തിരുവനന്തപുരം: വാക്കുകളിലൂടെയും കർമങ്ങളിലൂടെയും മലയാളികളുടെ സാമൂഹിക, സംസ്‌കാരിക ജീവിതത്തിൽ നിറഞ്ഞുനിന്ന എം.പി. വീരേന്ദ്രകുമാർ വിടപറഞ്ഞിട്ട് ഒരുവർഷം. എഴുത്തുകാരനും പരിസ്ഥിതി സംരക്ഷകനും മാതൃഭൂമി മുൻ മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാർ അനുസ്മരണം വയലാർ രാമവർമ സാംസ്‌കാരികവേദി തലസ്ഥാനത്ത് സംഘടിപ്പിച്ചു.

വെള്ളയമ്പലം വയലാർ ചത്വരത്തിൽനടന്ന അനുസ്മരണച്ചടങ്ങിന് മന്ത്രിമാരായ വി. ശിവൻകുട്ടിയും ജി.ആർ. അനിലും റോസാച്ചെടികൾ നട്ട് തുടക്കംകുറിച്ചു. കാലമെത്ര കഴിഞ്ഞാലും മലയാളിക്ക് മറക്കാനാവാത്ത വ്യക്തിത്വമാണ് എം.പി. വീരേന്ദ്രകുമാറെന്ന് മന്ത്രിമാരായ ജി.ആർ. അനിലും വി. ശിവൻകുട്ടിയും പറഞ്ഞു.

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുസ്മരണപ്രഭാഷണം നടത്തി. പന്ന്യൻ രവീന്ദ്രൻ, വിളപ്പിൽ രാധാകൃഷ്ണൻ, കരമന ജയൻ, സി.ആർ. അരുൺ ചാരുപാറ, സബീർ തിരുമല, എസ്.ആർ. കൃഷ്ണകുമാർ, വിമലാ മേനോൻ, വിന്ദുജാ മേനോൻ, മുരുകൻ കാട്ടാക്കട, അയിലം ഉണ്ണികൃഷ്ണൻ, പി.കെ.എസ്. രാജൻ, ഗോപൻ കൊഞ്ചിറവിള, ഗോപൻ ശാസ്തമംഗലം തുടങ്ങിയവരും ചെടിനട്ടു.

വയലാർ രാമവർമ സാംസ്‌കാരികവേദി പ്രസിഡന്റ് ഡോ. ജി. രാജ്‌മോഹൻ, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. വെള്ളിയാഴ്ചയും വയലാർ രാമവർമ സാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ തൈകൾ നടും.

Content Highlights: Ministers VSivanKutty And GRAnil Plant Rose Plant in memmory Of MP Veerendra Kumar