രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ എം.പി. വീരേന്ദ്രകുമാറിന്റെ ഓര്‍മകള്‍ക്ക് ഒരു വര്‍ഷം തികയുന്നു. ഈ വേളയില്‍ അദ്ദേഹവുമായുള്ള ഓര്‍മകളും അനുഭവങ്ങളും പങ്കുവെക്കുന്നു മുന്‍മുഖ്യമന്ത്രി എ.കെ. ആന്റണി.

എം.പി വീരേന്ദ്രകുമാര്‍ ഓര്‍മയായിട്ട് ഒരു വര്‍ഷമായിരിക്കുന്നു. ഓര്‍മകളില്‍ എക്കാലവും ചിരഞ്ജീവിയായിരിക്കാനുള്ള അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കൊണ്ടുതന്നെ ഈ ഒരു വര്‍ഷം എന്നെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമാണ്. കേരളത്തിലെ സമസ്ത മേഖലകളിലും തന്റെ അസാധാരണമായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു നേതാവായിരുന്നു എം. പി വീരേന്ദ്രകുമാര്‍. വിദ്യാര്‍ഥി യുവജനരംഗത്ത് പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ അദ്ദേഹവുമായി വളരെ ആഴത്തിലുള്ള ബന്ധം ഞാന്‍ പുലര്‍ത്തിവന്നിരുന്നു. യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനായി കേരളം മുഴുവന്‍ ഓടിനടക്കുമ്പോള്‍ വയനാട് എന്റെ സ്ഥിരസന്ദര്‍ശനസ്ഥലങ്ങളില്‍ ഒന്നായി മാറിയത് അദ്ദേഹത്തോടുള്ള ഊഷ്മളബന്ധത്തിന്റെകൂടി ഭാഗമായിട്ടാണ്. വയനാട്ടില്‍ പോകുമ്പോളെല്ലാം അദ്ദേഹത്തെ വീട്ടില്‍ പോയി സന്ദര്‍ശിക്കും. ആ കാലത്ത് തുടങ്ങിയ ബന്ധം അവസാനനാളുകള്‍ വരെ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ചാരിതാര്‍ഥ്യമുണ്ട്. 

എം.പി വീരേന്ദ്രകുമാറിനെ ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കുക പ്രയാസമാണ്. ഒരു രാഷ്ട്രീയ നേതാവോ, പത്രാധിപരോ, എഴുത്തുകാരനോ, സാംസ്‌കാരികനായകനോ, പൊതുപ്രവര്‍ത്തകനോ, പരിസ്ഥിതിപ്രവര്‍ത്തകനോ മാത്രമല്ല, താന്‍ കാലൂന്നിയ മേഖലകളിലെല്ലാം ലവലേശം വിട്ടുവീഴ്ചയില്ലാതെ മികവു തെളിച്ച പ്രതിഭയാണദ്ദേഹം. രാഷ്ട്രീയപൊതുപ്രവര്‍ത്തനത്തിന്റെ ആദ്യകാലഘട്ടം മുതല്‍ അദ്ദേഹം സോഷ്യലിസ്റ്റ് ആശയങ്ങളില്‍ വിശ്വസിച്ചയാളായിരുന്നു. ഡോ. രാംമനോഹര്‍ ലോഹ്യയുടെ ആദര്‍ശങ്ങളില്‍ പൂര്‍ണമായി വിശ്വസിക്കുകയും ലോഹ്യയുടെ കേരളത്തിലെ ഏറ്റവും അടുത്ത അനുയായി ആയി മാറുകയും ചെയ്തു അദ്ദേഹം. സോഷ്യലിസ്റ്റായി പ്രവര്‍ത്തിക്കുമ്പോഴും അദ്ദേഹത്തിന് വഴികാട്ടി മഹാത്മാഗാന്ധിയായിരുന്നു. വയനാട്ടില്‍ പ്രാദേശികതലത്തില്‍ മാത്രമൊതുങ്ങിയിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനം പടിപടിയായി ഒരു ഘട്ടമെത്തിയപ്പോള്‍ ദേശീയരാഷ്ട്രീയത്തിലേക്ക് വരെ നയിക്കപ്പെടുകയും കേന്ദ്രമന്ത്രിയാവുകയും ചെയ്തു. മന്ത്രിയായപ്പോള്‍ തന്റെ വകുപ്പില്‍ വളരെ സുപ്രധാനമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഒരു ചുമതലയില്‍ നിന്നും എം.പി വീരേന്ദ്രകുമാര്‍ ഒഴിഞ്ഞുമാറുന്നത് കണ്ടിട്ടില്ല. സഹര്‍ഷം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള ആ ഊര്‍ജം കണ്ടുപഠിക്കേണ്ടതുതന്നെയായിരുന്നു. 

a.k. antony

വ്യക്തിപരമായി ചെറുപ്പകാലം മുതല്‍ അടുപ്പമുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളാവുന്നത് അദ്ദേഹവും ഞാനും ഒരുമിച്ച് രാജ്യസഭാംഗങ്ങളായപ്പോഴാണ്. ആ കാലഘട്ടങ്ങളില്‍ അദ്ദേഹം ഡല്‍ഹിയിലുള്ളപ്പോള്‍ ഞങ്ങള്‍ മിക്ക ദിവസങ്ങളിലും പരസ്പരം കാണും; പാര്‍ലമെന്റിനകത്തുവെച്ചും പുറത്തുവെച്ചും. ആ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല ഞങ്ങള്‍ക്കിടയില്‍. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ക്കുമുന്നില്‍, സഹൃദയത്വത്തിനുമുന്നില്‍ അടുപ്പം മാത്രമല്ല, ആദരവുമായിരുന്നു എനിക്ക്. അദ്ദേഹത്തിനറിയാത്ത വിഷയങ്ങളില്ല. എല്ലാ വിഷയങ്ങളിലും അഗാധമായ അറിവും തന്റെതായ കാഴ്ചപ്പാടും യോജിപ്പും വിയോജിപ്പും അദ്ദേഹം കൂട്ടിച്ചേര്‍ക്കുമായിരുന്നു. സകലവിഷയങ്ങളെക്കുറിച്ചും ഇത്രയേറെ പാണ്ഡിത്യമുള്ള രാഷ്ട്രീയനേതാക്കന്മാര്‍ ഇന്ത്യയില്‍ ഉണ്ടോ എന്നെനിക്കറിയില്ല, ഒന്നറിയാം അങ്ങനെയുള്ള ഒരാളെ എനിക്കറിയുമെങ്കില്‍ അത് എം.പി വീരേന്ദ്രകുമാര്‍ ആണ്. 

പാര്‍ലമെന്റ് ജീവിതകാലഘട്ടത്തിലാണ് ഞാനദ്ദേഹത്തെ സഹപ്രവര്‍ത്തകന്‍ എന്നതിനപ്പുറത്ത് ഒരു ഗുരുതുല്യനായി കണക്കാക്കുന്നത്. ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ഞാനറിയാത്ത, ശ്രദ്ധ കൊടുക്കാത്ത ഒരുപാട് മേഖലകളിലേക്ക് അദ്ദേഹമാണെന്നെ കൂട്ടിക്കൊണ്ടുപോയത്. പരിസ്ഥിതി രംഗത്ത് വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ച കേരളത്തിലെ ആദ്യകാല രാഷ്ട്രീയനേതാക്കളില്‍ പ്രമുഖനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് പ്ലാച്ചിമടയില്‍ കൊക്കക്കോള ഫാക്ടറി അടച്ചുപൂട്ടാന്‍ ഞാന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് ഉത്തരവിട്ടത്. അദ്ദേഹത്തിന്റെ നിരന്തരമായ ആവശ്യത്തിന്റെയും സമ്മര്‍ദ്ദത്തിന്റെയും ഫലമായാണ് കൊക്കക്കോള ഫാക്ടറി അടച്ചുപൂട്ടാം എന്ന തീരുമാനം മന്ത്രിസഭ അന്ന് കൈക്കൊണ്ടത്. പരിസ്ഥിതിനിലനില്‍പ്പിന്റെ ആവശ്യകതയെക്കുറിച്ച്, ജലസംരക്ഷണത്തെക്കുറിച്ച് അദ്ദേഹം മണിക്കൂറുകളോളം ദിവസങ്ങളോളം പ്ലാച്ചിമടയില്‍ പ്രസംഗിച്ചു. ജലസംരക്ഷണത്തെക്കുറിച്ച് പറഞ്ഞുപഠിപ്പിക്കാന്‍ അദ്ദേഹത്തെപ്പോലൊരു അധ്യാപകന്‍ ഇനിയില്ല. പുഴകളും കുളങ്ങളും കായലുകളും തോടുകളും നിറഞ്ഞകേരളം ഇന്നെവിടെ നില്‍ക്കുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. കേരളത്തിന്റെ ഈ അവസ്ഥയില്‍ അത്യധികം വേദനിച്ച മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. കേരളത്തിലെ കുടിവെള്ളവും ശുദ്ധവായുവും അദ്ദേഹത്തിന്റെ സംസാരങ്ങളില്‍ എപ്പോഴും കടന്നുവരുന്ന ഒന്നായിരുന്നു. 

ഇന്ത്യയ്ക്കും കേരളത്തിനും കൃഷിക്കാര്‍ക്കും നാശം വിതക്കുന്ന അന്താരാഷ്ട്ര വാണിജ്യനയങ്ങളെ എം.പി വീരേന്ദ്രകുമാര്‍ നഖശിഖാന്തം എതിര്‍ത്തിരുന്നു. അത്തരം വാണിജ്യനയങ്ങള്‍ പുനപരിശോധിക്കണം എന്ന മനോഭാവത്തിലേക്ക് ഇന്നാണ് നാം എത്തിച്ചേര്‍ന്നിരിക്കുന്നത്. ദശാബ്ദങ്ങള്‍ക്കുമുമ്പേ കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ എം.പി വീരേന്ദ്രകുമാറിന്റെ വിജയമാണത്. അദ്ദേഹവുമായി ഇടപഴകാന്‍ ഒരവസരം ലഭിച്ചവര്‍ പോലും ആ മഹദ് വ്യക്തിത്വത്തെ എക്കാലവും ഓര്‍ത്തിരിക്കും. പത്രമാധ്യമരംഗത്ത് അതിനൂതനമായ സാങ്കേതികവിദ്യകള്‍ കൊണ്ടുവരികയും, കോഴിക്കോടും കൊച്ചിയും മാത്രമായി ഒതുങ്ങിപ്പോവുമായിരുന്ന മാതൃഭൂമിയെ തിരുവനന്തപുരത്തേക്കും അവിടുന്നങ്ങോട്ട് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചത് അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ടാണ്. എം.പി വീരേന്ദ്രകുമാറിനെക്കുറിച്ചുള്ള ഓര്‍മകള്‍ അവസാനിക്കുന്നില്ല. അദ്ദേഹത്തിന്റെ വിയോഗത്തിന് ഒരു വര്‍ഷം തികയുന്ന ഈ വേളയില്‍, ഗുരുതുല്യനായ ആ മഹാത്മാവിന്റെ ഓര്‍മകള്‍ക്കുമുമ്പില്‍ പ്രണാമമര്‍പ്പിക്കുന്നു.

Content highlights : former chief minister a.k. antony remebering mp veerendrakumar