കേരള രാഷ്ട്രീചരിത്രത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു എം.പി. വീരേന്ദ്രകുമാര്‍ എന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശന്‍. 'എം.പി. വിരേന്ദ്രകുമാര്‍ എന്ന രാഷ്ട്രീയക്കാരനും സുഹൃത്തും' എന്ന അനുസ്മരണച്ചങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവുകൊണ്ടും വായന കൊണ്ടും ആശയങ്ങള്‍കൊണ്ടും കേരളത്തെ വിസ്മയിപ്പിച്ച രാഷ്ട്രീയനേതാവായിരുന്നു അദ്ദേഹം. നിരന്തര വായനയുടെയും അനുഭവത്തിന്റെയും ആഴത്തിലുള്ള ചിന്തകളാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ കാതല്‍. പ്രസംഗങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്-സതീശൻ അനുസ്മരിച്ചു.

'അസൂയ ഉണര്‍ത്തുന്ന വാഗ്മിയായിരുന്നു അദ്ദേഹം. വളെര ചെറുപ്പത്തിലേ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ആ പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോഴെല്ലാം അദ്ദേഹത്തെപ്പോലൊരു വാഗ്മിയാകണമെന്ന് ആരും ആഗ്രഹിക്കും. പ്രസംഗങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. അദ്ദേഹത്തോടൊപ്പം ഒരിക്കല്‍ എനിക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. വിസ്മരിക്കാന്‍ കഴിയാത്ത ഒരു യാത്രാനുഭവമായിരുന്നു അത്. അത്ഭുതപ്പെടുത്തുന്ന ആശയങ്ങളാണ് അദ്ദേഹം പകര്‍ന്നുനല്‍കിയത്.' വി.ഡി. സതീശന്‍ പറഞ്ഞു. 

അനുകരിക്കാന്‍ തോന്നുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നമ്മുടെ അറിവുകള്‍ എത്ര നിസാരമാണെന്ന തോന്നല്‍ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറെ വാത്സല്യത്തോടെയായിരുന്നു ഓരോ കൂടിക്കാഴ്ചകളിലും അദ്ദേഹം എന്നോട് ഇടപഴകിയിരുന്നത്. യു.ഡി.എഫില്‍ ഉണ്ടായിരുന്ന കാലത്ത് ചില നിര്‍ണായക കാര്യങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ അത് വി.ഡി. സതീശന്‍ അവതരിപ്പിച്ചാല്‍ മതിയെന്ന് ചര്‍ച്ചകളില്‍ അദ്ദേഹം പറയുമായിരുന്നു. പിതൃതുല്യമായ ഒരു സ്ഥാനം അദ്ദേഹത്തിന് എന്നും എന്റെ മനസില്‍ ഉണ്ടാകും. ആ ഓര്‍മകള്‍ക്ക് മുമ്പില്‍ ഞാന്‍ ആദരവുകള്‍ അര്‍പ്പിക്കുന്നു-സതീശൻ പറഞ്ഞു.

Content highlights : opposition leader vd satheeshan remebering mp veerendrakumar