വിചാരിതമായി ചാറ്റൽമഴ പെയ്ത ഒരു വസന്തകാല സായാഹ്നത്തിൽ, പാരീസിലെ തെരുവില്‍ വെച്ച് ഏണസ്റ്റ് ഹെമിങ്‌വേയെ ആദ്യമായി കണ്ടതിനെക്കുറിച്ച് ഗബ്രിയേൽ ഗാർസ്യ മാർക്വേസ് ഹൃദയം കൊണ്ടെഴുതിയ ഒരോർമക്കുറിപ്പുണ്ട്. തേഞ്ഞുതീരാറായ കൗബോയ് പാന്റ്‌സും കള്ളിഷർട്ടുമിട്ട്, ബേസ്‌ബോൾകളിക്കാരുടെ തൊപ്പി വെച്ച്‌, ലോഹച്ചുറ്റുള്ള മെലിഞ്ഞ വട്ടക്കണ്ണട ധരിച്ച് തെരുവിനപ്പുറമുള്ള നടപ്പാതയിലൂടെ ഭാര്യക്കൊപ്പം നടക്കുന്ന തന്റെ ആരാധ്യപുരുഷനെ ആദ്യദർശനത്തിൽത്തന്നെ മാർക്വേസ് തിരിച്ചറിഞ്ഞു.

ടാർസൻശൈലിയിൽ, രണ്ടുകൈപ്പത്തികളും വായ്ക്കുചുറ്റുംചേർത്ത്‌ സൃഷ്ടിച്ച കോളാമ്പിയിലൂടെ, തന്നേക്കാൾ ഇരട്ടിപ്രായമുള്ള ഏണസ്റ്റിനെ നോക്കി അദ്ദേഹം താനറിയാതെ ഉറക്കെ വിളിച്ചുപോയി: ‘മാസ്റ്ററോ...!’ ജനമൊഴുകുന്ന നഗരമധ്യത്തിൽ, ഗുരുവേ എന്നു വിളിക്കപ്പെടാൻ യോഗ്യനായ മറ്റൊരാളും പരിസരത്തെങ്ങുമുണ്ടാവില്ലെന്ന ഉറപ്പിൽ, മഹാനായ ഹെമിങ്‌വേ വിളികേട്ട ദിക്കിലേക്ക് തന്റെ കാളക്കഴുത്തുവെട്ടിച്ച് തിരിഞ്ഞുനോക്കി. മറ്റേ വശത്തുള്ള നടപ്പാതയിൽ കൺവിളക്കിൽ തെളിഞ്ഞുകത്തുന്ന ആദരത്തോടെ, ഒരു വിളക്കുകാൽപോലെ തറഞ്ഞുനിൽക്കുന്ന അജ്ഞാതനായ ഇരുപത്തെട്ടുകാരനെ നോക്കി കൈവീശിക്കൊണ്ട് ഹെമിങ്‌വേ തിരികെ സ്പാനിഷിൽ വിളിച്ചുപറഞ്ഞു: ‘അഡ്യൂസ് അമിഗോ!’

മാർക്വേസിന് ആ എതിർകൂക്കിന്റെ പൊരുൾ തിരിഞ്ഞു: ഗുഡ്‌ബൈ ഫ്രണ്ട്!  അതിന് രണ്ട് ധ്വനികൾ: ഒന്ന്,  മുൻപരിചയമില്ലെങ്കിലും എന്റെ എഴുത്തിനെ സ്നേഹിക്കുന്നതിനാൽ നീ എനിക്ക്‌ സുഹൃത്തുതന്നെ. രണ്ട്,  സുഹൃത്താണെങ്കിലും അങ്ങനെ സംസാരിച്ചുകളയാൻ സമയമില്ലാത്തതിനാൽ ഇപ്പോൾ വിട!

കുറുക്കിപ്പറയുക, കൂടുതൽ ധ്വനിപ്പിക്കുക എന്ന സാരസ്വതവിദ്യ എഴുത്തിൽ എന്നതുപോലെ ഹെമിങ്‌വേയുടെ പ്രകൃതത്തിലും എങ്ങനെ നിലീനമായിരുന്നു എന്ന് പറയാൻ ശ്രമിക്കുന്ന മാർക്വേസിന്റെ ആ  ലേഖനം എന്തുകൊണ്ടോ മനസ്സിലേക്ക് എം.ടി. വാസുദേവൻനായരെ കൊണ്ടുവന്നു. ആരാധകരെ അധികം അടുപ്പിക്കാത്തവിധം എം.ടി. മൗനംകൊണ്ട്‌ തീർത്തിട്ടുള്ള അദൃശ്യമായ ആ പ്രതിരോധദുർഗം ഓർമയിൽ വന്നതിനാലാകാം. നമ്മുടെ കാലഘട്ടത്തിൽ, അത്യധികമായ ആദരത്തോടെ ‘മാസ്‌ട്രോ’ എന്ന്‌ നിസ്സംശയം നീട്ടിവിളിക്കാവുന്ന ഒരെഴുത്തുകാരൻ മലയാളത്തിൽ നിലവിലുണ്ടോ എന്നാലോചിച്ചതുകൊണ്ടാവാം.

ചിലപ്പോൾ ഹെമിങ്‌വേയുടെ എക്കാലത്തെയും വലിയ മലയാളി ആരാധകൻ എം.ടി.യായതുകൊണ്ടാവാം. ഇനി അതല്ല, അപ്പുറത്തെ മുറിയിലെ ടി.വി.യിൽനിന്ന്, പോലീസുകാർ തെളിവെടുപ്പിന്‌ കൊണ്ടുനടക്കുന്ന സിനിമാനടനെ ആൾക്കൂട്ടം കൂക്കിവിളിക്കുന്ന ശബ്ദം തുടർച്ചയായി കേൾക്കുന്നതുകൊണ്ടുമാകാം. പ്രതിഭാശക്തികൊണ്ടുമാത്രം ഒരാളെ സമൂഹം ആരാധിക്കുമെന്നതിന് നമുക്കുള്ള ഏറ്റവും വലിയ തെളിവായ എം.ടി.തന്നെയാണല്ലോ വീണവനെ കല്ലെറിയാനുള്ള സമൂഹമനസ്സിന്റെ അത്യാസക്തിയെക്കുറിച്ച് ഏറ്റവും ഭംഗിയായി നമുക്ക്‌ പറഞ്ഞുതന്നതും (‘സമൂഹത്തിന് ഒരു വേട്ടക്കാരന്റെ മനസ്സാണ്. ഇര വീഴുമ്പോഴേ അതിന് തൃപ്തിയാവൂ. വീഴ്ത്തുന്നത് വിനോദം മാത്രമല്ല, ഒരാഘോഷം കൂടിയാണ്!’).

പ്രണയംമുതൽ പകവരെയുള്ള നമ്മുടെ വ്യത്യസ്തവികാരങ്ങൾക്ക് ഏറ്റവും സഫലമായി അക്ഷരരൂപം നൽകിയ എഴുത്തുകാരൻ എന്ന നിലയ്ക്ക് എം.ടി. എൺപത്തിനാലാം വയസ്സിലും മലയാളിയുടെ ‘സമകാലിക’നായി തുടരുന്നു. കവിതയൊഴിച്ചുള്ള നമ്മുടെ ഗദ്യാവിഷ്കാരങ്ങളിൽ- കഥയിലും നോവലിലും തിരക്കഥയിലും അനുഭവക്കുറിപ്പിലുമെല്ലാം- പിൻഗാമികളെ മാത്രമല്ല തന്റെ സമകാലികരെയും ഇതുപോലെ ആവേശിച്ച മറ്റൊരെഴുത്തുകാരൻ നമുക്കില്ല. ‘ഹൃദയംകൊണ്ടെഴുതുക’ എന്നത്  മാനദണ്ഡമാക്കിപ്പറഞ്ഞാൽ ഒരുകാലത്ത് മലയാളത്തിൽ രണ്ടുതരം ഗദ്യസാഹിത്യമേ ഉണ്ടായിരുന്നുള്ളൂ:  എം.ടി.യെപ്പോലെ എഴുതുന്നവരും എം.ടി.യെപ്പോലെ എഴുതാത്തവരും.

(അതേകാലം നമ്മുടെ ഗായകരുടെ ഇടയിലും അങ്ങനെ രണ്ടു ചേരികളുണ്ടായി- യേശുദാസിനെപ്പോലെ പാടുന്നവരും യേശുദാസിനെപ്പോലെ പാടാത്തവരും) ഭാഷയുടെ അതിരുകൾക്കുള്ളിൽനിന്നുകൊണ്ട് എം.ടി. അവതരിപ്പിച്ച സവിശേഷമായ മലയാളിത്തത്തെ അതിശയിക്കാൻ, ശൈലിയിലും ആവിഷ്കാരത്തിലും എം.ടി.യേക്കാൾ പ്രാഗല്‌ഭ്യം കാണിച്ച എഴുത്തുകാർക്കുപോലും കഴിഞ്ഞിട്ടില്ല എന്നും നിരീക്ഷിക്കാം.  അദ്ദേഹം പണിഞ്ഞ നാലുകെട്ടിൽനിന്ന് പൊളിച്ചെടുത്ത ചില പണിത്തരങ്ങൾ ഏറ്റവും പുതിയ എഴുത്തുകാരുടെ വാസ്തുശില്പങ്ങളിൽപ്പോലും ഭംഗിചേർക്കുന്നത് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നത് അതുകൊണ്ടാണ്- ഭാഷയും വികാരവും ഒന്നായിത്തീരുന്ന ഇടങ്ങളിൽ പ്രത്യേകിച്ചും. കഴിഞ്ഞ ആറരപ്പതിറ്റാണ്ടിലേറെയായി മലയാളഗദ്യത്തിന്റെ ഹൃദയമായി തുടിക്കുന്നത് ഈ മനുഷ്യന്റെ സർഗാത്മകതയും അതിന്റെ തുടർസ്വാധീനവുമാണ്. സമകാലിക കേരളത്തിന്റെ സാംസ്കാരികശരീരത്തിൽ കണ്ണും കാതും ശ്വാസകോശവും വൃക്കയുമെല്ലാം രണ്ടുവീതമുണ്ടായേക്കാം. എന്നാൽ, ഹൃദയം ഒന്നേയുള്ളൂ. അതെ, നമ്മുടെ ഭാഷയിൽ കാലം സൃഷ്ടിച്ച ഹൃദയസാന്നിധ്യമാണ് എം.ടി.

എന്നാൽ, എം.ടി.യുടെ ആയുരാരോഗ്യത്തിനുവേണ്ടി ഈ എൺപത്തിനാലാം പിറന്നാൾദിനത്തിൽ ഒരു ഭാഷ പ്രാർഥിക്കുന്നതിന് ഇപ്പോൾ മറ്റൊരു കാരണംകൂടിയുണ്ട്. ബാങ്ക് അക്കൗണ്ടിന്റെയും ആസ്തികളുടെയും ഉപയോഗിക്കുന്ന കാറിന്റെയും പേരിലല്ലാതെ, സമ്പൂർണമായ ഹൃദയാദരത്തോടെ മലയാളിക്ക്‌ ചൂണ്ടിക്കാണിക്കാൻ നമ്മുടെ നാട്ടിൽ ഇപ്പോൾ അധികംപേരൊന്നും അവശേഷിക്കുന്നില്ല എന്നൊരു തോന്നലാണ് അത്. അധികാരസ്ഥാനത്തിരിക്കുന്നവരെ കാണുമ്പോൾ വളഞ്ഞേനിന്ന് നടുവേദന പിടിച്ച സാംസ്കാരികനായകന്മാരുടെ കൂട്ടത്തിൽ എം.ടി.യില്ല. മറ്റാരും കേൾക്കുകയില്ലെന്ന ഉറപ്പുകിട്ടിയാലും ആത്മസുഹൃത്തിനോടുപോലും അദ്ദേഹം പരദൂഷണം പറയില്ല.

പ്രസംഗപീഠത്തിൽ നിൽക്കുമ്പോൾ സന്ദർഭം ആവശ്യപ്പെടുന്ന ഔചിത്യത്തിനപ്പുറം, സമയത്തിനപ്പുറം, ഒരു വാക്കുപോലും അധമമോ അധികമോ ആക്കില്ല. സദസ്സിനാൽ തനിക്കോ, തന്നാൽ സദസ്സിനോ മടുപ്പുണ്ടാക്കുന്ന ഒരു പരിപാടിക്കും എം.ടി. ഇരുന്നുകൊടുക്കില്ല. സാഹിത്യത്തിലും സിനിമയിലും അഗ്രേസരനായിത്തുടർന്ന വർഷങ്ങളിൽപോലും അസൂയാലുക്കളായ ശത്രുക്കളുടെ സങ്കല്പങ്ങളിലല്ലാതെ അദ്ദേഹത്തെക്കുറിച്ച് ഒരപഖ്യാതിയും പടർന്നുപിടിച്ചില്ല. അതിപ്രശസ്തനായ ഒരു മലയാളിയെ സംബന്ധിച്ച് അസാധ്യമെന്നുതന്നെ പറയാവുന്ന നേട്ടങ്ങൾ! പുതുകാലത്തിലെ കരിയറിസ്റ്റുകളുടെ ബയോഡാറ്റകളിൽ ഭൂതക്കണ്ണാടി വെച്ചുനോക്കിയാല്‍പ്പോലും കണ്ടെത്താൻ കഴിയാത്ത അദ്‌ഭുതങ്ങൾ!

ആത്മാദരമാണ് (self respect) ഒരെഴുത്തുകാരന്റെ ബലയും അതിബലയും എന്ന് സാന്നിധ്യംകൊണ്ട് തെളിയിക്കുന്ന എം.ടി.യെക്കുറിച്ച് വായിച്ചറിഞ്ഞ ഒരു സംഭവം ഇപ്പോൾ ഓർക്കുന്നത് പ്രസക്തമാകും. പ്രേംനസീർ സൂപ്പർതാരമായി വാഴുന്ന കാലം. എം.ടി. താമസിക്കുന്ന ഒരു ഹോട്ടലിൽ ഷൂട്ടിങ് സംബന്ധമായി നസീറും താമസിക്കാനെത്തുന്നു. എം.ടി.യുടെ തിരക്കഥയിൽ ഒരുങ്ങുന്ന അടുത്ത പടത്തിന് സൂപ്പർതാരത്തിന്റെ ഡേറ്റ് വേണം. നിർമാതാവ് വന്ന് എം.ടി.യോട് പറയുന്നു: ഇത്രാംനമ്പർ മുറിയിൽ പ്രേംനസീറുണ്ട്. താങ്കൾ ചെന്നുകണ്ട് കാര്യം പറഞ്ഞാൽ നസീർ സമ്മതിച്ചേക്കും.

അപ്പോൾ ചുണ്ടിലെ ബീഡി ഒന്നുകൂടി കടിച്ചുഞെരുക്കിക്കൊണ്ട് എഴുത്തുകാരന്റെ ആത്മാഭിമാനം ഏറ്റവും കുറച്ച്‌ വാക്കുകളായി പുറത്തുവരുന്നു: ഈ മുറിയിൽ ഞാനുണ്ടെന്ന് അദ്ദേഹത്തോടുപറയൂ. സമയം കിട്ടുമ്പോൾ അദ്ദേഹത്തിന് എന്നെവന്നു കാണാമല്ലോ!  (അക്കാലത്തിന്റേതായ ഒരു ഹൃദയനൈർമല്യം സ്വന്തമായുണ്ടായിരുന്ന പ്രേംനസീർ ഒട്ടും അമാന്തിക്കാതെ എം.ടി.യെ വന്നുകണ്ടു എന്ന് ആ കഥ തുടരുന്നു.)  ജനപ്രിയനായ ഒരു സിനിമാനടൻ ആ ഭാഷയിലെ എഴുത്തുകാരനേക്കാൾ ഒട്ടും മുകളിലല്ല എന്ന തിരിച്ചറിവ് രണ്ടുപേർക്കുമുണ്ടായിരുന്നു എന്നർഥം.

കൗമാരകാലത്ത് ഞാൻ നേരിട്ട്‌ സാക്ഷ്യംവഹിച്ച മറ്റൊരു സന്ദർഭവും ഓർമവരുന്നു. മൂന്നുപതിറ്റാണ്ടുമുമ്പാണ്. പുഴയോരത്തുള്ള മണൽത്തിട്ടിൽ ദിവസങ്ങളോളം നീണ്ടുനിന്ന ഒരു സാംസ്കാരികോത്സവം നടക്കുന്നു. നാലുകെട്ടിന്റെ മട്ടിൽ കെട്ടിയുണ്ടാക്കിയ വേദി കാണാൻ മാത്രമായി സാഹിത്യതാത്‌പര്യങ്ങളൊന്നുമില്ലാത്ത സ്ത്രീകളും കുട്ടികളുമൊക്കെ അവിടെ തടിച്ചുകൂടുന്നു. വേദിയുടെ വ്യാജമായ ആ ഗൃഹാന്തരീക്ഷത്തിന് പൊലിമ കൂട്ടാനായി സാംസ്കാരികോത്സവത്തിന്റെ ആദ്യദിവസംമുതൽ ഒരറ്റത്ത് തൂക്കിയിട്ട ലോഹക്കമ്പികൊണ്ടുള്ള കിളിക്കൂട്ടിൽ പരിക്ഷീണിതനായ ഒരു തത്തയുണ്ടായിരുന്നു.

അവസാനദിവസത്തെ സമാപനസമ്മേളനത്തിൽ ഉദ്ഘാടകനായി എം.ടി. എത്തുന്നതിനാൽ സദസ്യരുടെ മുൻനിരയിൽത്തന്നെ ഞങ്ങൾ കൂട്ടുകാർ കസേരപിടിച്ചിരിക്കുകയാണ്. വെളിച്ചംനിറഞ്ഞ ഒരു പ്രസംഗം കഴിഞ്ഞ് എം.ടി. ഇരുന്നശേഷം, പലമട്ടിലുള്ള പ്രസംഗധോരണികൾക്കിടയിൽ സംസാരിക്കാൻ അവസരം കിട്ടിയ ഒരു യുവകവി, തനിക്കുമാത്രം സാധ്യമാകുന്ന നാടകീയശൈലിയിൽ പ്രഖ്യാപിക്കുന്നു: കൂട്ടിൽക്കിടക്കുന്ന തത്ത ഇത്തരമൊരു സാംസ്കാരിക പരിപാടിയിൽ ഒരു മോശം പ്രതീകമാണ്. താനുടനെ അതിനെ വാനിൽ പറത്താൻ പോവുന്നു!

സംഘാടകരുടെ അങ്കലാപ്പിനിടയിൽ കവി പതുക്കെ നടന്നുചെന്ന് കൂടുതുറന്ന് തത്തയെ പുറത്തെടുക്കാൻ തുടങ്ങുമ്പോൾ സ്വതേ മിതഭാഷിയായ എംടി സദസ്യർക്കുകൂടി കേൾക്കാൻ പാകത്തിൽ പറഞ്ഞു: 'ദിവസങ്ങളായി ഭക്ഷണം കിട്ടാതെ അവശനാണ് ആ തത്തയെന്നു തോന്നുന്നു. അതിന് ആദ്യം എന്തെങ്കിലും തിന്നാനും കുടിക്കാനും കൊടുക്കൂ. ഇപ്പോൾ പറത്തിവിട്ടാൽ അതെവിടെയെങ്കിലും വീണ് പൂച്ചകൾക്ക് ആഹാരമാകും!'

രക്ഷകദൗത്യം ഉപേക്ഷിച്ച് കസേരയിലേക്ക് മടങ്ങുന്ന കവിയെ നോക്കി ആൾക്കൂട്ടത്തിലിരിക്കുമ്പോൾ, അത് തുഞ്ചന്റെ തത്തയുടെ തന്നെ പ്രതീകമാണെന്നുള്ള തോന്നലൊന്നും ഉദിപ്പിക്കാനുള്ള പ്രായമെത്തിയിരുന്നില്ല എന്റെ മനസ്സിന്.  എന്നാൽ അത്തരമൊരു സന്ദർഭത്തിൽ എം.ടി. പുലർത്തിയ പ്രത്യുൽപ്പന്നമതിത്വം ഇന്നും മനസ്സിൽ ഉയിർക്കുന്നു. എഴുത്തുകാരനായ എംടി ഏതു പക്ഷത്താണ് എന്ന ചോദ്യത്തിനും ആ കാഴ്ച ഉത്തരം തരുന്നുണ്ട്. തളർന്നവന്റേയും വ്രണിതാത്മാവിന്റേയും പക്ഷത്ത്. എന്നാലത് അന്ധമായ രാഷ്ട്രീയ പക്ഷപാതിത്വമല്ല.  രാഷ്ട്രീയമായ ചേരിചേരലിനേക്കാൾ പ്രായോഗികമായ സാന്ദർഭിക വിവേകമാണ് എം.ടി.യുടെ വാക്കുകൾക്ക് ശക്തി നൽകുന്നതെന്ന് നാം അടുത്ത കാലത്തും കണ്ടു- നോട്ടുനിരോധനവിഷയത്തിൽ അദ്ദേഹം പറഞ്ഞ ഒരു ചെറുവാചകത്തിന് ഒന്നോ രണ്ടോ എം.ടി. ഫെസ്റ്റിവലുകൾ സൃഷ്ടിക്കാനുള്ള ത്രാണിയുണ്ടായിരുന്നു!  

ആ ത്രാണിയോടെ ഇനിയും ഏറെനാൾ നമ്മോടൊപ്പം എം.ടി. ഉണ്ടാവണമെന്ന് പ്രാർഥിക്കാൻ കാരണമുണ്ട്. മലയാളിയുടെ പൊതുബോധത്തിൽ തന്നാലാവുംവിധത്തിൽ നിറയാൻ തന്റെ സർഗജീവിതത്തിന്റെ ആരംഭദശയിൽ തൊട്ട് തീവ്രമായി ആഗ്രഹിക്കുകയും അത് വലിയൊരളവിൽ സാക്ഷാത്‌കരിക്കുകയും ചെയ്ത എഴുത്തുകാരനാണ് അദ്ദേഹം. നിഷ്‌കളങ്കമായ ആ പ്രാർഥനയ്ക്ക് കാലം കാതുകൊടുത്തിട്ടുണ്ട് എന്നതിന് സാക്ഷ്യമാണ് അദ്ദേഹം ജനഹൃദയങ്ങളിൽ നേടിയെടുത്തിട്ടുള്ള സ്ഥാനം. കാൽനൂറ്റാണ്ടുമുമ്പ്, ഒരഭിമുഖത്തിൽ എഴുത്തുകാരൻ ടി.വി. കൊച്ചുബാവയുടെ ചോദ്യത്തിനു മറുപടിയായി, തന്നെ മലയാളിയുടെ മനസ്സിലേക്ക് പ്രക്ഷേപിക്കാനുള്ള ചെറുപ്പം തൊട്ടേയുള്ള ആഗ്രഹത്തെക്കുറിച്ച് എം.ടി. വിശദീകരിച്ചിട്ടുണ്ട്.

ജയകേരളം എന്ന പഴയകാല പ്രസിദ്ധീകരണത്തിന്റെ ഒരു ലക്കത്തിൽ മൂന്നു വ്യത്യസ്ത പേരുകളിലായി കഥയും കവിതയും ലേഖനവും അച്ചടിച്ചുവരാൻ ഭാഗ്യമുണ്ടായ വാസുദേവൻ എന്ന ചെറുപ്പക്കാരനെക്കുറിച്ച് കൊച്ചുബാവ ചോദിച്ചപ്പോഴായിരുന്നു അത്. 'ഇന്ന് ആലോചിച്ചുനോക്കുമ്പോൾ ഞാൻ എന്നെ പലതായി പ്രോജക്ട് ചെയ്യാൻ ശ്രമിച്ചതാണ് അതെന്നു തോന്നിയിട്ടുണ്ട്', എം.ടി. പറഞ്ഞു:  'എസ്.കെ. പൊറ്റെക്കാട്ടിനെപ്പോലെ ഒരു കഥാകൃത്തായി ഞാൻ എന്നെ സങ്കല്പിക്കുന്നു. അതിന് പറ്റുന്ന ഒരു പേരിടുന്നു- വി.എൻ. തെക്കേപ്പാട്ട്. ഗ്രാമവുമായി ബന്ധപ്പെട്ട ഒരു പേരിട്ട് ലേഖനമെഴുതുന്നു- വാസുദേവൻനായർ കൂടല്ലൂർ. പിന്നെ ഇതൊന്നുമില്ലാത്ത ഒരു ശുദ്ധൻ കവിക്ക് എന്റെ സർക്കാർ പേര്- എം.ടി. വാസുദേവൻ നായർ!'  

കഥയും കവിതയും ലേഖനവും മാത്രമല്ല, നാടകവും തിരക്കഥയും ഓർമക്കുറിപ്പുകളും യാത്രാവിവരണവും ബാലസാഹിത്യവുമെല്ലാം എഴുതി അദ്ദേഹം മലയാളത്തിൽ നിറഞ്ഞു. മികച്ച സിനിമകളുടെ സംവിധായകനായി. എന്തിന് സിനിമാപ്പാട്ടുകൾ പോലും എഴുതി! കാലത്തെ അതിവർത്തിക്കാനുള്ള ശക്തിയാണ് ഒരെഴുത്തുകാരന്റെ സർഗാത്മകതയെ നിർണയിക്കുന്നതെങ്കിൽ എൺപത്തിനാലിലെത്തിനിൽക്കുന്ന എംടിക്ക് അത് ജന്മാവകാശം! അപ്പൂപ്പനെന്ന് പുതുതലമുറയ്ക്ക് നിസ്സങ്കോചം വിളിക്കാവുന്ന ഈ മനുഷ്യന്റെ രചനകൾ നവമാധ്യമങ്ങൾ പ്രതാപത്തോടെ വിലസുന്ന ഇക്കാലത്തും സർവസ്വീകാര്യമായിരിക്കുന്നതിന്റെ കാരണം അതല്ലാതെ മറ്റെന്ത്?  

കാലത്തിന്റെ മഹത്തായ രാജവീഥിക്കപ്പുറത്തുള്ള കല്ലടർന്ന കാൽനടപ്പാതയിലൂടെ പലവേഗത്തിൽ നടക്കുന്ന നൂറുകണക്കിന് ആളുകൾക്കിടയിൽ, നേർവരകൾ നിറഞ്ഞഷർട്ടും വെള്ളമുണ്ടും ധരിച്ച് ചിന്താധീനനായി അങ്ങ് പതുക്കെ നീങ്ങുന്നത് ഞങ്ങൾ കാണുന്നു. ഇളമുറക്കാർക്ക് നടക്കാനുള്ള ഇപ്പുറത്തെ നടപ്പാതയിൽ നിന്ന് ആദരം തിളയ്ക്കുന്ന ഞങ്ങൾ വിളിക്കുന്നു: മാസ്‌ട്രോ!

പ്രിയപ്പെട്ട എംടീ, യാത്ര തുടരുക! പ്രായാധിക്യം കൊണ്ട് അങ്ങ് മന്ദവേഗനായിട്ടുണ്ടാവാം. എന്നാൽ അങ്ങേ വരിയിൽ ഇങ്ങനെയൊരാൾ ഉണ്ടെന്നുള്ള അറിവുതന്നെ ഞങ്ങളുടെ കാലുകൾക്ക് ബലംനൽകുന്നു. ഞങ്ങളുടെ കണ്ണുകൾക്ക് കാഴ്ച നൽകുന്നു. ഞങ്ങളുടെ ഹൃദയവീഥികളെ പ്രകാശിപ്പിക്കുന്നു.

എം ടി വാസുദേവന്‍ നായരുടെ പുസ്തകങ്ങള്‍ വാങ്ങാം