സാവധാനം കാറില്‍നിന്നിറങ്ങി, ധൃതിയേതുമില്ലാതെ മുണ്ട് നല്ലതുപോലെ ഒന്നു മുറുക്കിയുടുത്ത് കല്‍പ്പറ്റ നഗരത്തിലെ മാതൃഭൂമി ബുക്ക് സ്റ്റാളിന്റെ ചില്ലുവാതില്‍ പതുക്കെ തള്ളിത്തുറന്ന് ഞങ്ങളുടെ എം.ഡി. എം.പി. വീരേന്ദ്രകുമാര്‍സാര്‍ ഇനിയൊരിക്കലും വരില്ല. അദ്ദേഹം മണ്‍മറഞ്ഞ് ആഴ്ചകളേറെയായിട്ടും ഇന്നുമത് ഉള്‍ക്കൊള്ളാനാവുന്നില്ല. അദ്ദേഹത്തിന്റെ രവീ... എവിടെയാ...? എന്ന നീട്ടിവിളിക്ക് കാതോര്‍ത്തിരിക്കയാണ് ഞാനിപ്പോഴും.

പുസ്തകശാലകളെ എന്നുമദ്ദേഹം ഏറെയിഷ്ടപ്പെട്ടിരുന്നു. ആഴ്ചകള്‍നീണ്ട വിദേശപര്യടനശേഷം, മാസത്തിലേറെ നീളുന്ന പാര്‍ലമെന്റ് സമ്മേളനാനന്തരം തന്റെ വേരുകള്‍ പടര്‍ന്നുപിടിച്ചുകിടക്കുന്ന വയനാടന്‍ മണ്ണിലേക്ക് അദ്ദേഹം ഓടിയെത്തുമായിരുന്നു. അപ്പോഴൊക്കെ വീരേന്ദ്രകുമാര്‍സാര്‍ ഏറെ നേരവും ചെലവഴിച്ചത് കല്‍പ്പറ്റയിലെ മാതൃഭൂമി ബുക്ക് സ്റ്റാളിലായിരുന്നു. പുളിയാര്‍മലയിലെ വീട്ടിലേക്ക് തിരിക്കാനിറങ്ങുമ്പോള്‍ മേശയില്‍ കൈകുത്തിനിന്ന് അലമാരയില്‍ അടുക്കിവെച്ച പുസ്തകങ്ങള്‍ സശ്രദ്ധം നിരീക്ഷിക്കും. തന്റെ ലൈബ്രറിയിലില്ലാത്ത -അതേറെ വിരളമാണ്- പുസ്തകവുമെടുത്താണ് ചിലപ്പോഴൊക്കെ അദ്ദേഹം ബുക്ക് സ്റ്റാളിന്റെ പടികളിറങ്ങുക.

ബുക്ക് സ്റ്റാളില്‍ ചെലവഴിക്കുന്ന സന്ദര്‍ഭങ്ങളില്‍ അവിടെ കയറിവരുന്നവരോടൊക്കെ, പരിചയമുള്ളവരാണെങ്കിലും അല്ലെങ്കിലും, സ്‌നേഹാന്വേഷണം നടത്തും. പലര്‍ക്കുമതൊരദ്ഭുതമായിരുന്നു. അതവരുടെ കണ്ണുകളില്‍ പ്രകടമാകും. ഇത്രയും മഹാനായ ഒരാള്‍ വെറും സാധാരണക്കാരനെന്നപോലെ തങ്ങളോടു സംവദിക്കുന്നത് പലര്‍ക്കും വിശ്വസിക്കാനാവുന്ന ഒരു കാര്യമായിരുന്നില്ല. അതിനിടയില്‍ 'ഒരു സെല്‍ഫി' എന്നു പതുക്കെ ഉരുവിടുന്നവര്‍ക്ക് എഴുന്നേറ്റുനിന്ന് അതിനുള്ള അവസരവും കൊടുക്കും.

സാറിന്റെ സാമീപ്യംതന്നെ എല്ലാവര്‍ക്കും ഒരാഹ്ലാദമായിരുന്നു, ഒരാവേശമായിരുന്നു. അദ്ദേഹത്തിന്റെ കാര്‍ 'മാതൃഭൂമി'ക്കു മുന്നില്‍ നില്‍ക്കുന്നതുകണ്ടാല്‍ ഒരുനോക്കു കാണാന്‍, എന്തെങ്കിലുമൊന്ന് സംസാരിക്കാന്‍ അറിയുന്നവരൊക്കെ, അടുപ്പമുള്ളവരൊക്കെ ബുക്ക് സ്റ്റാളിലേക്ക് കയറിവരും. അതില്‍ പാര്‍ട്ടിക്കാരുണ്ടാകും, കൂടെ പഠിച്ചവരുണ്ടാകും, വിദ്യാര്‍ഥികളുണ്ടാകും, ആരാധകരുണ്ടാകും. അവരോടൊക്കെ അദ്ദേഹം സ്‌നേഹം പങ്കുവെക്കും. പലപ്പോഴും ചര്‍ച്ചകള്‍ പലവഴിക്കു തിരിയും. സമയം കടന്നുപോകുന്നത് ആരുമറിയുകയേയില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തുനില്‍ക്കും, എല്ലാവരും. എന്തുസംശയവും ഉന്നയിക്കാം. അതിനു കൃത്യതയാര്‍ന്ന ഉത്തരങ്ങള്‍ ആ നാവിന്‍തുമ്പില്‍നിന്ന് പെട്ടെന്നുതന്നെ ഉതിര്‍ന്നുവീഴും.

2007 നവംബര്‍ 14-നാണ് അദ്ദേഹത്തിന്റെ പിതാവും ആധുനികവയനാടിന്റെ ശില്പികളില്‍ പ്രധാനിയുമായിരുന്ന എം.കെ. പത്മപ്രഭയുടെ നാമധേയത്തില്‍ കല്‍പ്പറ്റ കൈനാട്ടിയിലെ അക്ഷരപ്രേമികള്‍ ഒരു ഗ്രന്ഥാലയത്തിന് രൂപംനല്‍കിയത്. മഹാകവി അക്കിത്തമാണ് ഗ്രന്ഥപ്പുരയ്ക്ക് തിരിതെളിച്ചത്. വീരേന്ദ്രകുമാര്‍സാറിനു പുറമെ വിഖ്യാത എഴുത്തുകാരായ സി. രാധാകൃഷ്ണന്‍, എം. മുകുന്ദന്‍, പി. വത്സല, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ തുടങ്ങിയവരുടെയൊക്കെ സാന്നിധ്യത്തിലായിരുന്നു അത്.

2014 ജൂണ്‍ ഒന്നിന് പത്മപ്രഭ പൊതുഗ്രന്ഥാലയത്തിന് സ്വന്തം കെട്ടിടമായി. എം.ഡി.യുടെയും അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ്‌കുമാറിന്റെയും അകമഴിഞ്ഞ സഹായത്തോടെയാണ് കോഴിക്കോട്-മൈസൂരു പാതയോരത്ത് ആറു സെന്റ് സ്ഥലത്ത് മനോഹരമായ കെട്ടിടം പണിതത്. നല്ലവരായ നാട്ടുകാരുടെ സഹായവും ലഭ്യമായി. കെട്ടിടനിര്‍മാണത്തിന് പത്തുലക്ഷം രൂപ തന്റെ എം.പി. ഫണ്ടില്‍നിന്നനുവദിച്ച യശഃശരീരനായ എം.ഐ.ഷാനവാസാണ് കെട്ടിടോദ്ഘാടനം നിര്‍വഹിച്ചത്. സാംസ്‌കാരികസമ്മേളനം വീരേന്ദ്രകുമാര്‍സാര്‍ ഉദ്ഘാടനംചെയ്തു.

അടുത്തദിവസം രാവിലെ ഒമ്പതുമണിയായിട്ടേയുള്ളൂ. എം.ഡി.യുടെ പതിവുവിളിയെത്തി. രവീ... എവിടെയാ...? ഞാനപ്പോഴേക്കും 'മാതൃഭൂമി'യിലെത്തിയിരുന്നു. അദ്ദേഹം പറഞ്ഞു: ഞാന്‍ ഗ്രന്ഥാലയത്തിലുണ്ട്. അതിനു തൊട്ടുതന്നെ താമസിക്കുന്ന ലൈബ്രേറിയന്‍ പി. ഗോവിന്ദന്‍, സെക്രട്ടറി എം.എം. പൈലി, ജോ. സെക്രട്ടറി ഇ. ശേഖരന്‍ എന്നിവരെയൊക്കെ വിളിച്ച് സാര്‍ ഗ്രന്ഥാലയത്തിലെത്തുകയും ചെയ്തു. ഏറെ വൈകാതെ ഞാനും. മണിക്കൂറുകളോളം ഗ്രന്ഥാലയം ലൈബ്രറിഹാളില്‍ ചെലവഴിച്ചശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്. അന്നദ്ദേഹം പറയുകയുണ്ടായി: പുസ്തകങ്ങള്‍ക്കിടയിലിരിക്കുമ്പോള്‍ അതില്‍നിന്ന് എന്തോ ഒരു ഊര്‍ജം നമ്മിലേക്ക് പടര്‍ന്നുകയറും. ഞാന്‍ അതിന്നും അനുഭവിക്കുകയാണ്, പത്മപ്രഭയിലായാലും മാതൃഭൂമി ബുക്ക്സ്റ്റാളിലായാലും.

ആരായിരുന്നു എനിക്ക് വീരേന്ദ്രകുമാര്‍സാര്‍? സോഷ്യലിസ്റ്റ് കുടുംബത്തില്‍ പിറന്നതിനാല്‍ അദ്ദേഹം എന്റെ നേതാവായിരുന്നു. ഹൈസ്‌കൂള്‍-കോളേജ് വിദ്യാഭ്യാസകാലത്ത് ഞാന്‍ വിളിച്ച മുദ്രാവാക്യം വീരേന്ദ്രകുമാര്‍ സിന്ദാബാദ് എന്നായിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടി ക്ലാസുകള്‍ എന്നിലെ വിദ്യാര്‍ഥിരാഷ്ട്രീയക്കാരന് ആവേശം പകര്‍ന്നുതന്നു.

1994-ലെ കാലവര്‍ഷക്കാലത്ത് കോഴിക്കോട്ടുനിന്നു സ്ഥലംമാറി മാതൃഭൂമി വയനാട് ബ്യൂറോയുടെ ചുമതലയേല്‍ക്കാന്‍, തിരിമുറിയാതെപെയ്യുന്ന മഴയിലേക്കാണ് കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ കല്‍പ്പറ്റയിലിറങ്ങിയത്. സീറ്റിലിരുന്നയുടനെ എം.ഡി.യുടെ വിളിവന്നു: രവീ... അവിടെയെത്തിയില്ലേ? തകര്‍ത്തുപെയ്യുന്ന മഴയെക്കുറിച്ചദ്ദേഹം ആരാഞ്ഞു. കമ്പിളിയും പുതപ്പുമൊക്കെ കരുതിയിട്ടുണ്ടോ എന്നന്വേഷിച്ചു. അന്നുമുതല്‍ വിടപറയുന്നതിന് ആഴ്ചകള്‍ക്കുമുമ്പുവരെ അദ്ദേഹം വിളിക്കുമായിരുന്നു. എന്നിവയിലൊക്കെ സ്‌നേഹത്തിന്റെ കണങ്ങള്‍ നിറഞ്ഞുനിന്നു. കുടുംബകാര്യങ്ങള്‍, മക്കളുടെ വിദ്യാഭ്യാസം... അതിലൊക്കെ അദ്ദേഹം ശ്രദ്ധപുലര്‍ത്തി. പരിചയം കുറഞ്ഞ വയനാട്ടില്‍ ഞാനും കുടുംബവും ഒറ്റയ്ക്കല്ലെന്ന തോന്നല്‍ എന്നിലുളവാക്കാന്‍ അദ്ദേഹത്തിന്റെ വിളികള്‍ക്കായി.

അക്കാലത്ത് സാര്‍ ചുരം കയറി ഇടയ്ക്കിടെ വയനാട്ടിലെത്തുമായിരുന്നു. സായാഹ്നങ്ങള്‍ അദ്ദേഹത്തിന്റെ സാമീപ്യംകൊണ്ട് സമ്പന്നമാകാറുണ്ട്. പലപ്പോഴും രാത്രി ഏറെ വൈകിയാകും അന്ന് പുഴമുടി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചിരുന്ന മാതൃഭൂമി ഓഫീസില്‍നിന്ന് അദ്ദേഹമിറങ്ങുക.
എം.ഡി.യോടൊപ്പമുള്ള യാത്രകള്‍ ഒരിക്കലും മനസ്സില്‍നിന്നു മാഞ്ഞുപോകില്ല. രസകരമായിരുന്നു യാത്രകളൊക്കെയും. സംഭാഷണമധ്യേ കടന്നുവരാത്ത വിഷയങ്ങളില്ല. നര്‍മം വിതറിക്കൊണ്ടുള്ളതാകും യാത്രകള്‍. ഒരിക്കലും മായാത്ത ഒരുപാടൊരുപാട് ഓര്‍മകള്‍ സമ്മാനിച്ചാണ് അദ്ദേഹം വിട്ടുപോയത്..

Content Highlights: TV Raveendran Remembers MP Veerendra Kumar