എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചിട്ട് ഒരു വര്‍ഷമാവുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഉഷ എഴുതുന്ന ഈ ഓര്‍മ്മക്കുറിപ്പില്‍ അധികമാരുമറിയാത്ത ഒരു വീരേന്ദ്രകുമാറിന്റെ ചിത്രം തെളിയുന്നു. ജീവിതത്തേയും ചുറ്റുപാടുകളേയും സവിശേഷമായ സാന്നിധ്യംകൊണ്ട് പ്രകാശമാനമാക്കിയ ഒരു വ്യക്തിത്വത്തിന്റെ ഉജ്വലചിത്രം. ഒപ്പം, ആത്മസമര്‍പ്പണവും അഗാധസ്നേഹവും കൊണ്ട് പരസ്പരം താങ്ങായി നിന്ന ഒരു ദീര്‍ഘസഹജീവിതത്തിന്റെ തീവ്രസ്മൃതികളും വിസ്മയമുദ്രകളും...

ഷേ.. എന്നല്ല, ഉഷാ.. എന്നാണ് അദ്ദേഹം വിളിക്കുക. ഉഷാ.. ഉഷാ.. എന്നു വിളിച്ചു കൊണ്ടല്ലാതെ അദ്ദേഹം വീടിനകത്തേക്കു കയറാറില്ല. കാറില്‍ നിന്നിറങ്ങിയാല്‍ വിളി തുടങ്ങും. ഇന്നും ആ വിളി എന്റെയുള്ളില്‍ അലയടിക്കുന്നു. വിശ്വസിക്കാനാവുന്നില്ല, അതെനിക്കന്യമായിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു.

അവസാന നാളുകളില്‍ 'ഉഷാ.. ഉഷാ..' എന്ന വിളി കൂടിക്കൂടി വന്നു. അകാരണമായ ഒരു ഭയം അദ്ദേഹത്തെ ഗ്രസിച്ചിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ എപ്പോഴും 'പേടി, പേടി' എന്നു പറയുമായിരുന്നു. അരികെയിരിക്കാന്‍ ആവശ്യപ്പെടുമായിരുന്നു. മരണം അടുത്തുവെന്ന് അദ്ദേഹത്തിന് മനസ്സിലായിരുന്നുവെന്ന് ഞാന്‍ ഇന്ന് സംശയിക്കുന്നു. അതൊഴിച്ച് ഒന്നും എന്നില്‍ നിന്ന് അദ്ദേഹം ഒളിച്ചിട്ടില്ല. എവിടെ പോകുമ്പോഴും കൂടെക്കൂട്ടിയിരുന്ന എന്നെ അന്നദ്ദേഹം സമര്‍ഥമായി ഒഴിവാക്കിക്കളഞ്ഞു! ഒന്നും പറയാതെ ഞങ്ങളുടെയെല്ലാം ജീവിതങ്ങളില്‍ നിന്ന് അദ്ദേഹം നിശ്ശബ്ദം പടിയിറങ്ങി. ഞാന്‍ തനിച്ചായി...  

മാന്‍കുട്ടിയേയും ചേര്‍ത്തു പിടിച്ച്, അച്ഛന്റെ മടിയിലിരുന്ന് അദ്ദേഹത്തെ ആദ്യം കണ്ട പതിമൂന്നുകാരി പെണ്‍കുട്ടി ഇപ്പോഴും എന്റെയുള്ളിലുണ്ട്. പതിറ്റാണ്ടുകള്‍ കടന്നുപോയിരിക്കുന്നു. ഓര്‍മകള്‍ക്കു പക്ഷെ ഇന്നും കൗമാരത്തിന്റെ തിളക്കം. അന്നെനിക്ക് ഒന്നും അറിയില്ലായിരുന്നു. ചേച്ചിയെ കല്യാണമാലോചിച്ചാണ് അദ്ദേഹം വീട്ടില്‍ വന്നത്. അച്ഛന്‍ വിളിച്ചപ്പോള്‍ പതിവുപോലെ എന്റെ മാന്‍കുട്ടിയേയും മാറോട് ചേര്‍ത്തുപിടിച്ച് മടിയില്‍ വന്നിരുന്നു. പിന്നീടാണ് അറിഞ്ഞത് അദ്ദേഹത്തിന് എന്നെയാണ് ഇഷ്ടമായതെന്ന്. അങ്ങിനെ പതിനാലാം വയസ്സില്‍ വിവാഹനിശ്ചയവും പതിനെട്ടാം വയസ്സില്‍ വിവാഹവും നടന്നു. പിന്നീടിന്നുവരെ ഞാനറിയാത്ത ഒന്നും ആ ജീവിതത്തിലുണ്ടായിട്ടില്ല. തിരിച്ചും...

അന്ന് എനിക്ക് മറാഠി മാത്രമേ അറിയൂ. മലയാളം അറിയില്ല. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ലകാലം അതാണെന്ന് കളിയായി അദ്ദേഹം പറയുമായിരുന്നു. കാരണം, ഭാഷ രണ്ടുപേര്‍ക്കും തടസ്സമായിരുന്നു. സംഭാഷണം മുഴുവന്‍ ആംഗ്യഭാഷയിലായതുകൊണ്ട് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. ഭാഷ മനസ്സിലാക്കിയ ശേഷമാണത്രേ പ്രശ്നങ്ങളെല്ലാം തുടങ്ങിയത്! വയനാട്ടില്‍ എത്തിയശേഷം ഞാന്‍ മലയാളം പഠിച്ചു. മരിക്കുന്നതുവരെ അദ്ദേഹം മറാഠി പഠിച്ചില്ല.
 

MPV

വലിയ തിരക്കുള്ള ആളായിരുന്നു അദ്ദേഹം. ആ തിരക്കിനൊത്തു ജീവിക്കാന്‍ ക്രമേണ ഞാനും ശീലിച്ചു. വീട്ടിലെ ഒരു കാര്യത്തിനും അദ്ദേഹത്തെ കിട്ടാറില്ല. കുട്ടികളുടെ വളര്‍ച്ച, വിദ്യാഭ്യാസം ഇതൊന്നും അദ്ദേഹം അറിഞ്ഞിട്ടില്ല. എനിക്കും മക്കള്‍ക്കും അദ്ദേഹം പലപ്പോഴും ഒരു വിരുന്നുകാരനായിരുന്നു. ഇടയ്ക്കു മാത്രം വരുന്ന അതിഥി. അക്കാലത്ത് താന്‍ ഒരു Political Animal ആയിരുന്നു എന്ന് അദ്ദേഹം തന്നെ പിന്നീടു പറഞ്ഞിട്ടുണ്ട്. എന്റെ മൂത്ത മകന്‍ മരിച്ച ദിവസം വേദനയോടെ ഞാനിന്നുമോര്‍ക്കുന്നു. മരണവിവരം അറിയുമ്പോള്‍ അദ്ദേഹം രാഷ്ട്രീയ പ്രചാരണത്തിലായിരുന്നു. വൈകുന്നേരം വന്നു; ശവദാഹത്തിനു ശേഷം അടുത്ത മീറ്റിങ്ങിലേക്ക് പോവുകയും ചെയ്തു... മൂത്ത മകള്‍ ആശക്ക് പതിനൊന്നു മാസം മാത്രമുളളപ്പോഴാണ് അദ്ദേഹം പഠനത്തിനായി അമേരിക്കയിലേക്ക് പോയത്. മൂന്നു വര്‍ഷത്തെ പഠനം. തിരിച്ചു വന്ന ഉടനെ വീണ്ടും രാഷ്ട്രീയത്തിലേക്ക്. ഇത്രയെല്ലാം പഠിച്ചിട്ടും നിങ്ങള്‍ ഒന്നും ആയില്ലല്ലോ എന്നു ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. അതിലദ്ദേഹം വേവലാതിപ്പെടുന്നതായി പക്ഷെ എനിക്കു തോന്നിയിട്ടില്ല. ഒന്നിലും ഒരിക്കലും പതറാത്ത ഒരാളായിരുന്നു. പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ അദ്ദേഹത്തിന് പതിന്മടങ്ങ് ശക്തി കൈവരുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്.  

ഞങ്ങള്‍ക്കിടയില്‍ വലിയ സൗന്ദര്യപ്പിണക്കങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകും, ഇരുചെവിയറിയാതെ ഞങ്ങള്‍ തന്നെ അതിന് പരിഹാരവും കാണും. എന്റെ എല്ലാ കാര്യങ്ങളിലും അദ്ദേഹം പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഞാന്‍ എന്തു തീരുമാനമെടുത്താലും അതിന് എതിരു പറയില്ല. എപ്പോഴും എന്തിനും ഞാന്‍  കൂടെ വേണം. എം.എല്‍.എ. ആയിരുന്നപ്പോള്‍ ഹോസ്റ്റലില്‍ ഞാനും സ്ഥിരതാമസമായിരുന്നു. എം.പി.യായുള്ള ഡല്‍ഹി യാത്രകളില്‍ സുഖമില്ലാത്തപ്പോള്‍ പോലും ഞാന്‍ അനുഗമിച്ചിരുന്നു. പാര്‍ലമെന്റ് ദിനങ്ങളില്‍ മിക്കപ്പോഴും രാത്രി ഡിന്നറിന് എന്നെ പുറത്തു കൊണ്ടുപോകും. എല്ലാ വര്‍ഷവും ഒരു മാസം തിരക്കുകള്‍ മാറ്റിവെച്ച് ഞങ്ങള്‍ വിദേശയാത്ര പോകും. എല്ലാ യാത്രയിലും വിലപ്പെട്ട എന്തെങ്കിലും ഒരു സമ്മാനം വാങ്ങിത്തരും. യാത്രയില്‍ പി.വി. ചന്ദ്രനും ഭാര്യ ഹേമലതയുമൊക്കെ ഒപ്പമുണ്ടാവും. യാത്ര പോലെ, പുസ്തകങ്ങള്‍, വാച്ച്, പേന എന്നിവയും അദ്ദേഹത്തിന്റെ ദൗര്‍ബല്യമായിരുന്നു. വീട്ടില്‍ വലിയ പുസ്തകശേഖരം തന്നെയുണ്ട്. വായിച്ച പുസ്തകങ്ങള്‍ ഞാന്‍ എവിടേക്കെങ്കിലും മാറ്റിവെച്ച് കാണാതാവുമ്പോള്‍ മാത്രമാണ് അദ്ദേഹം എന്നോട് വഴക്കിടാറ്.

usha veerendra kumar
 എം.പി. വീരേന്ദ്രകുമാറിന്റെ ഭൗതികശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിക്കുന്ന ഉഷ വീരേന്ദ്രകുമാർ. ഫോട്ടോ: സാജൻ വി നമ്പ്യാർ

എന്നും സാധാരണക്കാരോടായിരുന്നു അദ്ദേഹത്തിന് അടുപ്പം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാതൃഭൂമി കുടുംബാംഗങ്ങളുടേയും വിഷമങ്ങള്‍ തന്റെകൂടി വിഷമമായി അദ്ദേഹം അനുഭവിക്കുന്നത് കണ്ടിട്ടുണ്ട്. ഭക്ഷണം കഴിക്കാന്‍ വരുമ്പോള്‍ മിക്കപ്പോഴും ആരെങ്കിലും കൂടെയുണ്ടാവും. പക്ഷെ അതു മുന്‍കൂട്ടി പറയില്ല. ഭക്ഷണക്കാര്യത്തില്‍ ഒരു നിര്‍ബന്ധവുമില്ല. എന്തു കൊടുത്താലും രുചിയോടെ കഴിക്കും. വലിയ ഹോട്ടലുകളേക്കാള്‍ അദ്ദേഹം ഇഷ്ടപ്പെട്ടത് തട്ടുകടകളെയാണ്. പഴകിയ ഭക്ഷണമാണ് നക്ഷത്ര ഹോട്ടലുകളില്‍ കിട്ടുകയെന്ന് എപ്പോഴും പറയും. ('ഔറംഗസേബ് ചക്രവര്‍ത്തിയുടെ കാലത്തെ ഭക്ഷണമാണെടോ...' എന്നാണ് തമാശയായി പറയുക). കോഴിക്കോട്ടെ മേയ്ത്ര ആശുപത്രിയില്‍ ഫിസിയോ തെറാപ്പിക്ക് പോയിരുന്ന സമയത്ത് എന്നെയും ഒപ്പം കൂട്ടുമായിരുന്നു. തിരിച്ചുവരുമ്പോള്‍ ആശുപത്രിക്കടുത്തുള്ള തട്ടുകടയില്‍ നിന്ന് എന്നും കാപ്പിയും ബോണ്ടയും കഴിക്കും. തനിയ്ക്ക് വേണമെന്നല്ല, 'ഉഷക്ക് കാപ്പി വേണം' എന്നാണ് അദ്ദേഹം സന്തതസഹചാരിയായ നന്ദനോട് പറയുക!

2006-ല്‍ ഒരു അലര്‍ജി വന്ന് എന്നെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീരെ വയ്യാതായപ്പോള്‍ ചെന്നൈയിലെ മോഹന്‍സ് ആശുപത്രിയിലേക്കു മാറ്റി. എല്ലാ തിരക്കുകളും മാറ്റിവെച്ച് അദ്ദേഹം കൂടെ വന്നു. തിരഞ്ഞെടുപ്പു ഫലം വന്ന് മന്ത്രിയെ തീരുമാനിക്കേണ്ട സമയമായിരുന്നു അത്. ഞങ്ങളുടെ മകന്‍ ശ്രേയാംസ്‌കുമാര്‍ ജയിച്ച് എം.എല്‍.എ ആയ സമയം. അതിലൊന്നും ഒരു താല്‍പര്യവും കാണിക്കാതെ അദ്ദേഹം എന്റെ അടുത്തിരുന്നു. എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി സമാധാനിപ്പിച്ചു. അപ്പോളോ ഹോസ്പിറ്റലിലെ ഐ.സി.യുവിലേയ്ക്ക് എന്നെ മാറ്റിയപ്പോള്‍ ദിവസവും രണ്ടു പ്രാവശ്യം കാണാന്‍ വന്നു. 45 ദിവസത്തോളം ഞാന്‍ കിടന്നു. അത്രയും ദിവസം അദ്ദേഹം എന്റെ അരികില്‍ തന്നെയിരുന്നു; ഒരു പക്ഷേ ഞങ്ങളുടെ ജീവിതത്തിലാദ്യമായി...

അതിനുശേഷം അദ്ദേഹം എവിടെ പോകുമ്പോഴും ഞാനും കൂടെ പോകും. സുഖമില്ലാത്തപ്പോള്‍ പ്രത്യേകിച്ചും ഞാന്‍ ഒപ്പം വേണമെന്ന് അദ്ദേഹം നിര്‍ബന്ധിക്കും. ആശുപത്രിയിലെ അതേ മുറിയില്‍ എനിക്കു കൂടി ഒരു കിടക്ക ഇടാന്‍ ഡോക്ടറോട് പറയും. എല്ലാ വര്‍ഷവും കര്‍ക്കിടകത്തില്‍ ആയുര്‍വേദ ചികിത്സക്ക് പോകുമ്പോള്‍ എന്നെയും കൊണ്ടുപോകും. ഒരു മാസം ഒരുമിച്ച് അവിടെ താമസിക്കും. പ്രളയത്തിന് കൈത്താങ്ങായി മാതൃഭൂമി പൊതുജനങ്ങളില്‍ നിന്നു സാധനങ്ങള്‍ സ്വീകരിക്കുന്ന സമയത്ത് എന്നെയും കൂട്ടി മാതൃഭൂമിയുടെ കാര്‍പോര്‍ച്ചില്‍ വന്നിരിക്കും. പലരും കൊണ്ടുവരുന്ന സാധനങ്ങള്‍ എന്നെകൊണ്ടാണ് വാങ്ങിപ്പിക്കുക.

MPV

മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു: 'നിങ്ങള്‍ എനിക്കെല്ലാം ചെയ്തു തന്നു. എല്ലാറ്റിനും നന്ദിയുണ്ട്'. തുടര്‍ന്ന് ഞങ്ങളുടെ പഞ്ചനമസ്‌കാരം (ഭജന) ചൊല്ലി. തലേദിവസം മാതൃഭൂമി രാമനാട്ടുകര പ്രസ്സിന്റെ ഉദ്ഘാടനമായിരുന്നു. എന്നെയും ചേര്‍ത്തുപിടിച്ചാണ് അദ്ദേഹമതു നിര്‍വഹിച്ചത്. മരിക്കുന്ന ദിവസം ഉച്ചക്ക് പേരക്കുട്ടിയുടെ കുട്ടിയുടെ നാമകരണം ഓണ്‍ലൈനിലൂടെ നടത്തുകയും ചെയ്തു. സുഖമില്ലാത്തതിനാല്‍ ചടങ്ങു മാറ്റിവെക്കാന്‍ എല്ലാവരും നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. മരിക്കുന്നതിന് തൊട്ടുമുമ്പ് എല്ലാവരോടും തനിയ്ക്ക് ഭക്ഷണം തരാന്‍ പറഞ്ഞു. എല്ലാവരുടെ കയ്യില്‍ നിന്നും വാങ്ങി കഴിച്ചു. പിന്നെ, ആരോടും ഒന്നും പറയാതെ അദ്ദേഹം യാത്രയായി. ഇവിടെ, ജീവിതത്തില്‍ ഞാന്‍ തനിച്ചായി..

Content Highlights: Usha Veerendra kumar, MP veerendra kumar