കല്പറ്റ: എഴുത്തുകാരനും പ്രഭാഷകനും പരിസ്ഥിതിവാദിയും രാഷ്ട്രീയ-സാമൂഹ്യപ്രവര്‍ത്തനമേഖലകളിലെ നിറസാന്നിധ്യവും പാര്‍ലമെന്റ് അംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ ജന്മനാടായ കല്‍പറ്റയില്‍ രാഷ്ട്രീയ-സാംസ്‌കാരികമേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടന്നു.

അദ്ദേഹത്തിന്റെ ശവകുടീരത്തിലും സ്മൃതിമണ്ഡപത്തിലും മകന്‍ എം.വി ശ്രേയാംസ്‌കുമാര്‍ എം.പിയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പുഷ്പാര്‍ച്ചന നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, മുന്‍ എം.എല്‍.എ സി.കെ ശശീന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, എല്‍.ജെ.ഡി ജില്ലാ പ്രസിഡണ്ട് കെ.കെ ഹംസ, കല്‍പറ്റ നഗരസഭാ ചെയര്‍മാര്‍ കെ.എം തൊടി മുജീബ് എന്നിവര്‍ സന്നിഹിതരായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

Content Highlights : MP Veerendrakumar Death Anniversary Family and friends pay Homage at Kalpetta