കറകളഞ്ഞ ഒരു പരിസ്ഥിതി സ്‌നേഹി കൂടിയായിരുന്നു എം.പി വീരേന്ദ്രകുമാര്‍. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെകുറിച്ച് അദ്ദേഹം നിരന്തരം എഴുതി, പ്രഭാഷണങ്ങള്‍ നടത്തി. മനുഷ്യരാശി നാശത്തിന്റെ വക്കിലാണെന്നതിന്റെ സൂചനകളാണ് ചുറ്റുമെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അദ്ദേഹം അവസാനം എഴുതിയ ലേഖനവും. ഈ വിപത്തിനുള്ള പ്രതിവിധി ഗാന്ധിജിയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സമകാലിക പാരിസ്ഥിതിക ലോകത്തിന്റെ യഥാര്‍ഥ ചിത്രവും അവതരിപ്പിക്കുന്ന ആ ലേഖനം വായിക്കാം.

രിസ്ഥിതിശാസ്ത്രം എന്ന വാക്ക് ഗാന്ധിജിയുടെ രചനയില്‍ ഒരിടത്തുമില്ല. പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് അദ്ദേഹം ഒരിക്കലും സംസാരിച്ചിട്ടുമില്ല. എന്നാലും അദ്ദേഹത്തിന്റെ പാരിസ്ഥിതികചലനങ്ങളെക്കുറിച്ചുള്ള ആശയങ്ങളും സമീപനങ്ങളും മതിപ്പുളവാക്കുന്നതാണ്. നമ്മുടെ നാട്ടിലുള്ള ചിപ്കോപ്രസ്ഥാനം, നര്‍മദാ ബച്ചാവോ ആന്ദോളന്‍ എന്നിവയെപ്പോലെതന്നെ യൂറോപ്പിലെ ജര്‍മന്‍ ഗ്രീന്‍സ് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെയും സ്വാധീനിച്ചത് ഗാന്ധിജിയുടെ ചിന്താധാരയാണ്. 

പരിസ്ഥിതിയെക്കുറിച്ച് ആഴത്തിലുള്ള ആശയം കൊണ്ടുവന്ന നോര്‍വീജിയന്‍ തത്ത്വചിന്തകനായ ആര്‍നെ നെയ്സ് പറഞ്ഞത് ഗാന്ധിജിയില്‍നിന്നാണ് താന്‍ ജീവിതത്തിന്റെ അനിവാര്യമായ എകത്വം തിരിച്ചറിഞ്ഞതെന്നാണ്. പതിറ്റാണ്ടുകള്‍ക്കുമുന്‍പേ പുനരുപയോഗംചെയ്യുന്ന ഒരു പരിശീലകനായിരുന്നു അദ്ദേഹം.

അഗാധമായ പാരിസ്ഥിതികസംവേദനക്ഷമതയുള്ള ഒരു ചിന്തകനായിരുന്നു ഗാന്ധിജിയെന്നും തെളിഞ്ഞു. വി.എസ്. നയ്പാല്‍ തന്റെ പുസ്തകത്തില്‍ ഗാന്ധിജിയുടെ 'ആത്മാരാധന'യെക്കുറിച്ച് പറയുന്നുണ്ട്. നിയമവിദ്യാര്‍ഥിയായി ലണ്ടനില്‍ മൂന്നുവര്‍ഷം ചെലവിട്ടപ്പോഴും തന്റെ ആത്മകഥയില്‍ ഭൂപ്രകൃതിയെക്കുറിച്ചോ, മരങ്ങളെപ്പറ്റിയോ, സസ്യങ്ങളെക്കുറിച്ചോ, ഇംഗ്ലീഷുകാരുടെ പ്രകൃതിധാരണയെപ്പറ്റിയോ ഒന്നും ഗാന്ധിജി പ്രതിപാദിച്ചിരുന്നില്ലെന്ന് നയ്പാല്‍ പറഞ്ഞത് ശ്രദ്ധേയമാണ്. മനുഷ്യരുടെ ബാഹ്യപരിസ്ഥിതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലും ഗാന്ധിജി വിരളമായേ പങ്കെടുത്തിരുന്നുള്ളൂ.

ഗാന്ധിജി ഏറ്റവും കൂടുതല്‍ ബഹുമാനിച്ച വ്യക്തികളിലൊരാളാണ് അമേരിക്കന്‍ തത്ത്വചിന്തകനും പ്രകൃതിസ്‌നേഹിയുമായ ഹെന്റി ഡേവിഡ് തൊറോ. തൊറോവിന്റെ വിഖ്യാത രചനകളായ  വാള്‍ഡനും  (Walden)  വോക്കിങ് ((Walking) എന്ന പ്രബന്ധവും ഇഷ്ടപ്പെട്ട കൃതികളാണ്. ഇടയ്ക്കിടെ വനവാസത്തില്‍ ഏര്‍പ്പെടുകയെന്നത് തൊറോയുടെ ശീലമായിരുന്നു. തൊറോയുടെ ഈ രീതിയോട് ഗാന്ധിജിയുടെ സമീപനം എന്തെന്ന് അനുമാനിക്കാനാവില്ല. കാരണം ഗാന്ധിജിയുടെ പ്രകൃതിയോടുള്ള സമീപനം വ്യത്യസ്തമായിരുന്നു. ഇതോട് കൂട്ടിവായിക്കാവുന്നതാണ് ഇംഗ്ലീഷ് ചരിത്രകാരനായ എഡ്വേഡ് തോംസന്റെ നിരീക്ഷണത്തിന് ഗാന്ധിജി നല്‍കിയ രസികന്‍ മറുപടി. തോംസണ്‍ പറഞ്ഞുവത്രെ: ''ഇന്ത്യന്‍ വനങ്ങളില്‍ ഇപ്പോള്‍ മൃഗങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.'' ഇതിനുള്ള ഗാന്ധിജിയുടെ മറുപടി ഇങ്ങനെയായിരുന്നു: ''വനങ്ങളില്‍ മൃഗങ്ങള്‍ അപ്രത്യക്ഷമാവുകയാണ്, പക്ഷേ, നഗരങ്ങളില്‍ വര്‍ധിക്കുകയാണ്.'' ഗാന്ധിജിയുടെ പരിസ്ഥിതിവാദത്തിന്റെ മാനങ്ങള്‍ ഗ്രഹിക്കണമെങ്കില്‍ പരിസ്ഥിതിശാസ്ത്രം, നീതിശാസ്ത്രം, കൂടാതെ രാഷ്ട്രീയം എന്നിവ അദ്ദേഹത്തിന്റെ സത്തയുടെ അവിഭാജ്യഘടകങ്ങളായിരുന്നെന്ന സത്യം ആദ്യം തിരിച്ചറിയണം.

ഉദാഹരണത്തിന്, 24 മണിക്കൂറും നീണ്ടുനില്‍ക്കുന്ന ഗാന്ധിജിയുടെ സ്ഥിരമായുള്ള മൗനവ്രതംതന്നെയെടുക്കാം. ഹൈന്ദവധര്‍മത്തില്‍ ഈ വ്രതത്തിന് പ്രമുഖ സ്ഥാനമുണ്ട്. അപ്പോള്‍ നമ്മള്‍ ധരിച്ചേക്കാം. ഗാന്ധിജി പരമ്പരാഗതമായി ഹൈന്ദവ ആചാരം പാലിക്കുകയാണെന്ന്. ഇതിലുപരി അദ്ദേഹം സത്യാന്വേഷണം നടത്തുകയും തന്റെ മനഃസാക്ഷിയോട് സംവദിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ രാഷ്ട്രീയമാനത്തെക്കുറിച്ച് പറയുമ്പോള്‍ ഭരണവര്‍ഗമായ ഇംഗ്ലീഷുകാരെ ഗാന്ധിജി ആശയവിനിമയതലത്തിലേക്ക് കൊണ്ടുവരുകയാണ്. ഇതിന്റെ പാരിസ്ഥിതികവശമെന്തെന്നാല്‍ ഊര്‍ജം സംരക്ഷിക്കലും ആധുനിക വ്യാവസായികസംസ്‌കാരത്തിന്റെ അടയാളങ്ങളായ ഉപഭോഗത്തിന്റെ തിരസ്‌കാരവുമാണ്. കാരണം നമ്മള്‍ അധികം സംസാരിക്കുന്നവരും അധികം ഭക്ഷിക്കുന്നവരും ധൂര്‍ത്തില്‍ അഭിരമിക്കുന്നവരുമാണ്.

mahatma gandhi

പ്രകൃതിയെക്കുറിച്ച് മൂന്ന് പ്രധാന സങ്കല്പങ്ങളാണ് ഗാന്ധിജിക്കുണ്ടായിരുന്നത്. പ്രകൃതിയെ അതിന്റെ വഴിക്ക് വിടുകയെന്നത് ഇതില്‍ ആദ്യത്തേത്. കാരണം ഇപ്പോള്‍ ലോകത്തെ സര്‍വജീവജാലങ്ങളും അനുഭവിക്കുന്ന കാലാവസ്ഥാപ്രതിസന്ധിക്ക് കാരണം മനുഷ്യന്റെ അതിരുകവിഞ്ഞ പ്രകൃതിചൂഷണമാണ്. 

ഭൂമി അക്ഷയഖനിയല്ലെന്ന തിരിച്ചറിവ് ഗാന്ധിജിക്കുണ്ടായിരുന്നു. എടുത്താല്‍ തീരാവുന്ന ധാതുക്കളും വിഭവങ്ങളുമേ അതിലുള്ളൂവെന്ന് അദ്ദേഹം വിശ്വസിച്ചു. ഗാന്ധിജിയുടെ രണ്ടാമത്തെ പ്രമാണമെന്തെന്നാല്‍ പ്രകൃതിയില്‍ മൃഗങ്ങള്‍ അവരുടെ കാര്യങ്ങള്‍ മാത്രം ചെയ്യുന്നവരാണ്. ഇതുപോലെ മനുഷ്യനും അവരുടെ മാത്രം കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഇന്ന് നമ്മള്‍ എത്തിനില്‍ക്കുന്ന ഈ ഗുരുതര സ്ഥിതിവിശേഷം ഉണ്ടാകുമായിരുന്നില്ല. പകരം എല്ലാം വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയില്‍ സര്‍വത്ര നാശമാണ് നമ്മുടെ ആര്‍ത്തിപൂണ്ട ചെയ്തികള്‍ വരുത്തിവെച്ചിരിക്കുന്നത്.

ഗാന്ധിജിയുടെ മൂന്നാമത്തെ വിശ്വാസം മനുഷ്യന്‍ തൊടുന്നതൊക്കെ മാലിന്യമായി അവശേഷിക്കുമെന്നാണ്. ഒരവസരത്തില്‍ ശിഷ്യനും സഹപ്രവര്‍ത്തകനുമായിരുന്ന കാക്കാ കാലേക്കര്‍ നാലോ അഞ്ചോ വേപ്പിലകള്‍ക്കുവേണ്ടി ഒരു കൊമ്പ് മുഴുവന്‍ പൊട്ടിക്കുന്നത് ഗാന്ധിജി കാണാനിടയായി. അപ്പോള്‍ ഗാന്ധിജിയുടെ പ്രതികരണം ഇങ്ങനെ: ''ഇത് ഹിംസയാണ്. നമുക്ക് ആവശ്യമുള്ള ഇലകള്‍ മാത്രം പറിക്കാന്‍ മരത്തോട് ക്ഷമാപണം നടത്തണം. പക്ഷേ, നിങ്ങള്‍ ഒരു കൊമ്പ് മുഴുവനായും മുറിച്ചു. ഇത് അനാവശ്യവും തെറ്റുമാണ്.''

ഗാന്ധിജി തികഞ്ഞ സസ്യഭുക്കായിരുന്നു. ശാസ്ത്രത്തിന്റെ ഇപ്പോഴത്തെ കണ്ടുപിടിത്തങ്ങളില്‍ അദ്ദേഹം സന്തോഷവാനായേനെ. കാരണം അവ വെളിപ്പെടുത്തുന്നത് മാംസത്തിന്റെ ഉപഭോഗം വര്‍ധിക്കുമ്പോള്‍ കൂടുതല്‍ ജലവും മണ്ണും അതിന്റെ അമിത ഉത്പാദനത്തിന് ചെലവഴിക്കേണ്ടിവരുമെന്നാണ്. പ്രത്യേകിച്ച് ഇന്ത്യയെപ്പോലെയുള്ള രാജ്യത്ത് വര്‍ധിച്ചുവരുന്ന മധ്യവര്‍ഗം പെട്ടെന്ന് മാംസത്തിന്റെ ഉപഭോഗത്തിലേക്ക് തിരിയുമ്പോള്‍ ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. ഇത്തരം വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുമ്പോള്‍ത്തന്നെ മറ്റുള്ളവരുടെ ഭക്ഷണസംസ്‌കാരങ്ങളെ ബഹുമാനിക്കാനും തന്റെ വിശ്വാസം അടിച്ചേല്പിക്കാതിരിക്കാനും ഗാന്ധിജി ശ്രദ്ധിച്ചിരുന്നുവെന്നത് ഇക്കാലത്ത് ഏറെ പ്രസക്തമാണ്. ഈ ആശയം വിശദമാക്കി മീരാ ബെന്നിനോട് ഗാന്ധിജി ഇങ്ങനെ പറഞ്ഞു: ''ഭക്ഷണരീതികള്‍ അടിച്ചേല്പിക്കുകയെന്നതും ഒരുതരം ഹിംസയാണ്. തന്റെ സാന്നിധ്യം ഉള്ളതുകൊണ്ടുമാത്രം മാംസഭുക്കുകള്‍ അത് വെടിയണമെന്ന് ഞാന്‍ പറയില്ല.''

ഇപ്പോള്‍ പ്രചാരത്തില്‍വന്ന നാം പുതിയതെന്ന് കരുതുന്ന പല ആശയങ്ങളും ഗാന്ധിജി സ്വന്തം ജീവിതത്തില്‍ അന്നേ പകര്‍ത്തിയിരുന്നുവെന്നത് അതിശയത്തോടുകൂടി മാത്രമേ കാണാനാകൂ. ഉദാഹരണത്തിന് മറ്റുജീവജാലങ്ങളെ പരിക്കേല്പിക്കരുതെന്ന മഹത്തായ തത്ത്വം, പരിസ്ഥിതിയോടുള്ള കരുതല്‍, സസ്യഭുക്കായിരിക്കല്‍, വായു, മണ്ണ്, വെള്ളം എന്നിവയുടെ സംരക്ഷണം, കടലാസിന്റെ പുനരുപയോഗം തുടങ്ങി മൃഗങ്ങളോടുപോലുമുള്ള അന്തസ്സോടെയുള്ള സമീപനംവരെ അന്നേ ജീവിതത്തില്‍ ഗാന്ധിജി പാലിച്ചിരുന്നു. പരിസ്ഥിതിയെക്കുറിച്ച് ഗാന്ധിജി പ്രത്യക്ഷത്തില്‍ ഒരു പഠനവും കുറിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു അതിന് സാക്ഷ്യം. രാവിലത്തെ നടത്തവും ദിനചര്യയും, ഫലമൂലാദികള്‍ അടങ്ങുന്ന ലഘുവായ ഭക്ഷണരീതി, ഇടയ്ക്കിടെ ആചരിക്കാറുള്ള മൗനവ്രതം, ചെറുതിനോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം, ആവശ്യത്തിന് മാത്രമുള്ള മിതമായ ഉപഭോഗം ഏതുകാര്യത്തിലും. ഇതൊക്കെ കാണിക്കുന്നത് ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ മൗലികമായ സമീപനത്തെയാണ്. പ്രകൃതിശാസ്ത്രത്തെപ്പറ്റി ഒരു തത്ത്വശാസ്ത്രജ്ഞനും ഇതിനേക്കാള്‍ കൂടുതല്‍ അവകാശപ്പെടാനുമാവില്ല.

2011-ല്‍ ഞാന്‍ എഴുതിയ ആമസോണും കുറെ വ്യാകുലതകളും എന്ന കൃതിയിലെ രണ്ട് നിരീക്ഷണങ്ങള്‍ ഇവിടെ പങ്കുവെയ്ക്കട്ടെ:  ''മനുഷ്യന്‍ സംഹാരമൂര്‍ത്തിയാവുകയാണ്. അവന്‍ കാടും നാടും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ചിത്രശലഭങ്ങളും പക്ഷികളും മൃഗങ്ങളുമൊക്കെ അവന്റെ പടയോട്ടത്തില്‍ നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ കണ്ടതൊന്നും ഇന്ന് കാണാനില്ല. നാളത്തെ സ്ഥിതി ഇതിലും ഭീകരവും ദയനീയവുമാകും. സ്റ്റഫ് ചെയ്ത പക്ഷികളെയും വീട്ടിയില്‍ തീര്‍ത്ത കരിവീരന്മാരെയും കടലാസില്‍ വരച്ച നരിയെയും പുലിയെയുമൊക്കെ ചൂണ്ടിക്കാണിച്ച് നമുക്ക് നമ്മുടെ കുഞ്ഞുങ്ങളോട് പറയേണ്ടിവരും: 'ഇങ്ങനെ കുറെ വിചിത്ര ജീവികള്‍ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു' എന്ന്. ഇത് സര്‍വവിനാശത്തിന്റെ തുടക്കം മാത്രമാണ്.
വിവേകവും വിനയവുമില്ലാതെ താന്‍ ശേഖരിച്ച അത്യല്പമായ വിവരവും അനല്പമായ അഹന്തയും കൈമുതലാക്കി മനുഷ്യന്‍ തിരിയുന്നത് സ്വന്തം വര്‍ഗത്തിനെതിരേതന്നെയാണ്. അതോടെ നരവംശത്തിന്റെ മരണമണി മുഴങ്ങുകയായി. ഭൂമി ഒരു ശ്മശാനമായി മാറാന്‍ പിന്നെ താമസമുണ്ടാകില്ല. അവിടെ ശവങ്ങള്‍ കൊത്തിവലിക്കാന്‍ ഒരു കഴുകന്‍പോലുമുണ്ടാകില്ല. അതോടെ ഭൂമിയുടെ മരണം പൂര്‍ത്തിയാകുന്നു. തലയോടുകളും എല്ലിന്‍കൂട്ടങ്ങളും അവിടെ ചിതറിക്കിടക്കും. കുറേക്കഴിഞ്ഞ് അന്യഗ്രഹങ്ങളില്‍നിന്ന് അദ്ഭുതജീവികള്‍ ഇ.ടി.കള്‍, ചത്തുമലച്ചുകിടക്കുന്ന ഭൂമിയിലേക്കിറങ്ങിവന്നേക്കാം. മനുഷ്യന്റെ അസ്ഥികൂടങ്ങള്‍ ശേഖരിച്ച്, അവ സ്റ്റഫ് ചെയ്ത്, തങ്ങളുടെ പിന്‍തലമുറയ്ക്ക് മനുഷ്യനെ അവര്‍ പരിചയപ്പെടുത്തും: 'ഇതാ, സര്‍വജീവജാലങ്ങളെയും നശിപ്പിച്ച്, പിന്നെ സ്വന്തം വര്‍ഗത്തെത്തന്നെ നിഗ്രഹിച്ച അത്യപൂര്‍വജീവി!' സ്റ്റഫ് ചെയ്ത പക്ഷികളെ നാം നമ്മുടെ പേരമക്കള്‍ക്ക് കാണിച്ചുകൊടുക്കുന്ന അതേ ലാഘവത്തോടെയാവും അവര്‍ അപ്രകാരം ചെയ്യുക. വിചിത്രമായ ഭാവനയെന്ന് ഇത് വിശേഷിപ്പിക്കപ്പെടാം. എന്നാല്‍, വിവേകം നഷ്ടപ്പെട്ട്, അഹന്ത മൂത്ത്, എല്ലാറ്റിനെയും കീഴടക്കാന്‍ വിറളിപിടിച്ച് നടക്കുന്ന മനുഷ്യന്‍ ഈയൊരവസ്ഥയില്‍ തന്റെ കുലത്തെ കൊണ്ടുചെന്നെത്തിക്കാന്‍ സാധ്യതകളേറെയുണ്ട്.'' (പേജ്: 109-110)

മുകളില്‍ സൂചിപ്പിച്ച ഈ വിശാലമായ ചിന്തയില്‍നിന്ന് ഞാന്‍ വയനാട്ടിലെ പുളിയാര്‍മലയിലെ വീട്ടിലേക്ക് തിരിച്ചുവരട്ടെ: ''ഞങ്ങളുടെ താമസസ്ഥലമായ പുളിയാര്‍മലയില്‍ എന്റെ മകന്റെ മകള്‍ മയൂരയുമൊത്ത് നടക്കാന്‍ പോകാറുള്ള കാര്യം ഞാന്‍ ഗൈഡ് ഡാനിയോട് പറഞ്ഞു. ഈ ഭൂമുഖത്തുള്ള കാര്യങ്ങളെക്കുറിച്ചൊക്കെ അവളെന്നോട് ചോദിക്കും. അവള്‍ക്കറിയേണ്ടാത്തതായി ഒന്നുമുണ്ടാവില്ല. പുളിയാര്‍മലയുടെ പഴയ അവസ്ഥ ഞാനവള്‍ക്ക് പറഞ്ഞുകൊടുക്കും. നരിയും പുലിയും കാട്ടുപോത്തുമൊക്കെ അവിടെ വിഹരിച്ചിരുന്ന കഥകള്‍ പറയുമ്പോള്‍ 'എനിക്കും നരിയെയും പുലിയെയുമൊക്കെ കാണേണ്ടേ താത്താ' എന്ന് അവള്‍ എന്നോട് ചോദിക്കും. വളരെ ന്യായമായ ചോദ്യമാണ് നിഷ്‌കളങ്കമായ ആ കരുന്നുമനസ്സ് ചോദിക്കുന്നത്. ഞാന്‍ പറയും: 'നരിവേണമെങ്കില്‍ കാടുവേണ്ടേ മക്കളേ?' എന്ന്. 'കാടെവിടെപ്പോയി?' എന്നാവും അവളപ്പോള്‍. 'കാട് കള്ളന്മാര്‍ കട്ടും വെട്ടിയും മുടിച്ചുവെന്ന്' എന്റെ ഉത്തരം. 'എന്തിനാണവര്‍ കാട് വെട്ടിമുറിക്കുന്ന'തെന്ന് അവള്‍ ആരായും. 'പണത്തിനാണെന്ന്' ഞാന്‍ പറയും. 'എന്തിനാണ് പണമെന്നാകും' അടുത്ത ചോദ്യം. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ചോദ്യങ്ങള്‍ കാടിനെക്കുറിച്ച് അവള്‍ ചോദിക്കും. ഉത്തരം പറഞ്ഞുപറഞ്ഞ് ഉത്തരമില്ലാത്തൊരവസ്ഥയില്‍ അവളെന്നെ കൊണ്ടുചെന്നെത്തിക്കും.

'വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍'
എന്ന് വൈലോപ്പിള്ളി കുഞ്ഞുങ്ങളെക്കുറിച്ച് പാടിയതെത്ര ശരി എന്ന് ഞാന്‍ അദ്ഭുതപ്പെടും. വലിയവര്‍ ചെയ്യുന്ന ദുഷിച്ച പ്രവൃത്തികളെക്കുറിച്ച് അവളെന്നെക്കൊണ്ട് പറയിപ്പിക്കുന്നു. പ്രകൃതിയൊരുക്കിയ സൗഭാഗ്യങ്ങള്‍ അവള്‍ക്കും അവളുടെ കൂട്ടുകാര്‍ക്കുംകൂടി അവകാശപ്പെട്ടതാണ്. അതെന്തിന്, ആരുടെ സമ്മതത്തോടെ തകര്‍ക്കുന്നു എന്നാണ് അവളുടെ ചോദ്യം.

ഞാന്‍ വയനാട്ടില്‍ കടുവയെയും കാട്ടിയെയും കണ്ടിട്ടുണ്ടെന്നത് എനിക്ക് സത്യമാണെങ്കില്‍ എന്റെ പേരമകള്‍ക്കത് അയഥാര്‍ഥമാണ്. അവളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഞാന്‍ നിസ്സഹായനായി. മാത്രമല്ല, കളവുപറയുന്നവനാണെന്ന ആരോപണത്തിനുകൂടി വിധേയനാകുന്നു. നരിയെയും പുലിയെയും കാട്ടുപോത്തിനെയും കരടിയെയും ഞാന്‍ എന്റെ കണ്ണുകള്‍കൊണ്ട് കണ്ടതാണെന്ന് എത്ര ആവര്‍ത്തിച്ചുപറഞ്ഞാലും അവള്‍ വിശ്വസിക്കില്ല. എന്റെ മുഖത്ത് തറപ്പിച്ചുനോക്കിക്കൊണ്ട് അവള്‍ ചോദിക്കും: 'എന്തിനാ താത്താ, വെറുതേ കളവുപറയുന്നത്' എന്ന്. തലമുറകള്‍ക്കിടയില്‍ സത്യം സങ്കല്പവും സങ്കല്പം സത്യവുമായി കൂടിക്കലര്‍ന്നുകിടക്കുന്നു.'' (പേജ്: 111-112)

ലോകം ഇന്നനുഭവിക്കുന്ന കാലാവസ്ഥാ പ്രതിസന്ധിയെപ്പറ്റി ആദ്യത്തെ പ്രവചനം നടത്തിയത് സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്‍ത്തേ ഓഗസ്റ്റ് അര്‍ഹേനിയസ്സാണ്. വ്യവസായ ഉത്പാദനപ്രക്രിയ കാരണവും അതുപോലെ മറ്റ് അത്യാധുനിക ഇടപെടല്‍ കാരണവും കാര്‍ബണ്‍ ഡയോക്സൈഡിന്റെ ബഹിര്‍ഗമനം വര്‍ധിക്കാമെന്ന് അദ്ദേഹം പത്തൊമ്പതാം നൂറ്റാണ്ടില്‍ ശാസ്ത്രീയമായി തെളിയിച്ചു. ഉയരുന്ന താപനില, ഹിമപാളികളുടെ ഉരുകല്‍, സമുദ്രോപരിതലത്തിന്റെ ഉയര്‍ച്ച എന്നിവ കാരണം കര വന്‍തോതില്‍ വെള്ളത്തിനടിയിലായി മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ വാസസ്ഥലം ചുരുങ്ങുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇത്  3,000 വര്‍ഷമെടുക്കുന്ന ഒരു പ്രക്രിയയായിട്ടാണ് അദ്ദേഹം കരുതിയത്. എന്നാല്‍, ഈ വന്‍നാശം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിത്തന്നെ സംജാതമാകുമെന്ന് അദ്ദേഹം തിരിച്ചറിയാതെ പോയി. 

EARTH

ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് 2020 ഫെബ്രുവരി 21-ലെ  ഗാര്‍ഡിയന്‍  ദിനപത്രം പുറത്തുവിട്ട വാര്‍ത്ത. ആഗോള ഭീമന്‍ സാമ്പത്തികസ്ഥാപനമായ 'ജെ.പി. മോര്‍ഗ'നിലെ സാമ്പത്തികശാസ്ത്രജ്ഞരായ ഡേവിഡ് മക്കേയും ജസ്സിക മറേയും സ്ഥാപനത്തിനുവേണ്ടിമാത്രം നടത്തിയതാണ് ഈ രഹസ്യസ്വഭാവമുള്ള പഠനം. ഇത്  'എക്‌സിറ്റിന്‍ഷ്യന്‍ റിബല്യന്‍'(Extinction  Rebellion) എന്ന സംഘടനയുടെ വക്താവും ബ്രിട്ടനിലെ 'ഈസ്റ്റ് ആംഗ്ലിയ' സര്‍വകലാശാലയിലെ പണ്ഡിതനുമായ റൂപ്പേര്‍റ്റ് റീഡ് ചോര്‍ത്തി പത്രത്തിന് നല്‍കുകയായിരുന്നു. മാനവരാശിക്ക് വിനാശകരമായ ഭാവിയാണ് ഇത് പ്രവചിക്കുന്നത്. 19-ാം നൂറ്റാണ്ടില്‍നിന്ന് ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും 3.5 ഡിഗ്രി സെന്റിഗ്രേഡ് താപനം കൂടുമെന്ന് അവര്‍ പറയുന്നു. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കിടയില്‍ ഇതുവരെയുണ്ടാകാത്ത ഒരു അവസ്ഥയിലേക്ക് ഭൂമി നീങ്ങുന്നതാകും ഇതിന്റെ ഭവിഷ്യത്ത്. കാര്‍ബണ്‍ ഡയോക്സൈഡ് ബഹിര്‍ഗമനം നടത്തുന്ന കമ്പനികളാല്‍ കാലാവസ്ഥയ്ക്ക് കാര്യമായ ആഘാതം ഉണ്ടാകുമ്പോള്‍ ഇതിന് തുല്യമായി പിഴയൊന്നും അവരില്‍നിന്ന് ഈടാക്കുന്നില്ല. ഇത്തരം ഒരു ആഗോള കാര്‍ബണ്‍ നികുതി ചുമത്തുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുമ്പോഴും ഇപ്പോഴൊന്നും അത്തരമൊരു നികുതി നിലവില്‍ വരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നില്ല. കാരണം സര്‍ക്കാരുകള്‍ക്ക് വലുത് തൊഴിലവസരങ്ങളാണ്. ഇത്തരം ഒരു നികുതിഭാരംമൂലം സ്ഥാപനങ്ങള്‍ നഷ്ടത്തിലായി പൂട്ടുന്നൊരു സ്ഥിതിവിശേഷം കമ്പനി അധികൃതരോ സര്‍ക്കാരോ ആഗ്രഹിക്കുന്നില്ല. 137 ലക്ഷം കോടി രൂപയാണ്  'ജെ.പി. മോര്‍ഗന്‍' അടക്കം ലോകത്തിലെ ഏറ്റവും വലിയ 33 ധനകാര്യസ്ഥാപനങ്ങള്‍ 2016 മുതല്‍ 2018 വരെ മൂന്നു വര്‍ഷത്തെ ഇടവേളയില്‍ ശിലാദ്രവ്യ ഇന്ധന (Fossil Fue-ls) മേഖലയ്ക്ക് നല്‍കിയതെന്ന് കാണുമ്പോള്‍ ഇവരുടെ സ്വാധീനം എത്രമേല്‍ ഭീകരമാണെന്ന് നമുക്ക് ബോധ്യമാകും.

ആഗോള കാലാവസ്ഥാ അടിയന്തരാവസ്ഥയുടെ ഭീകരദൃശ്യങ്ങള്‍

പുതിയ പതിറ്റാണ്ടിന്റെ തുടക്കത്തില്‍ വീടുകളുടെ സ്വീകരണമുറിയിലിരുന്ന് ലോകം കണ്ടത് ഭൂമി കത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ എന്നീ പ്രവിശ്യകളിലെ അടിക്കാടുകളാണ് അഗ്‌നിക്കിരയായത്. 230 അടി ഉയരത്തിലുണ്ടായ അഗ്‌നിയുടെ താണ്ഡവം ലോകം ഭീതിയോടെ നോക്കിക്കണ്ടു. അതില്‍നിന്നുയരുന്ന പുകയാവട്ടെ 2,000 കിലോമീറ്റര്‍ അകലെയുള്ള ന്യൂസീലന്‍ഡിന്റെ ആകാശത്ത് ഭയാനകമായ മഞ്ഞ ആവരണമായി മൂടി.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം നാല് അഗ്‌നിരക്ഷാസേനാപ്രവര്‍ത്തകരടക്കം മൊത്തം 33 പേരാണ് ഇതുവരെ മരിച്ചത്. ഒരുലക്ഷത്തിപതിനായിരം ചതുരശ്ര കിലോമീറ്റര്‍ അഥവാ 2.72 കോടി ഏക്കര്‍ വനഭൂമിയാണ് കത്തിച്ചാമ്പലായത്. കേരളത്തിന്റെ മൂന്നിരട്ടിയോളം വരും ഈ വിസ്തൃതി. 48 കോടി പക്ഷിമൃഗാദി ഉരഗവര്‍ഗങ്ങള്‍ക്ക് ജീവഹാനി നേരിട്ടെന്ന് ആവാസവ്യവസ്ഥാവിദഗ്ധനായ സിഡ്നി സര്‍വകലാശാലയിലെ പ്രൊഫസര്‍ ക്രിസ് ഡിക്മാന്‍ വെളിപ്പെടുത്തിയതായി ലോകത്തിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തത് നടുക്കമുണ്ടാക്കുന്നതാണ്. ഫെബ്രുവരി പതിനൊന്നിന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ കൃഷിജലപരിസ്ഥിതിവകുപ്പ് വ്യക്തമാക്കിയത് ഇത്തരത്തിലുണ്ടായ വിപത്ത് 113 ജീവിവര്‍ഗങ്ങളുടെ വംശനാശത്തിന് ആക്കംകൂട്ടിയെന്നാണ്.

ഇതിലേക്ക് നയിച്ച പ്രധാന കാരണം ഡിസംബറില്‍ ഓസ്ട്രേലിയയില്‍ ഉണ്ടായ അതിതീക്ഷ്ണമായ ചൂടാണ്. ഡിസംബര്‍ പതിനേഴിന് 40 ഡിഗ്രി സെന്റിഗ്രേഡ് എന്ന റെക്കോഡ് തൊട്ടടുത്തദിവസം 41.9 ഡിഗ്രി സെന്റിഗ്രേഡിലെത്തി 24 മണിക്കൂറിനകം അതിനെ ഭേദിച്ചു. ഇതിനുമുന്‍പേ രേഖപ്പെടുത്തിയ തീക്ഷ്ണമായ ചൂട് 2013-ലുള്ള 40.3 ഡിഗ്രി സെന്റിഗ്രേഡായിരുന്നു. ഈ താപനില ക്രമാതീതമായി കൂടാനുള്ള കാരണം ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍ (Indian Ocean Diopole) എന്ന പ്രതിഭാസമാണ്. ഈ പ്രതിഭാസമെന്തെന്നാല്‍ പടിഞ്ഞാറുഭാഗത്തുള്ള സമുദ്രോപരിതലം ചൂടായിരിക്കുമ്പോള്‍ കിഴക്കുഭാഗത്തുള്ള കടല്‍ ഉപരിതലം തണുപ്പായിരിക്കും. പ്രകൃതിയിലുള്ളതാണ് ഈ പ്രതിഭാസം. പക്ഷേ, ഇപ്പോള്‍ സംഭവിച്ചത് എന്തെന്നാല്‍ പടിഞ്ഞാറും കിഴക്കുമുള്ള വെള്ളത്തിന്റെ താപനിലയിലെ ഈ അന്തരം കഴിഞ്ഞ 60 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയതാണ് എന്നതാണ്. 

'ഗോണ്ടുവാന' എന്ന സംരക്ഷിത ഉപഉഷ്ണമേഖലാ മഴക്കാടുകള്‍ ന്യൂ സൗത്ത് വെയില്‍സിലെ ന്യൂകാസില്‍ മുതല്‍ തെക്കുകിഴക്ക് ക്യൂന്‍സ് ലാന്‍ഡ് വരെ 3,665 ചതുരശ്ര കിലോമീറ്റര്‍ അല്ലെങ്കില്‍ 905,641 ഏക്കര്‍ പരന്നുകിടക്കുന്നതാണ്. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ പത്ത് ശതമാനത്തോളം വരുമിത്. ഈ പുരാതന മഴക്കാടുകള്‍ വംശനാശഭീഷണി നേരിടുന്ന അപൂര്‍വ സസ്യമൃഗാദിവര്‍ഗങ്ങളുടെ ആവാസവ്യവസ്ഥകൂടിയാണ്. കൂടാതെ ഇവിടെയുള്ള മരമുത്തശ്ശിമാര്‍ക്ക് ചുരുങ്ങിയത് 600 മുതല്‍ 1,200 വര്‍ഷംവരെ പ്രായമുണ്ട്. ജനുവരി അവസാനംവരെ ലോക പൈതൃകമേഖലയിലെ 53 ശതമാനം മഴക്കാടുകള്‍ കത്തിയമര്‍ന്നതായാണ് ഔദ്യോഗിക കണക്ക്. ഈ വന്‍ദുരന്തത്തെ ഇപ്പോള്‍ ഓസ്ട്രേലിയയുടെ കറുത്ത വസന്തം (Black Summer) എന്നാണ് വിശേഷിപ്പിക്കുന്നത്.

പവിഴപ്പുറ്റ്

ഈ ഭൂഖണ്ഡത്തില്‍നിന്നുതന്നെ വരുന്ന മറ്റൊരു ദുരന്തവാര്‍ത്ത ഇവിടെ പരാമര്‍ശിക്കട്ടെ: 2020 ഫെബ്രുവരി 20ന് ലോകമാധ്യമങ്ങളില്‍ ഞെട്ടലുളവാക്കുന്ന ഒരു വാര്‍ത്ത വന്നു. ലോകത്തിലെ ഏറ്റവും വലിയ ജീവജാല പ്രതിഭാസമാണ് ഓസ്ട്രേലിയയുടെ ക്യൂന്‍സ് ലാന്‍ഡ് തീരത്ത് 2,300 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന 'ഗ്രേറ്റ് ബാരിയര്‍ റീഫ്' (Great Barrier Reef)  എന്ന പവിഴപ്പുറ്റ്. 'നോആ കോറല്‍ റീഫ് വാച്ച്' (NOAA Coral Reef Watch)  എന്ന സംഘടനയുടെ ഡോ. വില്യം സ്‌കിര്‍വിങ് പറയുന്നത്, അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കടല്‍വെള്ളത്തിന്റെ താപം കുറഞ്ഞില്ലെങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളിലെ മൂന്നാമത്തെ 'ബ്ലീച്ചിങ്' (Bleaching) നടക്കുമെന്നാണ്.
'ബ്ലീച്ചിങ്' എന്ന പ്രതിഭാസമെന്തെന്നാല്‍ ചൂടേറിയ വെള്ളത്തില്‍ പവിഴപ്പുറ്റില്‍ കുടിയിരിക്കുന്ന കടല്‍ക്കളകള്‍ (Algae) ഉള്‍പ്പെടുന്ന സസ്യവിഭാഗങ്ങള്‍ ചൂട് സഹിക്കവയ്യാതെ പുറ്റ് ഉപേക്ഷിച്ച് പോകും. ഇതോടുകൂടി കടല്‍ക്കളകള്‍ പുറ്റുകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ഭക്ഷണവും വര്‍ണങ്ങളും മാഞ്ഞുപോയി ഒരു വെള്ള അസ്ഥികൂടമായി പരിണമിക്കുകയും ചെയ്യും. ഇത്തരം 'ബ്ലീച്ചിങ്' പവിഴപ്പുറ്റുകളെ കൊല്ലും. ഡോ. സ്‌കിര്‍വിങ് പറയുന്നത് വന്‍തോതിലുള്ള 'ബ്ലീച്ചിങ്' സംഭവിക്കുന്നതിന്റെ തോത് കൂടിവരുകയാണെന്നാണ്; 1983, 1987, 1998, 2002, 2016, 2017 ഇപ്പോള്‍ 2020ലും. ഈ പശ്ചാത്തലത്തില്‍ ഇനി ഭൂമിയുടെ നിലനില്‍പ്പിനെത്തന്നെ ഇല്ലാതാക്കാന്‍ ശേഷിയുള്ള അതിഭീകരമായ സ്ഥിതിവിശേഷത്തെക്കുറിച്ച് പ്രതിപാദിക്കേണ്ടതുണ്ട്. ദക്ഷിണ അമേരിക്കയിലെ ആമസോണ്‍ വനത്തിലെ വൈവിധ്യമാര്‍ന്ന ഉഷ്ണമേഖലാ മഴക്കാടുകളാണ് ലോകത്തെ ഏറ്റവും വലിയ വനപ്രദേശം. 55 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീര്‍ണം. 135 കോടി 90 ലക്ഷം ഏക്കര്‍ (എന്നുവെച്ചാല്‍ 141 കേരളങ്ങള്‍). ലോകത്ത് അവശേഷിക്കുന്ന മഴക്കാടുകളില്‍ പകുതിയില്‍ കൂടുതലും ആമസോണിലാണുള്ളത്. കൂടാതെ ലോകത്തിലെ പകുതിയോളം വരുന്ന പക്ഷിമൃഗാദി, ഉരഗവര്‍ഗങ്ങളുടെ ആവാസകേന്ദ്രവും.

ഇവയില്‍ പലതും ഇവിടെമാത്രം കാണപ്പെടുന്ന വര്‍ഗങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ നാലുപതിറ്റാണ്ടായി വനനശീകരണം നേരിടുന്ന പ്രദേശംകൂടിയാണ് ആമസോണ്‍. ഈ പ്രക്രിയയ്ക്ക് തുടക്കം 1960- കളിലാണ്. ഇത് പാരമ്യത്തിലെത്തുന്നത് 1990- കളിലും. ഈ കാലഘട്ടത്തില്‍ കേരളത്തിന്റെ പതിമൂന്ന് ഇരട്ടി പ്രദേശത്തോളം വരുന്ന കാടാണ് വെട്ടിനശിപ്പിച്ചത്. കന്നുകാലിവളര്‍ത്തലിനും സോയാബീന്‍ കൃഷിക്കും മരംമുറിക്കാനും വേണ്ടിയായിരുന്നു ഇത് ചെയ്തത്. ഈ മഴക്കാടുകളാണ് ലോകത്തിന്റെ ശ്വാസകോശം. ലോകത്താകമാനമുള്ള വാഹനങ്ങള്‍, വിമാനങ്ങള്‍, വിദ്യുച്ഛക്തിനിലയങ്ങള്‍, കല്‍ക്കരിഖനികള്‍ തുടങ്ങിയവ പുറത്തുവിടുന്ന കാര്‍ബണ്‍ഡയോക്സൈഡിനെ വലിച്ചെടുത്ത് ഓക്‌സിജന്‍ പുറത്തേക്കുനല്‍കുന്ന ഏറ്റവും വലിയ പ്രകൃതിയുടെ പ്രതിഭാസമാണ് ആമസോണ്‍. ഇത്രയും അമൂല്യമായ ആവാസവ്യവസ്ഥയെ ഇല്ലാതാക്കുകയാണെങ്കില്‍ ഭൂമിക്ക് ഏറെക്കാലം നിലനില്പുണ്ടാകില്ല.

ദക്ഷിണ ഹിമധ്രുവം

പ്രകൃതിക്ക് ഗുരുതരമായ ആഘാതമുണ്ടാക്കുന്ന വേറെയും സംഗതികളുണ്ടെന്ന ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ ഈയിടെ പുറത്തുവന്നിട്ടുണ്ട്. ഉദാഹരണത്തിന് ദക്ഷിണ ഹിമധ്രുവത്തിലെ (അന്റാര്‍ട്ടിക്ക) താപനില 2020 ഫിബ്രവരി ആറിന് 18.3 ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോഡിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ആ ധ്രുവത്തിലെ അര്‍ജൈന്റന്‍ ഗവേഷകരുടെ പഠനതമ്പായ എസ്പരാന്‍സ (Esperanza Base)  ആണ് ഊഷ്മാവ് രേഖപ്പെടുത്തിയത്. ഇതാകട്ടെ മാര്‍ച്ച് 2015-ല്‍ ഉണ്ടായിരുന്ന അതുവരെയുള്ള റെക്കോഡായിരുന്ന 17.5 ഡിഗ്രി സെന്റിഗ്രേഡിനെക്കാള്‍ 0.8 ഡിഗ്രി സെന്റിഗ്രേഡ് കൂടുതലും. ആ ഹിമഭൂഖണ്ഡത്തിന്റെ ഉത്തരപശ്ചിമ മുനമ്പാണ് ഭൂമിയില്‍വെച്ച് ഏറ്റവും കൂടുതല്‍ താപനില ഉയരുന്ന പ്രദേശങ്ങളിലൊന്ന്.

ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടനയുടെ കണക്കുകളനുസരിച്ച് കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ മാത്രം മൂന്ന് ഡിഗ്രി സെന്റിഗ്രേഡാണ് ദക്ഷിണ ഹിമധ്രുവത്തില്‍ ഉയര്‍ന്നിട്ടുള്ളത്. ഇതുകാരണം അവിടത്തെ പശ്ചിമതീരത്തിലെ 87 ശതമാനം ഹിമപാളികള്‍ ചുരുങ്ങിയതായും ഈ സംഘടന വെളിപ്പെടുത്തുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് ദക്ഷിണഹിമധ്രുവത്തിലെ സെയ്മൂര്‍ ദ്വീപില്‍ (Seymour Island)  ബ്രസീലിലെ കാലാവസ്ഥാശാസ്ത്രജ്ഞര്‍ 2020 ഫിബ്രവരി 9-ന് 20.75 ഡിഗ്രി സെന്റിഗ്രേഡ് താപനില രേഖപ്പെടുത്തി. എന്നാല്‍, ഈ പുതിയ റെക്കോഡ് ഈ ലേഖനം കുറിക്കുന്നതുവരെ ലോക കാലാവസ്ഥാസംഘടന സ്ഥിരീകരിച്ചിട്ടില്ല. ഈ പ്രദേശത്തിന്റെ പ്രത്യേകതയെന്തെന്നാല്‍ ഇവിടെയാണ് ലോകമാകമാനമുള്ള ശുദ്ധജലത്തിന്റെ 70 ശതമാനവും മഞ്ഞായും ഹിമമായും ഉറഞ്ഞുകിടക്കുന്നത്. ഈ ശേഖരം ഉരുകാന്‍തുടങ്ങിയാല്‍ ഇരുപത്തൊന്നാംനൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും സമുദ്രജലം ഒരടിമുതല്‍ നാലടിയോളം ഉയരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം ചിന്തിക്കാന്‍പറ്റുന്നതിനെക്കാള്‍ എത്രയോ മടങ്ങാണ്.

കൂടാതെ അന്റാര്‍ട്ടിക്കയിലെത്തന്നെ ഏറ്റവും വേഗത്തില്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്ന പൈന്‍ ഐലന്‍ഡ്  (Pine Island)  ഹിമപാളിയുടെ വലിയ ഭാഗം എമണ്‍ഡ്സണ്‍ കടലില്‍ (Amundsen Sea)  പതിച്ചിരിക്കുന്നു. കഴിഞ്ഞ പതിറ്റാണ്ടില്‍ എല്ലാ വര്‍ഷവും ഈ ഹിമപാളിയുടെ ഭാഗങ്ങള്‍ ഇതേപോലെ കടലിലേക്ക് പതിക്കാറുള്ളത് ഗുരുതരമായ പ്രശ്‌നമാണ്. ഇത് നമ്മുടെ ഭൂമിയുടെ നിലനില്പിനെത്തന്നെ സാരമായി ബാധിക്കും.

യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് എന്ന ഭൗമനിരീക്ഷണപഠനം നടത്തുന്ന ശാസ്ത്രജ്ഞര്‍ 2019 ഒക്ടോബര്‍മുതല്‍ ഈ ഹിമപാളിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയതോതിലുള്ള വിള്ളലുകളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഈ ഫെബ്രുവരിയില്‍ എട്ടിനും ഒമ്പതിനും ഇടയിലുള്ള ഒരു സമയത്ത് ഇത്തരം വിള്ളലുകള്‍ രൂക്ഷമായി. ഇതുകാരണം 'കാവിങ്' (calving)  എന്ന് അറിയപ്പെടുന്ന പ്രക്രിയയിലൂടെ ഒരു ഭീമന്‍ മഞ്ഞുകട്ട കടലിലേക്ക് പതിച്ചു. അതിന്റെ വ്യാപ്തി 350 ചതുരശ്ര കിലോമീറ്ററാണ്. എന്നുവെച്ചാല്‍ 119 ചതുരശ്ര കിലോമീറ്ററുള്ള നമ്മുടെ കോഴിക്കോട് കോര്‍പ്പറേഷന്റെ മൂന്നിരട്ടി വ്യാപ്തി. ഈ മഞ്ഞുകട്ടകള്‍ ഉരുകിയാല്‍ ചുറ്റുമുള്ള സമുദ്രോപരിതലം നാലടിവരെ ഉയരുമെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയില്‍ പൈന്‍ ഐലന്‍ഡ് ഹിമപാളിയിലും (Glacier)  അതിന്റെ അയലത്തുള്ള ത്വയ്റ്റ്സ് ഹിമപാളിയിലും (Thwai-tes Glac-ier) ആഗോളതാപനം കാരണം നേരത്തേ സൂചിപ്പിച്ച 'കാവിങ്' എന്ന പ്രതിഭാസം പൂര്‍വാധികം തീവ്രതയോടെ കൂടെക്കൂടെ നടക്കുന്നുണ്ട്. ത്വയ്റ്റ്സ് ഹിമപാളിയുടെ വിനാശകരമായ സാധ്യത വെളിപ്പെടുത്തുന്ന ഒരു അപരനാമംകൂടിയുണ്ട്. ഡൂംസ്ഡേ ഹിമപാളി (Doomsday  Glac-ier) അഥവാ അന്ത്യവിധിദിനം എന്നാണ് ഇതിന്റെ അര്‍ഥം. നേരത്തേ പൈന്‍ ഐലന്‍ഡ് ഹിമപാളിയില്‍ കാവിങ് നാലുമുതല്‍ ആറുവര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് സംഭവിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് അപകടകരമാംവിധം ഒരു ഏകദേശ വാര്‍ഷികപ്രക്രിയയായി പരിണമിച്ചിരിക്കുന്നതായി നാസ വെളിപ്പെടുത്തുന്നു.

ഉദാഹരണത്തിന് കഴിഞ്ഞ പതിറ്റാണ്ടില്‍ 2011, 2013, 2015, 2017, 2018-ലും ഈ പതിറ്റാണ്ടിന്റെ തുടക്കമായ 2020-ലും. ഇതുകാരണം പുതിയ ഹിമം ഉണ്ടാകുന്നതിനേക്കാള്‍ വേഗത്തില്‍ പൈന്‍ ഐലന്‍ഡും ത്വയ്റ്റ്സ് ഹിമപാളിയും ചുരുങ്ങി ഉള്‍പ്രദേശങ്ങളിലേക്ക് പിന്‍വാങ്ങുകയാണ്. ഇത്തരം നിരന്തരമായ ഉള്‍വലിയല്‍ ഒരു ചാക്രികമായ മഞ്ഞുരുകലിന്റെ ലക്ഷണമാണ് കാണിക്കുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നത്. ഇതുകാരണം താരതമ്യേന ചൂടുള്ള സമുദ്രജലം ഹിമപാളികളുടെ അരികിനെ കാര്‍ന്നുതിന്നുന്നു. ഉരുകലിന്റെ തോത് വര്‍ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി ഹിമപാളി ശോഷിക്കുകയും കൂടുതല്‍ കാവിങ്ങിലേക്ക് നയിക്കുകയും ചെയ്യുന്നു. കാലക്രമേണ ഹിമം മൊത്തം ജലമായിമാറുന്നു.

ഉത്തരഹിമധ്രുവം 

ഇതോടനുബന്ധിച്ച് വായിക്കേണ്ടതാണ് ഉത്തരഹിമധ്രുവത്തിലെ താപനിലവര്‍ധനയും. 2019 ജൂലായില്‍ കനേഡിയന്‍ ഭാഗത്തെ ഉത്തരധ്രുവത്തിന്റെ വടക്കന്‍മുനമ്പായ എല്ലസ്മേര്‍ ദ്വീപില്‍ (Ellesmere Island)  താപനില 21 ഡിഗ്രി സെന്റിഗ്രേഡ് എന്ന റെക്കോഡിട്ടു. ഈ ആഗോളപ്രതിഭാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഭാഗമായ ഹിമാലയത്തില്‍ ഗംഗയുടെ ഉദ്ഭവസ്ഥാനമായ ഗംഗോത്രി ഹിമപാളിയില്‍ ഉണ്ടാകുന്ന വിനാശകരമായ മാറ്റങ്ങള്‍ നടുക്കുന്നതാണ്. വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജിയിലെ പി.എസ്. നേഗി നയിച്ച ഒരുസംഘം ശാസ്ത്രജ്ഞരുടെ പഠനം ഈ വസ്തുതയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. ഗംഗോത്രി ഹിമപാളിയില്‍ ഏകദേശം 12,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചിര്‍ബാസായില്‍ 2016-ല്‍ കറുത്ത കാര്‍ബണിന്റെ തോതില്‍ വലിയ അന്തരം സംഭവിച്ചതായി ശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങള്‍ തെളിയിക്കുന്നു.ഈ തോത് ഏറ്റവും കൂടുതല്‍ മേയിലും ഏറ്റവും കുറവ് ഓഗസ്റ്റിലുമാണ് കണ്ടിരുന്നത്.

കാര്‍ബണ്‍ ഡയോക്സൈഡ് കഴിഞ്ഞാല്‍ കാലാവസ്ഥാ അടിയന്തരാവസ്ഥയ്ക്ക് ഹേതുവാണ് കറുത്ത കാര്‍ബണ്‍ (Black Carbon). അറ്റ്മോസ്ഫിയറിക്  റിസര്‍ച്ച്  (Atmospheric Research) എന്ന പഠനജേണലില്‍ പറയുന്നത് കറുത്ത കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യയില്‍ വരും ദശാബ്ദങ്ങളില്‍ ഇതിന്റെ തോത് വര്‍ധിക്കുമെന്നാണ്.

ഈ പശ്ചാത്തലത്തില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ഗംഗോത്രിയില്‍ ഒരു സായാഹ്നം ചെലവഴിച്ചപ്പോഴുണ്ടായ എന്റെ ചില ചിന്തകള്‍ ഇവിടെ കുറിക്കട്ടെ:  'ഗംഗോത്രിയിലെ സൂര്യാസ്തമയം അവര്‍ണനീയമായ ഒരനുഭവമായിരുന്നു. സൂര്യന്‍ പശ്ചിമദിക്കിലേക്ക് ചാഞ്ഞുകൊണ്ടിരിക്കേ പ്രകൃതി വിടര്‍ത്തിയ വര്‍ണക്കാഴ്ചകള്‍ വര്‍ണപ്പീലികളായി. വെള്ളി ഉരുക്കിയൊഴിച്ച കൊടുമുടികളില്‍, വര്‍ണനാതീതമായ നിറപ്പകര്‍പ്പുകളുണ്ടായി. ഇളംചുവപ്പില്‍നിന്ന് കടുംചുവപ്പിലേക്ക്... പിന്നീട് പ്രപഞ്ചത്തിലെ മറ്റു നിറങ്ങളിലേക്ക്... സൂര്യന്‍ മഹാമേരുകള്‍ക്കപ്പുറത്തേക്ക് കനകരഥമേറി യാത്രയാവുകയാണ്. പര്‍വതസാനുക്കള്‍ തമസ്സിന്റെ ആലിംഗനത്തില്‍ അമര്‍ന്നുകൊണ്ടിരുന്നു. അനന്തതകളില്‍നിന്ന് ഇരുള്‍ അരിച്ചെത്തി. ദൂരക്കാഴ്ചകള്‍ കണ്ണില്‍നിന്ന് മറയാന്‍ തുടങ്ങി. ഗംഗോത്രി ക്ഷേത്രത്തിലെ ദീപാങ്കുരങ്ങള്‍ വെളിച്ചപ്പൊട്ടുകളായി തെളിഞ്ഞു. ആരതിക്കൊപ്പം ഗംഗോത്രിയില്‍ മന്ത്രോച്ചാരണങ്ങളും ഗംഗാസ്തുതികളും വിശുദ്ധ ശബ്ദവീചികളായി. ആത്മസമര്‍പ്പണത്തിന്റെ അനവദ്യസുന്ദരമായ മുഹൂര്‍ത്തം. ഗംഗയെ മനസ്സാ നമിക്കുമ്പോള്‍ ഇനിയെത്രകാലം എന്ന വ്യാകുലത ഹൃദയത്തില്‍ നീറിപ്പടര്‍ന്നുകൊണ്ടിരുന്നു. ഗംഗയുടെ ഹൃദയമിടിപ്പ് ഞങ്ങളില്‍ അഗാധ നൊമ്പരമായി' (പേജ് 346, ഹൈമവതഭൂവില്‍).

ഈ പശ്ചാത്തലത്തില്‍ മാര്‍ക്ക് ലിനാസിന്റെ  സിക്സ് ഡിഗ്രീസ് ഔര്‍ ഫ്യൂച്ചര്‍ ഓണ്‍ എ ഹോട്ടര്‍ പ്ലാനറ്റ്  എന്ന കൃതിയില്‍ വിഭാവനംചെയ്യുന്ന ഒരു സ്ഥിതിവിശേഷംകൂടി പരിശോധിക്കാം. അതിങ്ങനെ: 'അപ്രത്യക്ഷമാകുന്ന ഹിമാലയന്‍ ഹിമപാളികളുടെ ജലം നിലച്ചതിനെത്തുടര്‍ന്നുണ്ടാകുന്ന വരള്‍ച്ചയില്‍ 27 ദശലക്ഷം കര്‍ഷകര്‍ പാകിസ്താന്‍ അഭയാര്‍ഥികളായി ഇന്ത്യയിലേക്ക് പലായനം ചെയ്യാന്‍ ഒരുങ്ങുന്നു. ഇതു നിയന്ത്രിക്കാന്‍ ഇന്ത്യന്‍ അധീന കശ്മീരിലുള്ള ജലസംഭരണികള്‍ ബോംബിട്ട് തകര്‍ത്ത് സിന്ധുനദിയില്‍ ജലലഭ്യത ഉറപ്പാക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നു. ഈ പ്രകോപനത്തിന് പകരമായി 
ഇന്ത്യ തിരിച്ചടിക്കുകയാണെങ്കില്‍ അണ്വായുധങ്ങള്‍ ഉപയോഗിക്കാന്‍ പാകിസ്താന്‍ പ്രസിഡന്റ് അനുമതി നല്‍കുന്നു.' ഇതൊക്കെ സംഭവ്യമല്ലെന്ന് ആര്‍ക്ക് പറയാനാകും?

കേരളത്തിലെപ്രകൃതിദുരന്തം

ആഗോള കാലാവസ്ഥാ പ്രതിസന്ധിയില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല നമ്മുടെ നാടായ കേരളത്തിലെ സ്ഥിതിയും. 2018-19 വര്‍ഷങ്ങളിലുണ്ടായ അതിവൃഷ്ടിയും പ്രളയവും മലയിടിച്ചിലുമൊക്കെ നമുക്ക് നല്‍കുന്ന പാഠങ്ങള്‍ ശ്രദ്ധയോടെ വിലയിരുത്തേണ്ടതുണ്ട്. ഇതില്‍ തിരിച്ചറിയേണ്ട പ്രധാനകാര്യം ഇവ പരമ്പരാഗത രീതിയിലുള്ള പ്രകൃതി ദുരന്തങ്ങളല്ലെന്നും മറിച്ച് മനുഷ്യനിര്‍മിതമാണെന്നുമുള്ള പ്രാഥമിക വസ്തുത അംഗീകരിക്കുകയെന്നുള്ളതാണ്. നമ്മുടെ സമൂഹവും ജനവും ഭരണാധികാരികളുമൊക്കെത്തന്നെ ഈ സത്യം മനസ്സിലാക്കിയാല്‍ മാത്രമേ ഇത്തരം ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുകയുള്ളൂ. ഉദാഹരണത്തിന് കേരളത്തില്‍ മൊത്തം 5,924 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. എന്നുവെച്ചാല്‍ ഒരു പഞ്ചായത്തിന് ശരാശരി ആറെണ്ണം എന്ന തോതില്‍! ഇവയില്‍ 3,332 എണ്ണം പ്രൊഫ. മാധവ് ഗാഡ്ഗില്‍ അടയാളപ്പെടുത്തിയ പരിസ്ഥിതിലോല മേഖലയിലാണെന്നാണ് പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ഗള്‍ഞക) മുഖ്യശാസ്ത്രജ്ഞനായ ടി.വി. സജീവിന്റെ വിഖ്യാതമായ പഠനം വെളിപ്പെടുത്തുന്നത്. എന്നുവെച്ചാല്‍ 56 ശതമാനം ക്വാറികളും പശ്ചിമഘട്ടത്തിന്റെ അതിലോല പ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ഇതുകാരണം ഈ മേഖലകളില്‍ മലയിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒരു ഉദാഹരണം: വയനാട്ടിലെ മേപ്പാടിയില്‍ കുന്നിന്‍ചെരിവിലുള്ള 100 ഏക്കര്‍ തേയിലത്തോട്ടം ഇടിഞ്ഞ സ്ഥലത്തിന്റെ മറുവശത്ത് ഒരു ക്വാറി പ്രവര്‍ത്തിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്ന ഭീഷണി കേരളംപോലുള്ള ജനനിബിഡമായ മേഖലകളില്‍ ഗുരുതരമാണ്. കാരണം. സ്‌ഫോടനത്തിലൂടെ പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം വൈരക്കല്ല് കഴിഞ്ഞാല്‍ ഏറ്റവും പെട്ടെന്ന് ചലിക്കുന്നത് കരിങ്കല്ലിലൂടെയാണ്. ഈ ശാസ്ത്രവസ്തുതയുടെ അടിസ്ഥാനത്തിലായിരിക്കണം കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനത്തെ നാം വിലയിരുത്തേണ്ടത്.

കാലാവസ്ഥാപ്രതിസന്ധിക്കൊപ്പം ക്വാറികളുടെ അനിയന്ത്രിത പ്രവര്‍ത്തനങ്ങള്‍മൂലം ഏറ്റവും കൂടുതല്‍ ദുരന്തം അനുഭവിക്കുന്ന ജില്ല ഒരു പക്ഷേ, വയനാട് ആകും. ഡസന്‍ കണക്കിന് ക്വാറികള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നാലെണ്ണമായി ചുരുങ്ങിയത് അധികൃതര്‍ ഈ ദുരന്തത്തിന്റെ വ്യാപ്തി ഗ്രസിച്ചതിന്റെ സൂചനയാണ്.

എന്നാല്‍ ദുഃഖകരമെന്ന് പറയട്ടെ. ജില്ലയിലെ അതീവ പരിസ്ഥിതിലോലമേഖലയില്‍ പുതിയ ഒരു കരിങ്കല്‍ക്വാറിക്ക് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നു. അതും മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ച്. ഉരുള്‍പൊട്ടല്‍സാധ്യതയുള്ള മേഖലയില്‍ സ്വകാര്യവ്യക്തികള്‍ക്ക് ഖനനാനുമതി നല്‍കാനാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനൊരുങ്ങുകയാണ് പഞ്ചായത്ത് ഭരണസമിതി. 2019 ഓഗസ്റ്റിലെ അതിദാരുണമായ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലമേഖലയില്‍നിന്ന് കിലോമീറ്ററുകള്‍മാത്രം അകലെയുള്ള കടച്ചിക്കുന്ന് കോടനാട് എസ്റ്റേറ്റിലാണ് പുതിയ ക്വാറിക്ക് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. 2019-ലെ മലയിടിച്ചിലില്‍ ഇവിടെ പൊലിഞ്ഞത് 17 ജീവനുകളാണ്. 69 വീടുകള്‍ മണ്ണിനടിയിലുമായി. 2018-ലും 2019-ലും ഉരുള്‍പൊട്ടല്‍ഭീഷണി നിലനിന്നതിനാല്‍ ഈ എസ്റ്റേറ്റില്‍നിന്ന് ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി ഈ സന്ദര്‍ഭത്തില്‍ നാം ഓര്‍ക്കേണ്ടതാണ്. എന്നുമാത്രമല്ല, എസ്റ്റേറ്റിന് നടുവില്‍ ക്വാറിക്ക് സ്ഥലം കണ്ടെത്തിയിരിക്കുന്നത് വിചിത്രമെന്നല്ലാതെ എന്തുപറയാന്‍! ഒന്നിലധികം ജലസ്രോതസ്സുകളും ഇവിടെയുണ്ട്. ഇവ കൂടാതെ നേരത്തേ അനുമതി നിഷേധിച്ച ക്വാറിക്ക് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂല ഉത്തരവ് വാങ്ങുകയായിരുന്നെന്നാണ് പൊതുവേയുള്ള ആരോപണം. കാരണം ക്വാറിയിലേക്ക് ഏഴുമീറ്റര്‍ വീതിയില്‍ റോഡുണ്ടെന്ന് ഉടമകള്‍ കോടതിയില്‍ ബോധിപ്പിച്ചെങ്കിലും ഒരു നടവഴി മാത്രമേയുള്ളൂവെന്നതാണ് യാഥാര്‍ഥ്യം. ഈ പശ്ചാത്തലത്തില്‍ എസ്റ്റേറ്റിനുള്ളില്‍ ക്വാറി തുറക്കണമെങ്കില്‍ നിലവില്‍ ഇല്ലാത്ത റോഡ് ഉണ്ടാക്കാനായി ലോഡ്കണക്കിന് മണ്ണ് നീക്കുകയും അനേകം വന്‍മരങ്ങള്‍ മുറിക്കുകയും വേണ്ടിവരും. കൂടാതെ അമൂല്യമായ ജലസ്രോതസ്സുകളുടെ നാശത്തിന് കാരണമാകുകയും ചെയ്യും. ഇത് ഗുരുതരമായ പരിസ്ഥിതിയാഘാതങ്ങള്‍ക്ക് ഇടയാക്കും. ഇതിലൊക്കെ ഉപരിയായി പരിസ്ഥിതിപ്രാധാന്യമുള്ള നസ്രാണിക്കാട് സംരക്ഷിതവനത്തില്‍നിന്ന് വെറും നൂറുമീറ്റര്‍മാത്രമാണ് നിര്‍ദിഷ്ട ക്വാറിയിലേക്കുള്ള ദൂരം. തോട്ടഭൂമി തരംമാറ്റാനുള്ള അനുമതിയും ക്വാറിയുടമയ്ക്ക് ഇതെഴുതുന്നതുവരെ ലഭിച്ചിട്ടില്ലെന്നതും ഓര്‍ക്കേണ്ടതുണ്ട്.

നിര്‍മാണമേഖലയ്ക്ക് ക്വാറികള്‍ അനിവാര്യമാണ്; പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെങ്കിലും. ഇതിനുള്ള പരിഹാരമെന്തെന്നാല്‍ പരിസ്ഥിതിലോലമല്ലാത്ത പ്രദേശങ്ങളില്‍ നിയന്ത്രിതമായ തോതില്‍ ക്വാറികളുടെ പ്രവര്‍ത്തനം അനുവദിക്കാമെന്നാണ്. വയനാട്ടില്‍ 1,086 ചതുരശ്ര കിലോമീറ്റര്‍ വനം നശിപ്പിച്ചതായി പഠനങ്ങള്‍ പറയുന്നു.

ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയുടെ വിസ്തൃതിക്ക് സമാനമാണിത്. ഡല്‍ഹിയെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് ഓര്‍മവരുന്നത് കൗതുകകരമായ സംഭവമാണ്. ഡല്‍ഹിയില്‍ കഴിഞ്ഞ കുറച്ചുകാലമായി വിഷവായുവാണ് ശ്വസിക്കുന്നത്. ഈയൊരു സാഹചര്യം ചൂഷണംചെയ്തുകൊണ്ട് സാകേതിലെ സെലക്ട് സിറ്റി വോക്ക് മാളില്‍ (Select  city  walk  mall)  ഒരു ഓക്സിജന്‍ ബാര്‍ കഴിഞ്ഞവര്‍ഷം മേയില്‍ തുറന്നു. ആര്യവീര്‍ കുമാര്‍ എന്ന സംരംഭകന്റെ 'ഓക്സി പ്യൂരി'ല്‍ (Oxy Pure)  ചെന്നാല്‍ നിങ്ങള്‍ക്ക് ഏഴുതരം സുഗന്ധങ്ങളിലുള്ള ശുദ്ധവായു തിരഞ്ഞെടുക്കാം. പുല്‍തൈലം, ഓറഞ്ച്, കറുവപ്പട്ട, പെപ്പര്‍മിന്റ്, യൂക്കാലി, സ്പിയര്‍മിന്റ്, കര്‍പ്പൂരവള്ളി എന്നിവയാണിവ. ഒരുദിവസം 15 മിനിറ്റ് മാത്രമേ ഇത് ശ്വസിക്കാന്‍പാടുള്ളൂ. മുന്നൂറുരൂപയാണ് ഇതിന് ഈടാക്കുന്നത്. ഇത്രയുംകാലം നമ്മള്‍ കരുതിയത് പ്രകൃതി സൗജന്യമായി നല്‍കുന്ന വസ്തുവാണ് ജീവന്റെ ആധാരമായ വായുവെന്നാണ്. എന്നാലിപ്പോള്‍ അതിനും വില നല്‍കേണ്ടിവരുന്നു.

പടുകൂറ്റന്‍ നിര്‍മാണങ്ങള്‍ കാരണം കുന്നിന്‍ചരിവുകള്‍ക്ക് ആഘാതമേല്‍ക്കുകയും നദികളുടെ ഗതിക്ക് മാറ്റംസംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം നദിക്ക് ഒരു ഉദാഹരണം പനമരംപുഴയാണ്. പുഴയുടെ എല്ലാ കൈവഴികളും കൈയേറിക്കഴിഞ്ഞു.

ഇതുകാരണം പനമരത്ത് വെള്ളത്തിന് പോകാന്‍ ഇടമില്ല. വനനശീകരണം കാരണം മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷവും വര്‍ധിക്കുന്നു. നൂറ്റാണ്ടുകളില്‍ സംഭവിക്കേണ്ട രണ്ടുമുതല്‍ മൂന്നുവരെ ഡിഗ്രി സെന്റിഗ്രേഡ് താപനിലയുടെ വര്‍ധന വയനാട്ടില്‍ നടന്നിട്ടുള്ളത് ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ടാണ്.
അതിവൃഷ്ടി കാരണം നിലമ്പൂരിനടുത്തെ കവളപ്പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുന്നിന്‍ചെരുവ് താഴേക്ക് പതിച്ചു. ഈ ദുരന്തം കവര്‍ന്നത് 59 ജീവനുകളെയായിരുന്നു. ഇതുകൂടാതെ 84 വീടുകളും പാടെ തകര്‍ന്നു. കണക്കുകള്‍ പ്രകാരം 27 ക്വാറികളാണ് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ഈ കണക്ക് ഉപഗ്രഹ ദൃശ്യങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ആകാശത്തുനിന്ന് ഒരു ക്വാറിയായി ഉപഗ്രഹം തിട്ടപ്പെടുത്തുന്നത് യഥാര്‍ഥത്തില്‍ ഭൂമിയില്‍ അഞ്ചോ ആറോ ആയിരിക്കാനാണ് സാധ്യത.

ഈ പ്രദേശം സന്ദര്‍ശിച്ച പ്രശസ്ത പ്രകൃതിസംരക്ഷകനായ പ്രൊഫസര്‍ ഇ. കുഞ്ഞികൃഷ്ണന്‍ 2019 ഓഗസ്റ്റ് 25ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതിയ 'മഴ, മനുഷ്യന്‍, മരണം' എന്ന ലേഖനത്തില്‍ കുറിച്ച വരികള്‍ ഇങ്ങനെ: 

''മലമ്പ്രദേശത്തെ വന്‍ കരിങ്കല്‍ക്വാറികള്‍ തുടര്‍ച്ചയായി പ്രകമ്പനമുണ്ടാക്കി മണ്ണും പാറപ്രതലവും തമ്മിലുള്ള വിടവിന് ആക്കംകൂട്ടുന്നു. ഇപ്രാവശ്യം മലയിടിച്ചിലുണ്ടായ പുത്തുമലയിലും കവളപ്പാറയിലും മണ്ണിന്റെ അടരുകള്‍ വന്‍മഴയില്‍ പാറപ്രതലത്തില്‍നിന്ന് തെന്നിമാറി താഴേക്ക് പതിച്ചതാണെന്ന് കാണാം. മലമുകളില്‍നിന്ന് അടര്‍ന്നുനീങ്ങുന്ന മണ്ണ് ആഘാതത്തില്‍ കൂടുതല്‍ ശക്തിയാര്‍ജിച്ച് താഴോട്ട് വരുമ്പോള്‍ ആഴത്തിലുള്ള മണ്ണിനെയും ഇളക്കിക്കൊണ്ടുവരുന്നു.''

അതുപോലെ ഇദ്ദേഹം ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിര്‍ത്തിയിലുള്ള ചതുരംഗപ്പാറയില്‍ മൂന്ന് അനധികൃത ക്വാറികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഭയാനകമായ പ്രവചനമാണ് നടത്തുന്നത്. ഈ പാറക്കെട്ടുകള്‍ ഇല്ലാതായാല്‍ തമിഴ്നാട്ടില്‍നിന്നുള്ള ഉഷ്ണക്കാറ്റ് വീശിയടിച്ച് കേരളത്തിന്റെ കാലാവസ്ഥയെയാണ് അത് ഗുരുതരമായി ബാധിക്കുക. അതുപോലെത്തന്നെ 32 ക്വാറികള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചല്‍ പഞ്ചായത്തിലെ മൂക്കുന്നുമലയിലെ അവസ്ഥയെക്കുറിച്ചും പ്രൊഫസര്‍ ആശങ്കാകുലനാണ്. ഇവിടെ നടക്കുന്ന സതേണ്‍ എയര്‍ കമാന്‍ഡിന്റെ റഡാര്‍ സ്റ്റേഷന് തൊട്ടടുത്തുള്ള പാറഖനനവുമായി ബന്ധപ്പെട്ടുള്ള ഉഗ്രസ്‌ഫോടനങ്ങള്‍ രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ലാത്തത് അദ്ഭുതപ്പെടുത്തുന്നു എന്നല്ലാതെ എന്തുപറയാന്‍.

കരിങ്കല്‍ക്വാറികള്‍ നിയമാനുസൃതമായിത്തന്നെയാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍, ഇവയുടെ പ്രവര്‍ത്തനത്തിലൂടെ കുന്നിടിച്ചിലുണ്ടാകാനുള്ള അപകടസാധ്യത അധികാരികള്‍ വേണ്ടത്ര തിരിച്ചറിഞ്ഞില്ലെന്ന് പൊതുവേ ആക്ഷേപമുണ്ട്. ഉപോദ്ബലകമായി പറയട്ടെ ഗുരുതരമായ പതിനൊന്ന് മണ്ണിടിച്ചില്‍ ഉണ്ടായ ഇടങ്ങളില്‍ 91 ക്വാറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നുമാത്രമല്ല ഇവ സ്ഥിതിചെയ്തത് പശ്ചിമഘട്ട ഇക്കോളജി എക്‌സ്‌പേര്‍ട്ട് പാനല്‍, അഥവാ മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ 2011- ലെ റിപ്പോര്‍ട്ട് പ്രകാരം അടയാളപ്പെടുത്തിയ പരിസ്ഥിതിലോല മേഖലകളിലും!

കുന്നിടിച്ചിലുകളെപ്പറ്റി ഏറ്റവും ആധികാരികമായി പഠനം നടത്തിയത് അമേരിക്കയിലെ മിഷിഗണ്‍ സാങ്കേതിക സര്‍വകലാശാലയുടെ ജിയോളജിക്കല്‍ ആന്‍ഡ് മൈനിങ് എന്‍ജിനീയറിങ് ആന്‍ഡ് സയന്‍സസ് വിഭാഗത്തിന്റെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. തോമസ് ഉമ്മനും കേരള സര്‍വകലാശാലയിലെ ജിയോളജി അസിസ്റ്റന്റ് പ്രൊഫസര്‍ സജിന്‍കുമാര്‍. കെ.എസുമാണ്. പ്രസിദ്ധീകരിച്ച ഈ പഠനത്തിന്റെ പേര്  Landslide  Atlas of  Kerala' ( (കേരളത്തിലെ മണ്ണിടിച്ചിലിന്റെ ഭൂപടം). ഇടുക്കിയും വയനാട് ജില്ലയുമാണ് മലയിടിച്ചില്‍ ഉണ്ടാകാന്‍ ഏറ്റവും സാധ്യതയുള്ളതായി ഇവര്‍ നിരീക്ഷിക്കുന്നത്. വയനാട്ടില്‍ മണ്ണിന്റെ ഘടനയില്‍ കളിമണ്ണിന്റെ അംശം കൂടുതലാണ്.

പശ്ചിമഘട്ടത്തിന്റെ എട്ടുശതമാനം ഏകദേശം 1,400 ചതുരശ്രകിലോമീറ്റര്‍ കേരളത്തിലാണ് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തിന്റെ പ്രത്യേകത ചെങ്കുത്തായ കുന്നുകളുടെ പ്രതലത്തിലുള്ള അയഞ്ഞ മണ്ണിലാണ് കെട്ടിടങ്ങളും മറ്റും പണിതിരിക്കുന്നതെന്നാണ്. കെട്ടിടങ്ങളുടെ ബാഹുല്യവും ഭൂപാളികളുടെ സ്വാഭാവിക ചലനങ്ങളും കൂടാതെ അതിവൃഷ്ടിയുമൊക്കെ പലതരം മണ്ണിടിച്ചിലിലേക്ക് നയിക്കും. ശാസ്ത്രജ്ഞര്‍ ഇവയെ പാറകളുടെ ഇടിച്ചിലായും നിരങ്ങിപ്പോക്കായും മറ്റ് അവശിഷ്ടങ്ങളുടെ ഒഴുക്കായും ഹിമപാതത്താല്‍ ഉണ്ടാകുന്ന ഇടിച്ചിലായും വേര്‍തിരിക്കുന്നു. ഇത്തരം ദുരന്തങ്ങളില്‍ ജീവഹാനിയും വസ്തുവിനും വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും വ്യാപകമായ നാശവും ഉണ്ടാകാറുണ്ട്. മുന്‍കാലങ്ങളിലുണ്ടായ ദുരന്തങ്ങളെപ്പറ്റി കൃത്യമായ കണക്കുകള്‍ ക്രോഡീകരിച്ചിട്ടില്ലെന്നത് ന്യൂനതയാണ്.

ലളിതവും ചെലവ് ചുരുങ്ങിയതും നേരത്തേ മുന്നറിയിപ്പ് നല്‍കേണ്ടതുമായ സംയോജിത മാതൃകയാണ് ആസൂത്രണം ചെയ്യേണ്ടത്. ഈ മാതൃകയില്‍ വളരെ കൃത്യമായി രേഖപ്പെടുത്തേണ്ട വസ്തുത മഴയുടെ ഏത് പരിധി കഴിഞ്ഞാലാണ് മണ്ണിടിച്ചിലുണ്ടാവുകയെന്നതാണ്. നേരത്തേ മുന്നറിയിപ്പ് നല്‍കുന്ന ഇത്തരം മാതൃകകള്‍ ദുരന്തസാധ്യതയുള്ള ഓരോ പ്രദേശത്തിനും ഉണ്ടായിരിക്കണം. സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയുമുള്ള പ്രദേശങ്ങളാണെങ്കില്‍ ഇത്തരത്തില്‍ ഒരു സ്ഥലത്ത് നടത്തുന്ന പഠനം മറ്റ് സമാനപ്രദേശങ്ങള്‍ക്കും ബാധകമാണ്. മണ്ണിടിച്ചിലുള്ള പ്രദേശങ്ങളില്‍ ഇത്തരം മാതൃകകളുണ്ടെങ്കില്‍ നാശനഷ്ടങ്ങളും ജീവഹാനിയും വലിയൊരളവുവരെ തടുക്കാം. ദുരന്തപ്രദേശങ്ങളുടെ പുനര്‍വികസനത്തിന് പുതിയതരം ഭൂവിനിയോഗത്തിന്റെ ഒരു പുതിയ മാതൃക ആസൂത്രണം ചെയ്യാനുള്ള അവസരമാണ് 2000 ഓഗസ്റ്റിലെ പ്രളയം നമുക്ക് നല്‍കിയത്. കാലാവസ്ഥാ പ്രതിസന്ധിയും അതിതാപനവും കാരണം വരുംവര്‍ഷങ്ങളില്‍ 2018- ലെയും 2019- ലെയും മനുഷ്യനിര്‍മിതമായ പ്രളയവും മറ്റ് പ്രകൃതിദുരന്തങ്ങളും സര്‍വസാധാരണമാകാനുള്ള സാധ്യതയാണ് നിലനില്ക്കുന്നത്. 2018- ലെയും 2019- ലെയും ദുരന്തങ്ങള്‍ നമ്മെ പഠിപ്പിച്ചതെന്തെന്നാല്‍ സംസ്ഥാന ഭരണകൂടത്തിന്റെ പല തട്ടുകളിലുള്ള അധികൃതര്‍ ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ അപ്രാപ്തരാണ് എന്നുള്ളതാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുനല്‍കണമെങ്കില്‍ അധികാരിവൃന്ദം ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്. നേരത്തേ സൂചിപ്പിച്ചപോലെ ദുരന്തനിവാരണത്തിന് സഹായിക്കുന്ന വിധത്തിലുള്ള കൃത്യമായ വിവരങ്ങള്‍ ഇത്തരം മേഖലകളെപ്പറ്റി ഇല്ലെന്നുള്ളതാണ് ഏറ്റവും വലിയ ദുര്യോഗം.

ഗാഡ്ഗില്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഭൂമി ഇടിയാന്‍ സാധ്യതയുള്ള മേഖലകളെക്കുറിച്ച് കൃത്യമായി വിവരം ഉണ്ടെന്നുള്ളത് ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. സംസ്ഥാന മുഖ്യമന്ത്രി അധ്യക്ഷനായുള്ള കേരള സംസ്ഥാന ദുരന്ത മാനേജ്മെന്റ് അതോറിറ്റി (കെ.എസ്.ഡി.എം.എ.) 2014ല്‍ത്തന്നെ ദുരന്തസാധ്യത രേഖപ്പെടുത്തുന്ന കേരളത്തിന്റെ ഭൂപടം പുറത്തിറക്കിയിരുന്നു. എന്നിട്ടുപോലും അധികാരികള്‍ പെട്ടെന്ന് വേണ്ടവിധം പ്രവര്‍ത്തിക്കാതിരുന്നത് കുറ്റകരമായ അനാസ്ഥയെന്നല്ലാതെ എന്തുപറയാന്‍!

ലോകബാങ്കും ഏഷ്യന്‍ വികസനബാങ്കും പോലുള്ള അന്തര്‍ദേശീയ സംഘടനകള്‍ നടത്തിയ പ്രകൃതിദുരന്തങ്ങളെ കുറിച്ചുള്ള 'പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്മെന്റ് പഠനത്തില്‍ ഈകാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
കേരളത്തിന്റെ ദീര്‍ഘകാല അതിജീവനത്തിനായി പി.ഡി.എന്‍.എ. നാല് മാര്‍ഗനിര്‍ദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്:
1. ജലസ്രോതസ്സുകളുടെ സമഗ്രമായ പരിരക്ഷ (Integrated water resource Management).
2. പ്രകൃതിസൗഹൃദവും ദുരന്തങ്ങള്‍ തിരിച്ചറിഞ്ഞുള്ള ഭൂവിനിയോഗവും കെട്ടിട നിര്‍മാണങ്ങളും.
3. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ജനപക്ഷം തിരിച്ചറിഞ്ഞുകൊണ്ടുള്ള സമീപനങ്ങളും.
4. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിനായി നവീനപദ്ധതികളും സാങ്കേതികതയും ഒത്തിണക്കിയുള്ള സമീപനം.

അവസാനം പറഞ്ഞ ഘടകത്തെ അവഗണിച്ച് സര്‍ക്കാര്‍ ഇപ്പോള്‍ അവലംബിക്കുന്നത് അധികാരവര്‍ഗത്തിന്റെ മുകളില്‍നിന്നുള്ള സമീപനമാണ്. ഇപ്പോള്‍ നമ്മുടെ സംസ്ഥാനം നേരിടുന്ന വെല്ലുവിളിയെന്തെന്നാല്‍ ദുരന്തനിവാരണത്തില്‍ വികേന്ദ്രീകരണത്തിനുള്ള വലിയ പങ്ക് തിരിച്ചറിയേണ്ടതുണ്ടെന്നതാണ്. ഉദാഹരണത്തിന് കോര്‍പ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും അഴുക്കുചാല്‍ ശുചീകരണം നല്ല രീതിയില്‍ നടക്കുന്നില്ല എന്നതാണ്. കൂടാതെ മലയോര ജില്ലകളായ ഇടുക്കിയിലെയും വയനാട്ടിലെയും വിദൂര ആദിവാസി ഊരുകളിലും മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില മേഖലകളിലും ഇതേ ശുചീകരണത്തിന്റെ അഭാവം നിലനില്‍ക്കുന്നു. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനാസ്ഥമൂലം പുഴയുടെ അടിത്തട്ടിലെ എക്കല്‍ മണ്ണ് നീക്കം ചെയ്തിട്ടില്ല. ഇത് ദുരന്തത്തിന്റെ ആക്കംകൂട്ടി.

EARTH

''കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതി, ഒരുവശത്ത് കടല്‍ത്തീരവും മറുവശത്ത് ചെങ്കുത്തായ പശ്ചിമഘട്ടവും കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണമാകുന്ന പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശമായി മാറ്റുന്നു. ഇതിന് ആക്കംകൂട്ടുന്ന മറ്റൊരു സംഗതിയെന്തെന്നാല്‍ കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രത ഒരു ചതുരശ്രകിലോമീറ്ററിന് 860 പേര് എന്നുള്ള വസ്തുതയുമാണ്. മനുഷ്യചെയ്തികളാല്‍ അനുഭവിക്കുന്ന ഇത്തരം ദുരന്തങ്ങള്‍ മറ്റു ജീവജാലങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ ഒരു ഉദാഹരണമെടുക്കാം.

പക്ഷിവര്‍ഗം

പക്ഷികളെക്കുറിച്ച്  'സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് ബേര്‍ഡ്സ് ട്വന്റി ട്വന്റി'യില്‍ പശ്ചിമഘട്ടത്തിലെ പക്ഷിവര്‍ഗത്തിന്റെ അവസ്ഥ ആശങ്കയുളവാക്കുന്നതാണ്. 'വൈല്‍ഡ് ലൈഫ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ'യും 'നാച്വറല്‍ ഹിസ്റ്ററി സൊസെറ്റി'യും സാക്കോണും നടത്തിയ പഠനപ്രകാരം ഈ പ്രദേശത്തെ പന്ത്രണ്ട് പക്ഷിവര്‍ഗങ്ങളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. രണ്ടായിരം വര്‍ഷവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് അപകടകരാംവിധം 75 ശതമാനം കുറഞ്ഞിരിക്കുന്നു എന്നതാണ്. കേരളത്തിന്റെമാത്രം കാര്യമെടുത്താല്‍ 15 പക്ഷിവര്‍ഗങ്ങളെ അടിയന്തരമായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അവര്‍ എടുത്തുപറയുന്നു. ഇവയില്‍ വയനാട്ടില്‍മാത്രം കണ്ടുവരുന്ന വെള്ളനിറത്തോടുകൂടിയുള്ള കഴുകനും വനത്തിനെ ആശ്രയിക്കുന്ന ബാണാസുര ചിലപ്പനും ഇതില്‍പ്പെടും.

അപ്രത്യക്ഷമാകുന്ന ചതുപ്പുനിലങ്ങള്‍ പ്രകൃതിസ്‌നേഹികളെ ആശങ്കപ്പെടുത്തുന്നു. ഈ വാസസ്ഥലത്തെ ആശ്രയിക്കുന്ന പക്ഷിവര്‍ഗങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കാര്യമായി കുറഞ്ഞു. 9,800 ചതുരശ്രകിലോമീറ്റര്‍ നിയന്ത്രിതവും സംരക്ഷിതവുമായ വനമേഖല ഉണ്ടായിട്ടും കേരളത്തിലെ പക്ഷിവര്‍ഗത്തിന്റെ ഇന്നത്തെ അവസ്ഥ അടിയന്തരമായി തിരിച്ചറിഞ്ഞ് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ലോകത്തിലെവിടെയും ഈ വര്‍ഗമുണ്ടാകില്ല. ഈ സ്ഥിതിയിലാണ് ഗാന്ധിജിയിലേക്കുള്ള തിരിച്ചുപോക്കിന്റെ അനിവാര്യത നാം തിരിച്ചറിയേണ്ടത്.

ടോള്‍സ്റ്റോയിയും ബുദ്ധനും റസ്‌കിനും

വീണ്ടും ഗാന്ധിജിയിലേക്ക് മടങ്ങിവരട്ടെ. ഗാന്ധിജിയുടെ ജീവിതത്തെയും ദര്‍ശനങ്ങളെയും സ്വാധീനിച്ച മൂന്നു മഹാത്മാക്കളെയാണ്. ഗാന്ധിജിയെ തിരിച്ചറിഞ്ഞ ഒരു മഹാത്മാവിനെക്കുറിച്ച് പരാമര്‍ശിക്കാതെ ഈ ലേഖനം പൂര്‍ണമാവില്ല. ഇത് മറ്റാരുമല്ല, വിശ്വവിഖ്യാത സാഹിത്യകാരനും തുകലിന്റെ പാദരക്ഷപോലും സ്വന്തം കൈകളാല്‍ നിര്‍മിച്ച് പ്രകൃതിയില്‍ ജീവിച്ച ലിയോ ടോള്‍സ്റ്റോയ് പ്രഭുവായിരുന്നു അത്. 1909-ലാണ് മഹാത്മാഗാന്ധി ആദ്യമായി ടോള്‍സ്റ്റോയിക്ക് കത്തെഴുതുന്നത്. അത് ടോള്‍സ്റ്റോയിയുടെ മരണംവരെ തുടരുകയും ചെയ്തു. 1910 സെപ്റ്റംബര്‍ എഴിന് ടോള്‍സ്റ്റോയിയുടെ അവസാന കത്തിന്റെ ഏറ്റവും പ്രസക്തമായഭാഗം ഇങ്ങനെ: ''സോഷ്യലിസം, കമ്യൂണിസം, അരാജകവാദം, സാല്‍വേഷന്‍ ആര്‍മി, കുറ്റകൃത്യങ്ങളുടെ വളര്‍ച്ച, തൊഴിലില്ലായ്മ, ഭീമമാംവിധം വര്‍ധിച്ച ധനികരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം, ആത്മഹത്യാനിരക്കിലെ ഭീമമായ വര്‍ധന ഇതൊക്കെ ആന്തരികവൈരുധ്യത്തിന്റെ സൂചനകളാണ്. ഈ വൈരുധ്യം എന്തെന്നാല്‍ അക്രമത്തിന്റെ ഉപയോഗം, ജീവിതത്തിന്റെ ആധാരം സ്നേഹമാണെന്ന അടിസ്ഥാനതത്ത്വവുമായി പൊരുത്തപ്പെട്ടുപോകാത്തതാണ്. അതിനാല്‍ നിങ്ങള്‍ ഭൂമിയുടെ അങ്ങേയറ്റത്തുള്ള ട്രാന്‍സ്വാളില്‍ (ദക്ഷിണാഫ്രിക്ക) ചെയ്യുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നതില്‍ ഏറ്റവും മൂല്യവും സവിശേഷവും.'' 

ഗാന്ധിജി ഈ കത്ത് കൈപ്പറ്റി ആറുദിവസത്തിനുശേഷം ടോള്‍സ്റ്റോയ് അന്തരിച്ചു. തന്റെ മരണത്തിന്റെ രണ്ട് മാസവും 13 ദിവസവും മുന്പാണ് ടോള്‍സ്റ്റോയ് അവസാനത്തെ കത്ത് ഗാന്ധിജിക്ക് എഴുതുന്നത്. അന്ന് ലോകം തിരിച്ചറിഞ്ഞിട്ടില്ലാത്ത ഗാന്ധിജി മാനവരാശിയുടെ ചരിത്രപുരുഷനാകുമെന്ന ഉള്‍ക്കാഴ്ച അന്നേ ടോള്‍സ്റ്റോയിക്കുണ്ടായിരുന്നു.

മഹാത്മാഗാന്ധിയെ ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു ഗൗതമ ബുദ്ധന്‍. ജൊഹാനസ്ബര്‍ഗില്‍ ഹിന്ദുയിസം എന്ന വിഷയത്തെ ആധാരമാക്കി 1905 മാര്‍ച്ച് നാലിന് ഗാന്ധിജി നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ഹിന്ദുമതവും ബുദ്ധമതവും തമ്മില്‍ അഭേദ്യമായി ബന്ധമുണ്ട്. ഗൗതമബുദ്ധന്‍ ഈ ഭൂമിയില്‍ അവതരിച്ചത് ഹിന്ദുമതം ജടിലമായ ഘട്ടത്തിലാണ്. മൃഗബലി ആത്മീയതയ്‌ക്കെതിരാണെന്ന് അദ്ദേഹം പഠിപ്പിച്ചു. എല്ലാ ജീവജാലങ്ങളോടുമുള്ള സഹിഷ്ണുത ഏറ്റവും ഉയര്‍ന്നതരത്തിലുള്ള സ്‌നേഹമാണെന്നും. കത്തോലിക്കരുടെ വിശ്വാസത്തോട് പ്രൊട്ടസ്റ്റന്റുകളുടെ സമീപനം എന്തായിരുന്നുവോ അതുതന്നെയായിരുന്നു ഹിന്ദുമതത്തോടുള്ള ബുദ്ധമതത്തിന്റെ സമീപനവും. രണ്ടും നവീകരണപ്രക്രിയകളായിരുന്നു. അസൂയമൂത്ത ഹിന്ദുപൂജാരികള്‍കാരണം ബുദ്ധമതം ഒരു ആചാരമായി ഇന്ത്യയില്‍ പ്രചാരണം ശോഷിച്ചെങ്കിലും അതിന്റെ അന്തഃസത്ത നമ്മുടെ ജന്മഭൂമിയില്‍ നിലനില്ക്കുകയും ഹിന്ദുമൂല്യങ്ങളില്‍ അവശേഷിക്കുകയും ചെയ്തു.

മഹാനായ ആ വഴികാട്ടി ശരിയായ ദിശ പഠിപ്പിച്ചിരുന്നു. അതിന്റെ ആദ്യത്തെ ആധാരം സത്യമായിരുന്നു. രണ്ടാമത്തേത് എല്ലാ ജീവികളെയും സ്‌നേഹിക്കുക എന്നതും. ബുദ്ധന്റെ ജീവിതവും ദര്‍ശനവും തെളിയിക്കുന്നത് ബുദ്ധമതം പ്രകൃതിയുടെ മതമാണെന്നാണ്. കാരണം ബുദ്ധന്റെ ജീവിതത്തിന്റെ ഏറെഭാഗവും ചെലവഴിച്ചതും നിര്‍ണായകമായ സംഭവങ്ങള്‍ അരങ്ങേറിയതും വനങ്ങളിലായിരുന്നു. ഒരു വൃക്ഷമാണ് ബുദ്ധമതത്തിന്റെ ഏറ്റവും വിശുദ്ധചിഹ്നമായി മാറിയത്, ബോധിവൃക്ഷം. അത് ഇന്നും അങ്ങനെത്തന്നെ. ബുദ്ധഭിക്ഷുക്കള്‍ ആദ്യകാലങ്ങളില്‍ വൃക്ഷങ്ങളുടെ തണലിലായിരുന്നു ജീവിതം നയിച്ചിരുന്നത്. ആദ്യകാല ബൗദ്ധസംഘങ്ങള്‍ വനവാസികളായിരുന്നു. 

ബുദ്ധസാഹിത്യത്തില്‍ പ്രകൃതിയെ പുറത്തുള്ള ഒരു വസ്തുവായി കരുതാതെ മനുഷ്യസ്‌നേഹത്തിന്റെ ഒരു ഭാഗമായാണ് കണ്ടിരുന്നത്. ഇതുകാരണം  ബൗദ്ധര്‍ക്കിടയില്‍ പ്രകൃതിയോട് അനന്യമായ ഒരു ബഹുമാനം നിലനില്‍ക്കുന്നുണ്ട്. ബുദ്ധന്റെ മറ്റൊരു കാതലായ ദര്‍ശനം മനുഷ്യര്‍ അനുയോജ്യമായ ആവാസവ്യവസ്ഥയില്‍ കഴിയണമെന്നായിരുന്നു. ഇതിനര്‍ഥം നല്ലൊരു അയല്‍പക്കം എന്നതിലുപരി പ്രകൃതിയോടിണങ്ങിയ ഒരിടം എന്നാണ്. ബുദ്ധഭിക്ഷുക്കള്‍ തങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് ചുറ്റും ചെടികളും വൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുന്നത് അവ നല്കുന്ന ശാന്തതയും ആരോഗ്യകരമായ ചുറ്റുവട്ടം ധ്യാനത്തിനും പ്രാര്‍ഥനയ്ക്കും ഉതകുന്നു എന്നതിനാലാണ്. വൃക്ഷങ്ങള്‍ ഫലങ്ങള്‍ നല്കുകയും പ്രകൃതിയെ പച്ചപ്പണിയിക്കുകയും ഭൂമിയുടെ ഉര്‍വരത കൂട്ടുകയും വായുവിനെ ആരോഗ്യകരമാക്കുകയും ജീവജാലങ്ങള്‍ക്ക് തണല്‍ നല്കുകയും ചെയ്യുന്ന, പക്ഷികള്‍ക്ക് കൂടൊരുക്കാനുമൊക്കെയുള്ള പ്രതിഭാസമാണ്. ബുദ്ധന്റെ ആദ്യത്തെ പ്രമാണം ജീവിക്കുന്ന ഒരു വസ്തുവിനെയും ദ്രോഹിക്കരുത് എന്നാണ്. ഇതിനാല്‍ ഭിക്ഷുക്കള്‍ക്ക് നിലമുഴുന്നത് നിഷിദ്ധമാണ്. കാരണം ആ പ്രക്രിയയിലൂടെ മണ്ണിലെ സൂക്ഷ്മജീവികള്‍ക്ക് ക്ഷതമേല്ക്കും. അതുപോലെത്തന്നെ ഭിക്ഷുക്കള്‍ വെള്ളം തുണിയില്‍ അരിച്ച് മാത്രമേ ജലപാനം ചെയ്യാന്‍ പാടുള്ളൂ. ഇതിനുകാരണം അതിലുണ്ടാകുന്ന സൂക്ഷ്മജീവികള്‍ക്ക് നാശം വരുമെന്ന് കരുതുന്നതുകൊണ്ടാണ്.

ബുദ്ധന്‍, ഭിക്ഷുക്കളോടും അനുയായികളോടും വൃക്ഷങ്ങളോട് ആദരം കാണിക്കാന്‍ ഉദ്ഘോഷിച്ചു. കാരണം അവ മനുഷ്യര്‍ക്ക് മാത്രമല്ല വന്യജീവികള്‍ക്കും ഭക്ഷണവും തണലും കരുതലും നല്കുന്നു. ഭിക്ഷുക്കള്‍ ഒരു കാരണവശാലും മരങ്ങള്‍ മുറിക്കാന്‍ പാടില്ല. ഇതിനെപ്പറ്റി ഒരു കഥതന്നെ പ്രചാരത്തിലുണ്ട്. ഒരിക്കല്‍ ഒരു ഭിക്ഷു, ഒരു മരക്കൊമ്പ് ഒടിച്ചു. ആ മരത്തിന്റെ ആത്മാവ് ബുദ്ധനോട് തന്റെ കുട്ടിയുടെ കൈ അറുത്തുമാറ്റിയെന്ന് പരാതി ബോധിപ്പിച്ചുവത്രെ. ഇന്ന് നമ്മള്‍ കാണുന്ന ലോകമാകമാനമുള്ള വനനശീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു കാഴ്ചപ്പാടിന്റെ മൂല്യം ഏറെ വര്‍ധിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ബുദ്ധമതം പഠിപ്പിക്കുന്നത് ജീവനോടും എല്ലാ ജീവജാലങ്ങളോടുമുള്ള ആദരവും സ്‌നേഹവുമാണ്. ഗാന്ധിജിയെ സ്വാധീനിച്ച മറ്റൊരു വ്യക്തിയെക്കൂടി ഇവിടെ പരാമര്‍ശിക്കട്ടെ. ഇംഗ്ലീഷ് കലാനിരൂപകനും സാമൂഹിക വിമര്‍ശകനുമായ ജോണ്‍ റസ്‌കിന്‍ (ഫെബ്രുവരി 8, 1819 - ജനുവരി 20, 1900) ആയിരുന്നു അത്. മുതലാളിത്തവ്യവസ്ഥയുടെ വിമര്‍ശനമായ 'Unto This Lats' എന്ന കൃതി ഗാന്ധിജിയെ ഏറെ സ്വാധീനിച്ചു.
 
മഹാത്മാഗാന്ധിയുടെ 'സര്‍വോദയ' എന്ന ആശയത്തില്‍ അടങ്ങിയിട്ടുള്ള ധനശാസ്ത്ര ആശയങ്ങളെ ഏറ്റവുമധികം സ്വാധീനിച്ചത് ആ കൃതിയാണ്. മൂന്ന് ആശയങ്ങളോടാണ് ഗാന്ധിജി റസ്‌കിനോട് കടപ്പെട്ടിരിക്കുന്നത്.
1. ഒരു വ്യക്തിയുടെ നന്മ എന്നാല്‍ മൊത്തം വ്യക്തികളുടെ നന്മയുടെ ഭാഗമാണ്. 
2. എല്ലാ തൊഴിലിനും തുല്യ മൂല്യമാണുള്ളത്. എന്നുവെച്ചാല്‍ ഒരു അഭിഭാഷകന്റെയും തോട്ടക്കാരന്റെയും ജോലിക്ക് തുല്യ മൂല്യമാണുള്ളത്. കാരണം അവരുടെ പ്രവര്‍ത്തനത്തില്‍നിന്ന് തത്തുല്യമായ പ്രതിഫലം ലഭിക്കുക എന്നുള്ള തുല്യാവകാശത്തില്‍ അധിഷ്ഠിതമാണിത്. 
3. കൈകൊണ്ട് പണിയെടുക്കുന്നവര്‍, ഉദാഹരണത്തിന് കര്‍ഷകര്‍, കരകൗശല ശില്പികള്‍, അലക്കുകാര്‍ എന്നിവര്‍ നയിക്കുന്ന ജീവിതം 
റസ്‌കിന്റെ നിരീക്ഷണത്തില്‍ ശ്രേഷ്ഠമാണ്. 

Content Highlights: MP Veerendra Kumar articles about Gandhi and nature Mathrubhumi weekly