എന്നുമോർക്കാനായിരം കാര്യങ്ങൾ... 
എന്നും കൂടെയിരിക്കാനായിരം പേർ.. 
കണ്ടു പഠിക്കാനായിരം കാര്യങ്ങൾ.. 
കേട്ടു പഠിക്കാനായിരം കാര്യങ്ങൾ.. 
ലിഖിതങ്ങൾക്കെല്ലാമായിരം  നാവുകൾ.. 
മൊഴികൾക്കെല്ലാമായിരം  മേനി.. 
നിൻ മൊഴികൾ കേൾക്കാനായിരം കാതുകൾ..  
ജീവിക്കുന്നു നീയെൻ മനസ്സിലൊരായിരം വർഷം..
നഷ്ടപ്പെട്ടതായിരങ്ങൾക്കല്ല, ലക്ഷങ്ങൾക്കല്ല, കോടികൾക്ക്..
 
നിൻ ശീർഷകം തിരഞ്ഞു ഞാനലഞ്ഞു.. 
മാധ്യമമേധാവിയെന്നോ, പോരാ..  
ധീരനായ  രാഷ്ട്രീയനേതാവെന്നോ, തീരെ പോരാ.. 
അതുല്യനാം എഴുത്തുകാരനെന്നോ, പോരേപോരാ..
പരിസ്ഥിതി സംരക്ഷകനെന്നോ, പോരാ.. 
പ്രകൃതി സ്നേഹിയെന്നോ, പോരാ..
അറിവിൻ സാഗരമോ, അതുംപോരാ..  
വിഖ്യാതനാം വാഗ്മിയെന്നോ, അല്ലേ അല്ല.. 
ഹൈമവത ഭൂവിലെ യാത്രക്കാരനോ, പോരേപോരാ.. 
ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു 
നീയെന്നുമെൻ ആത്മസുഹൃത്ത്...  
 
ഭരിച്ചു നീ  നാട്, പാവങ്ങൾക്കുവേണ്ടി.. 
ഭരിച്ചു നീ നാട് കേരളത്തിനുവേണ്ടി.. 
ഭരിച്ചു നീ  നാട് ഇന്ത്യക്ക് വേണ്ടി.. 
ഭരിച്ചു നീ  നാട് ലോകത്തിനുവേണ്ടി.. 
ഭരിച്ചു നീ നാട് പ്രകൃതിക്കു വേണ്ടി.. 
നിനക്കൊപ്പം  വെക്കാനാരുമില്ലീ ഭൂവിൽ... 

ഒന്നു കണ്ടാലെന്നുമോർക്കും  നിന്നൂഷ്മള സ്നേഹവർഷം.. 
മരിച്ചിട്ട് നൂറ് മേനി പറയും നാട്ടിൽ, 
ജീവിക്കുമ്പോളായിരം മേനി പറയുന്നൂ  ജനം.. 

പറഞ്ഞാലൊടുങ്ങില്ലെൻ  മനസ്സിൻ വിങ്ങൽ..
പൊലിഞ്ഞില്ല ദീപനാളം.. 
പൊലിയില്ലീ ദീപനാളം.. 
ജ്വലിക്കുന്നു നീയെൻ മനസിലെന്നും കെടാവിളക്കായി.. 
കാണേണ്ട നിൻ ചിതയെനിക്ക്, ജീവിച്ചരിപ്പൂ  നീയെൻ മനസ്സിലെന്നും..
എൻ പൂജാമുറിയിലിന്നും തിളങ്ങുന്നു  നിൻ പാരിതോഷികം..
വിട ചൊല്ലുന്നില്ല ഞാൻ, 
ജീവിക്കുന്നു നീയെൻ മനസ്സിലെന്നെന്നും.. 
എൻ പ്രിയ സുഹൃത്തേ...