എം.പി. വീരേന്ദ്രകുമാര്‍ സാര്‍ വിട പറഞ്ഞിട്ട് ഒരു വര്‍ഷമാകുന്നു. അദ്ദേഹത്തിന് ആരോഗ്യപരമായ അവശത അനുഭവപ്പെട്ടു തുടങ്ങിയിട്ട് അപ്പോഴേക്കും ഏതാനും മാസങ്ങളായിരുന്നു. ഇടയ്ക്ക് ആശുപത്രിയില്‍ കിടക്കും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉള്ള ആരോഗ്യം വെച്ച് കര്‍മ്മപഥത്തിലേക്ക് തിരിച്ചെത്തും. ഒതുങ്ങിയിരിക്കാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ല. നടക്കാന്‍ പ്രയാസമുണ്ടായിരുന്നെങ്കിലും സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ മുടങ്ങാതെ അദ്ദേഹം രാജ്യസഭയില്‍ ഹാജരാകുമായിരുന്നു. അദ്ദേഹം അന്തരിച്ചപ്പോള്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു  രാജ്യസഭയില്‍ വായിച്ച ചരമക്കുറിപ്പില്‍ രേഖപ്പെടുത്തി, 'ജനങ്ങളുടെ പ്രശ്‌നങ്ങളുമായി രാജ്യത്തിന്റെ മുഖ്യധാരയില്‍ ശ്രദ്ധ നേടാന്‍ കഴിഞ്ഞ ചുരുക്കം ചില ദക്ഷിണേന്ത്യന്‍ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു വീരേന്ദ്രകുമാര്‍. അവസാന കാലത്ത് ശാരീരിക അവശതകളൊന്നും വകവെക്കാതെയാണ് അദ്ദേഹം രാജ്യസഭയില്‍ ഗൗരവമായ ചര്‍ച്ചകളില്‍ താല്‍പര്യപൂര്‍വ്വം ഇരുന്നത്.'

2019 ലെ ശീതകാലസമ്മേളനമാണ് അദ്ദേഹം അവസാനമായി പങ്കെടുത്ത പാര്‍ലമെന്റ് സമ്മേളനം. രാജ്യത്ത് കോവിഡ് പരന്നുകൊണ്ടിരിക്കെ യാത്ര ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ച കാരണമാണ് തുടര്‍ന്നു നടന്ന ബജറ്റ് സമ്മേളനത്തിന്ന് അദ്ദേഹം വരാതിരുന്നത്. വരാന്‍ കഴിയാത്തതില്‍ വലിയ സങ്കടമായിരുന്നു. സഭയില്‍ എന്തൊക്കെ നടന്നു എന്ന് ദിവസവും എന്നോടു അന്വേഷിക്കുമായിരുന്നു.

മരിക്കുന്നതിനു മുമ്പ് അദ്ദേഹത്തെ ഒന്നു കാണാന്‍ കഴിഞ്ഞില്ല എന്ന ദുഃഖം എന്റെ മനസ്സില്‍ കിടക്കുകയാണ്. ഒന്നു രണ്ടു തവണ ഞാനും ശ്രീകുമാറും തയ്യാറെടുത്തതാണ്. അപ്പോഴേക്കും കോവിഡിന്റെ ചില വിലക്കുകള്‍; ലോക്ഡൗൺ, ക്വാറന്റീന്‍ നിബന്ധനകള്‍. കോഴിക്കോട്ടെത്തിയാലും ഏതാനും ദിവസം ക്വാറന്റീനില്‍ പോകണം തിരിച്ചു ഡല്‍ഹിയില്‍ വരുമ്പോഴും അതു വേണം. അദ്ദേഹം തന്നെ ഞങ്ങളെ നിരുത്സാഹപ്പെടുത്തി. കോവിഡാന്തരീക്ഷം നിലനിന്ന സാഹചര്യമായതിനാല്‍ അന്ത്യകര്‍മ്മങ്ങളിലും എത്തുവാന്‍ കഴിഞ്ഞില്ല.

എവിടേക്കും പോകാതെ കോഴിക്കോട്ട് കഴിയുമ്പോള്‍ എല്ലാ ദിവസവും വിളിക്കാറുണ്ടായിരുന്നു. രാവിലെ വിളിക്കുമ്പോള്‍ ചോദിക്കും - ''വൈകുന്നേരം വിളിക്കുമല്ലോ''. അധികവും അന്വേഷിച്ചിരുന്നത് ഡല്‍ഹിയിലെ അന്തരീക്ഷമാലിന്യത്തെ പറ്റിയും  കോവിഡ് സ്ഥിതിയെയും കുറിച്ചാണ്.

സൈലന്റ് വാലിയില്‍

നാലുപതിറ്റാണ്ടായി വളരെ അടുത്തു പ്രവര്‍ത്തിച്ച ബന്ധമാണെനിക്കു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ഒരുമിച്ച് എത്രയെത്ര യാത്രകള്‍. അദ്ദേഹവുമായുള്ള ആദ്യത്തെ യാത്ര 1979-ലെ മഴക്കാലത്ത്  സൈലന്റ് വാലിയിലേക്കായിരുന്നു. സൈലന്റ് വാലിയില്‍ ജല വൈദ്യുത പദ്ധതി നടപ്പാക്കുന്നതിന് എതിരേ പ്രതിഷേധങ്ങള്‍ നടക്കുന്ന സമയം. ഞാനന്ന് മാതൃഭൂമിയുടെ പാലക്കാട് ലേഖകനായിരുന്നു. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി  കുന്തിപ്പുഴയില്‍ അണ കെട്ടുന്നതു മൂലം സൈലന്റ് വാലി കാടുകള്‍ മുങ്ങിപ്പോകുമ്പോള്‍ രാജ്യത്തിന്റെ പരിസ്ഥിതി ഏതൊക്കെ വിധം അപകടപ്പെടുമെന്ന് അദ്ദേഹം പാലക്കാട്ട് വിജ്ഞാനപ്രദമായ ഒരു പ്രഭാഷണം നടത്തി. അത് കേട്ട പലരും പറഞ്ഞു - സൈലന്റ്‌വാലി പദ്ധതി സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം  പരിഹരിക്കുമെന്നാണ് ഇതുവരെയും തങ്ങള്‍ ധരിപ്പിക്കപ്പെട്ടത്.. പക്ഷേ കാടുനശിച്ചാല്‍ കാലാവസ്ഥ തന്നെ മാറുമെന്ന് വീരേന്ദ്രകുമാറിന്റെ വിശദീകരണം കേട്ടപ്പോഴാണ് ബോധ്യമായത്. വൈദ്യുതി ഉത്പാദനത്തിന് വേറെയും വഴികളുണ്ട് താനും. പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അദ്ദേഹം എഴുത്തുകാരേയും പത്രപ്രവര്‍ത്തകരെയും ശാസ്ത്ര ചിന്തകരേയും സൈലന്റ് വാലിയിലേക്കു ക്ഷണിച്ചുകൊണ്ടുവന്നു. അദ്ദേഹം നിര്‍ദേശിച്ചതനുസരിച്ച് ഓരോരുത്തരോടൊപ്പവും നിരവധി തവണ ഞാന്‍ സൈലന്റ് വാലിയിലേക്കു മലകയറിയിട്ടുണ്ട്. ഏതൊരു പ്രശ്‌നവും അതിന്റെ  പരിസമാപ്തിയിലെത്തിക്കുക അദ്ദേഹത്തെ സംബന്ധിച്ചത്തോളം ഒരു തപസ്സായിരുന്നു. അതിനിടയില്‍ വിശ്രമമില്ല.

പ്ലാച്ചിമടയില്‍ ബഹുരാഷ്ട്ര കൊക്കകോള കമ്പനി ഭൂഗര്‍ഭ ജലം ഊറ്റുന്ന പ്രശ്‌നം പാര്‍ലമെന്ററി കമ്മറ്റി മുമ്പാകെ അവതരിപ്പിക്കാന്‍ വന്നപ്പോള്‍ ഉച്ചഭക്ഷണം പോലും കഴിക്കാതെയാണ് അദ്ദേഹം തെളിവെടുപ്പിന് പാര്‍ലിമെന്റ് മന്ദിരത്തിലെത്തിയത്. ശ്രദ്ധ മുഴുവന്‍ പ്ലാച്ചിമട വാദങ്ങളില്‍ ആയിരുന്നു. വൈകുന്നേരം നാലുമണി കഴിഞ്ഞ് തെളിവെടുപ്പ് പൂര്‍ത്തിയാകുംവരെ വെള്ളം പോലും കുടിക്കാതെ ജാഗ്രതയോടെയാണ് അദ്ദേഹം ഇരുന്നത്. തെളിവെടുപ്പു കഴിഞ്ഞപ്പോള്‍ പാര്‍ലിമെന്ററി കമ്മറ്റി ചെയര്‍മാന്‍ എസ്.എസ്. അലുവാലിയ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ഒരു പ്രഗത്ഭ അഭിഭാഷകനേക്കാള്‍ കൃത്യമായ വാദമുഖങ്ങളിലൂടെയാണ് അദ്ദേഹം ഭൂഗര്‍ഭ ജലം ചൂഷണം ചെയ്യുന്ന ബഹുരാഷ്ട്രകുത്തകയുടെ കച്ചവടക്കണ്ണിനെയും അധികാരികളുടെ നിരുത്തരവാദിത്തത്തെയും തുറന്നു കാട്ടിയത്.

യാത്രകള്‍

യാത്രകള്‍ അദ്ദേഹത്തിന് എന്ത് മാത്രം താല്‍പര്യമായിരുന്നു!. അടങ്ങാത്ത ആവേശം എന്നേ പറയേണ്ടൂ. തീരേ വയ്യാണ്ടിരിക്കുമ്പോള്‍ പോലും ഒന്നു ചുറ്റി വരാം എന്നു പറയും. ഡല്‍ഹിയില്‍ കാറില്‍ കയറി ഡ്രൈവര്‍ രമേശിനോട് തമാശയായി നിര്‍ദേശിക്കും 'ഗുമാവോ'' അതിനര്‍ഥം ഒന്നു ചുറ്റി വരാം എന്നാണ്. ചിലപ്പോള്‍ അത് നോയിഡ ചുറ്റി വരാനായിരിക്കും അല്ലെങ്കില്‍ ഗുഡ്ഗാവ് ചുറ്റിവരാനായിരിക്കും. ചിലപ്പോള്‍ ഡല്‍ഹിയില്‍ മാത്രം ഒരു ചെറിയ റൗണ്ട്. എത്ര ദൂരം ചുറ്റണമെന്ന് തീരുമാനിക്കുന്നത് പലപ്പോഴും നന്ദനാണ്. അദ്ദേഹത്തിനേ സാറിന്റെ ആരോഗ്യനിലയും ആഗ്രഹങ്ങളും കൃത്യമായി അറിയൂ. ആ ചുറ്റലുകള്‍ തമാശ പറയാനും കൂടെ സഞ്ചരിക്കുന്ന ഞങ്ങളെയൊക്കെ കളിയാക്കാനുമുള്ള അവസരങ്ങളാണ്. വഴിയില്‍ ചിലപ്പോള്‍ അദ്ദേഹത്തിനു പ്രിയപ്പെട്ട ഭേല്‍പുരി, പാപ്പ്ഡി ചാട്ട്, ഡോക്ലാ തുടങ്ങിയ ഉത്തരേന്ത്യന്‍ കടികള്‍ (ലഘു ഭക്ഷണം ) കണ്ടാല്‍ കഴിക്കും. കൂടെയുള്ളവരും കഴിക്കണം എന്നു നിര്‍ബന്ധമാണ്.

ഛത്തിസ്ഗഡില്‍ നദി വിറ്റപ്പോള്‍

ശുദ്ധമായ വായുവും വെള്ളവും മനുഷ്യന്റെ ജന്മാവകാശമാണ് എന്നദ്ദേഹം പറയുമായിരുന്നു. ഇവയ്ക്കുമേലുള്ള ചൂഷണം അനുവദിക്കുന്ന  അധികാരികള്‍ക്ക് നിലനില്‍ക്കാനവകാശമില്ല. ഈയൊരു ധാര്‍മിക നിലപാടിന്റെ ആത്മവീര്യത്തിലാണ് പ്ലാച്ചിമടയിലും മറ്റും അദ്ദേഹം ഇടപെട്ടത്' 

ഛത്തിസ്ഗഡിലെ ദുര്‍ഗ് ജില്ലയില്‍ ശിവ്‌നാഥ് നദി റാഡിയാസ് വാട്ടര്‍ ലിമിറ്റഡ് (ആര്‍.ഡബ്ല്യു.എല്‍.) എന്ന ഒരു സ്വകാര്യ കമ്പനിക്കു നല്‍കിയ നടപടിയില്‍  അദ്ദേഹം ഇടപെട്ടു. 1998-ല്‍ ആണ് ഛത്തിസ്ഗഡ് സര്‍ക്കാര്‍ ശിവ്‌നാഥ് നദിയുടെ 23.5 കിലോമീറ്റര്‍ ദൂരം സ്വകാര്യ കമ്പനിക്കു 22 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കിയത്. ദുര്‍ഗ്ഗിലെ ബൊറായ് വ്യവസായ മേഖലയ്ക്കു വെള്ളം നല്‍കാനുള്ളതായിരുന്നു ഈ നടപടി. മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിലെ ഗൊദാരി മലവാരത്തില്‍ നിന്നുത്ഭവിച്ച്  345 കിലോ മീറ്റര്‍ ദൂരം ഒഴുകുന്ന ശിവ്‌നാഥ് നദി പ്രബലമായ മഹാനദിയുടെ ഒരു കൈവഴിയാണ്. ഛത്തിസ്ഗഡിലെ ശിവരിനാരായണ്‍ എന്ന പ്രദേശത്താണ് ശിവ്‌നാഥ് മഹാനദിയില്‍ ചേരുന്നത്. 

പാട്ടത്തിനു ലഭിച്ച ശിവനാഥ് നദിയില്‍ ആര്‍.ഡബ്ല്യു.എല്‍. ഒരു അണക്കെട്ടു കെട്ടി ഒഴുക്കു നിയന്ത്രിച്ചു. നദിയുടെ ഇരുവശത്തും കമ്പി വേലി കെട്ടി ജനങ്ങളുടെ പ്രവേശം തടഞ്ഞു. കൃഷിക്കും കന്നുകാലികള്‍ക്കും വെള്ളം കിട്ടാതെ തദ്ദേശവാസികള്‍ വലഞ്ഞു. മത്സ്യബന്ധന തൊഴിലാളികള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു. നദീതീരം പട്ടിണിയിലായി. അപ്പോഴേ നദി വിറ്റതു കൊണ്ടുള്ള ദുര്യോഗം ജനം അറിഞ്ഞുള്ളു. 2001 സെപ്തംബറില്‍  ഡല്‍ഹിയില്‍ പി.ടി.ഐ. ബോര്‍ഡ് യോഗത്തിന് വന്നപ്പോള്‍ പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയിലൂടെയാണ് അദ്ദേഹം വിവരമറിയുന്നത്. സ്വകാര്യകമ്പനിക്കു നദി വിറ്റു എന്നായിരുന്നു വാര്‍ത്ത. അപ്പോള്‍ തന്നെ ഛത്തിസ്ഗഡിലേക്കു പോകാന്‍ തീരുമാനിക്കുകയായിരുന്നു. 

പിറ്റേന്നു രാവിലെ റായ്പുരില്‍ നിന്നു പുറപ്പെട്ട ഞങ്ങള്‍ നട്ടുച്ചക്കാണ് നദീതീര വാസികള്‍ സമരം ചെയ്യുന്ന മൊഹമാര ഗ്രാമത്തില്‍ എത്തുന്നത്. സമരം ചെയ്യുന്ന ഗ്രാമവാസികളോട് അദ്ദേഹം സംസാരിച്ചു. പിന്നെ അവരോടൊപ്പം അടുത്തു തന്നെയുള്ള ആര്‍.ഡബ്ല്യു.എല്ലിന്റെ ഡാം സൈറ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. നദീതീരവാസികളുടെ സമരത്തിന് നേതൃത്വം നല്‍കുന്ന ഏക്താ  പരിഷത്തിന്റെ ഓഫീസിലും ചെന്ന് അദ്ദേഹം ചര്‍ച്ച നടത്തി. ഏക്താ പരിഷത്ത് നേതാവ് പി.വി. രാജഗോപാലിനെ കാണണമെന്നുണ്ടായിരുന്നു. പക്ഷെ അദ്ദേഹം അപ്പോള്‍ മഹാരാഷ്ട്രയില്‍ എവിടെയോ ആയിരുന്നു.
  
നദി പ്രദേശത്തു നിന്നു മടങ്ങുമ്പോഴേക്കും വൈകുന്നേരമായി. മുഖ്യമന്ത്രിയെ കാണാന്‍ അപ്പോയ്ന്‍മെന്റ് എടുത്തിട്ടുണ്ട്. പക്ഷെ റായ്പുരിലെത്തിയപ്പോഴേക്കും രാത്രി വൈകി. എങ്കിലും കാണാന്‍ അദ്ദേഹം തയാറായി. വീരേന്ദ്രകുമാറിനെ മുഖ്യമന്ത്രി അജിത് ജോഗിക്കു നല്ല പരിചയമുണ്ടായിരുന്നു. 1997-ല്‍ അവര്‍ ഒരുമിച്ച് ഒരു പാര്‍ലമെന്ററി കമ്മറ്റിയിലുണ്ടായിരുന്നു. മുന്‍ ഗവൺമെന്റുമായി ഉണ്ടാക്കിയ കരാര്‍ ആണെന്നും കരാര്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഗ്രാമവാസികള്‍ക്കു സൗകര്യം ചെയ്യാന്‍ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അവിടെ വെച്ചു തന്നെ പി.ടി.ഐ. ലേഖകനെ വിളിച്ച് മുഖ്യമന്ത്രിയുമായി സംസാരിപ്പിച്ചു.
 
പിറ്റേദിവസം അതൊരു വലിയ വാര്‍ത്തയായിരുന്നു. സാധാരണ ഗതിയില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് ചെന്നെത്താന്‍ പോലും ദുഷ്‌കരമായ ഛത്തിസ്ഗഡിലെ ഒരു പ്രശ്‌നത്തില്‍ ഇത്രയും താത്പര്യപൂര്‍വം ഇടപെടുക പതിവില്ല. പക്ഷേ അദ്ദേഹത്തിനത് ഒരു സംസ്ഥാനത്തില്‍ ഒതുങ്ങി നിന്ന പ്രശ്‌നമല്ല, ആഗോള പ്രശ്‌നം തന്നെയായിരുന്നു; പ്രകൃതി വിഭവമായ പുഴ പാട്ടത്തിനു കൊടുക്കുക എന്നത്.

പ്രസംഗങ്ങള്‍

അദ്ദേഹത്തിന്റെ നിരവധി പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്. ആദ്യത്തെ പ്രസംഗം കോഴിക്കോട്ട് പൂതേരി മൈതാനിയില്‍ (ഇന്ന് കോര്‍പ്പറേഷന്‍ സ്റ്റേഡിയം നില്‍ക്കുന്ന സ്ഥലം ) ആയിരുന്നു. ആ പൊതുയോഗത്തില്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഉണ്ടായിരുന്നു. ഫെര്‍ണാണ്ടസിന്റെ പ്രസംഗം ഒരു അനുഭവം തന്നെ. അതുവരെ കേള്‍ക്കാത്ത ഒരു ശൈലി, വാക്കുകളുടെ  പ്രവാഹം അതു കഴിഞ്ഞ് വീരേന്ദ്രകുമാര്‍ മലയാളത്തില്‍. അതേ അനുഭവം തകര്‍പ്പന്‍!
   
സദസ്സിനെ കയിലെടുക്കുന്ന ശൈലിയും ആഴവും അദ്ദേഹത്തിന്റെ പ്രസംഗത്തിനുണ്ടായിരുന്നു. ആ കാലത്ത് കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ പ്രാസംഗികരിലൊരാളായിരുന്നു അദ്ദേഹം. സുകുമാര്‍ അഴിക്കോട്, സി.എച്ച്. മുഹമ്മദ് കോയ എന്നിവരോടൊപ്പം ചേര്‍ക്കാവുന്ന പ്രസംഗ വൈഭവമായിരുന്നു അദ്ദേഹത്തിന്റേത്. നിരന്തരമായ ജനസമ്പര്‍ക്കവും വിപുലമായ വായനയും അനുഗ്രഹിച്ച സര്‍ഗ്ഗസമ്പത്തായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗ വൈഭവം.

കന്നഡ പ്രസംഗം

അദ്ദേഹം കന്നഡയില്‍ പ്രസംഗിക്കുന്നതു കേള്‍ക്കാനും എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്. 1978 ഒക്ടോബര്‍ - നവംബറില്‍ ചിക്കമംഗളൂര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി മത്സരിക്കുമ്പോള്‍ എതിര്‍ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ വീരേന്ദ്ര പാട്ടീലിന്നു വേണ്ടി സജീവമായി പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു മാസക്കാലത്തോളം ചിക്കമംഗളൂരില്‍ താമസിച്ച് മാതൃഭൂമിക്കു വേണ്ടി ആ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടു ചെയ്തിരുന്നത് ഞാനായിരുന്നു.

കൂടെ ഫോട്ടോഗ്രാഫര്‍ രാജന്‍ പൊതുവാളും ഉണ്ടായിരുന്നു. ചിക്കമംഗളൂര്‍ ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെട്ട ബള്‍ത്തങ്ങാടിയില്‍ ഒരു സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തിനിടയില്‍ ഉണ്ടായ ലാത്തിച്ചാര്‍ജില്‍ ജനതാ പാര്‍ട്ടി  പ്രചാരകരായ നന്ദനാ റെഡ്ഡിക്കും രാജി ഇപ്പനും പരിക്കേറ്റു. രാജി കേരളത്തിലെ പഴയ സോഷ്യലിസ്റ്റ് നേതാവ് ഇ.പി. ഈപ്പന്റെ മകളാണ്. ഈ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിക്കാന്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ പങ്കെടുക്കാനാണ് വീരേന്ദ്രകുമാര്‍ എത്തിയത്. അദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍ ചെന്ന് ഞങ്ങള്‍ നന്ദനാ റെഡ്ഡിയേയും രാജി ഇപ്പനേയും കണ്ടു. ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്സും അവിടെയുണ്ടായിരുന്നു.

നന്ദനാറെസ്സി അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ വാസമനുഭവിക്കുകയും അതിനിടയില്‍ പരോള്‍ കാലത്ത് മരണപ്പെടുകയും ചെയ്ത പ്രശസ്ത നടിയും സോഷ്യലിസ്റ്റ് സഹയാത്രിയുമായ സ്‌നേഹലതാ റെ സ്സിയുടെ മകളാണ്. കടുത്ത ആസ്ത്മ രോഗിയായിരുന്ന സ്‌നേഹലതാ റെഡ്ഡിക്ക്  ജയിലില്‍ ആവശ്യമായ ചികിത്സ കിട്ടിയില്ലെന്നും  പരോള്‍ വൈകിയെന്നും ആരോപണമുണ്ടായിരുന്നു.

തനിക്കു വളരെ അടുപ്പമുണ്ടായിരുന്ന  സ്‌നേഹലത റെഡ്ഡിയെ അനുസ്മരിച്ചു കൊണ്ടായിരുന്നു ബള്‍ത്തങ്ങാടിയിലെ പ്രതിഷേധ യോഗത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗം. തുടരെ തുടരെ കയ്യടി കേട്ടപ്പോള്‍ മനസ്സിലായി അദ്ദേഹത്തിന്റെ കന്നഡ പ്രസംഗം സദസ്സ് ഏറ്റെടുത്തിരിക്കുന്നു എന്ന്. വളരെ സങ്കോചത്തോടുകൂടിയാണ് താന്‍ കന്നഡയില്‍ സംസാരിക്കുന്നത് എന്ന ആമുഖത്തോടെയായിരുന്നു  അദ്ദേഹം തുടങ്ങിയത്. ബള്‍ത്തങ്ങാടിക്കു ശേഷം  പിന്നീടങ്ങോട്ട് ചിക്കമംഗളൂരിലെ പല പൊതുയോഗങ്ങളിലും അദ്ദേഹം കന്നഡയിലാണ് പ്രസംഗിച്ചത്. 

ഭുവനേശ്വറില്‍

മറ്റൊരു പ്രസംഗം എന്റെ മനസ്സില്‍ തറച്ചുനില്‍ക്കുന്നത് അദ്ദേഹത്തെ ശാരീരിക അവശതകള്‍ ആക്രമിച്ചു തുടങ്ങിയ അടുത്ത കാലത്ത് 2017 മെയില്‍ ഭുവനേശ്വരിലെ അനുസന്ധാന്‍ സര്‍വ്വകലാശാലയിലെ പ്രസംഗമാണ്. ഒഡീഷയിലെ എഴുത്തുകാരും കലാകാരന്മാരും സാംസ്‌കാരിക നായകന്മാരുമൊക്കെ ആയിരുന്നു വേദിയിലും സദസ്സിലും. തൊട്ടുമുമ്പ്  ബോളിവുഡിലെ പ്രസിദ്ധനായ ഗാനരചയിതാവ് (പേര് ഓര്‍ക്കുന്നില്ല) ആയിരുന്നു സംസാരിച്ചത്. അദ്ദേഹം ഹിന്ദി സിനിമകള്‍ക്ക് എഴുതിയ ശ്രദ്ധേയമായ പാട്ടുകള്‍ പാടിക്കൊണ്ട്  സദസ്സിനെ ഇളക്കി മറിച്ചാണ് സംസാരിച്ചത്. വീരേന്ദ്രകുമാര്‍ സാധാരണ പറയാറുള്ള ഒരു തമാശ പറഞ്ഞു കൊണ്ടാണ് തുടങ്ങിയത്. 'എന്റെ സഹധര്‍മ്മിണി ഉഷ നേരെ മുന്നിലിരിപ്പുണ്ട്. ഞങ്ങള്‍ വിവാഹിതരാകുമ്പോള്‍ തമ്മില്‍ വളരെ സമാധാനത്തിലായിരുന്നു. അസ്സല്‍ പൊരുത്തം. ഒരു അപശബ്ദവുമില്ല. എനിക്കു അവളുടെ ഭാഷയും (മറാത്തി) അറിയില്ല, അവള്‍ക്ക് എന്റെ ഭാഷയും അറിയില്ല. രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോള്‍ അവള്‍ എന്റെ ഭാഷ മനസ്സിലാക്കാന്‍ തുടങ്ങി. അതോടെ ഞങ്ങള്‍ തമ്മിലുള്ള സമാധാനം അലങ്കോലപ്പെട്ടു.'  അങ്ങിനെ അദ്ദേഹം സദസ്സിനെ തന്റെ വാഗ്‌ധോരണിയില്‍ അമ്മാനമാടി. ചിരിയും ചിന്തയും കലര്‍ന്ന വാക്കുകള്‍.  മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളും അതോടൊപ്പം  മാന്ത്രികമായി മുഴങ്ങുന്ന ശബ്ദവും ആണ് അദ്ദേഹത്തിന്റെ പ്രസംഗത്തെ അനുപമമായ അനുഭവമാക്കുന്നത്.

സോഷ്യലിസ്റ്റ് ഐക്യം

ജെ.ഡി.യുവിയില്‍ നിന്ന് രാജിവെക്കും മുമ്പ് 2017 സെപ്തംബറില്‍  ബിഹാറിലെ നളന്ദയില്‍ നടന്ന ദേശീയ സമ്മേളത്തില്‍  അദ്ദേഹം ആഹ്വാനം ചെയ്തത് സോഷ്യലിസ്റ്റ് ഐക്യമായിരുന്നു. അതായിരുന്നു പാര്‍ലിമെന്റിനു പുറത്ത് പൊതുവേദിയില്‍ ഞാന്‍ കേട്ട അദ്ദേഹത്തിന്റെ അവസാനത്തെ പ്രസംഗം. സോഷ്യലിസ്റ്റ് ഐക്യം എന്നും അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. യു.പിയില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള പഴയ സോഷ്യലിസ്റ്റ് നേതാക്കളെ കാണുമ്പോള്‍ അദ്ദേഹം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് സോഷ്യലിസ്റ്റ് ഐക്യത്തെ പറ്റിയാണ്. 

മരിച്ചു പോയ മഹാന്മാരെപ്പറ്റി പറയുമ്പോള്‍ പൊതുവെ പറയുന്ന ഒരു വാചകമുണ്ട് - അദ്ദേഹത്തിനു മരണമില്ല. എന്നാല്‍ വീരേന്ദ്രകുമാറിനെ പറ്റി പറയുമ്പോള്‍ ആ വാചകം അന്വര്‍ഥമാണ്. അദ്ദേഹം വളര്‍ത്തിക്കൊണ്ടു വന്ന മാതൃഭൂമി. സാഹിത്യത്തിന് അദ്ദേഹം നല്‍കിയ കനപ്പെട്ട സംഭാവനകള്‍ ഒരു പ്രവാചകനെ പോലെ അദ്ദേഹം രാജ്യത്തെ പരിസ്ഥിതി - വികസന മേഖലക്കു നല്‍കിയ മുന്നറിയിപ്പുകള്‍, എല്ലാം നമ്മുടെ മുന്നിലിരിക്കുന്നു.

Content Highlights: V Ashokan remembering MP Veerendra Kumar