ന്റെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ, എനിക്ക് ഏറെ കടപ്പാടുള്ള വ്യക്തിയാണ് എം.പി വീരേന്ദ്രകുമാര്‍. അദ്ദേഹത്തിന്റെ ഓര്‍മദിനത്തില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട ഒന്നുരണ്ട് സംഭവങ്ങള്‍  പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ കഥയെഴുത്തിന്റെ അമ്പതാം വാര്‍ഷികം തൃശ്ശൂരില്‍ വെച്ച് അങ്കണം സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസം കൊണ്ടാടപ്പെടുകയുണ്ടായി. യശ:ശരീരനായ ആര്‍.ഐ ഷംസുദ്ദീന്‍, അദ്ദേഹം അറിയപ്പെട്ടിരുന്നത് അങ്കണം ഷംസുദ്ദീന്‍ എന്ന പേരിലായിരുന്നു, അദ്ദേഹമായിരുന്നു ഈ പരിപാടിയുടെ സംഘാടകന്‍. 

ആദ്യത്തെ ദിവസം തൃശ്ശൂര്‍ ടൗണിലെ ഓഡിറ്റോറിയത്തില്‍ വെച്ച് എം.എ ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂരില്‍ നിന്ന് കുറച്ചകലെയുള്ള ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു ബാക്കി രണ്ട് ദിവസത്തെ പരിപാടികള്‍. 

ഞാന്‍ എവിടേക്ക് പോകുമ്പോഴും വീട്ടില്‍ കൃത്യമായി പറഞ്ഞിട്ടേ പോവുകയുള്ളു. ഇന്ന ദിക്കിലാണ് താമസിക്കുക, ഇന്നായാള്‍ വിളിച്ചിട്ടാണ് പോവുന്നത്, ഇന്ന ദിവസം മടങ്ങും എന്ന് എല്ലാ വിവരങ്ങളും പറഞ്ഞ് ഭാര്യയെ ബോധിപ്പിക്കും. ഈ പരിപാടിയുടെ കാര്യവും ഞാന്‍ പറഞ്ഞിരുന്നു. ഏത് ഹോട്ടലിലാണ് താമസസൗകര്യം ഒരുക്കിയതെന്ന് എനിക്ക് അറിയാത്തതിനാല്‍ ഇത്തവണ താമസിക്കുന്ന ഹോട്ടലിന്റെ പേരുവിശദാംശങ്ങള്‍ കൊടുക്കാന്‍ കഴിഞ്ഞില്ല. 

ഞാന്‍ കൃത്യസമയത്ത് തന്നെ ആദ്യ ദിവസം തൃശ്ശൂരിലെത്തി ഷംസുദ്ദീന്‍ എന്നെ സ്വീകരിച്ച് അവിടത്തെ സാമാന്യം മികച്ച ഒരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെയായിരുന്നു എന്റെ താമസസൗകര്യങ്ങള്‍ ഏര്‍പ്പാട് ചെയ്തിരുന്നത്. 

ഹോട്ടലില്‍ തിരിച്ചെത്തി ഭക്ഷണം കഴിക്കുന്നതിന് മുന്‍പായി കുറച്ചുനേരം വിശ്രമിക്കുകയാണ് ഞാന്‍. അപ്പോഴാണ് മാതൃഭൂമിയുടെ തൃശ്ശൂര്‍ മാനേജര്‍ അല്‍പ്പം പരിഭ്രാന്തിയോടെ എന്റെ മുറിയിലേക്ക് കടന്നുവരുന്നത്. അദ്ദേഹം ഒരു വിവരം പറയാന്‍ എന്നെ തപ്പിപ്പിടിച്ച് വന്നതായിരുന്നു: എന്റെ ഭാര്യ സിവിയര്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് കണ്ണൂരിലെ ഒരു ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നു. അബോധാവസ്ഥയിലാണ്, എത്രയും പെട്ടെന്ന് നാട്ടിലെത്തണം.

ഞാന്‍ തൃശ്ശൂരിലേക്കാണ് പോകുന്നത്, അങ്കണം ഷംസുദ്ദീന്റെ പരിപാടിക്കാണ് എന്നൊക്കെ എന്റെ മരുമകന് അറിയാം. പക്ഷേ എവിടെയാണ് താമസിക്കുന്നത് എങ്ങനെയാണ് വിവരം തരേണ്ടത് എന്നറിയില്ല. ഷംസുദ്ദീന്റെ ഫോണ്‍ നമ്പറും മരുമകന് അറിയില്ല. അപ്പോള്‍ പെട്ടെന്ന് അവന് തോന്നിയ യുക്തിയാണ് പ്രധാനം. മരുമകന് എം.പി വീരേന്ദ്രകുമാറുമായി ഒരു പരിചയവും ഉണ്ടായിരുന്നില്ല. എങ്കിലും മാതൃഭൂമി കണ്ണൂര്‍ യൂണിറ്റില്‍ നിന്നും അദ്ദേഹത്തിന്റെ ഫോണ്‍നമ്പര്‍ തേടിപ്പിടിച്ച് വിളിച്ച് വിവരം പറഞ്ഞു. കാര്യഗൗരവം മനസ്സിലാക്കിയ അദ്ദേഹം മരുമകനെ സമാധാനിപ്പിച്ചു. ''ഞാന്‍ നോക്കിക്കൊള്ളാം, പത്മനാഭനെ ഉടന്‍ അവിടെ എത്തിക്കാം''. 

മാതൃഭൂമി തൃശ്ശൂര്‍ മാനേജരോട് കിട്ടുന്നതില്‍ വെച്ച് ഏറ്റവും മികച്ച ഒരു കാറും ഒന്നാന്തരം ഒരു ഡ്രൈവറെയും ഏര്‍പ്പാട് ചെയ്ത് പത്മനാഭനെ വേഗം കണ്ണൂരിലേക്ക് എത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമയം എകദേശം 9 മണി ആയിട്ടുണ്ട്. ഞാന്‍ ഏറെ പരിഭ്രാന്തനാണ്. എനിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുവാന്‍ പോലും വിഷമം തോന്നി. അപ്പോള്‍ മലയാള മനോരമ വാരികയിലെ ദിലീപ് കൂടെ വരാമെന്ന് പറഞ്ഞുകൊണ്ട് സഹായത്തിനെത്തി. ഞങ്ങളെ കാറില്‍ കയറ്റി തൃശ്ശൂരിലെ മാതൃഭൂമി മാനേജര്‍ യാത്രയാക്കിയ ഉടന്‍ തന്നെ എം.പി വീരേന്ദ്രകുമാറിനെ വിളിച്ച് പറയുകയും ചെയ്തു. 

തൃശ്ശൂരില്‍ നിന്ന് പുറപ്പെട്ട കാര്‍ പിന്നീട് ഒരു ചായ കുടിക്കുവാനായി കോഴിക്കോടാണ് നിന്നത്. സത്യത്തില്‍ എനിക്ക് അപ്പോള്‍ ചായ കുടിക്കേണ്ടിയിരുന്നില്ല. ഡ്രൈവറെയും ദിലീപിനെയും ഞാന്‍ നിര്‍ബന്ധിച്ച് ചായ കുടിപ്പിച്ചു. വൈകാതെ തന്നെ ഞങ്ങള്‍ യാത്ര തുടര്‍ന്നു വളരെ വേഗത്തില്‍ കണ്ണൂരിലെത്തി. ആശുപത്രിയിലേക്കാണ് നേരെ ചെന്നത്. വഴിക്ക് മരുമകന്‍ ഇന്ന ആശുപത്രിയിലാണ് ഭാര്യയെ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്ന് പറയുകയുണ്ടായി. അന്ന് ഇത്രയും വേഗത്തില്‍ കാര്യങ്ങളൊക്കെ നിര്‍വഹിക്കാന്‍ എം.പി വീരേന്ദ്രകുമാര്‍ അല്ലാതെ മറ്റൊരാള്‍ ഇടപ്പെടുമായിരുന്നില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഞാന്‍ പിറ്റേ ദിവസം വരികയാണെങ്കില്‍ ഏതാണ്ട് വൈകുന്നേരമേ ട്രെയിന്‍ കണ്ണൂരില്‍ എത്തുകയുള്ളു. ഇനി അഥവാ ഒരു ടാക്സി പിടിക്കുകയാണെങ്കില്‍ തന്നെ അദ്ദേഹം ഏര്‍പ്പാട് ചെയ്തുതന്ന കാറിന്റെ വേഗതയോ അതല്ലെങ്കില്‍ അത്രയും സമര്‍ത്ഥമായി കാറോടിക്കാന്‍ ഒരു ഡ്രൈവറെയോ ലഭിക്കുമായിരുന്നില്ല. പിന്നീടൊരിക്കലും ഈ വിഷയത്തെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോടോ, അദ്ദേഹം എന്നോടോ പറഞ്ഞിട്ടില്ല. 

ഇനി മറ്റൊരു കാര്യം കൂടി പറയാനുണ്ട്. ഇന്ന് എന്റെ ഒരു കഥയും വായിക്കാത്ത ആള്‍ക്കാര്‍ പോലും എന്നെക്കുറിച്ച് വിശേഷിപ്പിക്കുന്നത് മലയാള കഥയുടെ കുലപതിയെന്നാണ്. ഇങ്ങനെയൊരു സംബോധന ആദ്യമായി എനിക്കു ചാര്‍ത്തിത്തന്നത് എം.പി വീരേന്ദ്രകുമാറാണ്. കല്‍പറ്റയിലെ ഒരു യോഗത്തില്‍ വെച്ചാണ് ഇങ്ങനെ അദ്ദേഹം വിശേഷിപ്പിച്ചത്. അന്നുമുതല്‍ ഇന്നുവരെ എല്ലാവരും എന്നെ വിശേഷിപ്പിക്കുന്നത് മലയാളകഥയുടെ കുലപതിയെന്ന് പറഞ്ഞുകൊണ്ടാണ്. പലര്‍ക്കും ആദ്യമായി എന്നെ ഇങ്ങനെ വിശേഷിപ്പിച്ചത് വീരേന്ദ്രകുമാറാണെന്ന് അറിയില്ല. ഓണററി ഡോക്ടറേറ്റ് ഉള്‍പ്പെടെ ധാരാളം പുരസ്‌കാരങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ ഇതിനെല്ലാറ്റിലുമുപരിയായി ഞാന്‍ വിലമതിക്കുന്നത് അദ്ദേഹം തന്ന ഈയൊരു ഡോക്ടറേറ്റാണ്; മലയാള കഥയുടെ കുലപതിയെന്ന ഡോക്ടറേറ്റ്. ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ധാരാളം ഉണ്ടാവും ഞാന്‍ അതിലേക്ക് ഈ സന്ദര്‍ഭത്തില്‍ മുതിരുന്നില്ല. 

വീരേന്ദ്രകുമാറായി ഇടപഴകാന്‍ അവസരം ലഭിച്ചിട്ടുള്ള ഏതാണ്ട് എല്ലാവര്‍ക്കും തന്നെ അദ്ദേഹത്തിന്റെ ഇത്തരം കരുതലുകള്‍ തങ്ങളുടെ ജീവിതത്തില്‍ എത്രമാത്രം സഹായകരമായിട്ടുണ്ടെന്ന് പറയാനാകും. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ച, കഴിയുന്ന സഹായം എല്ലാവര്‍ക്കും ചെയ്ത് കൊടുത്ത ഒരു മഹാനുഭാവനായിരുന്നു എം.പി വീരേന്ദ്രകുമാര്‍. അദ്ദേഹത്തിന്റെ വിയോഗത്തോടെ കേരളത്തിലെ പൊതുവേദികളില്‍ നിന്ന് ഒരു വലിയ വിളക്കുമരമാണ് മാഞ്ഞിട്ടുള്ളത്. യാത്രക്കാര്‍ക്ക് ദിശ അറിയിച്ചുകൊണ്ടിരുന്ന, വഴി തെറ്റാതിരിക്കുവാന്‍ സഹായിച്ചു കൊണ്ടിരുന്ന ഒരു വലിയ വിളക്കുമരം. ആ മഹാനുഭാവന്റെ ആദ്യത്തെ ശ്രാദ്ധദിനത്തില്‍, അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്‍പില്‍, നമ്രശിരസ്‌ക്കനായി കൈകൂപ്പുന്നു.

Content Highlights: T Padmanabhan remembering MP Veerendra Kumar