വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള വ്യക്തികള്‍ അപൂര്‍വമാണ്,എം.പി. വീരേന്ദ്രകുമാര്‍ അത്തരമൊരു വ്യക്തിയായിരുന്നുവെന്ന് ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍. എം.പി. വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ സംഘടിപ്പിച്ച ' എം.പി. വീരേന്ദ്രകുമാര്‍ എന്ന രാഷ്ട്രീയക്കാരനും സുഹൃത്തും' എന്ന അനുസ്മരണപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. '' വീരേന്ദ്രകുമാറുമായി ദീര്‍ഘകാലത്തെ പരിചയമുണ്ടായിരുന്നു. ആദ്യകാലത്ത് ജനതാപാര്‍ട്ടിയില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കെടുത്തിരുന്നു. ഞങ്ങളെല്ലാം അറസ്റ്റ് വരിച്ചപ്പോള്‍ അദ്ദേഹം തമിഴ്‌നാട്ടില്‍ പോയിട്ടാണ് അറസ്റ്റ് വരിച്ചത്. കാരണം കരുണാനിധിക്ക് അടിയന്തരാവസ്ഥ നടപ്പാക്കുന്നതില്‍ തീവ്രമായ താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് വീരേന്ദ്രകുമാര്‍ കൂടുതല്‍ സമയവും ചെലവഴിച്ചത് അവിടെയായിരുന്നു.''

'ഒരു ജൈനമതവിശ്വാസിയായിരുന്നെങ്കിലും ഹിന്ദുധര്‍മ്മത്തില്‍ വളരെ അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. ജോര്‍ജ് ഫെര്‍ണാണ്ടസ് ആയിരുന്നു അദ്ദേഹത്തിന്റെ ഹീറോ. സുഹൃത്തുക്കളെ വീട്ടിലേക്ക് വിരുന്നിന് വിളിക്കുന്നതിലൊക്കെ വലിയ ഉത്സാഹമായിരുന്നു അദ്ദേഹത്തിന്. സംസാരിക്കുമ്പോഴെല്ലാം വളരെ കൃത്യമായി കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചിരുന്നു. ശ്രോതാക്കളെ ആകര്‍ഷിക്കുന്ന പ്രസംഗങ്ങളായിരുന്നു അദ്ദേഹത്തിന്റേത്.' അദ്ദേഹം പറഞ്ഞു. 

മാതൃഭൂമി പത്രത്തോട് വീരേന്ദ്രകുമാറിന് വലിയ താല്‍പര്യമായിരുന്നുവെന്നും നല്ലരീതിയില്‍ അത് നിലനിര്‍ത്താന്‍ അദ്ദേഹം പ്രയത്‌നിച്ചിരുന്നുവെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു. നല്ല ഒരു സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്. വീരേന്ദ്രകുമാറിനെപ്പോലുള്ള വ്യക്തികള്‍ അപൂര്‍വമാണ്. പാര്‍ട്ടിക്കും വീക്ഷണങ്ങള്‍ക്കുമപ്പുറത്തെ ബന്ധമായിരുന്നു അദ്ദേഹം പുലര്‍ത്തിയിരുന്നതെന്ന് രാജഗോപാല്‍ ഓര്‍മിച്ചു.

Content highlights : former union minister and bjp member o rajagopal remember mp veerendrakumar