എഴുത്തുകാരനും പത്രപ്രവര്‍ത്തകനും സോഷ്യലിസ്റ്റ് നേതാവും പരിസ്ഥിതിവാദിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. അദ്ദേഹത്തിന്റെ ദീപ്തസ്മരണകള്‍ പങ്കുവെക്കുകയാണ് കൈരളി ടി.വി മാനേഡിങ് ഡയറക്ടറും രാജ്യസഭാ എം.പിയുമായ ജോണ്‍ ബ്രിട്ടാസ്. 
 
എം.പി വീരേന്ദ്രകുമാറുമായിട്ട് എനിക്ക് പതിറ്റാണ്ടുകളുടെ ബന്ധമുണ്ടായിരുന്നു. ഞാന്‍ വളരെയധികം ആദരിച്ച ഒരു നേതാവായിരുന്നു അദ്ദേഹം. മാത്രമല്ല അദ്ദേഹത്തോടുള്ള എന്റെ അടുപ്പത്തിന്റെ പ്രധാനപ്പെട്ടൊരു കാരണം എന്റെ സാമൂഹികവീക്ഷണങ്ങളെ കരുപ്പിടിപ്പിക്കുന്നതില്‍ വലിയൊരു പങ്കുവഹിച്ചയാളാണ് അദ്ദേഹം എന്നുള്ളതാണ്. എന്റെ കോളേജുകാലങ്ങളില്‍ ഞാനെറ്റവും ആസ്വദിച്ചുകേട്ടിട്ടുള്ള പ്രസംഗങ്ങളില്‍ ഒന്ന് എം.പി വീരേന്ദ്രകുമാറിന്റേതാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി ഞങ്ങള്‍ കുറച്ചു സഹപാഠികള്‍ ക്ലാസ് കട്ട് ചെയ്ത് കോളേജില്‍ നിന്നും എത്രയോ ദൂരം നടന്നും നിന്നും വേദിക്കുമുമ്പിലെത്തിയിട്ടുണ്ട്. വളരെ വിജ്ഞാനപ്രദമായിട്ടുള്ള, എന്നാല്‍ വളരെ നര്‍മ്മത്തോടുകൂടിയിട്ടുള്ള, നമ്മുടെ ഹൃദയത്തിലേക്ക് അരിച്ചിറങ്ങുന്ന രീതിയിലുള്ള പ്രസംഗങ്ങളായിരുന്നു അദ്ദേഹത്തിന്റെത്. സുവ്യക്തവും ഭാഷാചടുലവും അത്യാകര്‍ഷകവുമായ പ്രസംഗശൈലിയും വിഷയാവതരണവും അദ്ദേഹത്തെ ഞങ്ങളിലേക്കാകര്‍ഷിച്ചു. 
 
ലോകത്തെ കാണാന്‍ എന്നെ പഠിപ്പിച്ച വ്യക്തികളില്‍ ഏറ്റവും പ്രധാനപ്പെട്ടയാള്‍ കൂടിയാണ് എം.പി വീരേന്ദ്രകുമാര്‍. ഇത്രമേല്‍ ലോകരാഷ്ട്രീയവും ഇന്ത്യന്‍ രാഷ്ട്രീയവും യാഥാര്‍ഥ്യങ്ങളുമൊക്കെ അപഗ്രഥിച്ചു പറയുന്ന നേതാക്കന്മാര്‍ അന്നു കുറവായിരുന്നു. മാത്രമല്ല, അത് അവതരിപ്പിക്കുന്ന രീതിയും വളരെ ഹൃദ്യമായിരുന്നു. എന്റെ തലമുറയെ പ്രചോദിപ്പിക്കുവാന്‍, അവര്‍ക്ക് ഒരു വ്യക്തത കിട്ടാന്‍ എം.പി വീരേന്ദ്രകുമാറിന്റെ പ്രസംഗങ്ങളും അറിവുകളും വളരെയധികം ഉപകരിച്ചു.
 
കോളേജ് പഠനം കഴിഞ്ഞ് മാധ്യമപ്രവര്‍ത്തനത്തിലേക്ക് വരുമ്പോള്‍ ഞങ്ങളൊക്കെ വലിയൊരു വിളക്കുമാടമായിട്ടു കണ്ടതും അദ്ദേഹത്തെയായിരുന്നു. ഞാനും അദ്ദേഹവും തമ്മില്‍ നല്ല പ്രായാന്തരമുണ്ടായിരുന്നെങ്കിലും സാമൂഹികമായും ബൗദ്ധികമായും വലിപ്പച്ചെറുപ്പങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ഏറ്റവും മഹത്തായ മറ്റൊരു സവിശേഷതയായ 'പരിഗണന' എന്നൊന്നിന് ഞാനും അര്‍ഹനായി. നമ്മുടെ പ്രായം വളരെ ഇളയത്, സ്ഥാനം വളരെ ചെറുത് ധാരണകള്‍ അതിലും ചെറുത്, വിവരവും ചെറുത്. എന്നെയൊന്നും അദ്ദേഹം പരിഗണിക്കേണ്ട കാര്യമേയില്ല. പക്ഷേ ഈ ഇരുപത്തിരണ്ടുവയസ്സുകാരനായ മാധ്യമപ്രവര്‍ത്തകനെ, ഒരു സാദാട്രെയ്‌നി റിപ്പോര്‍ട്ടറായിട്ടുള്ള ഒരാളെ വളരെ വാല്‍സല്യത്തോടെ കണ്ടിരുന്നു അദ്ദേഹം. 
 
1987-88 മുതല്‍ തന്നെ വളരെ ഊഷ്മളമായ ബന്ധം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു.എപ്പോള്‍ കണ്ടാലും തോളത്ത് കയ്യിട്ടുകൊണ്ട് വിശേഷങ്ങള്‍ ചോദിക്കും. ആ ഒരു സൗഹൃദം, വാത്സല്യം ഇന്ന് ഞങ്ങളെപ്പോലുള്ളവര്‍ ഞങ്ങളുടെ ജൂനിയേഴ്‌സിനോട് കാണിക്കാന്‍ മനസ്സുകാണിക്കുമോ എന്നു ചോദിച്ചാല്‍ ഇല്ല എന്നുതന്നെയാണ് ഉത്തരം. ഒരിക്കലും ചിന്തിക്കാന്‍ കഴിയില്ല ആ സ്‌നേഹവും കരുതലും. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ കാലത്ത് അദ്ദേഹത്തെ ഇടക്കിടയ്ക്ക് കാണാന്‍ കഴിയുമായിരുന്നു. എം.പിയായിരുന്നപ്പോഴും കേന്ദ്രത്തിൽ മന്ത്രിയായിരുന്നപ്പോഴും ആ ബന്ധം അദ്ദേഹം സൂക്ഷിച്ചു. 
 
എം.പി വീരേന്ദ്രകുമാറിന്റെ ഏറ്റവും വലിയ ഗുണം എന്നത് അദ്ദേഹം ആരെയും ശ്രവിക്കും എന്നത് തന്നെയാണ്. അദ്ദേഹം കേള്‍ക്കാത്ത ഒരാളില്ല. പ്രായത്തില്‍ എത്ര ഇളയതാണെങ്കിലും സ്ഥാനത്തില്‍ എത്ര ചെറുതാണെങ്കിലും അദ്ദേഹം കേള്‍ക്കും. അക്കാര്യത്തില്‍ അദ്ദേഹം കറകളഞ്ഞ സോഷ്യലിസ്റ്റായിരുന്നു. സോഷ്യലിസം എന്ന ആശയത്തെ അദ്ദേഹം തന്റെ പെരുമാറ്റത്തില്‍ വളരെയധികം ചാലിച്ച ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ തുല്യസ്ഥാനീയരോട് മാത്രം സംസാരിച്ചാല്‍ മതി, പക്ഷേ അദ്ദേഹം അങ്ങനെയല്ലായിരുന്നു. 
 
ഡല്‍ഹിയില്‍ മാതൃഭൂമി ബ്യൂറോയില്‍ പോകുമ്പോള്‍ അദ്ദേഹം അവിടെയുണ്ടാകും. ഒപ്പമിരുന്ന് ചായകുടിച്ച് പിന്നെ സംസാരിക്കാന്‍ തുടങ്ങും. നമുക്കറിയാവുന്ന പലകാര്യങ്ങളും ചോദിച്ചറിയും. ആ ഒരു ജിജ്ഞാസ, മരിക്കുന്നതിന് ഏതാനും മാസം മുമ്പ് കണ്ടപ്പോഴും അതേപോലെ തന്നെ അദ്ദേഹത്തില്‍ നിലകൊള്ളുന്നു എന്ന് സംസാരത്തിലൂടെ മനസ്സിലായി. 
 
എം. പി വീരേന്ദ്രകുമാറിനെക്കുറിച്ച് പറയുമ്പോള്‍ ഒരിക്കലും മറന്നുപോകാന്‍ പാടില്ലാത്ത ഒന്നു കൂടിയുണ്ട്. അദ്ദേഹം എന്നും പഠിച്ചുകൊണ്ടേയിരിക്കും. അത് അദ്ദേഹത്തിന്റെ പ്രത്യേകത തന്നെയായിരുന്നു. മറ്റൊന്നുകൂടിയുണ്ട്- കേരള രാഷ്ട്രീയത്തിലെ പണ്ഡിതനായ രാഷ്ട്രീയക്കാരന്‍ എം.പി വീരേന്ദ്രകുമാര്‍ ആയിരുന്നു. ഏത് വിഷയവും ഗഹനമായിട്ട് പഠിക്കും. എവിടെ പോയാലും ആ സ്ഥലത്തെക്കുറിച്ചുള്ള ധാരണകള്‍ ഉണ്ടാവും അദ്ദേഹത്തിന് ഇനി അഥവാ ഇല്ലെങ്കില്‍ തിരികെ അവിടെനിന്നും പോരുന്നതിന് മുമ്പ് അത് ചോദിച്ചറിഞ്ഞ് ഹൃദിസ്ഥമാക്കിയിട്ടുണ്ടാവും. സന്ദര്‍ശിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകള്‍, ഭൂമിശാസ്ത്രം, സമ്പദ് വ്യവസ്ഥ, പൈതൃകം ,ഭാഷ, ഭക്ഷണരീതി, ജനങ്ങളുടെ പെരുമാറ്റം എന്തിനേറെപ്പറയുന്നു ആ ഭൂമികയെക്കുറിച്ചുള്ള സകലവിവരങ്ങളും അദ്ദേഹം ശേഖരിച്ചു കഴിഞ്ഞിരിക്കും. അതായിരുന്നു അദ്ദേഹത്തിന്റെ അറിയാനുള്ള ആഗ്രഹത്തിന്റെ വിശാലത.
 
രാഷ്ട്രീയമായി പല തീരുമാനങ്ങളും അദ്ദേഹം എടുത്തിരുന്നെങ്കിലും വ്യക്തിപരമായ സൗഹൃദങ്ങള്‍ നിലനിര്‍ത്തുന്നതില്‍ അദ്ദേഹം കാണിച്ചിരുന്ന ആര്‍ജവം; അത് ചെറിയ കാര്യമല്ല. എത്രയോ തീഷ്ണമായ രാഷ്ട്രീയാനുഭവങ്ങളിലൂടെയും സംഭവവികാസങ്ങളിലൂടെയും അദ്ദേഹം കടന്നുപോകുമ്പോള്‍ അദ്ദേഹത്തിന്റെ വഴിത്താരയില്‍ അദ്ദേഹം പരിചയപ്പെട്ട, അദ്ദേഹം സൗഹൃദം സ്ഥാപിച്ച ആള്‍ക്കാരെ എക്കാലവും അദ്ദേഹം മനസ്സില്‍ ചേര്‍ത്തുപിടിച്ചിരുന്നു. ചില ആളുകള്‍ക്ക് ഇന്നത്തെ കാലത്ത് ഒരു സെലക്ടീവ് അംനീഷ്യ ഉണ്ട്. അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള മറവികള്‍ വരും. അത്തരം രീതികളിലുള്ള മറവികള്‍ ഇല്ലാതിരുന്ന ആളായിരുന്നു അദ്ദേഹം. 
 
'വിവേകാനന്ദന്‍ സന്യാസിയും മനുഷ്യനും' എന്ന ബൃഹദ്ഗ്രന്ഥത്തിലൂടെ എത്ര തന്‍മയത്വത്തോടെയാണ് അദ്ദേഹം യുഗപുരുഷനായ വിവേകാനന്ദനെ അവതരിപ്പിച്ചിരിക്കുന്നത്! എട്ടൊമ്പത് വര്‍ഷത്തെ അദ്ദേഹത്തിന്റെ യാത്രകളുടെയും ഗവേഷണത്തിന്റെയും നിരീക്ഷണങ്ങളുടെയും വൈജ്ഞാനിക ഗ്രന്ഥമാണത്. ഇന്നത്തെ കലുഷിത സാമൂഹിക-രാഷ്ട്രീയ കാലഘട്ടത്തില്‍ എത്ര തെളിച്ചത്തോടുകൂടിയാണ് വിവേകാനന്ദന്‍ എം. പി വീരേന്ദ്രകുമാറിലൂടെ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്! ഇന്ത്യയുടെ മതനിരപേക്ഷതയക്ക്, ബഹുസ്വരതയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കുന്ന ഒരു യുഗപുരുഷനാണ് വീരേന്ദ്രകുമാറിന്റെ വിവേകാനന്ദന്‍. വിവേകാനന്ദന്റെ അനുജന്‍ ഭുപേന്ദ്രനാഥ് എന്ന വിപ്‌ളവകാരിയായ കമ്യൂണിസ്റ്റുകാരനെ നമുക്കുമുന്നില്‍ അദ്ദേഹം തുറന്നുകാട്ടുന്നുണ്ട്. വര്‍ത്തമാനകാല ഇന്ത്യ ബ്രാൻഡുവല്‍ക്കരിച്ച വിവേകാനന്ദന് പൂര്‍ണ അര്‍ഥത്തിലുള്ള മോക്ഷമാണ് എഴുത്തുകാരന്‍ നല്‍കുന്നത്. മതമല്ല, മനുഷ്യന്റെ വിശപ്പാണ് പ്രധാനം എന്ന വിവേകാനന്ദന്‍ മതത്തെ അടിവരയിടുക വഴി അദ്ദേഹം കണ്ണുതുറക്കാന്‍ പറയുന്നത് വര്‍ത്തമാനകാല ഇന്ത്യയിലെ കെട്ട രാഷ്ട്രീയത്തോടാണ്. രാഷ്ട്രീയമായോ, പരിസ്ഥിതിവാദമോ, യാത്രാവിവരണങ്ങളോ എന്തുമായിക്കൊള്ളട്ടെ, അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ സംസ്‌കാരവും കാഴ്ച്ചപ്പാടും നീതിബോധവും സാമൂഹ്യബോധവും നര്‍മവും കലീനത്വവും നിറഞ്ഞവയായിരുന്നു. അദ്ദേഹത്തിലെ ദീര്‍ഘദര്‍ശിയെ കണ്ടെത്താന്‍ അദ്ദേഹമെഴുതിയ പുസ്തകങ്ങള്‍ മാത്രം വായിച്ചാല്‍ മതി. ഇന്നത്തെ ആഗോള രാഷ്ട്രീയ-സാമ്പത്തിക ക്രമത്തെക്കുറിച്ച് വ്യാഴവട്ടങ്ങള്‍ക്ക് മുമ്പ് തന്നെ അദ്ദേഹം സവിസ്തരം എഴുതിയിട്ടുണ്ട്. ഉരുത്തിരിയാന്‍ പോകുന്ന ലോകക്രമത്തിന്റെ ഏടുകളെക്കുറിച്ചുള്ള പ്രവചനം തന്നെയായിരുന്നു 'ഗാട്ടും കാണാച്ചരടുകളും' എന്ന കൃതി. ഇന്ത്യയില്‍ തലപൊക്കാന്‍ പോകുന്ന ഹിന്ദുഫാസിസത്തെക്കുറിച്ച് രണ്ടര പതിറ്റാണ്ടുകള്‍ക്കുമുമ്പ് അദ്ദേഹം പ്രവാചകചിന്തയോടെ എഴുതി. ആധുനിക ഇന്ത്യ ഇനി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വിപത്ത് വര്‍ഗീയതയാണന്ന് അദ്ദേഹം അസന്നിഗ്ദമായി രേഖപ്പെടുത്തിയ 'രാമന്റെ ദുഃഖം' എന്ന പുസ്തകം ഇന്നും പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. 
 
2019-ല്‍ കല്പറ്റയില്‍ വെച്ച് കൈരളി ടി.വി ഡോക്ടേഴ്‌സ് അവാര്‍ഡ് സംഘടിപ്പിക്കുകയുണ്ടായി. ഞാനും കൈരളി ടി.വി ചെയര്‍മാന്‍ മമ്മൂട്ടിയും എം.പി വീരേന്ദ്രകുമാറിന്റെ വീട്ടില്‍ പോയി അദ്ദേഹത്തെ കണ്ടു. വളരെ ഊഷ്മളമായ സ്വീകരണം. ചായയൊക്കെ കുടിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്. ആശിച്ചുപോകും അദ്ദേഹത്തെ പോലെയൊരു ആതിഥേയനാവാന്‍. പരിപാടിയില്‍ മുഖ്യാതിഥിയും അദ്ദേഹമായിരുന്നു. മമ്മൂട്ടിയില്‍ നിന്ന് പൊന്നാടയേറ്റുവാങ്ങിയ ശേഷം അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ തെളിഞ്ഞുനിന്നത് മരണത്തെക്കുറിച്ചുള്ള കഥയായിരുന്നു, ഖലീല്‍ ജിബ്രാന്‍ പറഞ്ഞ കഥ. അദ്ദേഹം കഥ പറഞ്ഞു തുടങ്ങി: 
 
''മരണം സത്യമാണ്. മരണം വന്നു ഒരു വലിയ പണക്കാരന്റെയടുത്ത്. അദ്ദേഹം ചോദിച്ചു നീയാരാ? മരണം പറഞ്ഞു, ഞാന്‍ മരണമാണ്. അദ്ദേഹം പറഞ്ഞു എനിക്ക് സമയമില്ല ഇപ്പോള്‍ വരാന്‍. ധാരാളം കരാറുകള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. സ്വത്തുക്കള്‍ ഒന്നും നിലപാടാക്കിയിട്ടില്ല. മരണം ഒരു ദേവതയെപ്പോലെയാണ് വന്നിരിക്കുന്നത്. മരണം പറഞ്ഞു ഞങ്ങള്‍ കൊണ്ടുപോകാന്‍ തന്നെ തീരുമാനിച്ചു വന്നതാണ്. അപ്പോള്‍ അദ്ദേഹം പറഞ്ഞു എന്നാല്‍ പിന്നെ എന്റെ പണിക്കാരെ കൊണ്ടുപോയ്‌ക്കൊള്ളൂ, ദേവത പറഞ്ഞു അതു ശരിയാവില്ല. എന്നാല്‍ മക്കളെ കൊണ്ടുപോയ്‌ക്കൊള്ളൂ എന്നായി പണക്കാരന്‍. അതും ശരിയാവില്ലെന്ന് ദേവതയും. അങ്ങനെ ഈ മനുഷ്യനെയും കൊണ്ടുപോകുമ്പോള്‍ മരണവും മരിച്ചുപോയി എന്ന് ഞാന്‍ എന്റെ അഭിപ്രായമായി എഴുതി. 
 
മരണം പിന്നെ പോയത് നേരെ കടപ്പുറത്തേക്കാണ്. അവിടെ ഒരു ചെറുപ്പക്കാരന്‍ അവശനായി ഇരിക്കുന്നു. അയാള്‍ സുന്ദരിയായ മരണദേവതയെ കണ്ടപ്പോല്‍ ചോദിച്ചു നീയാരാ? കണ്ടിട്ട് ഒരു അപ്‌സരസ്സിനെ പോലെയുണ്ടല്ലോ. അപ്പോള്‍ മരണം പറഞ്ഞു ഞാന്‍ മരണമാണ്. അയാള്‍ ചോദിച്ചു മരണത്തിനിത്ര സൗന്ദര്യമോ, നീ എന്നെ നിന്റെ ചിറകുകളിലേറ്റി കൊണ്ടുപോകുമോ? മരണത്തെ വര്‍ണിച്ചുകൊണ്ടിരുന്ന ഈ യുവാവിനെ അത് തന്റെ ചിറകുകളില്‍ ഏറ്റിക്കൊണ്ടുപോയി. അവിടെ എന്റെ അഭിപ്രായം ഞാന്‍ കുറിച്ചു- മരണം ജീവിച്ചു. അവിടെയാണ് മരണം ജീവിച്ചത്. 
 
മരണം സത്യമാണെങ്കില്‍ ഞാനിപ്പോഴും ജീവിക്കുന്നു. നിങ്ങള്‍ക്കുള്ളില്‍ ഞാന്‍ സത്യമായിരിക്കുന്നുവെങ്കില്‍ ഞാന്‍ ജീവിച്ചിരിക്കുന്നു.'' ഈ വാക്കുകള്‍ പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഉപസംഹരിച്ചത്.  പ്രിയപ്പെട്ട എം.പി വീരേന്ദ്രകുമാര്‍ താങ്കളൊരു സത്യമായി എന്റെയുള്ളില്‍ എക്കാലവും ജീവിച്ചുതന്നെയിരിക്കുന്നു.
 
Content highlights : John Brittas writes about MP Veerendrakumar