ര്‍ഗീയശക്തികള്‍ക്കെതിരേ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച നേതാവായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഒരു കാലഘട്ടത്തില്‍ അദ്ദേഹം ഉയര്‍ത്തിയ ആശയങ്ങള്‍ ഇന്നും സമൂഹം ചര്‍ച്ച ചെയ്യുന്നുവെന്നത് അദ്ദേഹത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നതിന്റെ തെളിവാണന്ന് കാനം കൂട്ടിച്ചേര്‍ത്തു. എം.പി. വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെട്ടുവന്ന സന്ദര്‍ഭത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞ നേതാവായിരുന്നു വീരേന്ദ്രകുമാര്‍. നിയമസഭയില്‍ അദ്ദേഹവുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. സരസമായ സംഭാഷണങ്ങളിലൂടെ വിജ്ഞാനത്തിന്റെ വാതില്‍ തുറക്കാന്‍ തന്റെ നിയമസഭാപ്രസംഗങ്ങളിലൂടെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.'' കാനം പറഞ്ഞു.

പരിസ്ഥിതിയും മനുഷ്യന്റെ ദുഃഖവും നന്നായി തിരിച്ചറിയുന്ന, പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി ശക്തമായ നിലപാടുകള്‍ കൈക്കൊണ്ടിരുന്ന വ്യക്തികൂടിയായിരുന്നു എം.പി. വീരേന്ദ്രകുമാര്‍. വനംവകുപ്പിന്റെ പ്രതിനിധിയായി അല്പകാലം  നിയമസഭയില്‍ ഉണ്ടായിരുന്നപ്പോള്‍ പ്രകൃതിയോടുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ വളരെ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. ഒപ്പം സാഹിത്യം, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളിലെല്ലാം വലിയ അറിവ് വെച്ചുപുലര്‍ത്തിയരുന്ന ഒരു വ്യക്തിയുമായിരുന്നു. സ്വാമി വിവേകാന്ദനെക്കുറിച്ച് എന്‍.ഇ. ബാലറാം എഴുതിയ പഠനം വീരേന്ദ്രകുമാറിനെ വിവേകാനന്ദനിലേക്ക് കൂടുതല്‍ അടുപ്പിക്കുകയും പുസ്തകരചനയിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക സ്വാധീനം സൃഷ്ടിക്കുകയും ചെയ്തു.

കേന്ദ്രത്തില്‍ തൊഴില്‍വകുപ്പ് കൈകാര്യം ചെയ്തിരുന്ന സമയത്ത് തൊഴിലാളികള്‍ക്ക് അനുകൂലമായ ഒട്ടേറെ നടപടികള്‍ സ്വീകരിക്കാനും ചുരുങ്ങിയ കാലത്തെ ഭരണസാരഥ്യം കൊണ്ട് ശ്രദ്ധേയസാന്നിധ്യമാകാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നും ഒരു നല്ല സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്നും അനുസ്മരണപ്രഭാഷണത്തില്‍ കാനം പറഞ്ഞു.

Content highlights : cpi state committee secretary kanam rajendran about mp veerendrakumar