കോഴിക്കോട്: ബഹുമുഖപ്രതിഭ എന്ന വാക്കിനെ സാര്‍ഥകമാക്കിയ ജീവിതമായിരുന്നു എം.പി വീരേന്ദ്രകുമാറിന്റെതെന്ന് എഴുത്തുകാരന്‍ ടി. പത്മനാഭന്‍ അനുസ്മരിച്ചു. വിവിധ രംഗങ്ങളില്‍ തന്റെ അസാധാരണമായ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും ടി. പത്മനാഭന്‍ പറഞ്ഞു. എം.പി വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ മാതൃഭൂമി സംഘടിപ്പിച്ച അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് അര്‍ഥം തന്നെ മാറിപ്പോയ ഒരു പ്രയോഗമാണ് ബഹുമുഖ പ്രതിഭ എന്നത്. പക്ഷെ അടുത്ത കാലം വരെ നമ്മുടെ കൂടെ ഉണ്ടായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ കാര്യത്തില്‍ ഈ പ്രയോഗം തീര്‍ത്തും സാര്‍ഥകമാണ് എന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാം. കേരളത്തില്‍ മാത്രം ഒതുങ്ങി നിന്നതല്ല വീരേന്ദ്രകുമാറിന്റെ കര്‍മ്മ രംഗം. അങ്ങകലെ ബ്രസീലിയിന്‍ കാടുകളില്‍ വരെ അത് എത്തുകയുണ്ടായി. 

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പത്രത്തിന്റെ ഉടമ, ഒന്നാംതരം എഴുത്തുകാരന്‍ മികച്ച പ്രഭാഷകന്‍ എന്നീ നിലകളിലെല്ലാം  ഏറെ തിളങ്ങിയ വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാറിന്റെത്. എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹം നേടിയ അംഗീകാരം നിസ്തുലമാണ്. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും ചരിത്രം സൃഷ്ടിച്ചവയാണ്. വിവേകാനന്ദനെ കുറിച്ചുള്ള പുസ്തകം വായിച്ചതിന് ശേഷം രവീന്ദ്രനാഥ ടാഗോറിനെ കുറിച്ച് എഴുതാന്‍ താന്‍ അദ്ദേഹത്തോട് അപോക്ഷിക്കുകയുണ്ടായി. അതിന് ആഗ്രഹമുണ്ടെന്നും ആരോഗ്യം അനുവദിക്കുമെന്ന് തോന്നുന്നില്ലെന്നുമാണ് അദ്ദേഹം എന്നോട് മറുപടി പറഞ്ഞത്. നിറഞ്ഞ സദസ്സില്‍ വെച്ച് വിവേകാനന്ദനെ കുറിച്ചുള്ള പുസ്തകം പുസ്തകം പ്രകാശനം ചെയ്യാനും തനിക്ക് ഭാഗ്യമുണ്ടായി. ജീവിതത്തെ ഏറെ സ്വാധീനിക്കുകയും ഏറെ കടപ്പാടുള്ളതുമായ മഹാപുരുഷനാണ് അദ്ദേഹം. നമ്മുടെ കാലത്തെ കേരളത്തിന്റെ ധൈഷണിക ജീവിതത്തില്‍ ഒരു വലിയ വിളക്കുമാടമായിരുന്നു വീരേന്ദ്ര കുമാര്‍. ക്രാന്തദര്‍ശിയായ ആ എഴുത്തുകാരന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്നും ടി. പത്മനാഭന്‍ പറഞ്ഞു.

Content Highlights: T Padmanabhan remembering MP veerendra kumar