എം.ടിസാറിനെ എന്നാണ് പരിചയപ്പെട്ടത് എന്ന് ഓര്‍മ്മയില്ല. എന്നോ, എവിടെ വച്ചോ സംഭവിച്ച ഒരു ഭാഗ്യം. അദ്ദേഹവുമായി എനിക്ക് വ്യക്തിപരമായി അങ്ങിനെ ഇഴുകിച്ചേരാന്‍ സാധിച്ചിട്ടില്ല. അദ്ദേഹം'അറ്റാച്ച്ഡ് ഡിറ്റാച്ച്‌മെന്റ്' എന്ന അവസ്ഥയിലുള്ള ആളായതുകൊണ്ടായിരിക്കണം. പക്ഷേ അദ്ദേഹം എഴുതിയ വിസ്മയകരമായ കുറേ തിരക്കഥകളില്‍ അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. ഉയരങ്ങളില്‍, അമൃതം ഗമയ, പഞ്ചാഗ്‌നി, ഇടനിലങ്ങള്‍, താഴ്‌വാരം, സദയം... ഒറ്റ ഓര്‍മ്മയില്‍ മാത്രം എത്ര ചിത്രങ്ങള്‍! എന്തെന്ത് അനുഭവങ്ങള്‍! അവയെല്ലാം എന്റെ അഭിനയജീവിതത്തിലെ അഭിമാനനിമിഷങ്ങളാണ്.

സാറിന്റെ തിരക്കഥയുടെ വിശേഷങ്ങളെക്കുറിച്ച് എത്രയോ പേര്‍ എഴുതിയതാണ്. അതിനെ അക്കാദമിക്കായി അപഗ്രഥിക്കാനൊന്നുമുള്ള ശേഷി എനിക്കില്ല. ഒരു അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്ക് വല്ലാത്തൊരു ആന്തരികലോകം ഉള്ളതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. 'സദയ' ത്തിലേയും 'താഴ്‌വാര'ത്തിലേയും കഥാപാത്രങ്ങളെത്തന്നെയെടുക്കാം. രണ്ടുപേരുടേയും ഉള്ളിലെ ലോകം എത്രമാത്രം ആഴമുള്ളതാണ്! അത് എങ്ങിനെയാണ് ഉള്‍ക്കൊള്ളാന്‍ സാധിച്ചത് എന്നകാര്യം എനിക്കിന്നും ഒരു മിസ്റ്ററിയാണ്. ഏതോ ഗുരുത്വം കൊണ്ട് എല്ലാം സംഭവിച്ചു എന്ന് മാത്രം.

ഭാസമഹാകവിയുടെ 'കര്‍ണ്ണഭാരം' എന്ന സംസ്‌കൃതനാടകം ഞാന്‍ രണ്ട് തവണ ബോംബെയില്‍ വച്ച് അവതരിപ്പിച്ചപ്പോള്‍ രണ്ട് പ്രാവശ്യവും എം.ടി. സാര്‍ കാണാന്‍ വന്നിരുന്നു. ലീലാ കെംപന്‍സ്‌കിയിലും ഷണ്മുഖാനന്ദ ഹാളിലും. രണ്ട് തവണയും നാടകം കഴിഞ്ഞയുടനെ വിയര്‍ത്ത് തളര്‍ന്ന ശരീരവുമായി ഞാന്‍ സാര്‍ ഇരുന്നയിടത്തേക്ക് ഓടി. അദ്ദേഹത്തിന്റെ മുന്നില്‍ച്ചെന്നു നിന്നു. എന്നാല്‍ രണ്ടു തവണയും അദ്ദേഹം ഒന്നും പറയാതെ പോയി. എനിക്ക് വലിയ വേദന തോന്നി. വര്‍ഷങ്ങള്‍ക്ക് ശേഷം ദുബായിയില്‍വച്ചോ മറ്റോ ഞാനിത് അദ്ദേഹത്തോട് സൂചിപ്പിച്ചു. അപ്പോള്‍ അദ്ദേഹം എന്റെ പുറത്തു തട്ടിയിട്ട് പറഞ്ഞു: 'ലാല്‍, വളരെ നന്നായിരുന്നു. ഞാനത് അങ്ങിനെ പറഞ്ഞില്ല എന്ന് മാത്രമേയുള്ളൂ.'

അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: 'അങ്ങിനെയല്ല സാര്‍. സാറിനേപ്പോലുള്ളവര്‍ പറയുമ്പോഴാണ് എന്നേപ്പോലുള്ളവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ ഊര്‍ജ്ജവും ഉന്മേഷവും ലഭിക്കുന്നത്', അതുകേട്ട് അദ്ദേഹം പതിവുപോലെ നേരിയ ഒരു ചിരിചിരിച്ചു.
എം.ടി. സാര്‍ അത് മന:പ്പൂര്‍വ്വം ചെയ്തതല്ല എന്നെനിക്കറിയാം. അദ്ദേഹത്തിന്റെ രീതി അങ്ങിനെയാണ്. പൊള്ളയായ പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ ശൈലിയല്ല. ഒന്നും പറയാതെയാണ് അദ്ദേഹം എല്ലാം പറയാറുള്ളത് എന്ന് തോന്നിയിട്ടുണ്ട്. ഇക്കാലമത്രയും അനാവശ്യമായ,നമ്മെ ഇത്തിരിയെങ്കിലും മുന്നോട്ട് നയിക്കാത്ത ഒരു കാര്യത്തിലും എം.ടി. സാര്‍ ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യുന്നത് കണ്ടിട്ടില്ല. അതാണ് അദ്ദേഹത്തെ അദ്ദേഹമാക്കുന്നത്.

എനിക്കുവേണ്ടി എന്തെങ്കിലും എഴുതാന്‍ ഞാന്‍ ഒരിക്കലും എം.ടി. സാറിനോട് പറഞ്ഞിട്ടില്ല. എന്നാല്‍ എന്റെ ചങ്ങാതി പ്രിയദര്‍ശനുവേണ്ടി ഒരു തിരക്കഥയെഴുതിത്തരാന്‍ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. എം.ടി. കൃതികള്‍ വായിച്ച് കഥകള്‍ എഴുതിയ, അദ്ദേഹത്തെ മനസ്സില്‍ വച്ച് പൂജിക്കുന്ന പ്രിയന്റെ വലിയ മോഹമായിരുന്നു അത്. 

'താഴ്‌വാരം' എന്ന സിനിമയുമായി ബന്ധപ്പെട്ട് ബോംബെയില്‍ വച്ച് നടന്ന ഒരു ചടങ്ങില്‍ എം.ടി. സാര്‍ പറഞ്ഞു, 'മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍' എന്ന്. 'സ്വകാര്യ അഹങ്കാരം' എന്ന വാക്ക് ആദ്യമായി അന്നാണ് ഞാന്‍ കേള്‍ക്കുന്നത്. ഈ പിറന്നാളില്‍, അന്ന് എന്റെ തലയില്‍ വച്ചുതന്ന ആ കിരീടം ഞാന്‍ വിനയത്തോടെ അദ്ദേഹത്തിന് നല്‍കുന്നു. ഞാനല്ല സാര്‍, മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം. അങ്ങാണ്, ആ പേനയാണ്, അതിലൂടെ ലഭിച്ച അക്ഷരങ്ങളാണ്. ഇനിയുമിനിയും എഴുതാനും ജീവിക്കാനും ദൈവം അങ്ങേക്ക് ആയുരാരോഗ്യങ്ങള്‍ നല്‍കട്ടെ.

എം ടി വാസുദേവന്‍ നായരുടെ പുസ്തകങ്ങള്‍ വാങ്ങാം


(എം.ടിയുടെ എണ്‍പതാം പിറന്നാളിന് മോഹന്‍ലാല്‍ എഴുതിയ ആശംസ)