലകന്‍ സമ്മതിച്ചു. ഹൃദയശസ്ത്രക്രിയയ്ക്ക് തീയതി തീരുമാനിച്ചിരിക്കുകയായിരുന്നു തിലകന്‍. പെരുന്തച്ചന്റെ കഥയാണെന്നു കേട്ടതും ഓപ്പറേഷന്‍ മാറ്റിവെച്ച് അഭിനയിക്കാമെന്നു സമ്മതിച്ചു.

'എവിടെയാ ലൊക്കേഷന്‍?'
'കര്‍ണാടകത്തിലെ കുന്ദാപുരത്ത്.'
'കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയല്ലേ? പിന്നെ കര്‍ണാടകത്തില്‍ പോകുന്നതെന്തിന്?' തിലകന്‍ ചോദിച്ചു.
'കേരളത്തെക്കാള്‍ വലിയ കേരളമാണ് കുന്ദാപുരം.'

ഷൂട്ടിങ്ങിന് കുന്ദാപുരത്തു ചെന്നപ്പോള്‍ ജയകുമാര്‍ പറഞ്ഞത് സത്യമാണെന്ന് തിലകനു മനസ്സിലായി. എവിടെ നോക്കിയാലും തെങ്ങുകള്‍ നിറഞ്ഞുനില്ക്കുന്നു. പിന്നെ കലാകാരന്മാരുടെ കരവിരുതു തെളിയിക്കുന്ന വീടുകള്‍. ഒരു ചെറിയവീടിന്റെ ചെറിയ തൂണില്‍പ്പോലും അഭ്ദുതപ്പെടുത്തുന്ന എന്തെങ്കിലുമൊന്ന്. പെരുന്തച്ചനിലെ ഉണ്ണിത്തമ്പുരാനെ നെടുമുടിക്ക് മാറ്റിവെച്ചു. നെടുമുടിയെ വിളിച്ച് പെരുന്തച്ചനില്‍ അഭിനയിക്കണമെന്നേ ആദ്യം പറഞ്ഞുള്ളൂ. പെരുന്തച്ചനായി തന്നെയാണ് ക്ഷണിച്ചിരിക്കുന്നതെന്നു ധരിച്ച നെടുമുടി സന്തോഷത്തോടെ സമ്മതിച്ചു. ലൊക്കേഷനില്‍ വന്ന് സ്‌ക്രിപ്റ്റ് വായിച്ച നെടുമുടി വേണു പറഞ്ഞു:

'അസുരഗണത്തില്‍പ്പെട്ട പെരുന്തച്ചനാണല്ലോ ഇത്. ഇത് തിലകനേ ചേരൂ.' വേണു പറഞ്ഞതു കേട്ട് എല്ലാവരും ചിരിച്ചു.
'അതേ, തിലകന്‍തന്നെയാണ് പെരുന്തച്ചന്‍. വേണു ഉണ്ണിത്തമ്പുരാനാണ്.

പെരുന്തച്ചനിലെ മറ്റൊരു പ്രധാന പുരുഷകഥാപാത്രം നീലകണ്ഠനാണ്. തന്‍പോരിമയും അഹന്തയും എല്ലാം കാല്‍ക്കീഴിലാക്കാനുള്ള വ്യഗ്രതയും തുടിച്ചുനില്ക്കുന്ന നീലകണ്ഠനായി ഒരു പുതിയ നടന്‍തന്നെ മതി എന്നായിരുന്നു തീരുമാനം.പലരെയും നോക്കിയിട്ട് ഒടുവില്‍ നാനാ പടേക്കറെ തീരുമാനിച്ചു. പക്ഷേ, അതു ശരിയാകില്ലെന്ന് എം.ടി.ക്ക് തോന്നി. അനില്‍ ബാബുവിന്റെ അനന്തവൃത്താന്തം എന്ന ചിത്രത്തില്‍ അഭിനയിച്ച മനോജിന്റെ കാര്യം ജയകുമാര്‍ പറഞ്ഞു. പുതിയ ഭാവങ്ങളുള്ള നല്ലൊരു നടന്‍. ജയവിജയന്മാരിലെ ജയന്റെ മകനായ, കുമിളകള്‍ എന്ന മലയാള ടെലിവിഷന്‍ പരമ്പരയില്‍ നായകനായ മനോജിനെ എല്ലാവര്‍ക്കും സമ്മതമായി.

പെരുന്തച്ചന്റെ മകന്‍ കണ്ണനായി തമിഴ്‌നടന്‍ ത്യാഗരാജന്റെ മകന്‍ പ്രശാന്തിനെ കൃഷ്ണമൂര്‍ത്തിയാണ് നിര്‍ദേശിച്ചത്.പ്രധാനമായും രണ്ടു പെണ്‍താരങ്ങളായിരുന്നു പെരുന്തച്ചനു വേണ്ടിയിരുന്നത്. അതിലൊന്നായ കുഞ്ഞിക്കാവായി എം.ടിയുടെ നഖക്ഷതങ്ങളിലൂടെ സിനിമയിലെത്തിയ മോണിഷയെ തീരുമാനിച്ചു. മറ്റൊരു സ്ത്രീകഥാപാത്രം ഭാര്‍ഗവിത്തമ്പുരാട്ടിയാണ്. പെരുന്തച്ചന്റെ മനസ്സിളക്കാന്‍ പോന്ന സൗന്ദര്യവും വശ്യതയും അംഗലാവണ്യവും ഒത്തിണങ്ങിയവളാകണം തമ്പുരാട്ടി. മറ്റൊരര്‍ഥത്തില്‍ കൊച്ചുതമ്പുരാട്ടിയെക്കാള്‍ സുന്ദരി!

കന്നടയില്‍നിന്നാണ് ആ സുന്ദരിയെ അവര്‍ കണ്ടെടുത്തത്. വിടര്‍ന്ന ഭംഗിയുള്ള കണ്ണുകള്‍. ചിരിക്കുമ്പോള്‍ വിരിയുന്ന നുണക്കുഴി. ഒത്ത ഉയരം. ലാവണ്യം വഴിഞ്ഞൊഴുകുന്ന ഉടല്‍. ഒതുങ്ങിയ അരക്കെട്ട്. സ്വര്‍ണത്തില്‍ കടഞ്ഞെടുത്ത ദേവീവിഗ്രഹംപോലെ ശോഭ നിറഞ്ഞ വിനയാപ്രസാദിനെ നോക്കിനിന്നുപോയി എം.ടിയും അജയനും ജയകുമാറും പിന്നെ കൃഷ്ണമൂര്‍ത്തിയും.

എം.എസ്. തൃപ്പൂണിത്തുറ, ജലജ, ബാബു നമ്പൂതിരി തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍.
ഒരു ദിവസം എം.ടി. മുറിയില്‍ വന്നു.
'പെരുന്തച്ചന്റെ രൂപത്തെക്കുറിച്ച് ഐഡിയ എന്തെങ്കിലുമുണ്ടോ?' തിലകനോടു ചോദിച്ചു.
'മൊട്ടയടിക്കണോ?' തിലകന്‍ ചോദിച്ചു.
'വേണ്ട.'
'എന്നാല്‍ തോളറ്റംവരെ മുടി നീട്ടിവളര്‍ത്തിയാലോ?'
'അതു മതി. പിന്നെ ഒറ്റമുണ്ടും കൗപീനവും തോര്‍ത്തും ഭാണ്ഡവും.' എം.ടി. പറഞ്ഞു.
ഈ രൂപത്തില്‍ ഒരു ദിവസം ചിത്രീകരിച്ചു. അതിരാവിലെ കുളിക്കുന്ന രംഗം. പക്ഷേ, ഇതിന്റെ റഷസ് കണ്ടപ്പോള്‍ ആര്‍ക്കും ഇഷ്ടമായില്ല.
'തല മൊട്ടയടിച്ച് ചൈനീസ് കുടുമ വെക്കാം,' എം.ടി. പറഞ്ഞു.
അങ്ങനെ ചെയ്ത് വീണ്ടും അതേ രംഗം ചിത്രീകരിച്ചു. എല്ലാവര്‍ക്കും ഇഷ്ടമായി.

'രണ്ടുമൂന്നു ദിവസം അഭിനയിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ പെരുന്തച്ചനായി മാറിയോ എന്നൊരു സംശയം. ഒരു പ്രത്യേക യുഗത്തില്‍ ജീവിക്കുന്നപോലെ, ചില പ്രത്യേക ആള്‍ക്കാരോടു സംസാരിക്കുന്നതുപോലെ... എന്തോ ഒരു ആത്മീയപരിവേഷം ഉണ്ടാകുന്നതുപോലെ എനിക്കു തോന്നി.' തിലകന്‍ ഓര്‍മിക്കുന്നു.
ചിത്രത്തില്‍ പെരുന്തച്ചന്‍ ഒരു രഥം പണിയുന്ന രംഗമുണ്ട്. പകുതിയോളം പണിതുകഴിഞ്ഞ രഥമാണ്. സീനെടുക്കാന്‍ അങ്ങനെയൊരു രഥത്തിനരികില്‍ ചെന്നിരുന്നു. ആ രഥത്തില്‍ പെയിന്റടിച്ചിരിക്കുന്നത് തിലകന്‍ കണ്ടു. 'പുരാതനകാലത്തുള്ള രഥമായാണ് ഇതുപയോഗിക്കേണ്ടത്. അന്ന് പെയിന്റടിച്ച രഥമെവിടെ? ഈ രഥം ഉപയോഗിക്കാന്‍ പറ്റില്ല.' തിലകന്‍ പറഞ്ഞു.
'ഇതേ ലഭിക്കൂ' എന്ന് സംവിധായകന്‍.
ഉടന്‍ തിലകന്‍ പറഞ്ഞു: 'ഈ രഥംവെച്ച് ഞാന്‍ അഭിനയിക്കില്ല.'

അജയന്‍ പിന്നാലെ ചെന്നു.
'പോയി അന്വേഷിക്ക്. ഇവിടെ എവിടെയെങ്കിലും രഥമുണ്ടാക്കുന്നവരുണ്ടാകും,'തിലകന്‍ പറഞ്ഞു.
അന്വേഷിച്ചപ്പോള്‍ ലൊക്കേഷന്റെ നാലഞ്ചു കിലോമീറ്ററിനുള്ളില്‍ രഥമുണ്ടാക്കുന്ന ഒരു സ്ഥലമുണ്ട്. അവിടെ ഒരു തച്ചന്‍ രഥമുണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. പകുതി തീര്‍ന്ന ആ രഥം ഷൂട്ടിങ്ങിനുവേണ്ടി വാങ്ങി. അതു പണിതുകൊണ്ടിരുന്ന തച്ചനോട് തിലകന്‍ ചോദിച്ചു:
'ഈ രഥത്തില്‍ ഞാനൊരു കരവേല ചെയ്താല്‍ പിന്നെ അതുപയോഗിക്കാന്‍ പ്രയാസമാകുമോ?'
'കുഴപ്പമില്ല. ശരിയായില്ലെങ്കില്‍ വേണ്ടെന്നുവെക്കാം.'

എം ടി വാസുദേവന്‍ നായരുടെ പുസ്തകങ്ങള്‍ വാങ്ങാം


(ഹിറ്റുകളുടെ കഥ എന്ന പുസ്തകത്തില്‍ നിന്ന്)