ആശയപ്പോരാട്ടങ്ങള്‍ക്കിടയിലും മാനവികതയുടെ രാഷ്ട്രീയം മുറുകെ പിടിച്ച വ്യക്തിത്വമായിരുന്നു എം. പി വീരേന്ദ്രകുമാര്‍ എന്ന് എം.പി അബ്ദുസമദ്‌സമദാനി എം.പി അനുസ്മരിച്ചു. കേവലം ഒരു വ്യക്തിയെ ഓര്‍ക്കുന്നതുപോലെയല്ല എം.പി വീരേന്ദ്രകുമാറിനെ ഓര്‍ക്കുന്നതെന്നും അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ മഹിതമായ കുറേ ആശയങ്ങള്‍, സിദ്ധാന്തങ്ങള്‍ കുറേ അറിവുകള്‍, അതിന്റെ പ്രയോഗങ്ങള്‍, ഫലങ്ങള്‍,കുറേ നന്മകള്‍ ഇതെല്ലാം നമ്മുടെ മനസ്സിലേക്ക് അറിയാതെ കടന്നു വരുമെന്നും സമദാനി പറഞ്ഞു. എം.പി വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ സംഘടിപ്പിച്ച ഓര്‍മയില്‍ എന്നും എന്ന വെബിനാറില്‍ 'എം.പി വീരേന്ദ്രകുമാര്‍ എന്ന രാഷ്ട്രീയക്കാരനും സുഹൃത്തും' എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സമദാനി. 

 'സകലവിജ്ഞാനവും കൊണ്ടുനടക്കുന്ന ആളുകളെ ആംഗലേയഭാഷയില്‍ പറയുക പോളിമത്ത് എന്നാണ്. ആ വിശേഷണമാണ് എം.പി വീരേന്ദ്രകുമാറിന് ചേരുക. മഹാമനീഷിയായിരുന്നു അദ്ദേഹം. രാഷ്ട്രീയം, എഴുത്ത്, സാഹിത്യം ,പരിസ്ഥിതി സംരക്ഷണം, പ്രഭാഷണം, യാത്രകള്‍, നിരീക്ഷണങ്ങള്‍, പത്രപ്രവര്‍ത്തനം... അദ്ദേഹത്തിന്റെ ശ്രദ്ധയെത്താത്ത മേഖലകളില്ല. കറയേല്‍ക്കാത്ത മനുഷ്യത്വത്തിലായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ നിലകൊണ്ടിരുന്നത്. അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന ദേശീയപാര്‍ട്ടി അഖിലേന്ത്യാതലത്തില്‍ വ്യത്യസ്ത മുന്നണികളെ പിന്താങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിലും പരിണാമഗുപ്തികളില്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ അന്നും അദ്ദേഹത്തിന് ഒരേയൊരു നിലപാടുണ്ടായിരുന്നു; അത് മാനവികതയുടെ രാഷ്ട്രീയമായിരുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനം എന്ന വിശാലമായ കാഴ്ചപ്പാടിന്റെ സത്തയെ ഗ്രഹിച്ചതിന്റെ ഗുണമായിരുന്നു അത്. 

എം.പി വീരേന്ദ്രകുമാറിനോട് എന്തും പറയാം, ഏതു രഹസ്യവും ചര്‍ച്ചചെയ്യാം. പരസ്പരവിശ്വാസം എന്ന സ്‌നേഹത്തിന്റെ അടിത്തറ ആ മനസ്സില്‍ ഭദ്രമായിരുന്നു. തന്റെ കാലഘട്ടത്തില്‍ ബന്ധങ്ങള്‍ തുന്നിച്ചേര്‍ക്കുന്ന സൂചിയുടെ കര്‍മം പലപ്പോഴും അദ്ദേഹം നിര്‍വഹിച്ചിരുന്നു. അതുതന്നെയായിരുന്നു അദ്ദേഹത്തില്‍ മറ്റുള്ളവരുടെ ആശ്രയവും. സമദാനി സാഹിബേ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം അടുത്തിരിക്കുമ്പോള്‍ ഒരു ജ്യേഷ്ഠനോ, മുതിര്‍ന്ന കാരണവരോ അടുത്തിരിക്കുന്നതുപോലെയാണ്. എം.പി വീരേന്ദ്രകുമാര്‍ ഒരു തീരാനഷ്ടമാണ്. ആ നഷ്ടം ഇനിയൊരിക്കലും ഒരാളാലും നികത്തപ്പെടുന്നുമില്ല.  

എം.പി വീരേന്ദ്രകുമാറും സുകുമാര്‍ അഴീക്കോടും തമ്മില്‍ ഇടക്കാലത്ത് അല്പം അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. അവരെ രണ്ടുപേരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഒരുചടങ്ങ് കോഴിക്കോട് വച്ച് നടത്തുകയുണ്ടായി. വര്‍ഷങ്ങള്‍ക്കുശേഷം രണ്ടുപേരും ഒന്നിച്ചൊരു വേദിയില്‍ വരികയാണ്. അഴീക്കോടിനോട് ഞാനന്ന് സംസാരിച്ചത് വീരേന്ദ്രകുമാറിന്റെ പുതിയ പദവിയെക്കുറിച്ചാണ്. അദ്ദേഹം ഇന്ത്യന്‍ പത്രപ്രവര്‍ത്തകസംഘടനയുടെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഒരു മാലയിട്ടാലോ എന്ന് അഴീക്കോടിനോട് ചോദിച്ചു. അത്യുല്‍സാഹവാനായി അദ്ദേഹം ചോദിച്ചു 'എന്തുകൊണ്ടായിക്കൂടാ?'

വളരെ വികാരനിര്‍ഭരമായിരുന്നു പിന്നെയുള്ള രംഗങ്ങള്‍. അഴീക്കോട്, വീരേന്ദ്രകുമാറിന്റെ കഴുത്തില്‍ ഹാരമിട്ടുകൊണ്ടാണ് ചടങ്ങ് തുടങ്ങിയത്. രണ്ടുപേരും വികാരാധീനരായിപ്പോയി. ആശയങ്ങളുടെ പോരാട്ടത്തില്‍ രൂക്ഷതയാണ് രണ്ടുപേരുടെയും ആയുധം. വ്യക്തിപരമായി നിഷ്‌കളങ്കമായ മനസ്സും. എം.പി വീരേന്ദ്രകുമാറിനെ ഓര്‍ക്കുമ്പോള്‍ ഒരുവ്യക്തിയെ മാത്രം ഓര്‍ക്കാന്‍ കഴിയില്ല, അദ്ദേഹത്താല്‍ കണ്ണിചേര്‍ക്കപ്പെട്ട ധാരാളം മനുഷ്യരെ ഓര്‍ക്കാനുണ്ട്'- സമദാനി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ വെബിനാർ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സി.പി. ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ മഞ്ജു മോഹന്‍ എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ എം.പി. സ്വാഗതം പറഞ്ഞു. 

Content Highlights :MP Abdusamad Samadani MP Remembers MP Veerendrakumar