എം.പി. വീരേന്ദ്രകുമാറിനെ ഞാന്‍ കണ്ടത് ഏറെയും വേദികളില്‍ വെച്ചാണ്. പല സമ്മേളനങ്ങളുടെയും വേദികള്‍ ഞങ്ങള്‍ ഒന്നിച്ച് പങ്കിട്ടിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ കോഴിക്കോട്ടുണ്ടെന്നറിഞ്ഞ് അദ്ദേഹം എന്നെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചു. അദ്ദേഹം മാതൃഭൂമി ഓഫീസിലുണ്ടായിരുന്നു. ഞാന്‍ അങ്ങോട്ട് ചെല്ലുമ്പോള്‍ സന്ധ്യകഴിഞ്ഞിരുന്നു. അദ്ദേഹം നിരത്തിവെച്ച പുസ്തകങ്ങള്‍ക്ക് മുന്‍പില്‍ തനിയെ ധ്യാനനിരതനായി ഇരിക്കുന്നതാണ് കണ്ടത്. ചില പുസ്തകങ്ങള്‍ തുറന്നുകിടന്നിരുന്നു. കുറിപ്പുകള്‍ ചിതറിക്കിടപ്പുണ്ടായിരുന്നു. വീരേന്ദ്രകുമാര്‍, സ്വാമി വിവേകാനന്ദനെ കുറിച്ചുള്ള പുസ്തകത്തിന്റെ രചനയിലായിരുന്നു അപ്പോള്‍. ഞങ്ങള്‍ തമ്മില്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നു. അന്നാണ് അദ്ദേഹത്തിന്റെ മനസ്സ് ഞാന്‍ തൊട്ടറിഞ്ഞത്.

ആരോഗ്യം മോശമായി വരികയാണെങ്കിലും അദ്ദേഹം യാത്രയായപ്പോള്‍ അത് വിശ്വസിക്കാന്‍ പ്രയാസംതോന്നി. അല്ലെങ്കില്‍ യഥാര്‍ഥത്തില്‍ അദ്ദേഹം നമ്മെ വിട്ടുപോയിട്ടുണ്ടോ? തന്റെ ക്ലാസിക്കൃതിയായ ഹൈമവതഭൂവിലിന്റെ അവസാനം അദ്ദേഹം ഇങ്ങനെ എഴുതി: 'യാത്ര അവസാനിക്കുന്നില്ല. എങ്കിലും ഇപ്പോള്‍ വിട.' വീരേന്ദ്രകുമാര്‍ എക്കാലവും മലയാളികളുടെ മനസ്സിലൂടെ യാത്ര ചെയ്തുകൊണ്ടേയിരിക്കും.

മനുഷ്യകഥാനുഗായിയായ ഒരു ബഹുമുഖപ്രതിഭയായിരുന്നു വീരേന്ദ്രകുമാര്‍. ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു. പാര്‍ട്ടി നേതാവായിരുന്നു. മനുഷ്യപക്ഷത്തുനിന്ന് പൊരുതിയ ഒരു പരിസ്ഥിതി പ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തിന്റെ ചിന്തയുടെയും അറിവിന്റെയും ആഴം തിരിച്ചറിയാന്‍ ഹൈമവതഭൂവില്‍, വിവേകാനന്ദന്‍ സന്ന്യാസിയും മനുഷ്യനും എന്നീ രണ്ട് കൃതികള്‍ മാത്രം വായിച്ചാല്‍ മതി. അദ്ദേഹത്തിന്റെ രാഷ്ട്രീയചിന്തകള്‍ സോഷ്യലിസത്തില്‍നിന്നും ഉരുത്തിരിഞ്ഞുവന്നതായിരുന്നു. രാഷ്ട്രീയത്തെക്കുറിച്ചും പാര്‍ട്ടി നേതാക്കളെക്കുറിച്ചും പരാമര്‍ശിക്കുമ്പോള്‍ ഒരു വസ്തുതയ്ക്ക് അടിവരയിടേണ്ടതുണ്ട്. കഴിഞ്ഞ ഒന്നുരണ്ട് ദശകങ്ങള്‍ക്കിടയില്‍ നിര്‍ഭാഗ്യകരമായ ഒരു പ്രവണത രൂപപ്പെട്ടുവന്നതായി കാണാം. രാഷ്ട്രീയവും സംസ്‌കാരവും വിരുദ്ധ ദിശകളിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയതാണത്. ബൗദ്ധിക വിഷയങ്ങളിലൂന്നി സംസാരിക്കാന്‍ കഴിയുന്ന പാര്‍ട്ടിനേതാക്കളുടെ എണ്ണം കുറഞ്ഞുവന്നു. ഈ പരിസരത്തിലാണ് വീരേന്ദ്രകുമാറിന്റെ പ്രസക്തി നാം തിരിച്ചറിയുന്നത്. 

ഗഹനമായ വിഷയങ്ങളിലുള്ള ഇരുപതോളം പുസ്തകങ്ങളുടെ കര്‍ത്താവാണ് അദ്ദേഹം. അനന്യമായ ചിന്താശക്തിയാലും കാവ്യാത്മകമായ ഭാഷാസിദ്ധിയാലും അനുഗൃഹീതനാണ് അദ്ദേഹം. അതിനുദാഹരണമാണ് ഭാരതീയ ജ്ഞാനപീഠത്തിന്റെ മൂര്‍ത്തീദേവി പുരസ്‌കാരം ലഭിച്ച ഹൈമവതഭൂവില്‍ എന്ന പുസ്തകം. ഭാരതീയ പൗരാണികചിന്തയുടെയും ആത്മീയാനുഭൂതികളുടെയും സമന്വയമാണ് ചാരുതയാര്‍ന്ന ഈ പുസ്തകം. യാത്രകളില്‍നിന്നാണല്ലോ സഞ്ചാര സാഹിത്യമുണ്ടാകുന്നത്. എന്നാല്‍ ഹൈമവതഭൂവില്‍ എന്ന കൃതി ഉണ്ടായത് ഒരു മഹദ്ദര്‍ശനത്തില്‍നിന്നാണ്. യാത്രകള്‍ ഗ്രന്ഥകാരന് വെറും ഒരു നിമിത്തം മാത്രമായിരുന്നു. ദീര്‍ഘകാലമായുള്ള ആഴത്തിലുള്ള വായനയില്‍നിന്നും അതിലേറെ അഗാധമായ ചിന്തകളില്‍നിന്നും ഗ്രന്ഥകാരനില്‍ രൂപംകൊണ്ട ദാര്‍ശനികതയും കാവ്യാത്മകതയും ഹൈമവതഭൂവിലേക്ക് പ്രവഹിക്കുകയായിരുന്നു. 
ഖസാക്കിന്റെ ഇതിഹാസം വായിച്ച ശേഷം ഒ.വി. വിജയനോട് ഒരു വായനക്കാരന്‍ പറഞ്ഞ ഒരു കഥയുണ്ട്. ഖസാക്ക് എഴുതിയ ആ കൈ വെട്ടിക്കളയുക. കാരണം ഇതില്‍ക്കൂടുതല്‍ ആ കൈയ്ക്ക് ഇനിയൊന്നും ചെയ്യുവാനില്ല. ഇതായിരുന്നു വായനക്കാരന്‍ വിജയനോട് പറഞ്ഞത്. ഹൈമവതഭൂവില്‍ വായിച്ചശേഷം വായനക്കാര്‍ക്ക് വീരേന്ദ്രകുമാറിനോടും അങ്ങനെ പറയാമായിരുന്നു. പക്ഷേ, അങ്ങനെ ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അതൊരു വലിയ അപരാധമായിരുന്നേനെ. കാരണം ഹൈമവതഭൂവില്‍ എഴുതിയ ആ കൈ നമുക്ക് ആവശ്യമായിരുന്നു. ആ കൈയാണ് തുടര്‍ന്ന് ഡാന്യൂബ് സാക്ഷിയും വിവേകാനന്ദന്‍ സന്ന്യാസിയും മനുഷ്യനും എഴുതിയത്. ഒരേ കൈകൊണ്ടുതന്നെ മൂന്ന് ക്ലാസിക് കൃതികള്‍ അദ്ദേഹം രചിച്ചു.

വീരേന്ദ്രകുമാറിന്റെ കൃതികളില്‍ ഞാനേറെ ഇഷ്ടപ്പെടുന്നതാണ് ഡാന്യൂബ് സാക്ഷി. അതുകൊണ്ട് അതിനെക്കുറിച്ച് രണ്ടു വാക്ക് പറയട്ടെ.
ഹൈമവതഭൂവില്‍ നമുക്ക് നല്‍കുന്നത്, പര്‍വതങ്ങളില്‍നിന്നും ഹിമസാഗരങ്ങളില്‍നിന്നും മഹാനദികളില്‍നിന്നും ഉറവെടുക്കുന്ന ആത്മീയ സാന്ദ്രതകളാണ്. ഡാന്യൂബ് സാക്ഷി ശില്പങ്ങളിലൂടെയും പെയിന്റിങ്ങുകളിലൂടെയും കലയുടെ ഒരു സമ്മോഹനഭൂവാണ് ഉന്മീലനം ചെയ്യുന്നത്. ഇവിടെയും പുരാണങ്ങളും മിത്തുകളും ഉണ്ട്. ഹൈമവതഭൂവില്‍ ദൈവങ്ങളുടെ ആവാസസ്ഥലമാണെങ്കില്‍, ഡാന്യൂബ് മൈക്കലാഞ്ജലോവിനെയും ലിയനാര്‍ദോ ദാ വിന്‍ചിയെയും പോലുള്ള മഹാകലാകാരന്മാരുടെ ആവാസഭൂവാണ്.

ഡാന്യൂബ് ഒഴുകിപ്പോകുന്നത് ഒമ്പതുരാജ്യങ്ങളിലൂടെയും പതിനാറ് നഗരങ്ങളിലൂടെയുമാണ്. നദിയുടെ തീരങ്ങളില്‍നിന്നാണ് മഹത്തായ കൃതികളും ദര്‍ശനങ്ങളും ഉണ്ടായത്. പാരീസിലെ സേന്‍നദിയുടെ കരയില്‍ നിന്നാണ് യൂറോ കമ്യൂണിസവും അസ്തിത്വവാദവും വികസിച്ചത്. നദീതീരത്ത് സംഭവിക്കുന്ന മിഖയല്‍ ഷോളോക്കോവിന്റെ ഡോണ്‍ വീണ്ടും ശാന്തമായി ഒഴുകുന്നു എന്ന നോവല്‍ ഒരു ഇതിഹാസസമാനമായ കൃതിയാണ്. എന്റെ ബാല്യത്തില്‍ കോരിത്തരിപ്പോടെയാണ് ഞാനത് വായിച്ചത്.

ബുഡാപെസ്റ്റ് ബുദാ, പെസ്ത് എന്നീ രണ്ട് രാജ്യങ്ങളാണെന്ന് ഞാനറിയുന്നത് വീരേന്ദ്രകുമാറിന്റെ ഈ പുസ്തകത്തില്‍നിന്നാണ്. അവരാണ് സൂപ്പര്‍ സോണിക് വിമാന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് എന്നും നാമറിയുന്നു. വലിയ കലാസിദ്ധാന്തങ്ങളെയും ആത്മീയ ദര്‍ശനങ്ങളെയും കുറിച്ച് പറഞ്ഞുതരുമ്പോള്‍പോലും കൊച്ചുകൊച്ചുകാര്യങ്ങളിലും ഗ്രന്ഥകാരന്റെ നിരീക്ഷണബുദ്ധി പതിയുന്നത് കാണാം. ഇന്ന് സര്‍വവ്യാപിയായി കാണപ്പെടുന്ന ബോള്‍ പോയിന്റ് പെന്‍ കണ്ടുപിടിച്ചത് ബുദാ പെസ്തുകാരാണ് എന്നറിയുമ്പോള്‍ നാമദ്ഭുതപ്പെട്ടുപോകും. ഇത്തരം നിരീക്ഷണങ്ങള്‍ ഈ പുസ്തകത്തിന്റെ വായനയെ ജനകീയമാക്കുന്നു.

ഫെല്ലിനിയെയും പസോലിനിയെയും കുറിച്ച് പരാമാര്‍ശിക്കുമ്പോള്‍ അതിലേക്ക് ഗ്രന്ഥകാരന്‍ പൊടുന്നനവെ 1955-ല്‍ ന്യൂസ് പേപ്പര്‍ ബോയ് എന്ന ചലച്ചിത്രം നിര്‍മിച്ച പി. രാമദാസിനെ പ്രവേശിപ്പിക്കുന്നു. മോണാ ലിസയെക്കുറിച്ച് പറയുമ്പോള്‍ അടിയന്തരാവസ്ഥയുടെ കാലത്ത് തന്നെകാണാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍വന്ന തന്റെ പ്രിയപത്‌നി ഉഷയെ ഓര്‍ക്കുന്നു. ജയിലിലെ പീഡിതവാസത്തിനിടയില്‍ തന്റെ പ്രിയതമയുടെ വരവ് ഒരു സാന്ത്വനമായും സൗന്ദര്യാനുഭവമായുമാണ് അദ്ദേഹത്തിന് അനുഭവപ്പെടുന്നത്. ഈ പുസ്തകത്തിലെ ഹൃദയാര്‍ദ്രത നിറഞ്ഞ ഒരു ഭാഗമാണിത്. ഇത് താന്‍ ലോകത്തിലെവിടെയായാലും തന്റെ ഹൃദയം ജന്മനാട്ടിലും തന്റെ വീട്ടിലും തന്നെയാണെന്ന ഒരു സന്ദേശം വായനക്കാര്‍ക്ക് നല്‍കുന്നു. നവോത്ഥാനകാലത്തെയും ആധുനികകാലത്തെയും വര്‍ണകലയെക്കുറിച്ച് വിശദമായി ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൈക്കലാഞ്ജലോവിനെയും ലിയനാര്‍ദോ ദാ വിന്‍ചിയെയുംപറ്റി പറയുന്ന ഭാഗങ്ങള്‍ ഞാന്‍ രണ്ടുതവണ വായിച്ചു. സൂക്ഷ്മമായ നിരീക്ഷണങ്ങളാണ് അവയെ ഉജ്ജ്വലമാക്കുന്നത്.

മൈക്കലാഞ്ജലോവിന്റെ പിയെത്തയിലെ കന്യാമറിയത്തിന് യേശുദേവനെക്കാള്‍ ഒന്നര ഇരട്ടി വലുപ്പമുണ്ടെന്ന് അദ്ദേഹം അടയാളപ്പെടുത്തുന്നു. ഈ ശില്പത്തിന്റെ പല വലുപ്പത്തിലുള്ള ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഈയൊരു വസ്തുത എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഇതുപോലുള്ള നിരീക്ഷണപാടവവും വായനാനുഭവവും ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു. ഒരു കഥാകൃത്തിന്റെ രചനാചാതുര്യത്തോടെയാണ് അദ്ദേഹം മൈക്കലാഞ്ജലോവിന്റെയും ബെര്‍ണിനിയുടെയും പെയിന്റിങ്ങിലെ ദാവീദിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഒരു ചെറുകഥയുടെ സമഗ്രതയും ഭാവസമൃദ്ധിയും ഇവിടെ തെളിഞ്ഞു കിടക്കുന്നു. മൈക്കലാഞ്ജലോവിന്റെ ദാവീദില്‍ ഗോലിയാത്തിനെ കാണാന്‍ കഴിയില്ല. എന്നാല്‍ ഗോലിയാത്ത് അതിലുണ്ട്, വീരേന്ദ്രകുമാര്‍ പറയുന്നു. ദാവീദിന്റെ കണ്ണ് പതിഞ്ഞു കിടക്കുന്നയിടത്ത്, പെയിന്റിങ്ങിനു പുറത്താണ് ഗോലിയാത്തുള്ളത്. ഈ ഭാഗം വായിച്ചശേഷം ആ പെയിന്റിങ്ങിലേക്ക് ഞാന്‍ ശ്രദ്ധിച്ചുനോക്കി. അതെ, ഗോലിയാത്ത് അവിടെയുണ്ട്. പലപ്പോഴും കലാസൃഷ്ടികളെ മഹത്തരമാക്കുന്നത് അവയിലെ കാണാതെപോകുന്നതും വായിക്കാന്‍ കഴിയാതെ പോകുന്നതുമായ യാഥാര്‍ഥ്യങ്ങളാണെന്ന് അദ്ദേഹം നമ്മെ ഓര്‍മിപ്പിക്കുന്നു.

വീരേന്ദ്രകുമാറിന് ഒരു പെയിന്റിങ് അല്ലെങ്കില്‍ മൈക്കലാഞ്ജലോവിനെപോലുള്ള ഒരു കലാകാരന്‍ കലാസ്വാദനത്തിനുള്ള അവസരം മാത്രമല്ല. അത് ഭൂതകാലത്തിലേക്കും ചരിത്രത്തിലേക്കുമുള്ള വിദൂര സഞ്ചാരങ്ങള്‍ക്കുള്ള അവസരങ്ങള്‍കൂടിയാണ്. കലയുടെ ചിറകുകളിലേറിയാണ് അദ്ദേഹം പിറകോട്ട് സഞ്ചരിക്കുന്നത്. ചരിത്രത്തിലെ സ്‌തോഭങ്ങളും സംഘര്‍ഷങ്ങളും അദ്ദേഹം വായനക്കാരുമായി പങ്കുവെക്കുന്നു. ദാവീദ് ഹനിക്കുന്നത് ഫിലിസ്റ്റീന്‍കാരുടെ ഗോലിയാത്തിനെയാണ്. ദാവീദ് ഇസ്രയേലിയാണ്. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന രക്തക്കുരുതികളെക്കുറിച്ച് അദ്ദേഹം സുദീര്‍ഘമായി ഒരിക്കല്‍ തന്റെ പത്രത്തില്‍ എഴുതിയത് വായിച്ചപ്പോള്‍, ഗോലിയാത്ത് ഒരു ഇസ്രയേലിയായും ദാവീദ് ഒരു പലസ്തീന്‍കാരനായും മാറുന്നത് ഞാന്‍ സ്വപ്‌നം കണ്ടു.

ഡാന്യൂബ് സാക്ഷിയില്‍ യൂറോപ്പിന്റെ ചരിത്രമുണ്ട്. വര്‍ണകലയും ശില്പകലയുമുണ്ട്. വാസ്തുശില്പമുണ്ട്. സിനിമയും സാഹിത്യവുമുണ്ട്. മാര്‍ക്കോ പോളോയുടെ സഞ്ചാരകഥയുണ്ട്. കാസനോവയും രതിയുമുണ്ട്. ഫുട്ബോള്‍പോലുമുണ്ട്... പുസ്തകംവായിച്ച് അടച്ചുവെക്കുമ്പോള്‍ അങ്ങ് യൂറോപ്പിലൂടെ ഒഴുകുന്ന ഡാന്യൂബ് എന്റെ മയ്യഴിയിലൂടെയാണ് ഒഴുകുന്നതെന്ന് എനിക്ക് തോന്നി. മയ്യഴിപ്പുഴയോടുതോന്നുന്ന അത്രയും ആത്മബന്ധം ഡാന്യൂബിനോടും തോന്നി. ഓരോ തവണ അടച്ചുവെക്കുമ്പോഴും ഈ പുസ്തകം സ്വയംതുറന്ന് താളുകള്‍ വിരിയിക്കുന്നു, വീണ്ടും വീണ്ടും വായിക്കാന്‍ ക്ഷണിച്ചുകൊണ്ട്. അത്ര മനോഹരവും ചിന്തോദ്ദീപകവുമാണ് ഈ പുസ്തകം.

പഠിച്ചും ചിന്തിച്ചും ധ്യാനം ചെയ്തും എഴുതിയ ഒരു മഹദ്ഗ്രന്ഥമാണിത്. ഇത് ഒരു പുസ്തകംമാത്രമല്ല, ഒരു മഹദ്ദര്‍ശനം കൂടിയാണ്. ഇതുപോലുള്ള പുസ്തകങ്ങള്‍ ഇനിയും അദ്ദേഹം രചിക്കുമായിരുന്നു. പക്ഷേ, അതിനിടയില്‍ അദ്ദേഹത്തിന് നമ്മെ വിട്ടുപോകേണ്ടി വന്നു.

Content Highlights: M Mukundan Remembering MP veerendra kumar