നോട്ട്നിരോധനത്തോട് പ്രതികരിച്ചതിന്റെ പേരിൽ എം.ടി.യെ അപമാനിച്ചതിന് പ്രതിഷേധക്കൂട്ടായ്മകൾ നടക്കുകയായിരുന്നു കേരളമാകെ. എം.ടി.യുടെ ജന്മദേശമായ കൂടല്ലൂരിൽനിന്ന് കഴിഞ്ഞയാഴ്ച എന്നെ വിളിച്ചു. വന്നേതീരൂ. കവിസുഹൃത്തായ ഒ.പി. സുരേഷിനോടൊപ്പം ഞാൻ കൂടല്ലൂരിലേക്ക് ചെന്നു. മലയാളികൾ മനസ്സിലോമനിക്കുന്ന ആ നാട്ടിൻപുറത്തെ അങ്ങാടി ജനസമൃദ്ധമായിരുന്നു. കെട്ടിയുയർത്തിയ സ്റ്റേജിനുമുന്നിൽ ഇരുണ്ട സന്ധ്യയിൽ പ്രായംചെന്ന സ്ത്രീകളടക്കം കുളിരും മഞ്ഞുംകൊണ്ട് കാതോർക്കുന്നുണ്ട്. എം.ടി. ഒരു വലിയവികാരമാണ്. നമ്മുടെ ഗുരുനാഥനാണ്. രാമായണംപോലെ നാം വായിച്ച ഒരുപാടുകൃതികളുടെ കർത്താവാണ്. ഞാൻ സംസാരിച്ചു തുടങ്ങി. 

ഇരുപതുവർഷങ്ങൾക്കുമുൻപാണ് ആദ്യമായി കൂടല്ലൂരിൽ പോയത്. തൊണ്ണൂറ്റി അഞ്ചിൽ എം.ടി.ക്ക്‌ ജ്ഞാനപീഠം കിട്ടിയപ്പോൾ നാടാകെ അദ്ദേഹത്തെ വരവേറ്റദിവസം. വൈകീട്ട് ഒരു ഘോഷയാത്ര യുണ്ടായിരുന്നു. കൂടല്ലൂരിലെ മനുഷ്യസമൂഹം മുഴുവൻ അതിൽപങ്കെടുത്തു. മുത്തുക്കുടയും താലപ്പൊലിയുമായി നീങ്ങിയ ഘോഷയാത്രയ്ക്കുമുന്നിൽ എം.ടി. ഇടയ്ക്ക് എവിടെനിന്നോ പ്രായംചെന്ന ഒരാൾ വന്ന് ഘോഷയാത്രയിൽ ചേർന്നു. എം.ടി. എന്നെ നോക്കി അദ്ദേഹത്തിലേക്ക് ശ്രദ്ധതിരിച്ചു. ഞാൻ ആദ്യമായി കാണുകയായിരുന്നു. എം.പി. ശങ്കുണ്ണിനായർ, എന്റെമനസ്സിൽ എന്നോനിറഞ്ഞ ആരാധനാരൂപം. 

ഛത്രവും ചാമരവും എഴുതിയ കാവ്യവ്യുത്പ്പത്തി എഴുതിയ, പണ്ഡിതൻ. മലയാളം കണ്ട വലിയവിമർശകൻ. സാധാരണ അങ്ങനെ കൂട്ടത്തിലൊന്നും കൂടാത്ത ആ ധിഷണാശാലിയെ അത്ഭുതത്തോടെ ഞാൻ നോക്കിനിന്നു. ഘോഷയാത്ര അവസാനിക്കുന്നതുവരെ വരിയിൽച്ചേർന്നുനടന്ന് നിശ്ശബ്ദനായി ശങ്കുണ്ണിനായർ അപ്രത്യക്ഷനായി. 

കൂടല്ലൂരിലെ പ്രസംഗംകഴിഞ്ഞ് ഞാൻ സ്റ്റേജിൽനിന്ന് ഇറങ്ങിയപ്പോൾ രവിയേട്ടൻ വന്ന് കൈപിടിച്ചു. എം.ടി.യുടെ സഹോദരനാണ്. എം.ടി. രവീന്ദ്രൻ. അദ്ദേഹത്തിന്റെ വീട്ടിൽ ഞാൻ താമസിച്ചിട്ടുണ്ട്. രവിയേട്ടൻ ഞങ്ങളെ വീട്ടിലേക്ക് കൊണ്ടുപോയി. അതിനോട് ചേർന്നാണ് എം.ടി. കൂടല്ലൂരിൽ മുപ്പത്തഞ്ച് വർഷങ്ങൾക്കുമുമ്പ് പണിത വീട്. പൂട്ടിയിട്ട ആ വീട്ടിൽ ഇന്ന് താമസിക്കാനാരുമില്ല.

പുഴയിലേക്ക് നോക്കി കാറ്റുകൊണ്ട് ഒരിക്കൽ താമസിക്കാമെന്ന് സ്വപ്നംകണ്ട് നിർമിച്ച വീടാണ്. ചിതൽകയറി  മാറാലപിടിക്കുന്ന ആ വീടിനെനോക്കി രവിയേട്ടൻ പറഞ്ഞു: ‘ഇവിടേക്കുവന്ന്‌ താമസിക്കാൻ ആർക്കും താത്‌പര്യമില്ല. കഴിഞ്ഞയാഴ്ച ഇതിലേ പോകുമ്പോൾ വാസ്വേട്ടൻ ഒന്നുകയറി. അരമണിക്കൂർ ഇവിടെയിരുന്നു’. വറ്റിവരണ്ട പുഴയും ഇടിഞ്ഞുപോയ കുന്നുകളും ഇരുട്ടിലെനിക്ക്‌ കാണാൻ കഴിഞ്ഞില്ല.

95-ലാണ്‌ എം.ടി.ക്ക്‌ ജ്ഞാനപീഠം കിട്ടിയത്‌. ഞാൻ ചേളന്നൂർ ശ്രീനാരായണ കോളേജിൽ അധ്യാപകനായി ചേർന്നവർഷം.  ഞാൻ എഡിറ്റുചെയ്ത ‘എം.ടി.’ എന്ന പുസ്തകം മൾബറിയിലൂടെ പുറത്തിറങ്ങിയവർഷം. എം.ടി.യെ കോളേജിൽ കൊണ്ടുവരണമെന്ന്‌ കുട്ടികൾക്ക്‌ നിർബന്ധം.  കോളേജിലൊന്നും അങ്ങനെ പ്രസംഗിക്കാൻപോകാത്ത എം.ടി.യോട്‌ പറയാൻ എനിക്ക്‌ സങ്കോചവും. ഒടുവിൽ ചെന്നു പറഞ്ഞു. എം.ടി. വന്നു. 

ജ്ഞാനപീഠം കിട്ടിയതിനുശേഷമുള്ള ആദ്യത്തെ സ്വീകരണപരിപാടി. കോളേജിന്റെ മുറ്റത്ത്‌ കെട്ടിയുയർത്തിയ സ്റ്റേജും പന്തലും. നാട്ടുകാരടക്കംകൂടി. ഞാനൊരു മുണ്ടും വെറ്റിലയും നാണയവും കൈയിൽക്കരുതിയിരുന്നു. സ്റ്റേജിൽക്കയറി ഞാൻ പറഞ്ഞു. കുട്ടിക്കാലംതൊട്ടേ മനസ്സിൽ അരുമയോടെ അക്ഷരമുദ്ര നൽകിയ എന്റെ ഗുരുനാഥന്‌ ഇത്‌ സമർപ്പിക്കട്ടെ. എം.ടി. എന്നെ കെട്ടിപ്പിടിച്ചു. ആ കണ്ണുകൾ നിറയുന്നത്‌ ഞാൻകണ്ടു. സദസ്സിന്റെ മനസ്സ്‌ ആർദ്രമായി. ആ ഗുരുപൂജയ്ക്കുശേഷം ഞാൻ ഗുരു എന്നേ വിളിച്ചിട്ടുള്ളൂ.

നാട്ടിൽനടക്കുന്ന സംഭവങ്ങളോടൊന്നും അങ്ങനെ പ്രതികരിക്കാത്ത ആളാണ്‌ എം.ടി. പ്രതികരിക്കേണ്ടിടത്ത്‌ വാക്കുകൾ രൂക്ഷമാവും. ബിലാത്തികുളത്ത്‌ അദിതി എന്ന ഒരു പെൺകുഞ്ഞിനെ കൊന്ന അച്ഛനെ ആരോഗ്യമുണ്ടായിരുന്നെങ്കിൽ ഞാൻ തല്ലിക്കൊന്നേനെ എന്ന്‌ രോഷത്തോടെ വേദിയിൽ പറയുന്നത്‌ കേട്ടിട്ടുണ്ട്‌.  എഴുത്തുകാരുടെ പ്രതികരണങ്ങൾ അവരുടെ ക്രിയേറ്റീവ്‌ മൂഡിനനുസരിച്ചായിരിക്കും. മുമ്പൊരിക്കൽ കേരളത്തിലെ ഒരു പ്രമുഖ രാഷ്‌ട്രീയപ്രവർത്തകനെ പെൺകേസിൽ സദാചാരക്കൂട്ടം അപമാനിച്ചപ്പോൾ അപമാനിക്കപ്പെട്ടയാൾ എന്നെവിളിച്ചു.  

ഞങ്ങൾ കുറച്ചുപേർ അതിനോട്‌ പ്രതികരിക്കാമെന്ന്‌ നിശ്ചയിച്ചു. സക്കറിയ മുതൽ സിവിക്‌ചന്ദ്രൻവരെയുള്ളവരുടെ ഒപ്പുകൾ ശേഖരിച്ചു. പ്രതിഷേധപ്രസ്താവനയിൽ എം.ടി.യും വേണമെന്നായി. പുനത്തിൽ കുഞ്ഞബ്ദുള്ളയും ഞാനും എം.ടി.യെ ചെന്നുകണ്ടു. കാര്യം പറഞ്ഞു. കേരളത്തിൽ ഒരു ആണിനും പെണ്ണിനും ഒന്നിച്ചുനടക്കാനുള്ള സ്വാതന്ത്ര്യമില്ലേ? ഞങ്ങളുടെ രോഷംകണ്ട്‌ എം.ടി. മന്ദഹസിച്ചു. ഞാൻ പ്രസ്താവന കൈയിൽക്കൊടുത്തു.  അതുവായിച്ച്‌ എം.ടി. ഒന്നുംപറയാതെ മറ്റെന്തോ വിഷയത്തിലേക്ക്‌ കടന്നു. അരമണിക്കൂർകഴിഞ്ഞ്‌ പുനത്തിൽ എന്നെ തോണ്ടി. ഞാൻ ഓർമിപ്പിച്ചു. ‘ഒപ്പ്‌, ഒപ്പ്’. ചെറുചിരിയോടെ എം.ടി. തലയാട്ടി.

‘നമ്മൾ എഴുത്തുകാരാണ്‌. ഈ ആശയം നല്ലതാണ്‌. ഈ പറഞ്ഞതൊക്കെ വേണ്ടതാണ്‌. പക്ഷേ, ഇങ്ങനെ ഒരാൾക്കുവേണ്ടിയാകുമ്പോൾ...’
പുനത്തിൽ എന്നെ നോക്കിപ്പറഞ്ഞു.
‘ഞാൻ അപ്പേഴേ പറഞ്ഞതല്ലേ. ഇത്‌ വേണ്ടാന്ന്‌...’
എല്ലാവരും ഒപ്പിട്ട പ്രതിഷേധപ്രസ്താവന അപ്പോൾത്തന്നെ ഞാൻ വലിച്ചുകീറി.

സാമ്പത്തികരംഗത്തെക്കുറിച്ച്‌ പറയാൻ എം.ടി.ക്ക്‌ എന്തുകാര്യം എന്നുചോദിച്ച ആൾ എം.ടി. നടത്തിയ ബിസിനസ്സുകളെക്കുറിച്ച്‌ അറിയാതെപോയി. നല്ല താത്‌പര്യമുണ്ടെങ്കിലും പരാജയപ്പെട്ട കലാകാരനായ വ്യാപാരിയാണ്‌ എം.ടി. ഒരു പുസ്തകപ്രസിദ്ധീകരണശാല എൺപതുകളിൽ തുടങ്ങി. ‘തത്ത്വമസി’യും ‘അനുരാഗത്തിന്റെ ദിനങ്ങളും’ പുറത്തിറക്കിയ ക്ലാസിക്‌ ബുക്ക്‌ട്രസ്റ്റ്‌. അധികകാലം അത്‌ നിലനിന്നില്ല. കിഴക്കേ നടക്കാവിൽ തെക്കേപ്പാട്ട്‌ മെഡിക്കൽസ്‌ എന്നപേരിൽ ഇംഗ്ലീഷ്‌ മരുന്നുശാലതുടങ്ങി. വൈകാതെ അതുംപൂട്ടി. വരച്ചവരയിൽ സ്വന്തംകാശിന്‌ ക്യൂനിന്ന്‌ തളരുന്ന ഒരു ജനതയെ കാണുമ്പോൾ ഇത്‌ ശരിയല്ല എന്നു പറയാൻ പ്രജാപതിയായ എഴുത്തുകാരനല്ലേ ധാർമികത?

എൺപതുകളുടെ ആരംഭത്തിലാണ്. എം.ടി.യുടെ വലിയ ആരാധകനായ ഒരു യുവാവ്‌ മലപ്പുറത്തുനിന്ന്‌ കോഴിക്കോട്ടേക്ക്‌ വണ്ടികയറി. ഉദ്ദേശ്യം എം.ടി.യെ ഒന്നു ദൂരെനിന്ന്‌ കാണുകയെന്നുമാത്രമാണ്‌. നടക്കാവിലെ കൊട്ടാരംറോഡിൽ അയാൾ ചുറ്റിത്തിരിഞ്ഞു. നല്ല പരിഭ്രമമുണ്ട്‌. ഒരുവിധം ധൈര്യം സംഭരിച്ച്‌ വീട്ടിലേക്ക്‌ചെന്നു. ആൾ പുറത്തുപോയെന്ന വിവരംകിട്ടി. യുവാവ്‌ നിരാശനായി. 

വൈകുന്നേരംവരെ അയാൾ വീട്ടിനുപുറത്ത്‌ കാത്തുനിന്നു. സന്ധ്യയാകാറായി. എം.ടി. വന്നിട്ടില്ല. തിരിച്ച്‌ മലപ്പുറത്തേക്ക്‌ ഇനി ബസ്‌ പിടിച്ചുപോകണം. യുവാവ്‌ സങ്കടത്തോടെ മടങ്ങി. നല്ല തലവേദന. കിഴ​െക്ക നടക്കാവ്‌ റോഡിലെത്തിയപ്പോൾ തെക്കേപ്പാട്ട്‌ മെഡിക്കൽസ്‌ കണ്ടു. (മാടത്ത്‌ തെക്കേപ്പാട്ടാണ്‌ എം.ടി. യായത്‌). യുവാവ്‌ മെഡിക്കൽഷോപ്പിൽക്കയറി പാരസിറ്റമോൾ ചോദിച്ചു. മൂലയിൽ കസേരയിൽ എന്തോ ചിന്തിച്ചുകൊണ്ടിരുന്ന ആൾ പാരസിറ്റമോൾ എടുത്തുകൊടുത്തു. യുവാവ്‌ മരവിച്ചുനിന്നുപോയി. അത്‌ എം.ടി. ആയിരുന്നു!

എം ടി വാസുദേവന്‍ നായരുടെ പുസ്തകങ്ങള്‍ വാങ്ങാം

 

vrsudhish@gmail.com