കോഴിക്കോട്: എന്നും സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ഉറച്ചുനിന്ന വ്യക്തിയായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് ശശി തരൂര്‍ എം.പി. വ്യത്യസ്തമായ രാഷ്ട്രീയചേരികളില്‍ നിന്നപ്പോഴും തന്റെ സോഷ്യലിസ്റ്റ് നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹമെന്നും തരൂര്‍ പറഞ്ഞു. എം.പി. വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ 'മാതൃഭൂമി' സംഘടിപ്പിച്ച 'എം.പി. വീരേന്ദ്രകുമാര്‍ എന്ന ബഹുമുഖ പ്രതിഭ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'25 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1996-ല്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ നോവലെന്ന എന്റെ പുസ്തകത്തിന്റെ മലയാളം പതിപ്പിന്റെ പ്രകാശനവേളയിലാണ് എം.പി. വീരേന്ദ്രകുമാറിനെ ഞാനാദ്യമായി കാണുന്നത്. അതുവരെ അദ്ദേഹത്തിന്റെ യശ്ശസിനെക്കുറിച്ച് എനിക്കത്ര ധാരണയില്ലായിരുന്നു. പക്ഷേ അന്ന് ആ സദസ്സില്‍ വെച്ച് തന്റെ വാക്ചാതുരി കൊണ്ട് അദ്ദേഹമെന്നെ വിസ്മയിപ്പിച്ചു. 

പിന്നീട് നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. കരീബിയന്‍ ദ്വീപായ ബാര്‍ബഡോസില്‍വച്ച്. തികച്ചും അസാധാരണമായൊരു കൂടിക്കാഴ്ചയായിരുന്നുവത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പത്രപ്രവര്‍ത്തകരും മാധ്യമ സ്ഥാപന മേധാവികളും പങ്കെടുത്ത ചടങ്ങില്‍ യു.എന്‍. അണ്ടര്‍ സെക്രട്ടറി ജനറലെന്ന നിലയിലാണ് ഞാന്‍ പങ്കെടുത്തത്. അവിടെ വെച്ചാണ് ആദ്യമായി അദ്ദേഹത്തിന്റെ മകന്‍ എം.വി. ശ്രേയാംസ് കുമാറിനെ പരിചയപ്പെടുന്നത്.

ഇന്ത്യന്‍ പത്രമാധ്യമ രംഗത്തെ വെല്ലുവിളികളെക്കുറിച്ച് അറിയാനും ആഗോള മാധ്യമരംഗത്തെ പുത്തന്‍ പ്രവണതകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കാനുമെല്ലാം ആ കണ്ടുമുട്ടലിലൂടെ സാധിച്ചു. 2008-ല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുകയും തൊട്ടടുത്ത വര്‍ഷം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും ചെയ്തതോടെ അദ്ദേഹവുമായുള്ള ബന്ധം കൂടുതല്‍ ദൃഢമായി. 2009-ല്‍ ലോക്‌സഭ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം എല്‍.ഡി.എഫുമായുള്ള ബന്ധം ഉലഞ്ഞതോടെ അദ്ദേഹം യു.ഡി.എഫിലേക്ക് എത്തി. തുടര്‍ന്ന് അദ്ദേഹത്തോടൊപ്പം ഒട്ടേറെ രാഷ്ട്രീയവേദികള്‍ പങ്കിടാനുള്ള അവസരം എനിക്ക് ലഭിച്ചു. 

ജന്മനാ സോഷ്യലിസ്റ്റായ ഒരാളാണ് എം.പി. വീരേന്ദ്രകുമാര്‍. രാഷ്ട്രീയത്തില്‍ എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫിലേക്കും തിരിച്ചും സഞ്ചരിച്ചിട്ടുണ്ടെങ്കിലും തന്റെ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ എന്നും അടിയുറച്ച് നിന്ന നേതാവായിരുന്നു അദ്ദേഹം. കേന്ദ്ര തൊഴില്‍ സഹമന്ത്രിയും ധനകാര്യ സഹമന്ത്രിയുമായി പ്രവര്‍ത്തിച്ച അദ്ദേഹത്തില്‍നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. അതിലേറെ അദ്ദേഹത്തെ കേട്ടിരിക്കുന്നത് തന്നെ വലിയൊരു പാഠമായിരുന്നു. പ്രസംഗത്തിടെ ചില അനുഭവ കഥകള്‍ പറഞ്ഞ് കേള്‍വിക്കാരെ ചിരിപ്പിക്കാനും കൈയ്യിലെടുക്കാനുമെല്ലാം അസാധാരണമായ കഴിവുള്ളൊരു വാഗ്മിയായിരുന്നു അദ്ദേഹം. പലപ്പോഴും അദ്ദേഹത്തിന് ശേഷമാണ് എനിക്ക് പ്രസംഗിക്കാന്‍ അവസരമുണ്ടാകാറുള്ളത്. അപ്പോഴെല്ലാം അദ്ദേഹത്തെ സംസാരിക്കാനനുവദിച്ച് അത് കേട്ടിരിക്കാനാണ് ഞാനിഷ്ടപ്പെട്ടിരുന്നത്. 

രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ മാത്രമല്ല, ഒരു എഴുത്തുകാരനെന്ന നിലയിലും അദ്ദേഹം മികച്ചുനിന്നു. ബുദ്ധന്‍ മുതല്‍ സ്വാമി വിവേകാനന്ദന്‍ വരെയുള്ള വിഷയങ്ങളില്‍, യാത്രാവിവരണം മുതല്‍ ഓര്‍മക്കുറിപ്പുകള്‍ വരെ ഒരു ഡസനോളം പുസ്തകങ്ങള്‍ അദ്ദേഹമെഴുതി. സാഹിത്യത്തോടുള്ള അദ്ദേഹത്തിന്റെ ഈ താല്‍പ്പര്യം കൊണ്ടുതന്നെയാണ് മാതൃഭൂമി സാഹിത്യോല്‍സവമെന്ന നിര്‍ദേശം ഞാന്‍ മുന്നോട്ട് വച്ചപ്പോള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. ഈ കോവിഡ് കാലത്തിന് മുന്‍പ് വരെ ഒട്ടേറെപ്പേര്‍ പങ്കെടുക്കുന്ന സാഹിത്യോല്‍സവമായി 'ക' മാറിയതും അങ്ങനെത്തന്നെ. കോഴിക്കോട് മാതൃഭൂമി ബുക്‌സ് സന്ദര്‍ശിക്കുന്നത് സംബന്ധിച്ചായിരുന്നു ഞാനുമായുള്ള അദ്ദേഹത്തിന്റെ അവസാന സംഭാഷണം. എഴുത്തിനെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും ഇനിയദ്ദേഹവുമായി സംവദിക്കാനാകില്ലല്ലോ എന്നതാണ് ഇന്നെന്റെ വലിയ ദുഃഖങ്ങളിലൊന്ന്. അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിച്ചത് ഒരു യുഗമാണ്. 

Content Highlights: Shashi Tharoor Speaks about M.P. Veerendra Kumar