എം.പി വീരേന്ദ്രകുമാറിന്റെ ശൂന്യത എക്കാലവും സഹപ്രവര്‍ത്തകരെ അലട്ടുക തന്നെ ചെയ്യുമെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും എം.പി വീരേന്ദ്രകുമാറിന്റെ സഹപ്രവര്‍ത്തകയുമായിരുന്ന മഞ്ജുമോഹന്‍ പറഞ്ഞു. എം.പി വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ സംഘടിപ്പിച്ച 'ഓര്‍മയില്‍ എന്നും' എന്ന വെബിനാറില്‍ 'എം.പി വീരേന്ദ്രകുമാര്‍ എന്ന രാഷ്ട്രീയക്കാരനും സുഹൃത്തും' എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട്  സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ മഞ്ജുമോഹന്‍ സംസാരിക്കുകയായിരുന്നു

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ എം. പി വീരേന്ദ്രകുമാര്‍ജിയോടൊപ്പം നല്ലൊരുകാലം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ജയപ്രകാശ് നാരായണന്റെയും രാം മനോഹര്‍ ലോഹ്യയുടെയും ആദര്‍ശങ്ങളില്‍ മുറുകെപിടിച്ച ആ വ്യക്തിത്വത്തിലൂടെയാണ് രാഷ്ട്രീയത്തിന്റെ ആദ്യപടികള്‍ ചവുട്ടിക്കയറിയത്. എന്റെ ഭര്‍ത്താവ് സുരേന്ദ്ര മോഹന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്നു എം.പി വീരേന്ദ്രകുമാര്‍. ദേവഗൗഡ കര്‍ണാടകയില്‍ ബി.ജെ.പിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ പാര്‍ട്ടിലെ തന്റെ അംഗത്വം രാജിവച്ച് പുതിയ ആശയപ്രസ്ഥാനത്തിന് രൂപം നല്‍കുകയായിരുന്നു അദ്ദേഹം ചെയ്തത്. അക്കാലത്ത് ഞാനും സുരേന്ദ്രമോഹനും കൂടി പാര്‍ട്ടിയുടെ പ്രചാരണത്തിനും വളര്‍ച്ചക്കുമായി നിരന്തരം കേരളത്തിലേക്കു യാത്രചെയ്തു. വയനാട്ടിലെ അദ്ദേഹത്തിന്റെ വസതിയും കോഴിക്കോട്ടെ വീടും ഞങ്ങള്‍ക്ക് സ്വന്തം വീടുപോലെയായി. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ആതിഥ്യമര്യാദകള്‍ ഇന്നും മനസ്സിലുണ്ട്. 

വര്‍ത്തമാന കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി കറകളഞ്ഞ വ്യക്തിബന്ധം അദ്ദേഹം സൂക്ഷിച്ചിരുന്നു. രാഷ്ട്രീയമേഖലയിലെ വളരെ തിരക്കുള്ള നേതാവായിരുന്നിട്ടുകൂടി തന്റെ എഴുത്ത്, വായന, യാത്ര തുടങ്ങിയ കാര്യങ്ങള്‍ക്ക് യാതൊരു മുടക്കവും അദ്ദേഹം വരുത്തിയിരുന്നില്ല എന്നതായിരുന്നു അത്ഭുതം. നിരവധി പുസ്തകങ്ങള്‍, അനവധി നിരീക്ഷണങ്ങള്‍, പ്രകൃതിയോടുള്ള ആദരണീയമായ വിധേയത്വം തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹത്തെ ബഹുമുഖപ്രതിഭയാക്കി മാറ്റി. സമൂഹത്തിലെ താഴെക്കിടയിലുള്ളവരോടും തൊഴിലാളികളോടുമൊപ്പമായിരുന്നു അദ്ദേഹം.

1968-കളിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളില്‍ അഹോരാത്രം പ്രയത്‌നിച്ച നേതാവായിരുന്നു എം. പി വീരേന്ദ്രകുമാര്‍ജി. വീരേന്ദ്രകുമാര്‍ എന്ന പരിസ്ഥിതിവാദിയുടെ പേര് കേരളത്തിലെ പ്ലാച്ചിമടയുമായി ചേര്‍ത്തുവായിക്കപ്പെടുന്നതിനു കാരണം അമേരിക്കന്‍ കുത്തക മുതലാളിത്ത കമ്പനിയായ കൊക്കക്കോളയ്‌ക്കെതിരേ നടത്തിയ സമരമാണ്. ജയപ്രകാശ് നാരായണന്റെ പ്രസ്ഥാനത്തില്‍ വിശ്വസിച്ചവരും അനുഗമിച്ചവരുമെല്ലാം തന്നെ പ്ലാച്ചിമടസമരത്തില്‍ അണിനിരന്നിരുന്നു. 

കുത്തകമുതലാളിത്തത്തിനെതിരെ പോരാടിയ തലമുറയാണ് വീരേന്ദ്രകുമാറിന്റേത്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലനില്‍ക്കുന്നതുപോലും ഇത്തരം കുത്തകമുതലാളിമാരെ ആശ്രയിച്ചാണ്. എം.പി വീരേന്ദ്രകുമാറിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാകേണ്ടത് ഈ സാഹചര്യത്തിലാണ്. പ്രകൃതിസ്‌നേഹിയും മനുഷ്യസ്‌നേഹിയും താത്വികനുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ ശൂന്യത എക്കാലവും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെ അലട്ടുക തന്നെ ചെയ്യും- മഞ്ജുമോഹന്‍ പറഞ്ഞു.

Content Highlights : Socialist Party leader Manju Mohan Remembers her colleague MP Veerendrakumar