കാലം 1982. ജേണലിസ്റ്റ് ട്രെയിനിയായി ഞാന്‍ മാതൃഭൂമിയില്‍ എത്തുന്നു. സര്‍വകലാശാല ക്യാമ്പസുകളില്‍നിന്ന് പഠിച്ചിറങ്ങിയ വലിയ കൂട്ടം ചെറുപ്പക്കാര്‍ അന്ന് മാതൃഭൂമി തിരുവനന്തപുരം എഡിഷനില്‍ ഉണ്ട്. ടി.എന്‍. ഗോപകുമാര്‍, ജേക്കബ്, ജോര്‍ജ്, ശശിമോഹന്‍, ഹരികുമാര്‍, സണ്ണിക്കുട്ടി എബ്രഹാം, ജ്യോതിര്‍ ഘോഷ്... അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു അവിടെ. ചില പരമ്പരാഗത സ്വഭാവങ്ങള്‍ മാതൃഭൂമി പത്രവുമായി ബന്ധപ്പെട്ട് അന്ന് നിലനിന്നിരുന്നു. ഒരു മലബാര്‍ പത്രമാണ്, പ്രായം ചെന്ന പത്രമാണെന്നൊക്കെയുള്ള ധാരണകള്‍ ഉണ്ടായിരുന്നു. ഇത്തരം പ്രതിഛായകളെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഞങ്ങളുടെ സംഘം അവിടെയെത്തിയത്. അതിനായി ഞങ്ങള്‍ക്കൊപ്പം നിന്ന ഒരാള്‍ കൂടിയുണ്ടായിരുന്നു; ടി വേണുഗോപാല്‍ എന്ന വേണുക്കുറുപ്പ്. ഏറെ രസകരമായ, ആവേശംനിറഞ്ഞ ഒരു അന്തരീക്ഷമായിരുന്നു അവിടെ. വി.പി.രാമചന്ദ്രന്‍  ആയിരുന്നു ഞങ്ങളുടെ പത്രാധിപര്‍. വളരെയധികം അച്ചടക്കനിര്‍ബന്ധബുദ്ധിയുള്ള ആളായിരുന്നു അദ്ദേഹം. അദ്ദേഹം വരുന്ന സമയങ്ങളില്‍ എല്ലാവരും നിശബ്ദരാകുകയും അച്ചടക്കം പാലിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു. വിട്ടുവീഴ്ചകളില്ലാതെ അച്ചടക്കം നിലനിര്‍ത്താനും ഇല്ലെങ്കില്‍ നിശിതമായി വിമര്‍ശിക്കാനും അദ്ദേഹം പലപ്പോഴും മുതിര്‍ന്നിരുന്നു. 

എന്നാല്‍ മാനേജിങ് ഡയറക്ടറായ എം.പി. വീരേന്ദ്രകുമാറിന്റെ സമീപനങ്ങള്‍ ഇതില്‍നിന്നും വളരെ വ്യത്യസ്തമായിരുന്നു. കാര്യപ്രാപ്തിക്കൊപ്പം കാര്‍ക്കശ്യസ്വഭാവവും പുലര്‍ത്തിയരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. തൊഴിലാളി-മുതലാളി എന്ന ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ ചില അഭിപ്രായവ്യത്യാസങ്ങളും ഞങ്ങള്‍ തമ്മില്‍ നിലനിന്നിരുന്നു. എന്നാല്‍ അതിനെല്ലാം അപ്പുറത്തുള്ള ഒരു ബന്ധം അദ്ദേഹം ഞങ്ങളോട് വെച്ചുപുലര്‍ത്തിയിരുന്നു. വളരെ സൗഹൃദപരമായ, ബൗദ്ധിക ആശയവിനിമയങ്ങളുടേതായ ഒരു അന്തരീക്ഷം അദ്ദേഹം ഞങ്ങള്‍ക്ക് അനുവദിച്ചുതന്നിരുന്നു. രാത്രികാലങ്ങളില്‍ ഡെസ്‌കിലേക്ക് വലിയ ചിരിയുമായി അദ്ദേഹം കടന്നുവരാറുണ്ട്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ഓരോ കടന്നുവരവുകളും. ലോകത്തു നടക്കുന്ന എല്ലാ വിഷയങ്ങളെപ്പറ്റിയും അദ്ദേഹം ഞങ്ങളോട് സംസാരിക്കുമായിരുന്നു. 

രാഷ്ട്രീയം, സിനിമ, ലൈംഗികത എന്നിവയെപ്പറ്റിയെല്ലാം വളരെ ഗൗരവകരമായ, ആരോഗ്യപരമായ ചര്‍ച്ചകള്‍ ഞങ്ങളുമായി നടത്തിയിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ അനുഭവങ്ങള്‍, കണ്ടും കേട്ടുമറിഞ്ഞ, വായിച്ചറിഞ്ഞ കാര്യങ്ങളെല്ലാം പങ്കുവെക്കും. അരമണിക്കൂറിലേറെ സമയം ഞങ്ങളുമായി സംവദിച്ച് അദ്ദേഹം ഓരോ വിഷയങ്ങളിലും തന്റേതായ അഭിപ്രായങ്ങള്‍ നിലനിര്‍ത്തിയിരുന്നു. അവിസ്മരണീയമായ അനുഭവങ്ങളായിരുന്നു അതെല്ലാം. വളരെ ഉന്നതനായ ബുദ്ധിജീവിയും രാഷ്ട്രീയനേതാവുമായിരുന്നു അദ്ദേഹം. മലയാളികള്‍ അധികമൊന്നും ആലോചിക്കാത്ത  ആ കാലത്ത് അമേരിക്കയില്‍ പോയി ബിരുദം കരസ്ഥമാക്കി എത്തിയ ആളായിരുന്നു. ആരോടും ഒരുതരത്തിലുള്ള വേര്‍തിരിവുകളും കാട്ടാതെ തുറന്ന സംഭാഷണങ്ങളും നിലപാടുകളും പുലര്‍ത്തിയിരുന്നു അദ്ദേഹം. അത്തരത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹത്തിന് വ്യത്യസ്തമായ ഒരു പരിവേഷം സൃഷ്ടിച്ചുകൊടുത്തു. വാര്‍ത്തകളില്‍ തന്റേതായ നിലപാടുകള്‍ തള്ളിക്കയറ്റാനോ അത്തരത്തിലൊരു സമീപനം പിന്തുടരാനോ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. എപ്പോഴും സ്വതന്ത്രമായ സമീപനങ്ങള്‍ അദ്ദേഹം പ്രകടിപ്പിച്ചു. അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും ജനാധിപത്യപരമായ, സൗഹൃദപരമായ ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തെ എന്നും ഞാന്‍ ഓര്‍ക്കുന്നത്.

Content Highlights: M.G radhakrishnan Shares memory with  M. P. Veerendra Kumar