ടിയന്തരാവസ്ഥക്കാലത്ത് ജയിലിലടയ്ക്കപ്പെട്ട എം.പി. വീരേന്ദ്രകുമാര്‍, കാര്‍ഷികശാസ്ത്രജ്ഞനായ വയനാട്ടിലെ എം.പി. സനല്‍കുമാര്‍ എന്ന ബന്ധുവിന് കണ്ണൂര്‍ ജയിലില്‍നിന്നയച്ച ഇംഗ്ലീഷിലുള്ള ഹ്രസ്വമായ കത്തില്‍ എഴുതി: 

''വാര്‍ത്തകളെല്ലാം സെന്‍സര്‍ ചെയ്യപ്പെടുന്നുണ്ടെങ്കിലും രാജ്യത്താകെ നടക്കുന്ന അടിച്ചമര്‍ത്തലുകളെക്കുറിച്ച് ജയിലിലുള്ള സഖാക്കള്‍ക്ക് അസുഖകരമായ വാര്‍ത്തകള്‍ രഹസ്യമായി ലഭിക്കുന്നുണ്ട്. എങ്കിലും ഞാന്‍ നിരാശനല്ല. ഹോ ചിമിന്‍ തന്റെ തടവറക്കവിതകളിലൊന്നില്‍ പറയുമ്പോലെ, ശരീരം തടവറയിലാണെങ്കിലും എന്റെ മനസ്സും ചിന്തയും ഈ മതില്‍ക്കെട്ടിനെ ഭേദിച്ച് പുറത്തുകടന്നിരിക്കുന്നു. എന്റെ വിശ്വാസപ്രമാണങ്ങള്‍ ശരിയാണെന്ന് ഈ ജയില്‍വാസം എന്നെ കൂടുതല്‍ ബോധ്യപ്പെടുത്തുന്നതേയുള്ളൂ. അതുകൊണ്ട്, നിങ്ങളാരും വിഷമിക്കേണ്ടതില്ല.'' 

വീരേന്ദ്രകുമാര്‍ ഈ കത്തെഴുതുമ്പോള്‍, അദ്ദേഹത്തിന്റെ ചിരകാല സ്‌നേഹിതയും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ സഹയാത്രികയുമായ സ്‌നേഹലതാ റെഡ്ഡി തന്നെപ്പോലെ ഒരു രാഷ്ട്രീയത്തടവുകാരിയായി ബാംഗ്‌ളൂരിലെ ജയിലില്‍ കിടക്കുകയായിരുന്നു. ആസ്തമാരോഗിയായ അവര്‍ കഠിനമായ രോഗമൂര്‍ച്ഛയ്ക്കിടെ മതിയായ ചികിത്സയില്ലാതെ തീര്‍ത്തും അവശയായിരുന്നു. പരോളിനുവേണ്ടി നല്‍കിയ അപേക്ഷകള്‍ക്കൊന്നിനും അധികാരികളില്‍നിന്ന് മറുപടിയുണ്ടായില്ല. രോഗാവസ്ഥയില്‍ നിരാശാഭരിതയായ അവര്‍ തന്റെ ദിനസരിക്കുറിപ്പുകളിലൊന്നില്‍ എഴുതിയത് ഇങ്ങനെയാണ്: ''ഞാനിവിടെ സാവധാനം മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. വിസ്മൃതമായ ഒരു പഴയ ഗാനംപോലെ ഞാനില്ലാതാവും...'' 

ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യപ്രവണതകള്‍ മൂര്‍ച്ഛിച്ചകാലത്ത് അതിനെ ധീരമായി വെല്ലുവിളിച്ച സുഹൃത്തും സഖാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് ബറോഡ ഡൈനാമിറ്റ് കേസില്‍ പ്രതിയായപ്പോള്‍ അദ്ദേഹത്തിന് താത്കാലികാഭയം നല്‍കിയത് വീരേന്ദ്രകുമാറായിരുന്നു. വയനാട്ടിലെ ഒളിസങ്കേതം സുരക്ഷിതമല്ലെന്ന് തോന്നിയപ്പോള്‍ ഇരുവരുടെയും കുടുംബസുഹൃത്തായ സ്‌നേഹലതാ റെഡ്ഡിയുടെ കുടുംബമാണ് അദ്ദേഹത്തിന് പിന്നീട് അഭയം നല്‍കിയത്. അതോടെയാണ്, അടിയന്തരാവസ്ഥയുടെ വിമര്‍ശകരായ റെഡ്ഡികുടുംബം പൊലീസ് നിരീക്ഷണത്തിലായതും സ്‌നേഹലതാ റെഡ്ഡിയും പിന്നീട് കേരളത്തിലെ മുതിര്‍ന്ന പ്രതിപക്ഷനേതാക്കളോടൊപ്പം എം.പി. വീരേന്ദ്രകുമാറും അറസ്റ്റിലായതും. 

രോഗിണിയായ സ്‌നേഹലതാ റെഡ്ഡി പരോളില്‍ ജയില്‍മോചിതയായെങ്കിലും വളരെ വൈകാതെ അവര്‍ മരണത്തിന് കീഴടങ്ങി. എങ്കിലും, ഡയറിയില്‍ കുറിച്ചതുപോലെ വിസ്മൃതമായ ഒരു പഴയ ഗാനംപോലെയായില്ല ആ പോരാളിയായ കലാകാരിയുടെ ജീവിതം. ആധുനിക ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനം അഭിമാനപൂര്‍വം ഓര്‍മിക്കുന്ന മഹതികളിലൊരാളാണ് അവര്‍. വീരേന്ദ്രകുമാറിന് സഹോദരിയും പ്രിയ സഖാവുമായിരുന്നു പ്രിയപ്പെട്ടവര്‍ സ്‌നേഹയെന്ന് വിളിച്ചിരുന്ന ആ വലിയ കലാകാരി (കന്നട സിനിമയിലെ നവധാരയ്ക്ക് തുടക്കമിട്ട പട്ടാഭിരാമ റെഡ്ഡിയുടെ 'സംസ്‌കാര'യിലെ ചന്ദ്രിയെന്ന ഹൃദയാലുവായ ഗണികയെ മറക്കുകവയ്യ). അവരുടെ അപ്രതീക്ഷിതമായ ദാരുണ മരണം വീരേന്ദ്രകുമാറിന് വലിയൊരു ആഘാതമായിരുന്നു.  അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷം, ഇനിയൊരിക്കലും ജനാധിപത്യം വെല്ലുവിളിക്കപ്പെടരുത് എന്ന ആഹ്വാനവുമായി കേരളത്തിലുടനീളം വീരേന്ദ്രകുമാര്‍ നടത്തിയ പ്രഭാഷണപരമ്പരയില്‍ ഒരിക്കല്‍പോലും സ്‌നേഹലതാ റെഡ്ഡി പരാമര്‍ശിക്കപ്പെടാതിരുന്നിട്ടില്ല. ഗാഢമായൊരു ആത്മബന്ധമായിരുന്നു ആ സോഷ്യലിസ്റ്റ് കുടുംബവുമായി അദ്ദേഹത്തിനുണ്ടായിരുന്നത്. 

അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലത്തെക്കുറിച്ച് എണ്ണമറ്റ രേഖകളും പഠനങ്ങളും സാഹിത്യകൃതികളും ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. എന്നാല്‍, അവയില്‍നിന്നെല്ലാം വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായിരുന്നു സ്‌നേഹലതാ റെഡ്ഡിയുടെ ജയില്‍ ഡയറി. വിയോജിപ്പിന്റെ സ്വരമുയര്‍ത്തുന്ന രാഷ്ട്രീയനേതാക്കളെയെന്നതുപോലെ മിതവാക്കുകളായ സാംസ്‌കാരികപ്രവര്‍ത്തകരെയും നിശ്ശബ്ദരാക്കുകയും ജയിലിലടയ്ക്കുകയും ചെയ്ത ആ കാലത്തിന്റെ രക്തസാക്ഷിയായിരുന്നു സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകയും പ്രഖ്യാത അഭിനേത്രിയുമായ സ്‌നേഹലതാ റെഡ്ഡി. സമഗ്രാധിപത്യത്തിനെതിരേ പോരാടാനുറച്ച ഒരു സ്ത്രീയുടെ ഇച്ഛാശക്തിയും സാമൂഹികമായ ഉത്കണ്ഠകളും വൈയക്തിക സങ്കടങ്ങളുമാണ് ജയിലില്‍വെച്ച് അവരെഴുതിയ ദിനസരിക്കുറിപ്പുകളില്‍ നാം അനുഭവിക്കുന്നത്. രോഗിണിയായിരുന്നിട്ടും പ്രശസ്തയായ ആ കലാകാരി ജയിലില്‍ നിര്‍ദയം പീഡിപ്പിക്കപ്പെട്ടു. അവരുടെ മരണത്തിനും അടിയന്തരാവസ്ഥയ്ക്കും ശേഷം കര്‍ണാടകയിലെ മനുഷ്യാവകാശ സമിതി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച സ്‌നേഹയുടെ ജയില്‍ക്കുറിപ്പുകള്‍ പ്രശസ്ത നിരൂപകന്‍ കെ.പി. ശങ്കരന്റെ പരിഭാഷയിലൂടെ സ്വാതന്ത്ര്യപ്രേമികളായ മലയാള വായനക്കാരെയും പിടിച്ചുലച്ച ഒന്നായിരുന്നു. നക്സലൈറ്റായി മുദ്രകുത്തപ്പെട്ട് അഞ്ചുവര്‍ഷം ഇന്ത്യന്‍ തടവറയില്‍ കിടക്കേണ്ടിവന്ന മേരി ടെയ്ലറുടെ ജയില്‍ക്കുറിപ്പുകളും സ്‌നേഹലതാ റെഡ്ഡിയുടെ ജയില്‍ ഡയറിയുമാണ് അടിയന്തരാവസ്ഥക്കാലത്തിന്റെ ക്രൗര്യം ആവിഷ്‌കരിക്കുന്ന രണ്ട് പ്രധാനപ്പെട്ട സ്ത്രീരചനകള്‍. അടിയന്തരാവസ്ഥയുടെ തൊട്ടുമുന്‍പ് ജയപ്രകാശ് നാരായണ്‍ ആഹ്വാനംചെയ്ത സമ്പൂര്‍ണ വിപ്ലവത്തെക്കുറിച്ചുള്ള ആനന്ദ് പട്​വര്‍ധന്റെ ഡോക്യുമെന്ററിയില്‍ മേരി ടെയ്ലര്‍ ആ പീഡനകാലത്തെക്കുറിച്ച് സംസാരിക്കുന്നുമുണ്ട്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഒരു സോഷ്യലിസ്റ്റ് കുടുംബമായിരുന്നു പട്ടാഭിരാമ റെഡ്ഡി-സ്‌നേഹലതാ റെഡ്ഡി ദമ്പതികളുടെത്. രാഷ്ട്രീയപ്രവര്‍ത്തനത്തെയും കലാപ്രവര്‍ത്തനത്തെയും അഭിന്നമായിക്കണ്ട പുരോഗമനവാദികളായിരുന്നു അവര്‍. റെഡ്ഡികുടുംബം വീരേന്ദ്രകുമാറിന്റെ കല്പറ്റയിലെ വീട്ടില്‍ പതിവ് സന്ദര്‍ശകരായിരുന്നു. ചലച്ചിത്രനിര്‍മാതാവും സംവിധായകനുമായ പട്ടാഭിരാമ റെഡ്ഡിയും അഭിനേത്രിയും പത്രാധിപയുമായ സ്‌നേഹലതാ റെഡ്ഡിയും മാത്രമല്ല; എഴുപതുകളില്‍ കര്‍ണാടകത്തിലെ കലാ-സാഹിത്യമണ്ഡലത്തെ ആധുനികവത്കരിച്ച വലിയ കലാകാരാരും കലാകാരികളുമെല്ലാം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സഹയാത്രികരായിരുന്നു. യു.ആര്‍. അനന്തമൂര്‍ത്തി, ഗിരീഷ് കര്‍ണാട്, പി. ലങ്കേഷ്, സ്‌നേഹലതാ റെഡ്ഡിയുടെ മകള്‍ നന്ദന - ഇവരെയെല്ലാം വയനാട്ടിലെ വീരേന്ദ്രകുമാറിന്റെ വീട്ടില്‍വെച്ചാണ് ആദ്യമായി കാണാനും പരിചയപ്പെടാനും എനിക്ക് അവസരമുണ്ടായതെന്നുകൂടി സാന്ദര്‍ഭികമായി പറയട്ടെ. ആ വീട്ടില്‍ അദ്ദേഹത്തിന്റെ ചിതയ്ക്കരികെ നില്‍ക്കുമ്പോള്‍, സ്‌നേഹലതാ റെഡ്ഡിയുടെ മരണത്തോടുള്ള പ്രതികരണമായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒ.എന്‍.വി അവരെക്കുറിച്ചെഴുതിയ സാന്ദര്‍ഭിക കവിതയിലെ വരികളാണ് ഓര്‍മയിലെത്തിയത്:

''നിന്നാര്‍ദ്ര നയനങ്ങള്‍ 
വിടര്‍ന്നേ നില്‍പ്പൂ, 
നിത്യസ്മൃതിയില്‍! 
മൃതിയിലും തുടരുന്നൂ നീ 
സ്‌നേഹധന്യം മറ്റൊരു ജന്മം!
മൃതിയെ നിഷേധിച്ചു 
മറ്റൊരു ജന്മത്തിന്റെ 
മടിയില്‍ സ്‌നേഹാര്‍ഹം നിന്‍ 
സുസ്മിതം വിടരുന്നു.''

ചലച്ചിത്രനിര്‍മാതാക്കളും താരങ്ങളുമെല്ലാം സുഹൃത്തുക്കളായിരുന്നുവെങ്കിലും, പില്‍ക്കാലത്ത് അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളില്‍ ആകൃഷ്ടനായി അദ്ദേഹത്തെക്കുറിച്ച് എഴുതിയിരുന്നുവെങ്കിലും സിനിമ വീരേന്ദ്രകുമാറിന്റെ പ്രിയ മാധ്യമങ്ങളിലൊന്നായിരുന്നില്ല. കവിതയും സാഹിത്യവും പോലെ സ്വകാര്യമായ ആസ്വാദനത്തിനും മനനങ്ങള്‍ക്കും ഇടനല്‍കുന്ന ഒരു കലാരൂപമല്ല ആള്‍ക്കൂട്ടത്തിന് നടുവിലിരുന്ന് കാണേണ്ട സിനിമയെന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്. എന്നിട്ടും ഒരിക്കല്‍ അദ്ദേഹം ഒരു സിനിമാനിര്‍മാതാവിന്റെ വേഷമണിയാന്‍ സന്നദ്ധനാവുകയുണ്ടായി എന്നതാണ് കൗതുകകരം. ആ കഥ അധികമാര്‍ക്കും അറിയാനിടയില്ല. 

ഒന്നരപ്പതിറ്റാണ്ടിനുമുന്‍പ് തന്നെക്കുറിച്ച് ഒരു ഡോക്യുമെന്ററി സിനിമയെടുക്കാനുള്ള പദ്ധതിയുമായെത്തിയ യുവസംവിധായകനോട് വീരേന്ദ്രകുമാര്‍ പറഞ്ഞു: 
''വിരോധമൊന്നുമില്ല. പക്ഷേ, നിങ്ങളറിയുന്ന ഇന്നത്തെ എന്നെക്കുറിച്ചല്ല, നിങ്ങള്‍ ജനിക്കുന്നതിനുംമുന്‍പുള്ള എന്റെ കാലത്തെക്കുറിച്ചായിരിക്കണം അത്. സ്‌നേഹലതാ റെഡ്ഡിയെക്കുറിച്ച് ഒരു സിനിമയുണ്ടാക്കുവാനാലോചിച്ചയാളാണ് ഞാന്‍. അത് നിര്‍ഭാഗ്യവശാല്‍ നടക്കാതെപോയി. എന്റെ സുഹൃത്തിനെക്കുറിച്ചായിരുന്നില്ല, ജനാധിപത്യവിരുദ്ധമായ ഭരണകൂടത്തിനെതിരെ പോരാടി രക്തസാക്ഷിയായ ഒരു വലിയ കലാകാരിയെക്കുറിച്ചായിരുന്നു നടക്കാതെപോയ ആ സിനിമ.'' 

അടിയന്തരാവസ്ഥയെക്കുറിച്ച് കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന, സ്‌നേഹലതാ റെഡ്ഡിയെ കേട്ടിട്ടുപോലുമില്ലാത്ത സംവിധായകന്‍ അതോടെ പിന്‍വാങ്ങി. അതയാളുടെ തുലോം കമ്മിയായ ചരിത്രബോധത്തിന് താങ്ങാനാവുന്നതായിരുന്നില്ല. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ, വീരേന്ദ്രകുമാറിനെ അടുത്ത് പരിചയപ്പെടാനിടയായ കാലത്താണ് സ്‌നേഹലതാ റെഡ്ഡിയെ മുന്‍നിര്‍ത്തി അദ്ദേഹം ഒരു സിനിമയെടുക്കുവാന്‍പോകുന്ന വാര്‍ത്ത വലിയ പ്രാധാന്യത്തോടെ കലാകൗമുദി വാരിക പ്രസിദ്ധീകരിച്ചത്. മലയാളത്തിലും കന്നഡയിലും ഒരേസമയം ചിത്രീകരിക്കുവാന്‍ ഉദ്ദേശിച്ചിരുന്ന സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും എം.ടി. വാസുദേവന്‍ നായരായിരുന്നു. സ്‌നേഹ എന്ന് പേരിട്ട ആ സിനിമാപദ്ധതി എന്തുകൊണ്ടോ നടക്കാതെപോയി. എങ്കിലും, വ്യവസ്ഥയ്‌ക്കെതിരേ കലഹിക്കുകയും അതിന്റെ തിക്തഫലം അനുഭവിക്കുകയും ചെയ്ത പ്രശസ്തയായ ഒരു കലാകാരിയെ മുന്‍നിര്‍ത്തി, അനീതികളോട് പോരാടുന്ന സ്ത്രീത്വത്തെക്കുറിച്ചുള്ള ഒരു ചലച്ചിത്രം മലയാളത്തിലെ വലിയ എഴുത്തുകാരനും സംവിധായകനുമായ എം.ടി.യിലൂടെ സാക്ഷാത്കരിക്കുകയെന്നതായിരുന്നു വീരേന്ദ്രകുമാറിന്റെ അന്നത്തെ ആഗ്രഹം. 

നടക്കാതെപോയ ആ പദ്ധതിയോടുള്ള ആഭിമുഖ്യംകൊണ്ടാവണം, തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയും അടിയന്തരാവസ്ഥക്കാലത്തെ സഹപ്രവര്‍ത്തകരായിരുന്ന സ്‌നേഹലതാ റെഡ്ഡിയെപ്പോലുള്ളവരെക്കുറിച്ചുകൂടി ഓര്‍മിക്കുന്നതാവണം എന്ന അദ്ദേഹത്തിന്റെ വിചാരത്തിന് കാരണം. അതിനാല്‍, അവസാനകാലത്ത് പ്രശസ്ത സംവിധായകന്‍ ടി.കെ. രാജീവ്കുമാറിന്റെ സംവിധാനത്തില്‍ നിര്‍മിക്കാനിരുന്ന വീരേന്ദ്രകുമാറിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ആലോചനകള്‍ക്കിടയിലും സ്‌നേഹലതാ റെഡ്ഡിയുടെയും അനന്തമൂര്‍ത്തിയുടെയുമെല്ലാം പേരുകള്‍ സ്വാഭാവികമായും ഉയര്‍ന്നുവന്നു. ഇപ്പോള്‍ വീരേന്ദ്രകുമാര്‍ ഓര്‍മയായതോടെ, ആ കാലത്തെക്കുറിച്ചും സ്‌നേഹലതാ റെഡ്ഡിയെപ്പോലുള്ള പോരാളികളായ കലാകാരന്മാരെക്കുറിച്ചും ആഴത്തിലറിയാവുന്ന സ്‌നേഹിതന്‍ രാജീവ്കുമാറിന്റെ ആ സിനിമയും സാക്ഷാത്കരിക്കപ്പെടാതെപോവുന്നു എന്നതാണ് ഖേദകരം. സ്‌നേഹലതാ റെഡ്ഡിയെക്കുറിച്ചുള്ള നടക്കാതെപോയ എഴുപതുകളിലെ സിനിമയെക്കുറിച്ച് അവസാനകാലംവരെയും നഷ്ടബോധത്തോടെ മാത്രം ഓര്‍മിച്ചിരുന്നയാളാണ് വീരേന്ദ്രകുമാര്‍. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകളിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തെ വിഴുങ്ങിയ അടിയന്തരാവസ്ഥയുടെ ആ ഇരുണ്ട കാലം രേഖപ്പെടുത്തുന്ന ഡോക്യുമെന്ററി സാക്ഷാത്കരിക്കുവാന്‍ കഴിയാതെപോയതില്‍ ഖിന്നരാണ് രാജീവ്കുമാര്‍ ഉള്‍പ്പെടെയുള്ള ഞങ്ങള്‍ സുഹൃത്തുക്കള്‍. 

സങ്കുചിതമായ പാര്‍ട്ടി താത്പര്യങ്ങള്‍ക്കുപരിയായി പൗരസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടമായിരുന്നു ഇടതുപക്ഷ രാഷ്ട്രീയനേതാവായ വീരേന്ദ്രകുമാറിന്റെത്. അടിയന്തരാവസ്ഥക്കാലത്ത് വേട്ടയാടപ്പെട്ട നക്സലൈറ്റുകള്‍ക്കും നക്സലൈറ്റുകളായി മുദ്രകുത്തപ്പെട്ട യുവാക്കള്‍ക്കും വേണ്ടി അക്കാലത്ത് ശബ്ദമുയര്‍ത്തിയ ഒരേയൊരു മുഖ്യധാരാ രാഷ്ട്രീയനേതാവും വീരേന്ദ്രകുമാറായിരുന്നു. ഒരുപക്ഷേ, അദ്ദേഹത്തിന്റെ ഈ വിശാലമായ ജനാധിപത്യബോധമായിരിക്കണം അന്ന് കോളേജ് വിദ്യാര്‍ഥികളായ ഞങ്ങളെപ്പോലുള്ള ഇടതുപക്ഷാനുഭാവികളെ വീരേന്ദ്രകുമാറിലേക്ക് അടുപ്പിച്ചത്. നക്സലൈറ്റ് സഹയാത്രികയായിരുന്ന മീനങ്ങാടിയിലെ സഖാവ് സുലോചന പൊലീസ് പീഡനങ്ങള്‍ക്കിരയായപ്പോള്‍ നക്സലൈറ്റുകളുടെ പൗരാവകാശം തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് കരുതി ഒഴിഞ്ഞുമാറുകയായിരുന്നു മുഖ്യധാരാ രാഷ്ട്രീയനേതാക്കള്‍. വീരേന്ദ്രകുമാറാണ് അന്ന് അവര്‍ക്കുവേണ്ടി വാദിക്കുവാന്‍ നിര്‍ഭയം മുന്നോട്ടുവന്നത്. അക്കാലത്തെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെല്ലാം സ്‌നേഹലതാ റെഡ്ഡിയെക്കുറിച്ചെന്നപോലെ സുലോചനയെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസുകാരായ കേള്‍വിക്കാരെപ്പോലും അടിയന്തരാവസ്ഥയുടെ ജനവിരുദ്ധരാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. 

വ്യക്തിപരമായി ആ പ്രഭാഷണങ്ങളാണ് വീരേന്ദ്രകുമാറിലേക്ക് എന്നെയാകര്‍ഷിച്ചത്. കോളേജ് വിദ്യാര്‍ഥിയായിരുന്ന എന്നെ പുസ്തകങ്ങളുടെയും വായനയുടെയും ലോകങ്ങളിലേക്ക് നയിച്ച വീരേന്ദ്രകുമാറിന്റെ ആശയലോകം ഒരു ശരാശരി പ്രൊഫഷണല്‍ രാഷ്ട്രീയനേതാവിന് ഉള്‍ക്കൊള്ളാനോ തിരിച്ചറിയാന്‍പോലുമോ കഴിയുന്നതായിരുന്നില്ല. ഒരു രാഷ്ട്രീയനേതാവായല്ല, ബഹുജനങ്ങളെ ചിന്താശേഷിയുള്ളവരാക്കാന്‍ പ്രയത്‌നിക്കുന്ന ഒരു പൊതുബുദ്ധിജീവി (പബ്ലിക് ഇന്റലക്ച്വല്‍) എന്ന നിലയ്ക്കാണ് വീരേന്ദ്രകുമാറിന്റെ പ്രസക്തിയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 

ആഗോളീകരണത്തിനും ഉദാരീകരണത്തിനുമെതിരേയുള്ള അദ്ദേഹത്തിന്റെ നിരന്തരമായ പ്രഭാഷണപരമ്പരകളും അതിന്റെ തുടര്‍ച്ചയായി എഴുതിയ ഗാട്ടും കാണാച്ചരടുകളും മുതലുള്ള രണ്ട് ഡസനിലേറെ പുസ്തകങ്ങളും സാമൂഹികപ്രതിബദ്ധതയുള്ള ഒരു പൊതുബുദ്ധിജീവിയുടെ ആശയസമരങ്ങളുടെ അടയാളങ്ങളാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ അവഗണിച്ചിരുന്ന പ്രകൃതിസംരക്ഷണത്തെ സാമൂഹികവ്യവഹാരങ്ങളുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞതും അതുകൊണ്ടാണ്. അതിന്റെ ഏറ്റവും വലിയ ഫലപ്രാപ്തിയായിരുന്നു കൊക്കകോള കമ്പനിയുടെ ജലചൂഷണത്തിനെതിരേ വീരേന്ദ്രകുമാര്‍ നയിച്ച ജനകീയപ്രക്ഷോഭത്തിന്റെ വിജയമാതൃക. ലോകം മുഴുവന്‍ സഞ്ചരിക്കുമ്പോഴും ഒരു തനി ഗ്രാമീണനായി, വയനാട്ടുകാരനായി ജീവിച്ച വീരേന്ദ്രകുമാറിന്റെ സംഭാവനകളെ സമഗ്രമായി വിലയിരുത്തുക ഇതുപോലൊരു കുറിപ്പില്‍ സാധ്യമല്ല. നീതിക്കുവേണ്ടി നിര്‍ഭയം പോരാടുന്ന ആ വ്യക്തിത്വമാണ് എന്നെപ്പോലെ മലയാളികളില്‍ ഏറെപ്പേരെയും വീരേന്ദ്രകുമാറിലേക്ക് ആകര്‍ഷിച്ചത്. എനിക്കദ്ദേഹം ഗുരുസ്ഥാനീയനായ മാര്‍ഗദര്‍ശികൂടിയായിരുന്നു.

Content Highlights: OK Johny Remembers MP Veerendra Kumar