കോഴിക്കോട്: സുഹൃത്ത്, എഴുത്തുകാരൻ, രാഷ്ട്രീയപ്രവർത്തകൻ, സാംസ്കാരിക പ്രവർത്തകൻ, പരിസ്ഥിതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി എന്നും നിലകൊണ്ടയാൾ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എന്നിങ്ങനെ ബഹുമുഖ മേഖലകളിൽ നിറഞ്ഞുനിന്ന എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തിന്റെ ആദ്യ ഓർമദിനം കോവിഡ് കാലത്തിന്റെ പരിമിതികൾ ഉൾക്കൊണ്ട് വെള്ളിയാഴ്ച ആചരിക്കും. ഓൺലൈനായിട്ടായിരിക്കും അനുസ്മരണങ്ങൾ.

രണ്ടു വിഭാഗങ്ങളായാണ് പരിപാടികൾ. ‘വീരേന്ദ്രകുമാർ എന്ന രാഷ്ട്രീയക്കാരനും സുഹൃത്തും’ എന്ന വിഷയത്തിലുള്ള അനുസ്മരണം ഉച്ചയ്ക്ക് 12-ന് നടക്കും. വീരേന്ദ്രകുമാറിന്റെ മകനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ് കുമാർ എം.പി. സ്വാഗതംപറയും. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പി. അബ്ദുസ്സമദ് സമദാനി എം.പി., മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാൽ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സോഷ്യലിസ്റ്റ് നേതാവും സാമൂഹിക പ്രവർത്തകയുമായ മഞ്ജു മോഹൻ എന്നിവർ വീരേന്ദ്രകുമാറിനെ അനുസ്മരിച്ച് സംസാരിക്കും.

വൈകുന്നേരം നാലിന്‌ ‘എം.പി. വീരേന്ദ്രകുമാർ എന്ന ബഹുമുഖപ്രതിഭ’ എന്ന വിഷയത്തിൽ നടക്കുന്ന അനുസ്മരണങ്ങൾക്ക് മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ സ്വാഗതം പറയും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യപ്രഭാഷണം നടത്തും. മഹാത്മാഗാന്ധിയുടെയും രാജഗോപാലാചാരിയുടെയും പൗത്രനും ദക്ഷിണാഫ്രിക്കയിലെ മുൻ ഇന്ത്യൻ ഹൈക്കമ്മിഷണറും  പശ്ചിമബംഗാൾ മുൻ ഗവർണറുമായ ഗോപാൽകൃഷ്ണ ഗാന്ധി, പരിസ്ഥിതിപ്രവർത്തകയും ഡൗൺ ടു എർത്ത് മാസികയുടെ എഡിറ്ററുമായ സുനിതാ നരേൻ, കഥാകൃത്ത് ടി. പത്മനാഭൻ, ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്‌മെന്റ് വിദഗ്ധൻ സി. ശ്രീനിവാസൻ എന്നിവർ സംസാരിക്കും.

പരിപാടികൾ കാണാൻ: fb.com/mathrubhumi.com, youtube.com/mathrubhumionline, mathrubhumi.com

Content Highlights: M P Veerendra Kumar Remembrance programme to be held on 28