സീന്‍ 61 ബി
എഴുന്നേറ്റ് ആകാശംമുട്ടുമാറ് ബാപ്പുട്ടി തലയുയര്‍ത്തി നില്‍ക്കുന്നു. അപ്പോഴാണ് കാണുന്നത്; സുലൈമാനും വേറെയും ചില നാട്ടുഗുണ്ടകളും അടുക്കുകയാണ്. മറ്റൊരുവഴിക്ക് മമ്മദ്ക്കാ. 
അവര്‍ അയാളെക്കണ്ട് നില്‍ക്കുന്നു. അവശനും നിസ്സഹായനുമായ കുഞ്ഞാലി വേച്ച് വേച്ച് എഴുന്നേല്ക്കുന്നു. കാലുറയ്ക്കുന്നില്ല. അയാളും കാണുന്നു, തന്റെ സഹായികളെ.

ബാപ്പുട്ടി: കണ്ണൂര് ജയില് ആണുങ്ങള്‍ക്കാന്ന് ബോധ്യംള്ള ചെലര്ണ്ട്ന്ന് കേട്ടിട്ടുണ്ട് ബടെ. ബാപ്പുട്ടീം പെണ്ണല്ല. ഉസറുള്ള ആണുങ്ങളുണ്ടെങ്കില്‍ വരിനെടാ. ജനിച്ചാ ഒരീസം ചാവണം. അതിന്നായാലും ബാപ്പുട്ടിക്ക് പുല്ലാ.
മമ്മദ്ക്കായുടെ ധര്‍മസങ്കടം.
ആരും ഇളകുന്നില്ല.
അവര്‍ക്ക് മുമ്പിലൂടെ ധീരതയോടെ തലയുയര്‍ത്തിപ്പിടിച്ച് ബാപ്പുട്ടി നടക്കുന്നു.
(ഓളവും തീരവും - എം.ടി.)

പ്രതിബന്ധങ്ങള്‍ക്കിടയിലും ശിരസ്സുയര്‍ത്തിപ്പിടിച്ച് ഉശിരോടെ നടന്നുനീങ്ങുന്ന ബാപ്പുട്ടി എന്ന നായകന്‍ 'ഓളവും തീരവും' എന്ന സിനിമയിലൂടെയോ തിരക്കഥയിലൂടെയോ കടന്നുപോയിട്ടുള്ളവര്‍ക്ക് ഇന്നും ഉള്ളില്‍ത്തട്ടുന്ന അനുഭവമാണ്. പ്രമേയത്തിലും ആവിഷ്‌കാരത്തിലും വ്യത്യസ്തത പുലര്‍ത്തിയ ആ സിനിമപോലെതന്നെ ഓജസ്സുറ്റതായിരുന്നു നായകന്‍ ബാപ്പുട്ടിയും.

പക്ഷേ, ആ കഥാപാത്രത്തിന്റെ ശില്പിയായ എം.ടി.ക്ക് ബാപ്പുട്ടിയെക്കാള്‍ എന്നും ഏറെ ഇഷ്ടം രൂപവും ശബ്ദവും നല്‍കി അതിന് പൂര്‍ണത നല്‍കിയ മധു എന്ന നടനെയാണ്. അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാപ്പുട്ടിയെ സൃഷ്ടിച്ച എഴുത്തുകാരനും തിരശ്ശീലയില്‍ ബാപ്പുട്ടിക്ക് മജ്ജയും മാംസവുമേകിയ നടനും എണ്‍പത്തിനാലാം വയസ്സിലേക്ക് കടക്കുന്ന വര്‍ഷം കൂടിയാണിത്. ശതാഭിഷിക്തരാവുന്ന ആ വ്യക്തിത്വങ്ങളുടെ ഒരപൂര്‍വ സംഗമമാവുകയാണ്  ഇവിടെ.

കോഴിക്കോട് കൊട്ടാരം റോഡിലെ 'സിതാര' എന്ന എം.ടി.യുടെ വീട്ടിലേക്കുള്ള യാത്രയില്‍ മധുവിന്റെ മനസ്സു നിറയെ കറുപ്പും വെളുപ്പും കലര്‍ന്ന ഓര്‍മച്ചിത്രങ്ങളായിരുന്നു. അരനൂറ്റാണ്ടു മുന്‍പുള്ള  മദിരാശി പട്ടണത്തിന്റെ സ്റ്റുഡിയോകളില്‍നിന്നും തുടങ്ങിയതാണ് ആ സൗഹൃദം. ''എം.ടി.യെ കാണുന്നതുപോലും മനസ്സിന് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്.

കോഴിക്കോട്ടെത്തിയാല്‍ എത്ര തിരക്കുണ്ടെങ്കിലും എം.ടി.യെ വിളിക്കാതെ ഞാന്‍ മടങ്ങാറില്ല. നടനും സാഹിത്യകാരനുമൊക്കെയാണെങ്കില്‍പോലും ഞങ്ങള്‍ ഒരു കുടംബത്തില്‍ ജനിച്ചുവളര്‍ന്നവരെപ്പോലെയാണ്. 'മൂടുപട'ത്തിന്റെ ഷൂട്ടിങ് കാലത്താണ് എം.ടി.യുമായി പരിചയപ്പെടുന്നത്. പിന്നീട് അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും ഞാന്‍ അഭിനയിച്ചു.  '' - മധു പറഞ്ഞു.

ഓര്‍മകളുമായി 'സിതാര'യില്‍
സിതാരയുടെ പൂമുഖത്തുതന്നെ മധുവിനെ കാത്ത് എം.ടി.യുണ്ടായിരുന്നു. ഒരു ചെറുപുഞ്ചിരിയോടെയുള്ള ഹസ്തദാനം ഇരുവരെയും പഴയകാല വസന്തങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആ ഓര്‍മയില്‍ എം.ടി. പറഞ്ഞു: ''നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനം കഴിഞ്ഞ് രാമു കാര്യാട്ടിന്റെ 'മൂടുപട'ത്തില്‍ അഭിനയിക്കാന്‍ വന്നപ്പോഴാണ് മധുവിനെ ഞാന്‍ ആദ്യം കാണുന്നത്. അന്ന് മാധവന്‍ നായരാണ്. സ്‌ക്രിപ്റ്റ് എഴുത്തുമായി ഞാനും അക്കാലത്ത് ഇടയ്ക്കിടെ മദിരാശിയില്‍ പോകും. ടി.കെ. പരീക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള 'ചന്ദ്രതാര'യായിരുന്നു അക്കാലത്ത് ഞങ്ങളുടെ താവളം.

രാമു കാര്യാട്ടും ആര്‍.എസ്. പ്രഭുവും ശോഭന പരമേശ്വരന്‍ നായരും അടൂര്‍ഭാസിയും ശങ്കരാടിയുമൊക്കെ അടങ്ങുന്ന ആ സുഹൃദ്വലയത്തിലേക്ക് വളരെ പെട്ടെന്നാണ് മധുവും ഇഴുകിച്ചേര്‍ന്നത്. ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിലൊക്കെ ചന്ദ്രതാരയില്‍ ഞങ്ങളൊത്തുകൂടും. നിലത്തു പായവിരിച്ച് എല്ലാവരും അതിലാണ് കിടപ്പ്. നേരം പുലരുംവരെ സിനിമയും സാഹിത്യവുമൊക്കെ ചര്‍ച്ചചെയ്യും. ശരിക്കും ഒരാഘോഷം തന്നെയായിരുന്നു ആ കാലം.'' എം.ടി.യുടെ ഓര്‍മകളെ ശരിവെച്ചുകൊണ്ട് നിഷ്‌കളങ്കനായ ഒരു കുട്ടിയുടെ ചിരിയുമായി മധു തലയാട്ടി. 

ഒരേകാലത്ത് പരിചയപ്പെട്ട്, ഒരുമിച്ച് സിനിമകള്‍ ചെയ്ത രണ്ടുപേര്‍ ഇപ്പോള്‍ ഒരേവര്‍ഷം ശതാഭിഷിക്തരാവുന്നതിന്റെ സന്തോഷം പങ്കിട്ടുകൊണ്ട് എം.ടി. പറഞ്ഞു: ''മധുവിനെക്കാള്‍ രണ്ടു മാസം മൂത്തത് ഞാനാണ്. ഈ കാര്യം ഒരു ചടങ്ങില്‍ പ്രസംഗിക്കുമ്പോള്‍ മധുതന്നെയാണ് പറഞ്ഞത്. വേണമെങ്കില്‍ എം.ടി.യെ എനിക്ക് ജ്യേഷ്ഠാ എന്നൊക്കെ വിളിക്കാമെന്ന്. എന്നെ സംബന്ധിച്ചിടത്തോളം മധു എന്നും എന്റെ കൂടെയുണ്ട്. ഞാന്‍ മധുവിനൊപ്പവും.

നിരന്തരമായ കൂടിക്കാഴ്ചകളോ ഫോണ്‍വിളികളോ ഒന്നും ഞങ്ങള്‍ക്കിടയിലില്ല. ഞങ്ങള്‍ രണ്ടു ദിക്കിലിരുന്നാല്‍ മതി. എന്നാലും ഞങ്ങളുടെ മാനസികഐക്യം ചെറുതല്ല. എന്തും തുറന്നുസംസാരിക്കാവുന്ന സൗഹൃദം. പണ്ടൊക്കെ തിരുവനന്തപുരത്ത് പോകുമ്പോള്‍ മധുവിനൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെയായിരുന്നു എന്റെ താമസം. 'ശിവഭവന'ത്തിന്റെ മുകളിലത്തെ നിലയില്‍ ഞങ്ങള്‍ ഒരുപാട് സംസാരിച്ചിരിക്കും. ഇപ്പോഴും എത്ര ചുരുങ്ങിയ സമയമാണെങ്കിലും തിരുവനന്തപുരത്ത് പോയാല്‍ മധുവിനെ വിളിക്കാതെ ഞാന്‍ മടങ്ങാറില്ല.''

നായകത്രയങ്ങള്‍
സത്യനും നസീറുമായിരുന്നു അക്കാലത്തെ താരങ്ങള്‍. അവര്‍ക്കിടയിലേക്കാണ് എന്‍.എന്‍. പിഷാരടിയുടെ 'നിണമണിഞ്ഞകാല്പാടുകളി'ലൂടെ മധു കടന്നുവരുന്നത്. അഭിനയം അക്കാദമിക് തലത്തില്‍ പഠിച്ചെടുത്ത ഒരാള്‍ അക്കാലത്ത് മധു മാത്രമായിരുന്നു. ഒത്ത ശരീരവും ശാരീരവുമുള്ള സുമുഖനായ ഈ ചെറുപ്പക്കാരന്‍ സിനിമയില്‍ വലിയ വിജയം നേടണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ച ഒരുപറ്റം സഹൃദയര്‍ അന്ന് മദിരാശിയിലുണ്ടായിരുന്നു. അതിലൊരാള്‍ എം.ടി.യായിരുന്നു. ''സിനിമയില്‍ മധുവിന് ഒരു വേഷം നല്‍കണമെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.

അങ്ങനെയൊരു ശുപാര്‍ശ മധുവിന് ആവശ്യമില്ലായിരുന്നു. തനിക്കൊരു വേഷം തരണമെന്ന് മധുവും ആരോടും പറഞ്ഞിട്ടില്ല. അത് വല്ലാത്തൊരു തന്റേടമാണ്. സിനിമയില്‍ വന്നതുമുതല്‍ അദ്ദേഹത്തിനു മികച്ച വേഷങ്ങള്‍ ലഭിച്ചു തുടങ്ങി. എന്റെ പല സ്‌ക്രിപ്റ്റിലും മധു അഭിനയിച്ചിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചിട്ടുണ്ട്. അത് എന്റെ മാത്രം ആഗ്രഹമായിരുന്നില്ല. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും മധു സ്വീകാര്യനായിരുന്നു'' - എം.ടി.യുടെ വാക്കുകള്‍. 

'മുറപ്പെണ്ണ്', 'നഗരമേ നന്ദി', 'ഓളവും തീരവും', 'മാപ്പുസാക്ഷി', 'വിത്തുകള്‍', 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച', 'വെള്ളം' തുടങ്ങിയ സിനിമകളിലാണ് എം.ടി.യുടെ രചനയില്‍ മധു അഭിനയിച്ചത്. എം.ടി.യുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വല്ലാത്തൊരു അനുഭവമായിരുന്നുവെന്ന് മധു ഓര്‍മിക്കുന്നു. ''എം.ടി.യുടെ സ്‌ക്രിപ്റ്റ് വായിച്ചുകഴിഞ്ഞാല്‍ പിന്നീട് ആ കഥാപാത്രമായി എന്റെ മനസ്സും ശരീരവും പെട്ടെന്ന് പാകപ്പെടുമായിരുന്നു. ഞാന്‍ നന്നായിട്ടഭിനയിച്ചു എന്ന് മറ്റുള്ളവര്‍ പറയുന്ന മറ്റു പല പടങ്ങളിലും സ്‌ക്രിപ്റ്റ് വായിച്ചശേഷം നല്ലപോലെ ആലോചിച്ച് കഥാപാത്രത്തിന് എന്റെതായ ഒരു ഡയമെന്‍ഷന്‍ നല്‍കുകയായിരുന്നു.

എം.ടി.യുടെ പടത്തില്‍ അഭിനയിക്കുമ്പോള്‍ അങ്ങനെയല്ല. തിരക്കഥ വായിച്ച് നേരെയങ്ങ് അഭിനയിക്കാന്‍ പോകുകയാണ്. എത്ര പിരിമുറുക്കമുള്ള സീനാണെങ്കിലും വളരെ ഈസിയായി അഭിനയിക്കാന്‍ പറ്റും. അതിന് പ്രധാന കാരണം എം.ടി.യുടെ ഒബ്സര്‍വേഷന്‍ തന്നെയാണ്. മനുഷ്യന്റെ ഓരോ ചലനവും ഭാവവും എം.ടി.യുടെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു. അദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍പോലും ഉള്ളില്‍നിന്നും വരുന്നതാണ്. അതുകൊണ്ടാണ് ഒരു നടന്‍ എന്ന നിലയില്‍ എം.ടി.യുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ഒരു മഹാഭാഗ്യംതന്നെയായി ഞാന്‍ കരുതുന്നത്.''

സാത്ത് ഹിന്ദുസ്ഥാനി
കെ.എ. അബ്ബാസിന്റെ 'സാത്ത് ഹിന്ദുസ്ഥാനി'യില്‍ അഭിനയിക്കാന്‍ മധുവിന് ക്ഷണം ലഭിച്ചപ്പോള്‍ അതിലേറെ അഭിമാനിച്ച സുഹൃത്തുക്കളിലൊരാളും എം.ടി.യായിരുന്നു. ''സാത്ത് ഹിന്ദുസ്ഥാനി ഒരു കമേഴ്സ്യല്‍ പടമായിരുന്നില്ല. എങ്കിലും മലയാളത്തിലെ ഒരു നടന്‍ ബോളിവുഡില്‍ ശ്രദ്ധേയനാകാന്‍ പോകുന്നു എന്ന കാര്യത്തില്‍ വലിയ സന്തോഷമുണ്ടായിരുന്നു.  ബച്ചന്റെ ആദ്യ സിനിമയുമായിരുന്നു അത്. സാത്ത് ഹിന്ദുസ്ഥാനികൊണ്ട് നേട്ടമുണ്ടായത് ബച്ചനാണ്. ബച്ചന്‍ പിന്നീട് ബോളിവുഡിന്റെ കൊടുമുടിയിലേക്ക് കയറിപ്പോയി. മധു പിന്നീട് ഹിന്ദിയിലേക്ക് പോയതുമില്ല. അതില്‍ ഞങ്ങള്‍ക്കല്പം വിഷമവുമുണ്ടായിരുന്നു.''

സാത്ത് ഹിന്ദുസ്ഥാനിയില്‍ അഭിനയിച്ചശേഷം ബോളിവുഡ് വിടാന്‍ മറ്റൊരു കാരണമുണ്ടായിരുന്നുവെന്ന് മധു. ''എം.ടി. പറഞ്ഞപോലെ സാത്ത് ഹിന്ദുസ്ഥാനിയെപ്പറ്റി ആലോചിക്കുമ്പോള്‍ എനിക്കിപ്പോള്‍ അഭിമാനം തോന്നുന്നത് ബച്ചന്റെ കാര്യത്തിലാണ്. ഞങ്ങള്‍ക്കൊപ്പം അഭിനയിച്ച ബച്ചന്‍ ഇന്ത്യന്‍ സിനിമയുടെ 'ബിഗ്ബി'യായി മാറി. ആ ഉയര്‍ച്ച എനിക്ക് ഏറെ സന്തോഷം പകരുന്നുണ്ട്.

ഞാന്‍ ഹിന്ദിയില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ ഏറെക്കുറെ എഴുപതോടുകൂടി എന്നിലെ ഹീറോ മരിക്കുമായിരുന്നു. ഒരു സ്റ്റണ്ട് നടനാകാനായിരുന്നില്ല ഞാന്‍ ഇഷ്ടപ്പെട്ടത്. മലയാളത്തില്‍ ഒട്ടേറെ അവസരങ്ങളുള്ളപ്പോള്‍ ഹിന്ദിയില്‍ പോയി എന്നിലെ നടനെ നശിപ്പിക്കാന്‍ എനിക്കാഗ്രഹമില്ലായിരുന്നു. കാശിനേക്കാളേറെ ഞാനെന്നും വിലമതിച്ചത് ജോലിയുടെ സംതൃപ്തിയാണ്. അത് എം.ടി.ക്കറിയാമല്ലോ.''

അരനൂറ്റാണ്ടിലേറെ നീണ്ട സൗഹൃദത്തില്‍ എം.ടി. മധുവില്‍ കണ്ട ഏറ്റവും വലിയ സവിശേഷത അദ്ദേഹത്തിന്റെ വ്യക്തിത്വം തന്നെയാണ്. ''ഞാന്‍ പരിചയപ്പെട്ട കാലം മുതല്‍ പരാതിയോ പരിഭവങ്ങളോ ഇല്ലാത്ത ഒരാളാണ് മധു. സിനിമയില്‍നിന്നും നേടിയ സമ്പാദ്യമെല്ലാം സിനിമകള്‍ നിര്‍മിച്ചും സ്റ്റുഡിയോ ഉണ്ടാക്കിയും സിനിമയുടെ വികസനത്തിനുവേണ്ടിയും വിനിയോഗിക്കുവാനുള്ള ഒരു വലിയ മനസ്സും മധു കാണിച്ചു.

അത് വലിയൊരു ധീരത കൂടിയാണ്. ജീവിതത്തില്‍ എന്തെല്ലാം കഷ്ടതകളും വേദനകളും അനുഭവിച്ചാലും അതിനെ ധൈര്യപൂര്‍വം നേരിടാനുള്ള കരുത്തും മധു കാട്ടാറുണ്ട്. തന്റെതല്ലാത്ത കാരണത്താല്‍ ക്രൂശിക്കപ്പെട്ട അനുഭവങ്ങളെ കുറിച്ചും അതിനുകാരണക്കാരായവരെ കുറിച്ചും മധു പറയുന്നതുപോലും വികാരവിക്ഷോഭങ്ങളൊന്നുമില്ലാതെ വളരെ നിര്‍മമതയോടെയാണ്.''

ആഘോഷങ്ങളില്ലാതെ പിറന്നാള്‍
എം.ടി.യുടെയും മധുവിന്റെയും പിറന്നാളിന് ആഘോഷങ്ങളൊന്നുമില്ല. ഇന്നുവരെയും പിറന്നാള്‍ കൊണ്ടാടിയവരല്ല ഇരുവരും. പക്ഷേ, എഴുത്തും അഭിനയവും ഇന്നും ഇവര്‍ തുടരുന്നു. അത് മലയാളികളുടെ സുകൃതങ്ങളിലൊന്ന്. ''സത്യത്തില്‍ സിനിമയില്‍ അഭിനയിക്കാനുള്ള കൊതി എന്നെ വിട്ടുപോയിരിക്കുന്നു എം.ടി.... ഞാന്‍ പരിപൂര്‍ണ സംതൃപ്തനാണ്. പലതവണ ഇത് നിര്‍ത്തിയാലോ എന്നു ഞാന്‍ ചിന്തിച്ചതാണ്. പക്ഷേ, ഏകാന്തത ഞാനിഷ്ടപ്പെടുന്നില്ല. ക്ലബ്ബില്‍ പോയി ചീട്ടു കളിച്ചും ബാറില്‍ പോയി കള്ളുകുടിച്ചും സമയം കളയാന്‍ എനിക്കിഷ്ടമില്ല.

പിന്നെ മാസത്തില്‍ രണ്ടുദിവസമെങ്കിലും സിനിമയില്‍ വര്‍ക്കുചെയ്യുന്നതിന് ഒരു സുഖമുണ്ട്. ബന്ധുക്കളെയൊക്കെ കാണുന്ന ഒരു സുഖമാണ് ലൊക്കേഷനിലെത്തുമ്പോള്‍. ഇപ്പോള്‍ അഭിനയിക്കാന്‍ പോകുന്നതുപോലും അതിനുവേണ്ടിയാണ്. ഞാന്‍ പ്രതീക്ഷിച്ചിരുന്നിതനുമപ്പുറം സിനിമ എനിക്ക് തന്നുകഴിഞ്ഞു. ഒരു ആക്ടര്‍ എന്ന നിലയില്‍ കൂടുതലായൊന്നും ചെയ്യാനുള്ള സ്‌കോപ് ഇനിയുണ്ടെന്ന് തോന്നുന്നില്ല. വളരെ വ്യത്യസ്തമായ കുറേ കഥാപാത്രങ്ങളെ ഈ ലൈഫ് ടൈമിനിടയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. അങ്ങനെയൊരു ഭാഗ്യം വളരെ കുറച്ചുപേര്‍ക്കെ കിട്ടിയിട്ടുള്ളു. അതില്‍ തൃപ്തനാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാനെന്തു മനുഷ്യനാണ്'' മധുവിന്റെ വാക്കുകള്‍. 

ഇടയ്ക്ക് എം.ടി.യുടെ എഴുത്തിനെക്കുറിച്ചും മധു തിരക്കി. ''പുതിയൊരു കഥ എഴുതാനുള്ള ഒരുക്കത്തിലാണ് ഞാന്‍. കുറെയായി എഴുതാറില്ല. പ്രമേഹം കണ്ണിനെ ബാധിച്ചതിനാല്‍ മുമ്പത്തെപ്പോലെ കൂടുതലായി വായിക്കാനും കഴിയുന്നില്ല'' എം.ടി. പറഞ്ഞു. 

എം.ടി.യുടെ കൃതികളില്‍ ഏറെ ഇഷ്ടപ്പെട്ടത് ഏതെന്ന് മധുവിനോട് ചോദിച്ചാല്‍ അദ്ദേഹത്തിന് ഒരു മറുപടി മാത്രമേയുള്ളൂ: ''ഇഷ്ടപ്പെടാത്തതായി ഒന്നുമില്ല. 
വിടപറയാന്‍ നേരമായി. എം.ടി.യോട് യാത്രചോദിച്ച് മധു 'സിതാര'യുടെ പടിയിറങ്ങി. അവരുടെ ഹസ്തദാനത്തിന് തീവ്ര സ്‌നേഹത്തിന്റെ ഇഴയടുപ്പമായിരുന്നു. പഴയ ഒരോര്‍മയിലെന്നപോലെ മധു പറഞ്ഞു: ''എം.ടി.യെ കാണാന്‍ ഞാനിനിയും വരാം. ''സിതാരയുടെ മുറ്റത്തുകൂടെ ശിരസ്സുയര്‍ത്തി സൗമ്യനായി മധു കാറിനടുത്തേക്ക് നടന്നുപോകുന്നത് പൂമുഖത്തുനിന്ന് എം.ടി. നോക്കിക്കണ്ടു.

എഴുത്തിന്റെ കുലപതിയുടെ മനസ്സില്‍ ആ നേരം വിരിഞ്ഞ ചിത്രമേതാകാം. മുറപ്പെണ്ണിലെ കേശവന്‍കുട്ടിയോ, നഗരമേ നന്ദിയിലെ രാഘവനോ, മാപ്പുസാക്ഷിയിലെ കൃഷ്ണന്‍കുട്ടിയോ, വിത്തുകളിലെ ഉണ്ണിയോ, വെള്ളത്തിലെ മാത്തുണ്ണിയോ..... ഇതൊന്നുമാകാന്‍ വഴിയില്ല. ഓളവും തീരത്തിലെ ബാപ്പുട്ടിതന്നെയായിരിക്കും. ബാപ്പുട്ടിയുടെ കരുത്തും ധൈര്യവും സ്‌നേഹവും ഇന്നും ചോര്‍ന്നുപോകാതെ മധു എന്ന അഭിനയകുലപതിയില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ടല്ലോ.

എം ടി വാസുദേവന്‍ നായരുടെ പുസ്തകങ്ങള്‍ വാങ്ങാം