രിസ്ഥിതിപ്രവര്‍ത്തകന്‍ പ്രൊഫസര്‍ ശോഭീന്ദ്രന്‍  എം.പി. വീരേന്ദ്രകുമാറിനെ ഓര്‍ക്കുന്നു

പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ആശയദാനം ചെയ്തിരുന്ന വ്യക്തിയായിരുന്നു വീരേന്ദ്രകുമാര്‍. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രകൃതിയെ സംബന്ധിച്ചുള്ളത് പ്രകൃതി ശോഷണത്തെക്കുറിച്ചുള്ളത്, പ്രകൃതി നശിച്ചു പോകുന്ന പച്ചപ്പ് നശിച്ചുപോകുന്ന, ജീവവായു, ജീവജലം, ജീവനാകുന്ന മണ്ണ് നശിച്ചുപോകുന്ന, നശിച്ചുകൊണ്ടിരിക്കുന്ന ഭൂമിയുടെ ജീവന്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തത്തക്ക രീതിയില്‍ അവതരിപ്പിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അദ്ദേഹം നമ്മളോട് സംസാരിക്കുകയും ചെയ്തിരുന്നു. പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു എന്നത് കൊണ്ടുതന്നെ വീരേന്ദ്രകുമാര്‍ സാറിന് നമ്മളോട് വലിയൊരു പ്രിയമുണ്ടായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടൊക്കെ തന്നെ ഗാട്ടും കാണാച്ചരടുകളുമെന്ന പുസ്തകം എഴുതുന്നതിന് മുന്‍പ് അങ്ങനെയൊരു പുസ്തകത്തിന്റെ ആശയങ്ങള്‍ ഒന്നും രണ്ടും മൂന്നും പ്രാവശ്യം കണ്ടപ്പോള്‍ത്തന്നെ അദ്ദേഹം പറയുകയും ഒരു ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. പിന്നീട് പുസ്തകം വന്നപ്പോള്‍ അത് വളരെ ആകാംക്ഷയോടും താല്‍പ്പര്യത്തോടും കൂടി വാങ്ങുകയും വായിക്കുകയുമൊക്കെ ചെയ്ത ഓര്‍മ ഇപ്പോഴുമുണ്ട്. പിന്നീട് പ്ലാച്ചിമടയില്‍ അങ്ങനെയുള്ള എന്തെല്ലാം രംഗങ്ങളിലാണ് അദ്ദേഹമൊരു സമരഭടന്‍ എന്നുള്ള നിലയില്‍ പ്രത്യക്ഷപ്പെട്ടത്. രണ്ട് മൂന്നു തവണ ഞങ്ങളും പ്ലാച്ചിമടയില്‍ പോയിരുന്നു. ഒരിക്കല്‍ അവിടെ ചെന്നപ്പോള്‍ അദ്ദേഹം അവിടെയുണ്ട്.
 
വീരേന്ദ്രകുമാറിന്റെ പ്രസംഗം, ആള്‍ക്കൂട്ടം എല്ലാംകൂടിയുള്ള ആ സമരപ്പന്തല്‍, അവിടെയൊക്കെ നിന്ന ഓര്‍മകള്‍. പ്രധാനമായിട്ടും അദ്ദേഹത്തിന്റെ ലേഖനങ്ങള്‍, പരിസ്ഥിതിയെ സംബന്ധിച്ചുള്ളത്. പിന്നെ അദ്ദേഹവുമായി കൂടുതല്‍ അടുപ്പം വന്നത് മന്ത്രിയായിരിക്കുമ്പോഴാണ്. മന്ത്രിയായ ഉടന്‍ മരങ്ങള്‍ വെട്ടരുതെന്ന ഓര്‍ഡര്‍ ഇട്ടതിന്റെ കാരണമായിട്ട് അദ്ദേഹം രാജി വെക്കേണ്ടി വന്നു. അപ്പോള്‍ എത്രമാത്രം അദ്ദേഹത്തിന്റെ മനസ്സില്‍ പ്രകൃതിസ്നേഹമുണ്ട്, പ്രകൃതിബോധമുണ്ട് എന്നുള്ളത് അദ്ദേഹത്തിന്റെ ആ പ്രവൃത്തികൊണ്ട് തന്നെ വ്യക്തമാകും. ആ പ്രവൃത്തി പ്രസംഗിക്കുന്നതും എഴുതുന്നതുമായ കാര്യങ്ങള്‍ അദ്ദേഹം ജീവിതത്തില്‍ എത്രമാത്രം അദ്ദേഹത്തിന്റെ ചിന്തയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നുവെന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു ഈയൊരു രാജി സംഭവം, നമ്മള്‍ അങ്ങനെയാണ് കണ്ടത്. അങ്ങനെ എല്ലാ നിലയിലും നമുക്കൊരു ഗുരുവായിരുന്ന, പ്രത്യേകിച്ച് പ്രകൃതി സംരക്ഷണ വിഷയത്തില്‍ അദ്ദേഹം തീര്‍ച്ചയായും ഇന്നും നമ്മുടെ മനസ്സില്‍ ഗുരുസ്ഥാനം വഹിക്കുന്ന ഒരാളായിട്ട്, ബഹുമാനത്തോടെ സൂക്ഷിക്കുന്നു.

വീരേന്ദ്രകുമാര്‍ ഞാനുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്ന ഒരാളാണ്. ഗുരുസ്ഥാനീയനായിരുന്നു അദ്ദേഹം. മറ്റെല്ലാവരില്‍ നിന്നും വ്യത്യസ്തനായ ഒരാളായിരുന്നു. വ്യത്യസ്തമായൊരു വ്യക്തിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു വ്യക്തിയുടെ ഉള്ളടക്കമാണല്ലോ ആ വ്യക്തിയുടെ വ്യക്തിത്വം. അറിവുകൊണ്ട് അദ്ദേഹം വ്യത്യസ്തനായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗഭാഷ, എഴുത്തുഭാഷ, അദ്ദേഹം എഴുതിയിരിക്കുന്ന പുസ്തകങ്ങളിലൂടെ, ലേഖനങ്ങളിലൂടെ കടന്നുപോയാല്‍ അദ്ദേഹം ആരായിരുന്നുവെന്ന് നമുക്ക് വെളിപ്പെടും. അങ്ങനെയെല്ലാമുള്ള അദ്ദേഹവുമായിട്ട്, പഠിക്കുന്ന കാലം മുതലേയുള്ള ബന്ധമുണ്ട്. എം.എയ്ക്ക് പഠിക്കുന്ന കാലത്ത് എന്റെയൊരു സ്നേഹിതന്‍ (ബന്ധുവായും സ്നേഹിതനായും ബന്ധമുള്ള) എബ്രഹാം ബെന്‍ഹര്‍ ഞങ്ങള്‍ ഒന്നിച്ച് ഗുരുവായൂരപ്പന്‍ കോളേജില്‍ പഠിച്ചിട്ടുണ്ട് ആ പഠിക്കുന്ന കാലത്ത് ബെന്‍ഹറിന്റെ കൂടെ എത്രയോ പ്രാവശ്യം വിരേന്ദ്ര കുമാര്‍സാറിനെ കാണാന്‍ പോയിരുന്നു. ബെന്‍ഹര്‍ ഒരു സോഷ്യലിസ്റ്റ് പാര്‍ട്ടി വിശ്വാസിയായിരുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കേരള സ്റ്റുഡന്റ്സ് യൂണിയനില്‍ ഒരു പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്ന ആളായിരുന്നു. അങ്ങനെ ആ വിഷയങ്ങളിലെല്ലാമായിട്ട് പലപ്പോഴും കോഴിക്കോട്ട് നടത്തുന്ന പൊതുയോഗങ്ങളില്‍ സ്വകാര്യ യോഗങ്ങളിലെല്ലാം ബെന്‍ഹറിന്റെ കൂടെ ഞാനും പോകാറുണ്ട്. അപ്പേഴെല്ലാം ഇദ്ദേഹത്തിന്റെ ഭാഷണങ്ങള്‍ കേട്ടിട്ട് അദ്ദേഹത്തോട് വല്ലാത്തൊരു ആകര്‍ഷണം തോന്നിയിരുന്നു. പിന്നെ അതിന് ശേഷം നാട്ടില്‍ നടക്കുന്ന പൊതുയോഗങ്ങളിലെല്ലാം അദ്ദേഹം പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ പോയിട്ടുണ്ട്. പിന്നെ അദ്ദേഹത്തെ വീട്ടില്‍ ചെന്ന് കാണാറുമുണ്ടായിരുന്നു. വീട്ടില്‍ ഒരിക്കല്‍ ഞാനും ബെന്‍ഹറും അതിരാവിലെയെത്തി. അപ്പോള്‍ അദ്ദേഹം പനി പിടിച്ച് കിടക്കുകയായിരുന്നു. ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചു. കമ്പളി പുതച്ച് കട്ടിലില്‍ കിടന്ന അദ്ദേഹത്തിന്റെ കണ്ണും മൂക്കും വായും മ്രോത കാണാന്‍ പറ്റൂള്ളൂ. അങ്ങനെ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയാണ്. അങ്ങനെ കിടന്നുകൊണ്ട് കുറേനേരം ഞങ്ങളോട് സംസാരിച്ചു. അതിനിടയില്‍ ചായ വന്നു, ചായ കുടിച്ചു. ചില സമയങ്ങളിലെല്ലാം ഞങ്ങളുടെ ഒന്നിച്ചുള്ള സംസാരത്തിനിടയിലേക്ക് ശ്രേയാംസ്‌കുമാറും വരാറുണ്ട്. അങ്ങനെ ശ്രേയാംസിനെ നമുക്ക് വളരെ മുന്‍പേ പരിചയമുള്ള ഇഷ്ടമുള്ള ഒരാളായിരുന്നു. പിന്നെ അദ്ദേഹം കേന്ദ്രമന്ത്രിയായി ഡല്‍ഹിയില്‍ ഉള്ളപ്പോള്‍ ഞാനും ബെന്‍ഹറും കൂടി ചില പ്രത്യേക കാര്യങ്ങള്‍ക്കായി ഡല്‍ഹിയില്‍ എത്തേണ്ടി വന്നു. ഏതാനും ദിവസം അവിടെ താമസിക്കേണ്ടിയും വന്നു. തൊഴില്‍ മന്ത്രിയായിട്ടായിരുന്നു അദ്ദേഹം അവിടെയുണ്ടായിരുന്നത്. ലേബര്‍ വകുപ്പിന്റെ കീഴിലുള്ള ഒരു ക്വാർട്ടേഴ്സില്‍ ഞങ്ങള്‍ക്ക് താമസിക്കാന്‍ സൗകര്യം ചെയ്തു തന്നു. അങ്ങനെ വാടകയൊന്നുമില്ലാതെ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്ന ദിവസങ്ങള്‍ ഞങ്ങള്‍ക്ക് അവിടെ താമസിക്കാനായി. അതുകൂടാതെ പാര്‍ലമെന്റ് ഹൗസ് കാണാനുള്ള പാസും തന്നു. പാര്‍ലമെന്റ് സമ്മേളനം കണ്ടു, പാര്‍ലമെന്റ് ഹൗസിന്റെ മുക്കിലും മൂലയിലും ചുറ്റിക്കറങ്ങി അവിടുത്തെ മുഴുവന്‍ സൗകര്യങ്ങളും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. 

ഗുരുവായൂരപ്പന്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം. ഞാനും അവിടുത്തെ പൂര്‍വ്വ വിദ്യാര്‍ഥിയും അധ്യാപകനുമായിരുന്നു. അവിടുത്തെ ഇക്കണോമിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രൊഫസറായിട്ടായിരുന്നു ഞാനവിടെ ഉണ്ടായിരുന്നത്. കൂടാതെ പൂര്‍വ്വവിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്റായിരുന്നു ഞാന്‍. ആ നിലയിലും അദ്ദേഹവുമായുള്ള ബന്ധം തുടര്‍ന്നുവന്നു. കോളേജില്‍ ഞങ്ങളൊരു ബുദ്ധശില്‍പ്പമുണ്ടാക്കിയിരുന്നു. അവിടെ ബോധിവൃക്ഷമെന്ന് വിദ്യാര്‍ഥികള്‍ തലമുറകളായി വിളിച്ച് വന്നിരുന്ന വലിയൊരു മരമുണ്ടായിരുന്നു. അതിന്റെ ചുവട്ടിലൊരു ബുദ്ധന്റെ ശില്‍പ്പം സ്ഥാപിക്കണമെന്ന് ഞങ്ങള്‍ക്ക് തോന്നി. അങ്ങനെയത് ചെയ്തു. ഒ.പി. ജോണ്‍സണെന്ന് പറയുന്ന തൃശ്ശൂര്‍ക്കാരനായ ശില്‍പ്പിയാണ് അത് ചെയ്തത്. അത് നല്ലൊരു ശില്‍പ്പമായിരുന്നു. പക്ഷേ ഏതോ സാമൂഹ്യദ്രോഹികള്‍ അത് അംഗഭംഗം വരുത്തി കൈയും വിരലുകളുമെല്ലാം പൊട്ടിച്ചു. അതിനുശേഷം അത് പുതുക്കി, പുതിയൊരു ശില്‍പ്പം സ്ഥാപിക്കാന്‍ വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ വീരേന്ദ്രകുമാര്‍ സാറിനോട് കാര്യം പറഞ്ഞു. അദ്ദേഹം ഒരുലക്ഷം രൂപയാണ് അതിന് വേണ്ടി നല്‍കി സഹായിച്ചത്. അങ്ങനെ പലകാര്യങ്ങളിലും നമ്മള്‍ക്ക് വളരെ അടുത്ത സ്നേഹവും സഹായവും അദ്ദേഹത്തില്‍ നിന്ന് കിട്ടിയിട്ടുണ്ട് എന്ന് പറയാം. പിന്നെ അദ്ദേഹമെഴുതിയ ലേഖനങ്ങളും പുസ്തകങ്ങളുമൊക്കെ അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചുകൊണ്ടേയിരിക്കും. എപ്പോഴെങ്കിലും നമ്മള്‍ കാണുന്ന സമയത്ത് അദ്ദേഹം അപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഒരു പുസ്തകത്തെക്കുറിച്ചാകും നമ്മളോട് സംസാരിക്കുക. ആ പുസ്തകത്തില്‍ അങ്ങനെയുണ്ട്, ഇങ്ങനെയുണ്ട്, അതിന്റെ വിശേഷങ്ങള്‍, മറ്റ് എഴുത്തുകരുടെ പുസ്തകങ്ങളുമായുള്ള കാര്യങ്ങള്‍ അങ്ങനെ ഓരോ പുസ്തകത്തിന്റേയും ഉള്ളടക്കങ്ങള്‍ നമുക്ക് തരത്തക്ക രീതിയില്‍ ചുരുങ്ങിയ സമയത്തെ സംഭാഷണം അദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നു. അദ്ദേഹമൊരു ബുദ്ധിശാലിയായിരുന്നു, പ്രതിഭാശാലിയായിരുന്നു. നേരത്തെ പറഞ്ഞതുപോലെ അദ്ദേഹത്തിന്റെ, അദ്ദേഹം രചിച്ച പുസ്തകങ്ങളിലൂടെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് വായിച്ചറിയാവുന്നതാണ്. അദ്ദേഹം നഷ്ടപ്പെട്ടത്, അദ്ദേഹത്തിന്റെ മരണം, സത്യത്തില്‍ വലിയ ദുഃഖമുണ്ടാക്കിയ ഒരു സംഭവമായിരുന്നു. ആ ദുഃഖം ഇപ്പോഴും മനസ്സിലുണ്ട്. അദ്ദേഹത്തോടുള്ള ബഹുമാനവും തുടര്‍ന്ന് മനസ്സില്‍ നിലനില്‍ക്കുന്നു. ഒരോര്‍മ എന്നുള്ള നിലയില്‍ എനിക്ക് ഇത്രയും പറയാന്‍ തോന്നിയതാണ്.

Content highlights : Environmentalist t Sobhindran remebering mp veerendrakumar