ലയാളസിനിമയില്‍ തിരക്കഥാരചനയ്ക്ക് ഒരു പുതിയ സംസ്‌കാരം ഉണ്ടാക്കിയത് എം.ടി.വാസുദേവന്‍ നായരാണ്. തിരക്കഥയില്‍ കേരളത്തിന്റേതായ സംഭാഷണശൈലി ചേര്‍ത്ത് മലയാള സിനിമയില്‍ മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ എം.ടിയുമായുള്ള ബന്ധം തുടങ്ങുന്നത് ഒരു ആരാധകനായിട്ടാണ്. അദ്ദേഹത്തിന്റെ കഥകളൊക്കെ വായിച്ച് തുടങ്ങിയ ആരാധന. അന്ന് എംടി. കോഴിക്കോട് 'മാതൃഭൂമി' യിലാണ്. ഞാന്‍ കോഴിക്കോട്ട് കാരനായതു കൊണ്ട് 'മാതൃഭൂമി'യില്‍ ചെന്ന് അക്കാലത്തേ അദ്ദേഹത്തെ പരിചയപ്പെട്ടിരുന്നു. ശരിക്കു പറഞ്ഞാല്‍ ഒരു അധ്യാപക-വിദ്യാര്‍ഥി ബന്ധമായിട്ടാണ് ആ സൗഹൃദം തുടങ്ങുന്നത്.

പിന്നീട് എംടി 'മുറപ്പെണ്ണ്' സിനിമയാക്കാന്‍ മദ്രാസില്‍ വന്നു. ഏകദേശം ആ കാലഘട്ടത്തിലാണ് ഞാനും സംവിധാനം പഠിക്കാന്‍ അവിടെയെത്തുന്നത്. സിനിമയുടെ കല, ക്യാമറ, സംവിധാനം എന്നിവയൊക്കെ പഠിച്ച് ഞാന്‍ 1964 ല്‍ സ്വതന്ത്രസംവിധായകനായി. 'മുറപ്പെണ്ണ്' കഴിഞ്ഞ് 'ഇരുട്ടിന്റെ ആത്മാവ് ' എഴുതുന്ന സമയത്ത് എം.ടി യെ കണ്ടപ്പോള്‍ അതിനെക്കുറിച്ച് സംസാരിച്ചിരുന്നു. അക്കാലത്ത് ഞാന്‍ തുടര്‍ച്ചയായി കമേഴ്‌സ്യല്‍ സിനിമകളാണ് ചെയ്തിരുന്നത്. അതില്‍ നിന്നൊക്കെ ഒരു മാറ്റംവേണമെന്ന് എം. ടി. പറയും. എന്റെ സിനിമകളെക്കുറിച്ച് നല്ല ക്രാഫ്റ്റാണെന്നൊക്കെയായിരിക്കും അഭിപ്രായം.

ഒരിക്കല്‍ കോഴിക്കോട്ടു വെച്ച് ടി.ദാമോദരന്‍ മാഷാണ് നിങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് ഒരു സിനിമ ചെയ്യണമെന്ന് എം.ടി യോടും എന്നോടും ആവശ്യപ്പെടുന്നത്. അതിനെന്താ ചെയ്യാമല്ലോയെന്ന് എം.ടി യും പറഞ്ഞു. പ്രിയദര്‍ശിനി പിക്‌ചേഴ്‌സിന്റെ ജോയ് നിര്‍മ്മിക്കാനും രംഗത്തെത്തിയതോടെയാണ് ഞങ്ങള്‍ ഒന്നിച്ച ആദ്യസിനിമ 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച' പിറക്കുന്നത്. ഞാനും എം.ടി യും ഒന്നിച്ച് സിനിമ ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ സിനിമാലോകത്തിന് പരിഹാസമായിരുന്നു. അതിനെ ഒരു ചലഞ്ചായി കണ്ടാണ് ആ സിനിമ ചെയ്തത്. സിനിമ പുറത്തിറങ്ങിയപ്പോള്‍ എല്ലാവര്‍ക്കും സ്വീകാര്യമായി.

എം.ടിയും ഞാനുമൊക്കെ ജനിച്ചു വളര്‍ന്നത് ഒരേ അന്തരീക്ഷത്തിലായിരുന്നതിനാല്‍ അദ്ദേഹം ഒരു എലിമെന്റ് പറയുമ്പോഴേക്കും അതിലെ സിനിമാന്തരീക്ഷം എനിക്ക് പിടികിട്ടും. എം.ടി കഥ പറയുകയില്ല. ഒരു സ്​പാര്‍ക്ക് മാത്രമേ പറയൂ. ഒരു നോട്ട് പറഞ്ഞാല്‍ അത് എഴുതി വരുമ്പോള്‍ എങ്ങനെ ഒരു ചലച്ചിത്രമായി വരുമെന്ന് വിഭാവനം ചെയ്യാന്‍ കഴിയുന്നവര്‍ക്കേ എം.ടി.യുമൊത്ത് വര്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ.

പെട്ടെന്ന് ഒരു സിനിമയെടുക്കണമെന്ന് പറയുമ്പോള്‍ ഉടനെയൊരു കഥയെഴുതി തരാമെന്ന് പറയുന്ന സ്വഭാവക്കാരനല്ല എം.ടി . അദ്ദേഹത്തിന്റെ മനസ്സില്‍ സ്‌ട്രൈക്ക് ചെയ്യുന്ന, ഇന്‍സ്‌പെയര്‍ ചെയ്യുന്ന കഥകളേ അദ്ദേഹം എഴുതുകയുള്ളൂ. ഒരു വിഷയത്തെ ആസ്​പദമാക്കി കഥകള്‍ ആവര്‍ത്തിക്കുകയില്ല. ഒരു സിനിമ എഴുതിക്കഴിഞ്ഞാല്‍ അതില്‍ നിന്ന് ആളുകള്‍ക്ക് പുതിയതായി എന്തെങ്കിലും മനസ്സിലാക്കാന്‍ കഴിയണമെന്ന് നിര്‍ബന്ധബുദ്ധിയുള്ള ആളാണ്.

എം.ടി.യുടെ കൂടെയിരുന്നാല്‍ സിനിമ-തിരക്കഥാ പരിചയം മാത്രമല്ല, ഒരു പാട് കാര്യങ്ങളില്‍ അറിവു നേടാന്‍ കഴിയും. സാഹിത്യം, ആധ്യാത്മികത, ചരിത്രം എന്നിങ്ങനെ വിഭിന്നമായ വിഷയങ്ങളില്‍ പുതിയ എന്തെങ്കിലും അറിവുകള്‍ ലഭിക്കും. സംസാരം വളരെ കുറവാണെങ്കിലും നമ്മള്‍ വ്യത്യസ്ത വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചാല്‍ എം.ടി നന്നായി സംസാരിക്കും. ഞാനും എം.ടി.യും ചേര്‍ന്ന് പഴശ്ശിരാജവരെ സിനിമകള്‍ ചെയ്തു. അവയെല്ലാം വന്‍വിജയങ്ങളായി എന്നതു മാത്രമല്ല എനിക്കു കിട്ടിയ നേട്ടം, അറിവിന്റെ സാഗരത്തിനൊപ്പം കുറേ നല്ല നിമിഷങ്ങള്‍ ലഭിച്ചുവെന്നതും കൂടിയാണ്.

എം ടി വാസുദേവന്‍ നായരുടെ പുസ്തകങ്ങള്‍ വാങ്ങാം